പെലെ | Photo: AFP
മുറിവേറ്റ കാലുമായി ആദ്യമായി കളിക്കളത്തിലിറങ്ങിയ എഡ്സന് അരാന്റസ് നാസിമെന്റോയുടെ കഥ ഞാനറിയുന്നത് വര്ഷങ്ങളേറെക്കഴിഞ്ഞാണ്. പരിക്കേറ്റ് മൈതാനത്തിന് പുറത്തിരുത്തിയ പതിനേഴുകാരനായിരുന്നു ഞാനറിഞ്ഞ ആ കഥയിലെ പെലെ... അതേ കഥയുടെ രണ്ടാം പകുതിയില്‍ അയാള്‍ മാന്ത്രികനായി. മുറിവും വേദനയും മറികടന്ന് അയാള്‍ ഇല്ലായ്മകളില്‍ നട്ടംതിരിഞ്ഞ ദേശത്തിന് എന്നെന്നും ഓര്‍മിക്കാന്‍ ആനന്ദത്തിന്റെ അന്തമില്ലാത്ത ഉറവകള്‍ സമ്മാനിച്ചു. പിന്നെ വായിച്ചറിഞ്ഞു, കളിക്കളത്തിനകത്തും പുറത്തും അയാള്‍ നേരിട്ട അവമതികള്‍.
പെലെ എനിക്കൊരിക്കലും കളിക്കളത്തിലെ ചലനമായിരുന്നില്ല. കഥയായിരുന്നു അയാള്‍. എഴുതപ്പെട്ടതെന്തിനെക്കാളും ത്രസിപ്പിച്ച, മദിപ്പിച്ച കഥ. അയാളുടെ കളിക്കരുത്തോ മൈതാനത്തെ മാന്ത്രികചലനങ്ങളോ ആയിരുന്നില്ല അതിനു കാരണം. ചന്ദ്രബിംബത്തില്‍ മുയല്ക്കുഞ്ഞിനെ എന്നപോലെ ഞാനയാളില്‍ കണ്ടു, മധ്യവര്‍ഗത്തിന്റെ പ്രതിനിധികളായ ഒട്ടേറെ സ്ത്രീകളെ. മുറിവേറ്റ കാലുമായി മൈതാനത്തിനു പുറത്തിരുന്ന പതിനേഴുകാരനില്‍ ആ ബിംബം വിഷാദരൂപംപൂണ്ടു. കളിയുടെ രണ്ടാം പകുതിയില്‍ കളിക്കളം കൈയടക്കിയ കരുത്തിന്റെ കഥകേട്ട് കൈയടിച്ച് ഞാനാ വിഷാദത്തെ അകലേക്കകറ്റി. അയാളെ പിന്തുടര്‍ന്ന പരിക്കുകളിലും അപമാനങ്ങളിലും ഞാന്‍ കണ്ടത് കായികതാരത്തെയല്ല, അതിജീവിക്കാന്‍ പണിപ്പെടുന്ന അസംഖ്യം സ്ത്രീകളെത്തന്നെയാണ്. അതുകൊണ്ടുതന്നെ അയാളെപ്പറ്റി വായിച്ചപ്പോഴൊക്കെയും അയാളുടെ കളി കാഴ്ചച്ചതുരങ്ങളില് കണ്ടപ്പോഴൊക്കെയും ഞാന്‍ ഇരുന്നിടം ഗാലറിയായിമാറി. മനസ്സില്‍ ഒരായിരം പെണ്ണൊച്ചകള്‍ ആരവങ്ങളുടെ മാറ്റൊലിയുതിര്ത്തു. പഴയ പത്രക്കടലാസുകള്‍ ചുരുട്ടി പന്തുതട്ടിത്തുടങ്ങിയ കൊച്ചുപയ്യന് പില്ക്കാലത്ത് വലിയ മൈതാനങ്ങള്‍ കീഴടക്കിയ കഥയറിയുമ്പോള്‍ ഞാനെന്നല്ല ഏതൊരു സ്ത്രീയും അതില്‍ കളിയാവില്ല കാണുക... മറിച്ച് അവരതില്‍ ജീവിതം കാണും. ഞാന്‍ കണ്ടതും അതുതന്നെയാണ്. അതില്‍ അദ്ഭുതമെന്തിന്.
ഓര്‍മയില്‍ ഓരോരുത്തര്‍ക്കുമുണ്ടാകും ഒരു റൂബന്‍ അരൂസ തെരുവ്... പില്‍ക്കാലജീവിതത്തിന് നമ്മളോരോരുത്തരേയും പ്രാപ്തരാക്കുന്ന തെരുവ്. ആ തെരുവ് എതിരാളികളില്ലാത്ത മൈതാനമാകും തുടക്കത്തില്‍. അവിടെ പന്തുതട്ടുമ്പോള്‍ ആരറിയുന്നു കാലത്തിന്റെ മായാജാലം എവിടേക്കാണ് നമ്മളെ കൊണ്ടെത്തിക്കുന്നതെന്ന്. ഷൂസ് മിനുക്കാനുള്ള കിറ്റുമായാണ് അവന് മൈതാനങ്ങളിലേക്ക് വന്നെത്തുന്നത്. ആരറിഞ്ഞു ജീവിതം അവനെ എവിടേക്ക് കൊണ്ടെത്തിക്കുന്നുവെന്ന്. കളിക്കളത്തില്‍ ഞാന്‍ കണ്ട പെലെ ഒരു ഉശിരന്‍ നര്‍ത്തകനായിരുന്നു. ആ നൃത്തം ഞാന്‍ കണ്ടതേറെയും സ്ത്രീകളിലാണ്. അതിജീവിക്കാന്‍ കെല്പുള്ള സ്ത്രീകളുടെ ചലനങ്ങളില്‍.
സാന്റോസ് എന്ന ക്ലബ്ബില്‍ പെലെ കളിച്ചുതുടങ്ങിയ കാലത്തെപ്പറ്റി ഞാന്‍ വായിച്ചിട്ടുണ്ട്. തുടക്കകാലത്ത് ഒരു രാത്രി അവിടെനിന്ന് ഓടിപ്പോകാന്‍ തുനിഞ്ഞ പെലെയെപ്പറ്റിയും വായിച്ചു. ഏതൊരു സ്ത്രീയുടെയും അതിശയകരമായ ജീവിതത്തിന്റെ പകര്‍പ്പാണ് അതിലും ഞാന്‍ കണ്ടത്.
.jpg?$p=3ca10ba&&q=0.8)
പെലെ എനിക്ക് പകര്‍ന്നുതന്ന പാഠങ്ങളും ചെറുതല്ല. ഡിഫന്‍ഡറുടെ തലയ്ക്കുമുകളിലൂടെ ഉയര്‍ത്തിയടിച്ച പന്ത് തലകൊണ്ട് തട്ടി അയാള്‍ ഗോള്‍വലയിലേക്ക് പായിക്കുന്ന ആ കാഴ്ച എനിക്ക് ജീവിതപാഠമായിരുന്നു. പ്രതിരോധം... അത് എങ്ങനെയായിരിക്കണമെന്ന പാഠം. പന്ത് തലയ്ക്കുമുകളിലെത്തുമ്പോള് തളരരുത്, തലകൊണ്ട് തടുക്കണം എന്ന പാഠം. അയാളുടെ പതിനെട്ട് ബെസിക്കിള് കിക്കുകളും പലയാവര്‍ത്തി ഞാന്‍ ഇന്‍ര്‍നെറ്റില്‍ കണ്ടിട്ടുണ്ട്. അവമതികള്‍ അയാളെ പിന്തുടര്ന്നിരുന്ന ഒരു കാലമുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. അപ്പോഴൊക്കെയും അക്ഷോഭ്യനായിരുന്നു പെലെ. അയാള്‍ മറുപടിപറഞ്ഞത് പന്തുകൊണ്ടാണ്... അതുമൊരു പാഠം.
കൈയും നാവുമല്ല... കാലും തലയുമായിരുന്നു അയാളുടെ ആയുധം. അയാളുടെ പന്തടക്കം ജീവിതത്തെ വരുതിയിലാക്കേണ്ടത് എങ്ങനെയെന്നതിന്റെ പുസ്തകമായിരുന്നു എനിക്ക്. പന്തിന്റെ ഗതി മുന്നില്‍ക്കണ്ടുള്ള ചലനങ്ങള്‍. അയാള്‍ അടിക്കാതെപോയ ഗോളുകളിലുമുണ്ട് പെണ്‍പ്രതിരോധത്തിന്റെ അടയാളങ്ങള്‍. റൂബന്‍ അരൂസയിലെ മായാജാലക്കാരന് സാവോപൗലോയില് നിദ്രയിലാണ്ടിരിക്കുന്നു. ഹൃദയംപോലെ തുടിച്ച പന്ത് കാറ്റൊഴിഞ്ഞ് ശൂന്യമാകുന്നു. വിശാലമായ ആകാശമൈതാനത്ത് ചന്ദ്രനുദിക്കുന്നു. ആ ഗോളത്തെ ചാന്ദ്രമനുഷ്യന് എന്ന് ഇനിമേല്‍ വിളിക്കാം എന്നെനിക്കു തോന്നുന്നു.
Content Highlights: pele, footballer, brazil, r rajasree, writer, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..