റാണിയില്‍ നിന്നും വിവാഹമോചനം വാങ്ങിത്തന്നാല്‍ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താം; ജനങ്ങളോട് രാജാവ്!


ആനന്ദ് നീലകണ്ഠന്‍കലിമൂത്ത ലൂയിസ് ഏഴാമന്‍ ശാസന നല്‍കി, എല്ലാറ്റിനെയും കത്തിച്ചുകളഞ്ഞേക്കാന്‍. അങ്ങനെ ദൈവനാമത്തില്‍ രാജാവിന്റെ ഭടന്‍മാര്‍ വിശ്വാസികളെ സ്വര്‍ഗത്തേക്കയച്ചു. തീയില്‍നിന്ന് രക്ഷപ്പെട്ട് ഓടിയവരെ രാജാവ് തൃക്കൈകൊണ്ട് വെട്ടിക്കൊന്നു. അങ്ങനെ പള്ളിയും കത്തിച്ച്്, ആയിരത്തി അഞ്ഞൂറ് ഭക്തജനങ്ങളെയും കൊന്നുതള്ളിക്കഴിഞ്ഞപ്പോള്‍ രാജാവിനു സ്വബോധംവന്നു.

നോത്രദാം/ ഫോട്ടോ എ.പി

നോത്രദാം പള്ളിയുടെ പണിക്കുപിറകില്‍ ഒരുപാട് ചരിത്രമുണ്ട്. അതില്‍ യുദ്ധവും പരിഭവവും കരംപിരിവും വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരും വിവാഹമോചനവുമൊക്കെയുണ്ട്...ആനന്ദ് നീലകണ്ഠന്‍ എഴുതുന്ന പംക്തി പാരീസ് പാരീസ്...! തുടരുന്നു.

മൗറിസ് എന്ന പുരോഹിതശ്രേഷ്ഠന്റെ അടങ്ങാത്ത ഇച്ഛാശക്തിയുടെ ഫലമാണ് നോത്രദാം എന്ന മഹാദ്ഭുതം. ലൂയീസ് ഏഴാമന്‍ തന്റെ ഭാര്യയെ വീണ്ടെടുക്കാന്‍ ബ്രിട്ടീഷ് രാജാവിനെതിരേ യുദ്ധം തുടങ്ങി. പള്ളിയുടെ പണി പാതിവഴിയിലുമായി. വ്യക്തിപരമായി സമ്പാദിച്ചുകൂട്ടിയ തന്റെ സ്വത്തുക്കളെല്ലാം ബിഷപ്പ് വിറ്റു. എന്നിട്ടും മനസ്സില്‍ ആഗ്രഹിച്ചപോലെ പണിയാനുള്ള കാശ് ഒക്കുന്നില്ല. പള്ളിക്കുചുറ്റുമുള്ള നഗരഭൂമിക്ക് പൊന്നുവിലയാണ്. സ്വര്‍ഗം, ദൈവം എന്നൊക്കെ പറഞ്ഞിട്ടും കച്ചവടക്കാര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. കൂടുതലും ജൂതന്മാരാണ് വ്യാപാരികള്‍. മൗറിസ് മാര്‍പാപ്പയ്ക്ക് കത്തെഴുതി. എന്നാല്‍, ഈ സമയത്ത് അന്നത്തെ മാര്‍പാപ്പതന്നെ തന്റെ നിലനില്‍പ്പിനു പൊരുതുന്ന സമയമായിരുന്നു. ഇന്നസെന്റ് രണ്ടാമന്‍ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പുതന്നെ വിവാദത്തില്‍ മുങ്ങിയ സമയം. അനാക്ലീറ്റസ് രണ്ടാമന്‍ എന്ന ഒരു വിമത മാര്‍പാപ്പ ഇന്നസെന്റിനെ താഴെയിറക്കി മാര്‍പാപ്പ തൊപ്പിയണിയാന്‍ കച്ചകെട്ടിനടക്കുന്ന സമയത്ത് പാരീസിലെ ഒരു ബിഷപ്പിന്റെ പള്ളിപ്പണിയൊന്നും മാര്‍പാപ്പയ്ക്ക് വലിയ കാര്യമായിത്തോന്നിയില്ല. ജര്‍മനിയുടെ രാജാവിനെ വിശുദ്ധ റോമാചക്രവര്‍ത്തിയായി വാഴിച്ച് മാര്‍പാപ്പ തന്റെ സ്ഥാനം ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. ലൂയിസ് ഏഴാമന് ഇതത്ര പിടിച്ചില്ല. റോമാ ചക്രവര്‍ത്തിസ്ഥാനം സ്വപ്നംകണ്ടിരുന്ന ഫ്രാന്‍സ് രാജാവ് പോപ്പുമായി ശീതസമരം തുടങ്ങി. മൗറിസ് കുടുങ്ങി. എല്ലനോറുമായി തന്റെ വിവാഹബന്ധം വേര്‍പെടുത്താനുള്ള അപേക്ഷയില്‍ പോപ്പ് അടയിരുന്ന ദേഷ്യം വേറെ.

ആയിടെയാണ് ബോര്‍ഗിലെ ആര്‍ച്ച്ബിഷപ്പ് സ്ഥാനം ഒഴിവുവന്നത്. മാര്‍പാപ്പ ഒരാളെ തിരഞ്ഞെടുത്തു. രാജാവ് വേറെ ഒരാളെയും. മൗറിസ് ശരിക്കും പെട്ടു. മാര്‍പാപ്പയെയും പിണക്കാന്‍ പറ്റില്ല, രാജാവിനെയും വെറുപ്പിക്കാന്‍ പറ്റില്ല. ജൂതവ്യാപാരികള്‍ സ്ഥലവില കൂട്ടിക്കൊണ്ടേയിരുന്നു. ഫ്രാന്‍സിലെ പ്രഭുക്കന്മാര്‍ പല ചേരികളിലായി തിരിഞ്ഞ് അടിപിടിയും കൊലവിളിയുമായി. വിമത മാര്‍പാപ്പയുടെ ആളുകള്‍ കുറച്ചുപേര്‍. ഇന്നസെന്റ് രണ്ടാമന്റെ ആളുകള്‍ മറ്റൊരു ചേരി. രാജാവിന്റെ കിങ്കരന്‍മാര്‍ വേറെ. എല്ലാവരും വിശുദ്ധപുസ്തകത്തിന്റെപേരിലും കര്‍ത്താവിന്റെ നാമത്തിലും എതിര്‍ചേരിയിലുള്ളവരെ തീര്‍ത്ത് സത്യത്തെ വിജയിപ്പിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു. പള്ളി പെരുവഴിയിലായി. മൗറിസ് ബിഷപ്പ് പ്രാര്‍ഥനയിലും കത്തെഴുത്തിലും മറ്റും സമയംപോക്കി. അങ്ങനെയിരിക്കുമ്പോള്‍ ഒരു മഹാദുരന്തമുണ്ടായി. എതിര്‍ചേരിയിലുള്ള വിശ്വാസികളെ രാജാവിന്റെ പട ഓടിച്ച് 'വിട്രി എന്‍ പെര്‍തോ' എന്ന പട്ടണത്തിലെ പള്ളിയില്‍ കയറ്റി. രാജാവിനെ മാര്‍പാപ്പയുടെ നാമത്തില്‍ പള്ളിയില്‍ കയറിയവര്‍ ശപിക്കാനും നരകത്തിലേക്ക് പറഞ്ഞുവിടാന്‍ പ്രാര്‍ഥിക്കാനും തുടങ്ങി. കലിമൂത്ത ലൂയിസ് ഏഴാമന്‍ ശാസന നല്‍കി, എല്ലാറ്റിനെയും കത്തിച്ചുകളഞ്ഞേക്കാന്‍. അങ്ങനെ ദൈവനാമത്തില്‍ രാജാവിന്റെ ഭടന്‍മാര്‍ വിശ്വാസികളെ സ്വര്‍ഗത്തേക്കയച്ചു. തീയില്‍നിന്ന് രക്ഷപ്പെട്ട് ഓടിയവരെ രാജാവ് തൃക്കൈകൊണ്ട് വെട്ടിക്കൊന്നു. അങ്ങനെ പള്ളിയും കത്തിച്ച്്, ആയിരത്തി അഞ്ഞൂറ് ഭക്തജനങ്ങളെയും കൊന്നുതള്ളിക്കഴിഞ്ഞപ്പോള്‍ രാജാവിനു സ്വബോധംവന്നു.

ദൈവമേ! ഞാനെന്താണീ കാണിച്ചത് എന്നുപറഞ്ഞ് കരച്ചിലും പരിഭവവുമായി ഉറക്കം നഷ്ടപ്പെട്ട്, ഇതിനകം രാജാവ് പാതിപണിത നോത്രദാംപള്ളിയില്‍ വന്ന് കുമ്പസരിച്ചു. ദൈവത്തിന്റെ വഴി അജ്ഞാതവും വിചിത്രവും പവിത്രവുമാണ് എന്ന് പുരോഹിതന്‍ രാജാവിനോടു പറഞ്ഞ് ആശ്വസിപ്പിച്ചു. മാര്‍പാപ്പയ്ക്ക് മാപ്പുചോദിച്ച് കത്തയച്ച രാജാവിനെ സഭയ്ക്കുപുറത്താക്കാന്‍ മാര്‍പാപ്പ തീരുമാനിച്ചിരുന്നു. എന്നാല്‍, വിമത മാര്‍പാപ്പയെ ലൂയിസ് തള്ളിപ്പറഞ്ഞതോടെ മാര്‍പാപ്പ അയഞ്ഞു. രാജാവിനു പ്രായശ്ചിത്തം വിധിച്ചു. ഇത്രയും വിശ്വാസികളെ കൊന്ന പാപമോചനത്തിന് ഇനി രാജാവ് അവിശ്വാസികളെ കൊല്ലട്ടെ. കുരിശുയുദ്ധം ലൂയിസ് നയിക്കട്ടെ. ബ്രിട്ടീഷ് രാജാവിനോട് ലൂയിസിന്റെ ഭാര്യയെ തിരിച്ചുനല്‍കാനും കല്പനയായി.

അങ്ങനെ യൂറോപ്പിലെ ക്രിസ്ത്യന്‍ രാജാക്കന്മാര്‍ എല്ലാവരും ലൂയിസിന്റെ നേതൃത്വത്തില്‍ അവിശ്വാസികളെ കൊന്ന് പുണ്യംനേടാനും വിശുദ്ധനാടുകള്‍ വീണ്ടെടുക്കാനും പടക്കോപ്പ് കൂട്ടിത്തുടങ്ങി. റാണി തിരിച്ചുവന്നപ്പോള്‍ തികച്ചും സാത്വികനായ ഒരു ലൂയിസിനെയാണ് കണ്ടത്. മുഴുവന്‍സമയം ധ്യാനവും പ്രാര്‍ഥനയും വ്രതംനോല്‍ക്കലും മറ്റുമായി ലൂയിസ് ആളാകെ മാറിയിരുന്നു.

റാണിയുമായി അടിപിടിയും അടുക്കളബഹളവും തകൃതിയായി നടക്കുന്ന സമയത്തും മൗറീസ് ഇരുവരെയും ഒന്നിച്ചുനിര്‍ത്താന്‍ പരിശ്രമിച്ചു. അവസാനം കുരിശുയുദ്ധത്തിനു പുറപ്പെടുംമുമ്പ് രാജാവ് മൗറിസിന് വാക്കുകൊടുത്തു: ഖജനാവിലെ പണം ഇനി പള്ളിക്കുതന്നെ. അഥവാ എന്തെങ്കിലും കുറവുവന്ന് ഖജനാവ് തുടച്ചുവെടിപ്പാക്കേണ്ടിവന്നാല്‍ രാജാവില്ല, അദ്ദേഹം കുരിശുയുദ്ധത്തിനുപോയി എന്നൊന്നും പറഞ്ഞ് പള്ളിപണി നിര്‍ത്തണ്ട. കരം അങ്ങ് കൂട്ടിയേക്കണം. ഇങ്ങനെയൊക്കെയേ പള്ളിക്കാരെയും വിശ്വാസികളെയും കൊന്നുതള്ളിയ പാപക്കറ കഴുകിക്കളയാന്‍ പറ്റൂ.

അങ്ങനെ രാജാവ് ഖജനാവ് മൗറിസിനെ ഏല്‍പ്പിച്ച് കുരിശുയുദ്ധത്തിനുപോയി. ചോദിച്ച വിലകൊടുത്ത് ബിഷപ്പ് സ്ഥലം വാങ്ങി. അപ്പോഴാണ് പാരീസിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം വിശ്വരൂപം പുറത്തെടുത്തത്. ബിഷപ്പിനെപ്പോയിട്ട് കര്‍ത്താവിനെപ്പോലും പേടിയില്ലാത്ത സര്‍ക്കാര്‍ജീവനക്കാര്‍ പല കാരണം പറഞ്ഞ് പള്ളിപ്പണി ചുവപ്പുനാടയില്‍ കുടുക്കിയിട്ടു. രാജാവിന് കത്തെഴുതിയപ്പോള്‍ റാണിയുമായി വിവാഹമോചനം മേടിച്ചുതന്നാല്‍ ഉദ്യോഗസ്ഥന്മാരെ നിലയ്ക്ക് നിര്‍ത്താം എന്നായി രാജാവ്. കുരിശുയുദ്ധം ജയിക്കാതെ പോപ്പ് അനുമതി കൊടുക്കുന്ന പ്രശ്‌നവുമില്ല. യുദ്ധം ഒട്ടും ജയിക്കുന്ന ലക്ഷണവുമില്ല. പാളയത്തില്‍ തമ്മിലടി ഒഴിഞ്ഞിട്ടുവേണ്ടേ അവിശ്വാസികളെ തുരത്താന്‍. അവസാനം രാജാവിനെ പാപത്തില്‍നിന്ന് മോചിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും വിവാഹത്തില്‍നിന്ന് മോചിപ്പിക്കാന്‍ മൗറിസ് ഒരു വഴികണ്ടെത്തി. അല്പം കടന്ന പ്രയോഗമാണ്.

എന്നാലും ഒരു ദൈവകാര്യത്തിനല്ലേ. മൗറിസ് അക്രമത്തിന്റെ വക്താവല്ലായിരുന്നു. അല്ലെങ്കില്‍ ആ കാലഘട്ടത്തിന്റെ സ്വഭാവംവെച്ച് ഒരു വിഷക്കുപ്പികൊണ്ടോ ഒരു അപകടംകൊണ്ടോ ഈ പ്രശ്‌നം മൗറിസ് തീര്‍ക്കുമായിരുന്നു. ജൂതന്‍മാരെ കാശുകൊടുത്താണ്, അല്ലാതെ വാളുകൊണ്ടല്ല അദ്ദേഹം ഒഴിപ്പിച്ചത്. അതുപോലെ മൗറിസ് ഒരു കളികളിച്ചു.


Content Highlights: Anand Neelakantan, Paris Paris, Notre Dame Church, Louis 7th


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented