പീറ്റർ ബ്രൂക്ക്
I can take any emtpy space and call it a bare stage. A man walks across this emtpy space whilst someone else is watching him, and this is all that is needed for an act of thetare to be engaged
- Peter Brook
ഭാരതീയ ഇതിഹാസം മഹാഭാരതം ഒമ്പതുമണിക്കൂര്‍ അരങ്ങിലവതരിപ്പിച്ച് ലോക നാടകവേദിയെ ഒരെറ്റവേദിയിലേക്ക് സംയോജിപ്പിച്ച പീറ്റര്‍ സ്റ്റീഫന്‍ പോള്‍ ബ്രൂക്ക് 97ാമത്തെ വയസ്സില്‍ മണ്മറയുമ്പോള് ഇതിഹാസതുല്യമായ അരങ്ങുജീവിതത്തിനാണ് തിരശ്ശീലവീഴുന്നത്. നമ്മുടെ രാജ്യം പദ്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചു. ലോക നാടകവേദിയിലെ പ്രഗല്ഭരായ അഭിനേതാക്കളെ കോര്‍ത്തിണക്കി സാംസ്കാരിക അതിര്‍വരമ്പുകളെ ഭേദിച്ചുകൊണ്ട് മഹാഭാരതകൃതിക്ക് ആഗോള മാനം നല്കിയ ഒമ്പതുമണിക്കൂര്‍ അരങ്ങുഭാഷ സൃഷ്ടിച്ചതോടെയാണ് ലോകത്തുതന്നെ പകരംവെക്കാനില്ലാത്ത നാടകപ്രതിഭയായി അദ്ദേഹം മാറിയത്. ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും ധിഷണാശാലിയായ നാടകസംവിധായകന്‍ ബ്രൂക്ക് അരങ്ങില്‍ കാണിച്ച വിസ്മയം നാടകത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, ഓപ്പറ, മ്യൂസിക്കല്‍സ്, സിനിമ, എഴുത്ത് തുടങ്ങി പലമേഖലകളിലായി അത് വ്യാപിച്ചുകിടക്കുന്നു.
എല്ലാകാലവും അരങ്ങിന്റെ സത്യം തേടിയുള്ള അന്വേഷണത്തിലായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ മടുപ്പുളവാക്കിയ നാടകമാതൃകകളില്നിന്ന് ബ്രൂക്ക് വേറിട്ടുനിന്നു, ബ്രൂക്കിന്റെ അരങ്ങുശില്പങ്ങള്. ബ്രിട്ടനിലാണ് ജനിച്ചതെങ്കിലും 1970 മുതല്‍ പാരീസായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനമേഖല. അവിടെ അദ്ദേഹം ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് തിയേറ്റര്‍ റിസര്‍ച്ച് സ്ഥാപിച്ചു.
ചെറുപ്രായത്തില്‍ത്തന്നെ മുന്‍നിര ബ്രിട്ടീഷ് സംവിധായകരില്‍ ഒരാളെന്ന ഖ്യാതിനേടിയ ബ്രൂക്ക് തന്റെ ആദ്യ ഷേക്സ്പിയര് നാടകമായ കിങ് ജോണ്‍ 1945ല്‍ ബര്‍മിങ്ങാം റിപ്പര്‍ട്ടറി തിയേറ്ററിനായി സംവിധാനംചെയ്തു. ജീന്‍ കോക്റ്റോയുടെ അവാന്ത്ഗാര്‍ഡ് നാടകങ്ങളും (1945ല്‍ അവതരിപ്പിച്ച ഇന്‍ഫേര്‍ണല്‍ മെഷീന്) ജീന്‍പോള്‍ സാര്‍ത്രിന്റെ വിഷ്യസ് സര്‍ക്കിളും 1946ല്‍ അവതരിപ്പിച്ചു. ദി റെസ്പെക്ടബിള്‍ പ്രോസ്റ്റിറ്റിയൂട്ടും മെന്‍ വിത്തൗട്ട് ഷാഡോസും 1947ല്‍ അവതരിപ്പിച്ചു. 1948ലും 1949ലും ലണ്ടനിലെ കോവെന്റ് ഗാര്‍ഡനിലെ റോയല്‍ ഓപ്പറ ഹൗസിനുവേണ്ടി, സാല്‍വദോര്‍ ദാലിയുടെ വസ്ത്രങ്ങളും സെറ്റ് ഡിസൈനുകളും ഉപയോഗിച്ച് റിച്ചാര്‍ഡ് സ്ട്രോസിന്റെ ഓപ്പറയ്ക്ക് രൂപംനല്കി. ആ കാലഘട്ടത്തിന്റെ അവസാനത്തോടെ അന്റോണിന് അര്ട്ടോഡിന്റെ തിയേറ്റര്‍ ഓഫ് ക്രൂവല്റ്റിയുടെ തത്ത്വങ്ങളെ സ്വാധീനിച്ച്, ജീന്‍ ജെനറ്റിന്റെ ലെ ബാല്‍ക്കണ്‍ (1960) പാരീസില്‍; ദി ബാല്‍ക്കണി, ദി സ്ക്രീന്‍സ് (1964) എന്നിവയും സൃഷ്ടിച്ചു. അതുപോലെ പീറ്റര്‍ വെയ്സിന്റെ സെന്‍സേഷണല്‍ നാടകമായ മറാട്ട്/സേഡിന് (1964) അരങ്ങുഭാഷ്യമൊരുക്കി. ആ നാടകത്തിന്റെ പാരമ്പര്യേതരശൈലിയും നൂതന അരങ്ങുഭാഷയും നാടകലോകത്തെ ഞെട്ടിക്കുകയും ബ്രൂക്ക് അന്താരാഷ്ട്രപ്രശസ്തി നേടുകയുംചെയ്തു. നാടകത്തിന്റെ 1967ലെ ചലച്ചിത്രപതിപ്പ് സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം കൂടുതല്‍ പ്രശസ്തിനേടി.
അടുത്തവര്‍ഷം ബ്രൂക്ക് സെനെക്കയുടെ ഈഡിപ്പസ് സംവിധാനം ചെയ്യുകയും ദി എംപ്റ്റി സ്പേസ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ കൃതി നാടകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിശദീകരിച്ചു. അതിലെ ആശയങ്ങളിലൊന്ന് സംവിധായകന് നാടകത്തിന്റെ പ്രധാന സര്ഗാത്മകശക്തിയാണെന്നതായിരുന്നു. പരീക്ഷണാത്മക പോളിഷ് സംവിധായകന് ജെര്സി ഗ്രോട്ടോവ്സ്കിയും ദി ലിവിങ് തിയേറ്ററിന്റെ സഹസ്ഥാപകനായ അമേരിക്കന്‍ സംവിധായകന് ജൂലിയന്‍ ബെക്കും മുന്നോട്ടുവെച്ച ചില നൂതനസാങ്കേതികവിദ്യകള്‍ ബ്രൂക്ക് സ്വീകരിച്ചു.
1997ല്‍ ജപ്പാന് ആര്‍ട്ട് അസോസിയേഷന്റെ പ്രീമിയം ഇംപീരിയാലെ പുരസ്കാരം അദ്ദേഹത്തിന്റെ നാടകത്തിനും സിനിമയ്ക്കും ലഭിച്ചു. 1998ലാണ് ത്രെഡ്സ് ഓഫ് ടൈം എന്ന ഓര്‍മക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. 2002ലാണ് ബി.ബി.സി.ക്കുവേണ്ടി ഹാംലെറ്റ് സംവിധാനംചെയ്തത്. 2016ല്‍ ബ്രൂക്ക് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകയായ മേരിഹെലീന് എസ്റ്റിയെന്, എഴുത്തുകാരന് ജീന്‍ക്ലോഡ് കാരിയര്‍ എന്നിവരോടൊപ്പം അദ്ദേഹത്തിന്റെതന്നെ മഹാഭാരതത്തിന്റെ തുടര്‍ച്ചയായ ബാറ്റില്‍ഫീല്‍ഡ് നിര്‍മിച്ചു. മുംബൈയില്‍ അരങ്ങേറുന്നതിനുമുമ്പ് ഫ്രാന്‍സ്, ജപ്പാന്, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ആ നാടകം സഞ്ചരിച്ചു. വൈവിധ്യമാര്‍ന്ന നൂറില്‍പ്പരം നാടകങ്ങളാണ് അദ്ദേഹം ലോകനാടകവേദിക്കായി സമര്‍പ്പിച്ചത്. ഏഴാമത്തെ വയസ്സില്‍ ഹാംലെറ്റിന്റെ നാലുമണിക്കുര്‍ ദൈര്‍ഘ്യമുള്ള നാടകാവതരണം സൃഷ്ടിച്ച ബ്രൂക്ക് ഇത്രദൂരം നാടകവുമായി സഞ്ചരിച്ചതില്‍ തീരെ അദ്ഭുതപ്പെടേണ്ട.
2001ല്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ തിയേറ്റര്‍ പഠിക്കുന്നകാലത്ത് മാസ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ആര്ക്കൈവ്സില്നിന്ന് ബ്രൂക്കിന്റെ മഹാഭാരതത്തിന്റെ ആറുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡി.വി.ഡി. ഉണ്ടെന്നറിഞ്ഞ് ഞാനും എന്റെ സുഹൃത്തുക്കളും അത് കാണാനിരുന്നു. ഒറ്റയിരിപ്പില്‍ കണ്ടുതീര്‍ത്ത, ബ്രൂക്കിന്റെ സാംസ്കാരികവിനിമയത്തിലൂടെ സൃഷ്ടിച്ച മഹാഭാരതത്തിന്റെ ആഗോള അരങ്ങുഭാഷ വലിയ സ്വാധീനമാണ് എന്നില്‍ സൃഷ്ടിച്ചത്. അര്ജുനന് ആവനാഴിയിലെ അമ്പെടുത്ത് ഭൂമിയില്‍ കുത്തിയിറക്കിയപ്പോള്‍ കിനിഞ്ഞുവരുന്ന തെളിവെള്ളം ഉള്ളംകൈയിലെടുത്ത് ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മപിതാമഹന്റെ ചുണ്ടിലേക്ക് ഇറ്റിച്ചുകൊടുക്കുന്ന ഒരൊറ്റ രംഗംമതി അരങ്ങിന്റെ സത്യമറിഞ്ഞ ആ മഹാപ്രതിഭയുടെ ആഴം മനസ്സിലാക്കാന്‍.
നന്ദി പീറ്റര്‍, അരങ്ങിനെ കൂടുതല്‍ ആഴത്തില്‍ പ്രണയിക്കാന്‍ ഈ ലോകത്തെ പ്രാപ്തമാക്കിയതിന്. അരങ്ങിന്റെ സത്യത്തെ അടുത്തറിയാന്‍ പ്രേരിപ്പിച്ചതിന്
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സ് വകുപ്പധ്യക്ഷനാണ് ലേഖകന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..