പാബ്ളോ നെരൂദ
Take bread away from me, if you wish,
take air away, but
do not take from me your laughter.
വേണമെങ്കില്‍ ആഹാരം തിരിച്ചെടുത്തോളൂ..
വായുപോലും തിരിച്ചെടുക്കു.. പക്ഷെ,
നിന്റെ ചിരി..
അതുമാത്രം എന്നില്നിന്നകറ്റരുതേ..
-പാബ്ളോ നെരൂദ
അംഗീകരിക്കപ്പെട്ട കവികള്‍ സാഹിത്യ ചരിത്രത്തില്‍ ഏറെയുണ്ടാകുമെങ്കിലും സ്നേഹിക്കപ്പെട്ട കവികള്‍ അത്രയേറെ ഉണ്ടാകില്ല. എഴുതിയ എല്ലാ വരികളും സ്നേഹത്തെ കുറിച്ചായതിനാലാവാം ചിലിയന്‍ കവി പാബ്ലോ നെരൂദയെ ലോകം ഇത്രയധികം സ്നേഹിച്ചിട്ടുണ്ടാവുക. ആംഗലേയ സാഹിത്യ ചരിത്രത്തില്‍ റോബര്‍ട്ട് ഫ്രോസ്റ്റിനും ടി.എസ്.ഏലിയട്ടിനുമൊപ്പം നെരൂദയുടെ പേരും സുവര്‍ണലിപികളാല്‍ എഴുതപ്പെട്ടു. അങ്ങനെ സ്വദേശമായ ചിലിയിലും ലാറ്റിനമേരിക്കയിലും മാത്രമല്ല നിരവധി ദേശങ്ങളും ഭാഷകളും നേരൂദയുടെ കവിതകളെ ഹൃദയത്തോട് ചേര്‍ത്തുവെച്ചു.
ചിലിയിലെ പാരാലില്‍ 1904 ജൂലൈ 12നാണ് നെഫ്താലി റിക്കാര്‍ഡോ റെയസ് ബസോല്‍റ്റോ എന്ന പാബ്ലോ നെരൂദ ജനിച്ചത്. അമ്മയുടെ അകാലവിയോഗത്തെ തുടര്‍ന്ന് അച്ഛനും രണ്ടാനമ്മയ്ക്കും ഒപ്പമായിരുന്നു നെരൂദ തന്റെ കുട്ടിക്കാലം ചിലവഴിച്ചത്. നെരൂദ എന്ന തൂലികാ നാമത്തില്‍ പത്ത് വയസ്സ് മുതല്ക്കു തന്നെ കവിതകള്‍ എഴുതി തുടങ്ങി. പ്രസിദ്ധ ചിലിയന്‍ കവി ഗബ്രിയേല മിസ്റ്റ്രലിന്റെ സാഹിത്യാഭിരുചികള്‍ ചെറുപ്പം മുതല്‍ക്ക് തന്നെ നേരൂദയെ ആകര്‍ഷിച്ചിരുന്നു.
ഇരുപത് വയസ്സായപ്പോഴേക്കും തന്നെ നെരൂദ ചിലിയന്‍ കവിയെന്ന വിശേഷത്തിന് ഉടമയായിരുന്നു. ആഗ്രഹത്തിന്റെയും പ്രതീക്ഷയുടേയും നിറമെന്ന് വിശേഷിക്കപ്പെടുന്ന പച്ച നിറമുളള മഷിയിലാണ് നെരൂദ തന്റെ കവിതകള്‍ കുറിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ച് വിശ്വസിച്ചിരുന്ന നെരൂദ സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തോടൊപ്പം കവിതയേയും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി. തന്റെ രാഷ്ട്രീയജീവിതത്തില്‍ നേരിട്ട തിരിച്ചടികള്‍ക്കും അജ്ഞാതവാസത്തിനും ഇടയിലും നെരൂദയുടെ തൂലിക നിലച്ചിരുന്നില്ല. അത്രയ്ക്ക് തീവ്രമായിരുന്നു നെരൂദയ്ക്ക് തന്റെ സാഹിത്യജീവിതത്തോടുളള അര്‍പ്പണബോധം.
വില്യം ഷേക്സ്പിയറിനുശേഷം ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടത് നെരൂദ എന്ന കവിയെയാണെന്ന് പരിഭാഷകനായ അലിസ്റ്റര്‍ റീഡ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കവിത നെരൂദയെ സംബന്ധിച്ച് സാഹിത്യസപര്യ എന്നതിലുപരി രാഷ്ട്രീയപ്രവര്‍ത്തനവും പ്രതികരണപ്രവര്ത്തനവുമായിരുന്നു.
ഭാവഗീതങ്ങളായിരുന്നു നെരൂദയുടെ കവിതകളിലേറെയും. ചിന്തകളെ സ്വതന്ത്രമായി വിഹരിക്കാനുളള ഉപാധിയോടൊപ്പം തന്റെ രാഷ്ട്രീയ ആശയത്തെ പിന്തുണക്കാനുളള ശക്തമായ ആയുധമായും നെരൂദ തന്റെ കവിതകളുടെ പിന്തുണ തേടി. ചിലിയന്‍ ജനതയുടെ പ്രശ്നങ്ങളും ഓരോ കാലഘട്ടത്തിന്റെ ചരിത്രവും നെരൂദയുടെ കവിതകളുടെ മുതല്കൂട്ടായിരുന്നു. കാല്പ്പനികയും ഉത്തരാധുനികതയും പ്രതിഫലിപ്പിക്കുന്നവായായിരുന്നു നെരൂദയുടെ കവിതകളിലേറെയും. മരത്തില്‍ നിന്നും പൊട്ടിവീണ ചില്ലയുടെ ശബ്ദത്തെ മഴയുടെ കരച്ചിലിനോടും തകര്‍ന്ന ഒരു ഹൃദയത്തോടും ഒരേ സമയം നെരൂദ ഉപമിച്ചു. മനുഷ്യമനസ്സിന്റെ നീഗൂഢതകളെ പ്രകൃതിയിലെ ദൃശ്യമായ ചലനങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു. അതില്‍ പ്രണയവും മരണവും വിരഹവും ഒരു പോലെ പ്രതിഫലിച്ചു. ആത്മാവിനും നിഴിലിനും ഇടയിലെ ഇരുട്ടാണ് പ്രണയിക്കാനുളള ഏറ്റവും നല്ല ഇടമെന്ന് നെരൂദ ഒരു കവിതയില്‍ പറയുന്നു. ചുറ്റുമുളള എല്ലാത്തിനോടും സൂക്ഷ്മനിരീക്ഷണം നടത്താവുന്ന തരത്തിലുളള ഒരു ആത്മബന്ധം കവിതകളിലെല്ലാം സ്പഷ്ടമാണ്.
പല കവിതകളിലും കവിയുടെ അന്തര്‍മുഖത്വവും പ്രതിഫലിച്ചിട്ടുണ്ട്. പ്രകൃതിയിലെ ഏല്ലാ ജീവജാലങ്ങളിലും പ്രണയം തേടിയുളള യാത്രയായിരുന്നു നേരൂദയുടെ കവിതകള്‍. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ചെറിയ വസ്തുക്കള്‍ മുതല്‍ അനന്തത വരെ വ്യാപിക്കുന്നതായിരുന്നു നെരൂദയുടെ കാവ്യ സങ്കല്‍പ്പം. ചിലപ്പോള്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി മരണം വരിക്കാന്‍ കെല്‍പ്പുളള ഒരു പോരാളിയുടെ വ്യക്തിത്വം മറ്റ് ചിലപ്പോള്‍ പ്രപഞ്ചത്തെ ഒന്നാകെ സ്നേഹിക്കാന്‍ തുനിയുന്ന ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയുളള ഒരാളായും നെരൂദ മാറി.
1927ല്‍ അന്നത്തെ ബര്‍മയുടെ തലസ്ഥാനമായ റാങ്കൂണിലെ ചിലിയന്‍ സ്ഥാനപതിയായി നിയമിതനായി. 1940 ല്‍ ചിലിയില്‍ തിരിച്ചെത്തിയ നെരൂദ രാഷ്ട്രീയത്തില്‍ സജീവമായി. 1945 ല്‍ ചിലിയന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷംതന്നെ ചിലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അദ്ദേഹം അംഗമായി. 1948ല്‍ ചിലി സ്വേച്ഛാധിപത്യ ഭരണത്തിലെത്തിയപ്പോള്‍ അതിനെ ശക്തമായി നെരൂദ വിമര്‍ശിച്ചു. ഇതിനെ തുടര്‍ന്ന് ചിലെയില്‍ കമ്യൂണിസം നിരോധിക്കുകയും നെരൂദയെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. വിവരമറിഞ്ഞ നെരൂദ ഒളിവില്‍പോയി. സൃഹൃത്തുക്കളുടെ സഹായത്തോടെ മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞ സമയത്താണ് തന്റെ പ്രശസ്തമായ 'കാന്റോ ജനറല്‍' എന്ന കാവ്യസമാഹാരം നെരൂദ എഴുതിയത്. 15 ഖണ്ഡങ്ങളിലായി 300 കവിതകളുടെ സമാഹാരമായിരുന്നു 'കാന്റോ ജനറല്‍'.
പിന്നീട് ചിലിയില്‍ തിരിച്ചെത്തിയ നെരൂദ രാഷ്ട്രീയത്തില്‍ സജീവമായി. ചിലിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം മുഖ്യ പ്രചാരകനായി. ജനക്കൂട്ടത്തെ അദ്ദേഹം തന്റെ പ്രസംഗവും കവിതയും കൊണ്ട് ഇളക്കിമറിച്ചു. തന്റെ ഉറ്റ സുഹൃത്ത് കൂടിയായ കമ്മ്യൂണിസ്റ്റ് നേതാവ് സാല്‍വദോര്‍ അലെന്‍ഡെയെ പ്രസിഡന്റ് ആയി വിജയിപ്പിക്കുന്നതില്‍ നെരൂദ വലിയ പങ്ക് വഹിച്ചു. നോബല്‍ സമ്മാനം ലഭിച്ച് തിരിച്ചുവന്നപ്പോള്‍ അലെന്‍ഡെ നെരൂദയെ ചിലിയിലെ ദേശീയ ഫുട്ബോള്‍ സ്റ്റേഡിയത്തിലേക്കു 70,000 ആളുകളുടെ മുന്നില്‍ കവിത ചൊല്ലുവാനായി ക്ഷണിച്ചു. ലോകചരിത്രത്തിലെ തന്നെ ഏറ്റവുമധികം ആളുകള്‍ കേട്ട കവിതാ പാരായണമായി ഇത് വിശേഷിപ്പിക്കപ്പെട്ടു. 1973ല്‍ ചിലിയിലെ മൊണേഡാ കൊട്ടാരത്തില്‍ പട്ടാളഅട്ടിമറിയുടെ ഭാഗമായി ബോംബ് സ്ഥോടനം നടക്കുകയും അലെന്‍ഡെ കൊല്ലപ്പെടുകയും ചെയ്തു. അലെന്‍ഡെയുടെ മരണം നെരൂദയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. മാതൃരാജ്യത്തിനേറ്റ ആഘാതത്തില്‍ മനംനൊന്ത് 1973ല്‍ ആ കാവ്യജീവിതം അവസാനിച്ചു. 'ബുക്ക് ഓഫ് ട്വിലൈറ്റ്', ' ട്വന്റി ലവ് പോയംസ്', 'റെസിഡന്‍സ് ഓണ്‍ എര്‍ത്ത്', ' ആര്‍ട്ട് ഓഫ് ബേര്‍ഡ്സ്', 'സ്റ്റോണ്‍സ് ഓഫ് ചിലി', 'ദി ഹൗസ് ഇന്‍ ദി സാന്‍ഡ്', വിന്റര്‍ ഗാര്ഡന്' എന്നിവ നെരൂദയുടെ പ്രശസ്തമായ കവിതകളാണ്.
എന്റെ കവിതയെന്താണെന്ന് നിങ്ങളെന്നോട് ചോദിക്കുകയാണെങ്കില്‍ എനിക്കിങ്ങനെ പറയേണ്ടിവരും... എനിക്കറിഞ്ഞുകൂടാ. പക്ഷേ, എന്റെ കവിതയോട് ചോദിക്കുകയാണെങ്കില്‍ ഞാനാരാണെന്ന് അവള് നിങ്ങള്‍ക്ക് പറഞ്ഞുതരും.
-പാബ്ളോ നെരൂദ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..