എണ്‍പത് രൂപയ്ക്ക് വിറ്റ ഉമ്മയുടെ ഫോറിന്‍ ലുങ്കിയും വിലമതിയ്ക്കാനാവാത്ത മെഹ്ദി ഹസന്റെ പാട്ടും!


കെ. ഷെരീഫ്

ചിതറിയ മനസ്സും പെറുക്കി ഒരു ചെറിയ സഞ്ചിയിലാക്കി ഇടക്കിടെ വീട് വിട്ട് പോകുകയും രണ്ടോ മൂന്നോ ദിവസം കൊണ്ട്, പിന്നാമ്പുറം വഴി ഉമ്മയിലേക്ക് തിരിച്ചു വരികയും ചെയ്തു കൊണ്ടിരുന്ന കാലമാണ്.

-

കെ.ഷെരീഫിന് പാട്ടുകളെന്നാൽ വരകളാണ്,നിറങ്ങളാണ്, ഓർമകളാണ്, അനുഭവങ്ങളാണ്. ഷെരീഫ് കേട്ട പാട്ടുകളെല്ലാം അനുഭവങ്ങൾ പറയുന്നവയാണ്. കയ്യിൽ അഞ്ചിന്റെ പൈസാ എടുക്കാനില്ലാത്ത കാലത്ത് എൺപത് രൂപയ്ക്ക് ഉമ്മയുടെ ഫോറിൻ ലുങ്കി വിറ്റ് മെഹ്ദി ഹസന്റെ പാട്ടുകേട്ടു ഷെരീഫ്. പാട്ടെന്നാൽ, ഗായകരെന്നാൽ തന്നിലോരോ വരകളാണെന്ന് പറയുന്ന ചിത്രകാരൻ പാട്ടുവരയെക്കുറിച്ച് എഴുതുന്നു.

Emblem

ർത്ഥമറിയാത്ത, രാഗമറിയാത്ത, വരികൾ ഓർമയില്ലാത്ത ഒരു ഗാനം മാത്രം പുതച്ച് ചിലവഴിച്ച വിഷാദപ്പനിയുടെ നാളുകൾ ഓർമ വരുന്നു. അമാനത്ത് അലി ഖാന്റെ ആ ഗാനത്തിന്റെ നിറം മാത്രം ഓർക്കുന്നു; കടുംകറുപ്പിൽ ചാറിയ ഘനനീല! ഒരു വരണ്ട ദേശത്തെ ഒഴിഞ്ഞ കിണറിന്റെ ആഴത്തിൽ അരണ്ട നിലാവിലിരുന്ന് പാടുന്നു അമാനത്ത്.

ചികിത്സയ്ക്കായി വന്ന മെഹ്ദി ഹസൻ കോഴിക്കോട് പാടുന്നുണ്ടെന്നറിഞ്ഞ ദിവസം ഇരിക്കപ്പൊറുതിയില്ലാതെ എന്റെ ഹൃദയം കോഴിക്കോട്ടെത്തുവാൻ ആഞ്ഞുതുടിച്ചു. വൈകിട്ടാണ് പരിപാടി, ടാഗോർ ഹാളിൽ. കാര്യമായ പണിയൊന്നുമില്ലാത്ത കാലം. കൈയ്യിൽ പൈസയില്ലാത്തത് സ്വാഭാവികം മാത്രം. ചിതറിയ മനസ്സും പെറുക്കി ഒരു ചെറിയ സഞ്ചിയിലാക്കി ഇടക്കിടെ വീട് വിട്ട് പോകുകയും രണ്ടോ മൂന്നോ ദിവസം കൊണ്ട്, പിന്നാമ്പുറം വഴി ഉമ്മയിലേക്ക് തിരിച്ചു വരികയും ചെയ്തു കൊണ്ടിരുന്ന കാലമാണ്, പതിവ് പോലെ ഉമ്മയെ ആശ്രയിക്കുകയേ മാർഗമുള്ളൂ.

Mehdi
വസ്ത്രങ്ങളും മറ്റും സൂക്ഷിക്കാനായി പിരമിഡ് ആകൃതിയിൽ അടപ്പുള്ള, ചെറിയ കറുത്ത ഒരു മരപ്പെട്ടിയും പ്രാർത്ഥനാ വസ്ത്രങ്ങൾക്കായി ചൂരൽ കൊണ്ട് മെടഞ്ഞ ഉരുണ്ട ഒരു നിസ്ക്കാരക്കൊട്ടയും ഉണ്ടായിരുന്നു ഉമ്മയ്ക്ക്. വിശേഷ വസ്ത്രങ്ങൾക്കും പ്രാർത്ഥനാ വസ്ത്രങ്ങൾക്കും സുഗന്ധത്തിനായി പെട്ടിയിലും കൊട്ടയിലും ഇലഞ്ഞിപ്പൂക്കൾ വിതറിയിട്ടുണ്ടാവും. അടുക്കി വെച്ച തട്ടങ്ങൾക്കും ഉടുപ്പുകൾക്കും മുണ്ടുകൾക്കും അടിയിൽ നൂറിന്റെയോ അമ്പതിന്റെയോ ഇരുപതിന്റെയോ ചെറുതായി മടക്കിയ ചില നോട്ടുകൾ എന്നും കാണും. നിർഭാഗ്യത്തിന് അന്ന് തുറക്കുമ്പോൾ മായികമായ ഇലഞ്ഞി ഗന്ധമുള്ള ആ രണ്ട് പാത്രങ്ങളും 'കാലിയായിയിരുന്നു'. നീലയും മഞ്ഞയും ചുവപ്പും പൂക്കളുള്ള ഒരു ' ഫോറിൻ 'ലുങ്കി എടുത്ത് കൈയ്യിൽ തന്ന് അത് വിറ്റ് പൈസയാക്കിക്കോളാൻ പറഞ്ഞു ഉമ്മ. (മറ്റുള്ളവർക്ക് വിചിത്രമെന്നും ഭ്രാന്തമെന്നും പാഴ്വേലയെന്നും തോന്നിയിരുന്ന എന്റെ താൽപര്യങ്ങളെ, പക്ഷെ ഉമ്മ ഒരിക്കലും തള്ളിപ്പറഞ്ഞിരുന്നില്ല.) സമയം പോകുന്നു. സായാഹ്നമാകുന്നു. കടലാസിൽ ചുരുട്ടിയ ആ ചെറിയ തുണിപ്പൊതിയുമായി ഞാൻ കുറ്റ്യാടി അങ്ങാടിയിലേക്ക് ഓടി. ബസ് സ്റ്റാന്റിലെ കോണിക്കൂടുകളിലെ നിഴലിൽ ഒളിഞ്ഞു നിന്ന് ചില്ലറ ഫോറിൻ സാധനങ്ങളുടെ ഇടപാടുകൾ നടത്തിക്കൊണ്ടിരുന്ന 'നിൽപ് കച്ചവടക്കാരെ' ആരെയും അപ്പോൾ അവിടെ കണ്ടില്ല .സമയം പായുന്നു. ഹൃദയം പിടിവിട്ട് പറക്കുന്നു; മെഹ്ദിയുടെ ആകാശം തേടി!

പുറപ്പെട്ടു പോകുന്ന കോഴിക്കോടൻ ബസുകളെ നോക്കി നെടുവീർപ്പിട്ടു നിൽക്കുന്ന എനിക്കു മുമ്പിൽ അവസാനം ഒരാൾ വന്നു. വിലപേശാതെ 80 ഉറുപ്പികയ്ക്ക് ഞാനത് അയാൾക്ക് വിറ്റു. പൈസയും വാങ്ങി ഓടി ഒരു ബസ്സിൽ കയറി.

നിറഞ്ഞു കവിഞ്ഞ ടാഗോർ ഹാളിൽ എനിക്കും ഒരു ഇരിപ്പിടം കിട്ടി. (അതോ നിന്നതോ? ഓർമയില്ല.) വൈകിയിട്ടില്ല. അദ്ദേഹം എത്തുന്നേയുള്ളൂ. കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ നിലാവ് പരന്ന നെറ്റിത്തടമുള്ള ആ മനുഷ്യൻ വേദിയിലെത്തി! ക്ഷീണിതനായതിനാൽ ചുരുക്കം ചില പാട്ടുകൾ പാടി പിരിയാമെന്ന് പറഞ്ഞ് തുടങ്ങിയ അദ്ദേഹത്തെ എല്ലാ 'മാസ്റ്റർ പീസുകളും' പാടിച്ചിട്ടേ കോഴിക്കോട്ടുകാർ യാത്രയാക്കിയുള്ളൂ! പാട്ടു തീരുമ്പോൾ ഹാർമോണിയത്തിന്റെ നാദവീചികളാൽ മുറിഞ്ഞ് ചോരയൊലിപ്പിച്ച് ഉടലാകെ പൂത്ത പനിനീർ തോട്ടവുമായി,അന്ന് രാത്രി മുഴുവൻ രഫ്ത... രഫ്താ ... എന്ന് തുടിച്ച് നഗര രാത്രിയിൽ ഉറക്കം കിട്ടാതെ ഞാനലഞ്ഞു. പുലർച്ചെ ഒരു ബസിന് നാട്ടിലേക്ക് തിരിച്ചു പോന്നു. മെഹ്ദി ഹസന്റെ ഇന്ത്യയിലെ അവസാനത്തെ സംഗീതപരിപാടിക്കായി ഇലഞ്ഞിമണമേറ്റ് കിടന്നതാണാ ഫോറിന്‍ ലുങ്കിയെന്ന് കാലം പിന്നെ പറഞ്ഞുതന്നു.

ഓർമയുടെ അങ്ങേയറ്റത്ത് എനിക്ക് കേൾക്കാവുന്ന പാട്ട് 'മാടപ്രാവേ വാ...' എന്ന സിനിമാ പാട്ടാണ്. പുഴയരികിൽ നനഞ്ഞ മണൽ കുഴച്ച് വീടുണ്ടാക്കി കളിക്കുന്ന സ്വന്തം ബാല്യത്തിന്റെ ദൃശ്യമാണ് എനിക്കാ ഗാനത്തിന്റെ 'സീൻ'. ദിവസേന മൂന്ന് കളികളുള്ള കുറ്റ്യാടി ഉപമ ടാക്കീസിന്റ മുറ്റത്തെ പീറ്റത്തെങ്ങിൽ കെട്ടിയ നീണ്ട കോളാമ്പി മൈക്കിൽ നിന്നും നാടിന്റെ ആകാശമാകെ യേശുദാസ് പടരുകയായിരുന്നു. പാട്ട് 'ആഷാഢ മേഘമായി നിഴലുകളെറിഞ്ഞു, വിഷാദ ചന്ദ്രികയായി മങ്ങിപ്പടർന്നു'..., അശാന്തസാഗരമായി അലയടിച്ചു. ഒറ്റക്കമ്പിയിൽ ഇലത്തുള്ളികളായി ഇറ്റുവീണു. നീല ജലാശയത്തിൽ നീരാടി, ഇലഞ്ഞിപ്പൂമണമായി എങ്ങും പരന്നു.

Mehdi 2
ബാബുരാജിന്റെ പാട്ടുകൾ അദ്ദേഹത്തിന്റെ പാതിരാനീല ശബ്ദത്തിൽ കേൾക്കുന്നത് വേറൊരു അപൂർവ്വ അനുഭൂതിയായി. ബാബുരാജിന്റെ ഹാർമോണിയം നിറയെ പടവുകളുള്ള ഒരു ഒരു രാത്തെരുവായി വളരുന്നു.

ജാനകിയമ്മയുടെ പാട്ടുകൾ എന്നെ കൈ പിടിച്ച് കൂട്ടുക, പ്രൈമറി സ്കൂളിലേക്കുള്ള വഴിയിലെ ഒരു പരന്ന പറമ്പിലേക്കാണ്. നിറയെ തുമ്പകളും മണ്ട്ലിപ്പുല്ലുകളും കാട്ടപ്പകളും പേരേലകളും കമ്മ്യൂണിസ്റ്റപ്പകളും നിറഞ്ഞ പറമ്പ്. അവിടവിടെയായി കുയിൽക്കറുപ്പുള്ള ചെറിയ ഉരുളൻ പാറകൾ, പാറകളെ ചുറ്റിപ്പടരുന്ന പച്ച. പൂവിട്ട ചെമ്പകം തഴുകി മഴ മാറിയ കർക്കടകക്കാറ്റിലിളകുന്ന തെങ്ങുകൾക്കിടയിലൂടെ 'കുയിൽ നീല 'യിൽ പറക്കുന്നു മെലിഞ്ഞു കൂർത്ത ജാനകീനാദം.

ചിത്ര ഒരു മഞ്ഞ ശലഭമായി തുമ്പയിൽ വിടരുന്നു. ചുറ്റും തളിർവെയിൽ പരക്കുന്നു. കൂവയിലകളെ തഴുകി അടിക്കാട്ടിലൂടെ വീശുന്ന വിഷാദ മന്ദസ്മിതമായി വേണുഗോപാൽ...., വാക്കുകളെ, ഉള്ളിൽ ജീവനുള്ള കിളിമുട്ടകളെയെന്നോണം ചിറകുകളാൽ ഉഴിയുന്ന ഷഹബാസ്!

ഇരുട്ടിൽ മനുഷ്യരക്തം കുഴച്ച്, വെറുപ്പ്' പണിത അതിർത്തി മതിലുകൾക്ക് മറുപടി ഗാനത്തിന്റെ വിസ്തൃത നീലാകാശം. പാടുക ഗുലാം അലി, പാടുക പങ്കജ് ഉദാസ്, പാടുക...പാടുക...

Content Highlights: Paattuvara, Memoir by K Shareef on Songs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented