പാബ്ലോ നെരൂദ| Photo: Laurent Rebours| AP Photo
പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും കവിയായിരുന്നു പാബ്ലോ നെരൂദ. അതിനാല്‍ തന്നെ നെരൂദയോളം വായിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്ത മറ്റൊരും കവിയും ഉണ്ടാവാന്‍ സാധ്യതയില്ല. ചിലിയിലോ ലാറ്റിനമേരിക്കയിലോ മാത്രം ഒതുങ്ങുന്ന വായനാലോകമല്ല നെരൂദയ്ക്കുള്ളതും. ലോകത്തിലെ പല വന്‍കരകളിലും രാജ്യങ്ങളിലുമുള്ള വായനക്കാരും നെരൂദയേയും നെരൂദക്കവിതകളേയും ഹൃദയത്തോട് ചേര്‍ത്തുവെച്ചു.
ചിലിയിലെ പാരാലില്‍ 1904 ജൂലൈ 12 നാണ് നെഫ്താലി റിക്കാര്‍ഡോ റെയസ് ബസോല്‍റ്റോ എന്ന പാബ്ലോ നെരൂദ ജനിച്ചത്. അമ്മ മരിച്ചതിനാല്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും കൂടെയാണ് നെരൂദ തന്റെ കുട്ടിക്കാലം ചിലവഴിച്ചിരുന്നത്. പത്ത് വയസ്സ് മുതലാണ് നെരൂദ എന്ന തൂലികാനാമത്തില്‍ അദ്ദേഹം കവിതയെഴുതി തുടങ്ങിയത്. ഇരുപത് വയസ്സ് പിന്നിടുമ്പോഴേക്കും നെരൂദ ചിലിയില്‍ കവി എന്ന നിലയില്‍ അറിയപ്പെട്ടിരുന്നു.
കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ചു വിശ്വസിച്ച നെരൂദ കവിതയോടൊപ്പം തന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തെയും മുറുകെപ്പിടിച്ചു. രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായ തിരിച്ചടികള്‍ക്കിടയിലും അനിശ്ചിതാവസ്ഥകള്‍ക്കിടയിലും നെരൂദയ്ക്ക് ആശ്വാസം നല്‍കിയത് കവിതയായിരുന്നു. ഭാവഗീതങ്ങളായിരുന്നു നെരൂദയുടെ കവിതകളിലേറെയും. ഒപ്പം ശക്തമായ രാഷ്ട്രീയ കവിതകളും നെരൂദ രചിച്ചു. ലോകത്താകമാനമുള്ള ഇടതുപക്ഷ വിശ്വാസികള്‍ക്കും തൊഴിലാളി വര്‍ഗ മുന്നേറ്റങ്ങള്‍ക്കും നെരൂദയുടെ കവിതകള്‍ പുത്തന്‍ ആവേശം പകര്‍ന്നു.
1924ല്‍ 'ഇരുപതു പ്രണയകവിതകളും ഒരു നിരാശാ ഗീതവും' പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസാനന്തരം നയതന്ത്രപ്രതിനിധിയായി മാറിയ നെരൂദ ബര്‍മ, സയാം, ചൈന, ജപ്പാന്, ഇന്ത്യ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഇക്കാലത്താണ് 'ഭൂമിയില്‍ നിവാസം' പ്രകാശിപ്പിക്കപ്പെട്ടത്. കിഴക്കുദേശങ്ങളിലെ ജോലികഴിഞ്ഞ് സ്പെയിനിലെത്തി, പത്നി ഡീലിയായുമൊത്തു മാഡ്രിഡില്‍ താമസമാക്കി. ലോര്‍ക്കാ, ആല്ബെര്ടീ തുടങ്ങിയ സ്പാനിഷ് കവികളുടെ ഉറ്റസുഹൃത്തായി; 'കവിതയ്ക്ക് ഒരു പച്ചക്കുതിര' എന്ന ഒരു കാവ്യമാസിക നടത്തി. സ്പാനിഷ് ആഭ്യന്തരയുദ്ധത്തോടെ കവിത രാഷ്ട്രീയവത്കരിക്കപ്പെട്ടുതുടങ്ങി. 'ഭൂമിയില്‍ നിവാസ'ത്തിന്റെ മൂന്നാം ഭാഗം 1947-ല്‍ പുറത്തുവന്നു. 1944-ല്‍ അന്റോ ഫഗസ്റ്റയിലെ തൊഴിലാളികളുടെ അഭ്യര്‍ഥനപ്രകാരം ചിലിയന്‍ സെനറ്ററായി മത്സരിച്ചു തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി.
1948-ല്‍ ഭരണമേറ്റ ചിലിയന്‍ സ്വേച്ഛാധിപതി ഗോണ്ഥാലെഥ് വിഡേലായെ പ്രത്യക്ഷമായി എതിര്‍ത്തതോടെ ഭരണകൂടത്തിന്റെ ശത്രുവായി. കുറെക്കാലം ചിലിയില്‍ ഒളിവില്‍ കഴിഞ്ഞു, തുടര്‍ന്ന് മെക്സിക്കോവിലേക്കും അവിടെനിന്നു പാരീസിലേക്കും രക്ഷപ്പെട്ടു. 1950-ല്‍ ചിലിയന്‍ മഹാകാവ്യമായ 'കാന്റോ ജെനെറല്‍' പ്രസിദ്ധീകൃതമായി. 1954-57 കാലത്ത് 'ലളിതവസ്തുക്കള്ക്കുള്ള സ്തുതിഗീതങ്ങള്‍' എഴുതി. 1955-ല്‍ ആദ്യഭാര്യയുടെ മരണത്തെത്തുടര്‍ന്ന് മെറ്റില്ഡേ ഉറൂഷ്യായെ വിവാഹം കഴിച്ചു; താമസം 'ഇസ്ലാനെഗ്രാ'യിലേക്കു മാറ്റി. തുടര്‍ന്ന് 'നൂറു പ്രണയഗീതങ്ങള്‍', 'എസ്ത്രാവഗേരിയോ', 'ചിലിയിലെ കല്ലുകള്‍', 'ഇസ്ലാനെഗ്രായുടെ ഓര്മ യ്ക്ക്', 'ജലഗീതി', 'നിക്സണ് വധത്തിനു പ്രേരണയും ചിലിയന്‍ വിപ്ലവത്തിനു സ്തുതിയും' തുടങ്ങിയ സമാഹാരങ്ങള്‍ പുറത്തുവന്നു. 1971-ല്‍ നെരൂദയ്ക്ക് നൊബേല്‍ സമ്മാനം ലഭിച്ചു. പാരീസില്‍ അല്ലെന്‍ഡേ ഗവണ്മെന്റിന്റെ അംബാസഡറായിരുന്നു അന്നദ്ദേഹം.
പല കവിതകളിലും കവിയുടെ അന്തര്‍മുഖത്വവും പ്രതിഫലിച്ചിട്ടുണ്ട്. പ്രകൃതിയലെ ഏല്ലാ ജീവജാലങ്ങളിലും പ്രണയം തേടിയുളള യാത്രയായിരുന്നു നെരൂദയുടെ കവിതകള്‍. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ചെറിയ വസ്തുക്കള്‍ മുതല്‍ അനന്തത വരെ വ്യാപിക്കുന്നതായിരുന്നു നെരൂദയുടെ കാവ്യ സങ്കല്‍പ്പം. ചിലപ്പോള്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി മരണം വരിക്കാന്‍ കെല്‍പ്പുളള ഒരു പോരാളിയുടെ വ്യക്തിത്വം മറ്റ് ചിലപ്പോള്‍ പ്രപഞ്ചത്തെ ഒന്നാകെ സ്നേഹിക്കാന്‍ തുനിയുന്ന ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയുളള ഒരാളായും നെരൂദ മാറി.
ചിലിയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വദോര്‍ അലെന്‍ഡെയുടെ ഉറ്റസുഹൃത്ത് കൂടിയായിരുന്നു നെരൂദ. നോബല്‍ സമ്മാനം ലഭിച്ച് തിരിച്ചുവന്നപ്പോള്‍ അലെന്‍ഡെ നെരൂദയെ ചിലിയിലെ ദേശീയ ഫുട്ബോള്‍ സ്റ്റേഡിയത്തിലേക്കു 70,000 ആളുകളുടെ മുന്നില്‍ കവിത ചൊല്ലുവാനായി ക്ഷണിച്ചു. ലോകചരിത്രത്തിലെ തന്നെ ഏറ്റവുമധികം ആളുകള്‍ കേട്ട കവിതാ പാരായണമായി ഇത് വിശേഷിപ്പിക്കപ്പെട്ടു. 1973ല്‍ ചിലിയിലെ മൊണേഡാ കൊട്ടാരത്തില്‍ പട്ടാളഅട്ടിമറിയുടെ ഭാഗമായി ബോംബ് സ്ഥോടനം നടക്കുകയും അലെന്‍ഡെ കൊല്ലപ്പെടുകയും ചെയ്തു.
'ബുക്ക് ഓഫ് ട്വിലൈറ്റ്', ' ട്വന്റി ലവ് പോയംസ്', 'റെസിഡന്‍സ് ഓണ്‍ എര്‍ത്ത്', ' ആര്‍ട്ട് ഓഫ് ബേര്‍ഡ്സ്', 'സ്റ്റോണ്‍സ് ഓഫ് ചിലി', 'ദി ഹൗസ് ഇന്‍ ദി സാന്‍ഡ്' ,വിന്റര്‍ ഗാര്ഡന്' എന്നിവ നെരൂദയുടെ പ്രശസ്തമായ കവിതകളാണ്. അലെന്‍ഡെയുടെ മരണം നെരൂദയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. മാതൃരാജ്യത്തിനേറ്റ ആഘാതത്തില്‍ മനംനൊന്ത് 1973ല്‍ ആ കാവ്യജീവിതം അവസാനിച്ചു.
Content Highlights: Pablo Neruda death anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..