കൽപറ്റ നാരായണൻ, പി.എഫ് മാത്യൂസ്
മാതൃഭൂമി ബുക്സിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടക്കുന്ന പുസ്തകോത്സവത്തില്‍ മലയാളത്തിലെ എഴുത്തുകാരുടെ ഏറ്റവും പുതിയ കൃതികളുടെ പ്രകാശനവും നടക്കുന്നുണ്ട്. കല്പറ്റ നാരായണന് എഴുതിയ ലേഖനസമാഹാരമായ 'കറുപ്പ് ഇരുട്ടല്ല,വെളുപ്പ് വെളിച്ചവുമല്ല' എന്ന കൃതിയുടെ പ്രകാശനം സുഭാഷ് ചന്ദ്രന് പി.എഫ് മാത്യൂസിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. വി.ആര് സുധീഷ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ കവി. ഒ.പി സുരേഷ് ആശംസകളര്‍പ്പിച്ചു. പ്രകാശവേദിയില് പി.എഫ് മാത്യൂസ് നടത്തിയ പ്രസംഗം വായിക്കാം.
തീരെ പ്രശസ്തനല്ലാത്ത ഒരു ചിത്രകാരനെ എഴുപതുകളില്‍ എനിക്കറിയാമായിരുന്നു. ഞങ്ങള്‍ നാലഞ്ചു ചെറുപ്പക്കാര്‍ ഒരു വൃദ്ധനെ മോഡലാക്കി സ്കെച്ച് ചെയ്തുകൊണ്ടിരിക്കെ അവിടെ അദ്ധ്യാപകനായിരുന്ന അദ്ദേഹവും കൂടെ വന്നിരുന്നു വരക്കുമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തില്‍ വൃദ്ധന് യഥാര്‍ത്ഥ മോഡലിനേക്കാള്‍ വാര്‍ദ്ധക്യം കൈവന്നിരുന്നു. അയാള്‍ക്കില്ലാത്ത ഞരമ്പുകള്‍ ചിത്രത്തിലെ മുഖത്തുതെളിഞ്ഞു വരും. ആ വൃദ്ധന്റെ കഴിഞ്ഞകാല ജീവിതം പോലും അതില്‍ വായിച്ചെടുക്കാമായിരുന്നു.
ഇങ്ങനെ പുറമേക്ക് കാണാത്ത ചില കാര്യങ്ങള്‍, സൗന്ദര്യങ്ങള്‍, രഹസ്യങ്ങള്‍ മറ്റാര്‍ക്കും കഴിയാത്ത മട്ടില്‍ ജീവിതത്തില്‍ നിന്ന് കണ്ടെടുക്കുവാനും വളരെ സൂക്ഷ്മമായ ഭാഷയില്‍ ആവിഷ്കരിക്കാനുമുള്ള വൈഭവം- അതാണ് കല്‍പ്പറ്റ നാരായണന്റെ എഴുത്തില്‍ എന്നെ ആകര്‍ഷിച്ചിട്ടുള്ള ഒരു കാര്യം. അദ്ദേഹം തന്നെ പറയുന്നു:'എല്ലാവര്ക്കും കാണാവുന്ന എന്നാല്‍ മിക്കവാറും ആരും കാണാത്ത രഹസ്യം ഓരോ കവിതയ്ക്കു മുന്‍പേ ആരോ എനിക്ക് കാട്ടിത്തരുന്നു...'
മണിക്കൂറുകളോളം ഒരു ആപ്പിളില്‍ തറച്ചുനോക്കി ഇരുന്നതിനു ശേഷമാണത്രേ സെസാന് അതിന്റെ ചിത്രം വരച്ചിരുന്നത്. ഒരു ചിത്രകാരന്റെ കണ്ണുകളേക്കാള്‍ ഉപരി ധ്യാനമാണ് അയാളെ ചിത്രത്തിലേക്ക് എത്തിക്കുന്നത്. അങ്ങനെയുള്ള ചില ധ്യാനനിമിഷങ്ങള്‍ കല്‍പ്പറ്റയുടെ എഴുത്തിനുണ്ട്.
സാഹിത്യത്തിലും ചിത്രകലയിലും ഞാന്‍ തേടുന്നത് കനമുള്ള ദര്‍ശനങ്ങളല്ല. ജീവിതത്തില്‍ നിന്നു ഖനിച്ചെടുക്കുന്നതും എന്നാല്‍ പുറമേക്ക് കാണാനാകാത്തതുമായ അനുഭൂതി നിറഞ്ഞ നിഗൂഢതകളും രഹസ്യങ്ങളും ആണ്. 'ശബ്ദപര്യന്തം സകലതും അന്വര്‍ത്ഥം ആയ ഒരു ഘടന ' എന്നു കവിതയെക്കുറിച്ച് കല്‍പ്പറ്റ പറയുമ്പോള്‍ അത് നോവലിനും കഥയ്ക്കുമെല്ലാം ബാധകമാണെന്ന് എനിക്കു തോന്നാറുണ്ട്. എഴുതപ്പെടുമ്പോള്‍ മാത്രം നിലവില്‍ വരുന്ന ഒരു ഭാഷയാണ് കവിതയുടെ.... എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സ്വാതന്ത്യത്തിന്റെ ഭാഷ കവിതയുടേതാണെന്ന് ഉപന്യാസത്തിലൂടെ അദ്ദേഹം തുറന്നും തെളിച്ചും പറയുന്നു എന്നു മാത്രം . 'ഒരു തുണ്ട് ഇരുട്ടാണ് കാക്ക. പുലര്‍ന്നിട്ടും കാക്കയില്‍ ബാക്കി നില്‍ക്കുകയാണ് രാത്രി ' എന്നെഴുതുമ്പോള്‍ അത് ഉപന്യാസമല്ലാതായും മാറുന്നു.
മൂന്നു കൊല്ലം മുമ്പ് ന്യൂയോര്‍ക്കിലെ മോമ ഗാലറിയില്‍ വച്ച് മനോഹരമായ ഒരനുഭവമുണ്ടായി. വെള്ളത്തിലാണ്ട് കിടക്കുന്ന നീല ജലസസ്യങ്ങള്‍ എനിക്കു ചുറ്റും. അവ നാട്ടിലെ കുളങ്ങളിലേക്കും ആമ്പലുകളിലേക്കും എന്നെ എത്തിച്ചു. ഫ്രഞ്ച് ഇംപ്രഷനിസ്റ്റ് പെയിന്റര്‍ ക്ളോഡ് മോനെ 250-ലേറെ വാട്ടര്‍ ലില്ലികള്‍ വരച്ചിട്ടുണ്ട്. അവയില്‍ പലതും ചിത്രീകരിക്കുമ്പോള്‍ അദ്ദേഹം ഭാഗികമായി അന്ധനായിരുന്നുവത്രെ. ആ ചിത്രങ്ങള്‍ എങ്ങനെ വരച്ചു എന്നതിന് യുക്തിഭദ്രമായ ഒരുത്തരം കൊടുക്കാനാകില്ല. പലപ്പോഴും കാഴ്ചയെക്കാള്‍ ഉപരി ഓര്‍മ്മയും ഭാവനയും ചേര്‍ന്നാണ് കല സൃഷ്ടിക്കുന്നതെന്നു വേണമെങ്കില്‍ പറയാം. യുക്തി കൊണ്ട് വിശദമാക്കാനാകാത്ത സൂക്ഷ്മമായ ചില കാര്യങ്ങള്‍ ജീവിതത്തിലുണ്ട്. അതു പറഞ്ഞറിയിക്കാനുള്ള ബദ്ധപ്പാട് ഞാനെന്നും അനുഭവിക്കാറുണ്ട് . അത്തരം ചില സന്ധികളെ കല്‍പ്പറ്റ എഴുത്തിലൂടെ കൈകാര്യം ചെയ്യുന്നതാണ് എന്നെ ഏറെ രസിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ആദ്യത്തെ കാവ്യസമാഹാരം വായിച്ചപ്പോഴും 'ഇത്രമാത്രം ' എന്ന ആദ്യനോവല്‍ വായിച്ചപ്പോഴും അതു വരെ ഇല്ലാതിരുന്ന മട്ടില്‍ വളരെയധികം ഞാന്‍ ആഹ്ലാദിക്കുകയുണ്ടായി. ആ കൃതികളൊന്നും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നുള്ളത് വലിയൊരു വിഷയം ആയി തോന്നിയില്ല. കാരണം അതിനുമൊക്കെ മുമ്പ് എനിക്കു തന്നെ ഒരനുഭവം ഉണ്ടായിട്ടുണ്ട്.
ഇരുട്ട് വീണ കൃതി എന്നു ചങ്ങാതിമാര്‍ പരാതിപ്പെട്ട ഒരു നോവല്‍ എഴുതി വായനക്കാരില്ലാതെ പരാജയപ്പെട്ട ഒരു എഴുത്തുകാരനായിരുന്നു ഞാന്‍. തൊണ്ണൂറുകളുടെ തുടക്കത്തില്‍ 'ചാവുനിലം' എഴുതിയപ്പോള്‍ കൃതി മുഴുവന്‍ കൂരിരുട്ടാണ് അതിലെ ഒരു കഥാപാത്രത്തിനെയെങ്കിലും പ്രകാശമുള്ളതാക്കി മാറ്റണമെന്നും അല്ലെങ്കില്‍ മലയാളി സ്വീകരിക്കില്ലെന്നും ഒരു മുതിര്‍ന്ന എഴുത്തുകാരന് എന്നെ ഉപദേശിച്ചു. പ്രായം മുപ്പതുകളിലേക്ക് കടന്നിട്ടേയുള്ളു. ഒരു വരി മാറ്റിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ അച്ചടിച്ച നോവല്‍ പുസ്തകക്കടയില്‍ നിന്ന് അനങ്ങിയില്ല. വിഖ്യാതരായ വായനക്കാരുള്ള മലയാളത്തില്‍ എന്താ ഇങ്ങനെ... എന്റെ എഴുത്തിനെന്തോ കുഴപ്പമുണ്ടല്ലോ എന്നു തന്നെയാണ് പിന്നീട് ചിന്തിച്ചത്. കുറേ കാലത്തേക്ക് എഴുതിയതുമില്ല. 'കറുപ്പ് ഇരുട്ടല്ല വെളുപ്പ് വെളിച്ചവുമല്ല ' എന്ന ലേഖനത്തില്‍ നിന്ന് അതിനുള്ള ഉത്തരം കിട്ടി. ടണലിന്റെ അറ്റത്ത് വെളിച്ചമാണെന്നു പറഞ്ഞുപരത്തുക വഴി എഴുത്തിന്റെ ശക്തിയെ നമ്മുടെ പുരോഗമന ചിന്താഗതിക്കാരും സംഘടനകളും ചേര്‍ന്ന് ചോര്‍ത്തിക്കളഞ്ഞു. മലയാളികള്‍ വലിയ ആശ്വാസങ്ങളോ വലിയ ഭീതികളോ ഭാവന ചെയ്യാന്‍ പോലും പറ്റാത്തവരായി. അഗാധമായി ആവിഷ്ക്കരിക്കപ്പെടാത്തവരായി. ഏറ്റവും കൂടുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കപ്പെടുന്ന നാടിന്റെ കപടമുഖത്തിനു ചേര്‍ന്ന ദുര്‍ബ്ബലവും ഉപരിപ്ലവവുമായ സാഹിത്യം നമ്മുടെ വിധിയായി. ഇരുട്ടില്ലാത്തതുകൊണ്ടല്ല, ഇരുട്ടിനെ അംഗീകരിക്കാത്തതിനാല്‍, അഭിമുഖീകരിക്കാത്തതിനാല്‍, പ്രത്യാശ കൊണ്ട് അതിനെ നേര്‍പ്പിച്ചു കളഞ്ഞതിനാല്‍'. എനിക്കു ചുറ്റുമുള്ള പ്രകാശം പരത്തുന്ന മനുഷ്യരോട് കല്‍പ്പറ്റയുടെ വാക്കുകള്‍ എടുത്തു പ്രയോഗിക്കുവാന്‍ പോലും തോന്നുന്നുണ്ട്. 'എത്ര വിരസമാണ് വെളുപ്പ്? നുണയാണ് ശുഭാപ്തി വിശ്വാസം.' ഉള്ളിലെ ഇരുട്ടു കാണാതെ പുറത്തെ ഇരുട്ടു കാണുന്നവരാണ് നമ്മള് എന്നതിനാല്‍.
നമുക്കറിയാം എക്കാലവും ഭൂരിപക്ഷമാണ് മുഖ്യധാര സൃഷ്ടിക്കുന്നതെന്ന്. നമ്മുടെ മുഖ്യധാര സവര്ണമാണ് എന്ന് എനിക്കു തോന്നിയിട്ടുണ്ട്. നമ്മുടെ പഴയകാല നോവലുകള്‍ മഹിമയുള്ള തറവാട്ടുകാരുടെ കഥ പറയാന്‍ ഏറെ ഉത്സാഹം കാണിച്ചിട്ടുണ്ട്. അതിലുമൊക്കെ ഉപരിയാണ് ആദ്യകാലത്തെ നിരൂപകരുടെ സവര്ണാനുരാഗം. നമ്മുടെ ആദ്യത്തെ ലക്ഷണയുക്തമായ നോവലിന്റെ വിഷയം തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ സവര്‍ണര്‍ പുരോഗതി കൈവരിക്കുന്നതാണ്. അതിനിടയില്‍ അവര്ണരേക്കുറിച്ചും അന്നത്തെ ചില യാഥാര്‍ത്ഥ്യങ്ങളേക്കുറിച്ചും സംവാദാത്മകമായി ആവിഷ്ക്കരിച്ച പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീ വിജയം മറന്നുകളയാന്‍ എത്ര എളുപ്പം!
പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള അഭിമുഖസംഭാഷണത്തില്‍ കല്‍പ്പറ്റ പറയുന്നു.' പരമ്പരാഗതമെന്നൊ സഹജമെന്നോ നാം കരുതുന്നതെല്ലാം അധികാര സ്ഥാപനങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെട്ടതാണ്' നാം കൈകാര്യം ചെയ്യുന്ന ഭാഷാശൈലി പോലും ഈ വിവേചനമുള്ളതാണെന്ന് അദ്ദേഹം ഉദാഹരണ സഹിതം പറയുന്നു. ഫിലോസഫിക്കലായാണ് താന്‍ കവിതയെ സമീപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കവിതയുടെ നിര്‍മ്മാണ പ്രക്രിയയേക്കുറിച്ച് ഒന്നു പരാമര്ശിക്കാതിരിക്കാന് ഉപന്യാസകാരനിലെ കവിക്കു സാധിക്കില്ല. കവിതയ്ക്കപ്പുറം പല നിലകളിലേക്കും തന്റെ എഴുത്തിനെ വികസിപ്പിക്കാനാണ് കല്‍പ്പറ്റ ശ്രമിച്ചത്. അതിനാല്‍ കവിതയേക്കാളുമധികം ഉപന്യാസങ്ങളെഴുതി. കലാകാരന് പ്രചോദനത്തിനു വേണ്ടി കാത്തിരിക്കുക എന്ന സ്ഥിരം പരിപാടി ഉപേക്ഷിച്ച് നിരന്തരം പ്രവര്‍ത്തി ചെയ്യുക എന്ന് ശില്പിയായ റോഡാങ് റില്‍കെയെ പഠിപ്പിച്ചു. കലയെ ഒരു പ്രവൃത്തിയായി കാണുക എന്ന്. ഉപന്യാസമെഴുതുമ്പോഴുള്ള കല്‍പ്പറ്റ റൊഡാങ്ങിന്റെ ശിഷ്യനായി മാറുന്നുണ്ട്. 30 ഉപന്യാസങ്ങള്‍ ഉള്ള കറുപ്പ് ഇരുട്ടല്ല വെളുപ്പ് വെളിച്ചവുമല്ല എന്ന ഏറ്റവും പുതിയ പുസ്തകത്തില്‍ അയ്യപ്പപ്പണിക്കര്‍ ആറ്റൂര്‍, കോവിലന്, സി.വി.ശ്രീരാമന്, എം.ടി. തുടങ്ങിയ എഴുത്തുകാരെ വിലയിരുത്തുന്ന ഉജ്വലങ്ങളായ നിരീക്ഷണങ്ങളുടെ തിളക്കം കാണാം. കഴിഞ്ഞ വര്‍ഷം വായിച്ച നല്ല പുസ്തകങ്ങളില്‍ ഒന്നാണ് ഈ കൃതിയെന്ന കാര്യത്തില്‍ എനിക്ക് സംശയമേയില്ല.
Content Highlights :P F Mathews speech on Kalpetta Narayanan book Karup Iruttalla Veluppu Velichavumalla
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..