ഫയൽ ഫോട്ടോ
ഗാനരചയിതാവ്, സിനിമാ സംവിധായകന്‍ തുടങ്ങിയ നിലകളിലാണ് പി.ഭാസ്‌കരന്‍ മാഷിനെ ആളുകള്‍ മനസ്സിലാക്കിയിരിക്കുന്നത്. പക്ഷേ അദ്ദേഹം അതിനപ്പുറത്തുള്ള ഒരു വ്യക്തിത്വമായിരുന്നു. ആധുനികകേരളത്തിന്റെ എല്ലാ സ്പന്ദനങ്ങളിലും ആ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ആധുനികകേരളത്തിന്റെ സൃഷ്ടിയില്‍ പങ്കാളിയായിട്ടുള്ള മഹാനാണ്. സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളില്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍, കേരള പുരോഗമനസാഹിത്യത്തിന്റെ ആദ്യകാലങ്ങളില്‍ ഒക്കെ അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. മലയാള സിനിമയുടെ രൂപഭാവങ്ങള്‍ മാറ്റി മറിച്ച 'നീലക്കുയില്‍' പോലുള്ള സിനിമയുണ്ടാവുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച ആളാണ്.
മലയാള ചലച്ചിത്രഗാനത്തിന് പൂര്‍വ്വമാതൃകകളൊന്നുമില്ലാത്ത കാലത്ത് ചലച്ചിത്രഗാനം അല്ലെങ്കില്‍ ലളിതഗാനം എന്ന മാധ്യമം തന്നെ സൃഷ്ടിച്ചത് അദ്ദേഹമാണ്. ടെലിവിഷന്‍, റേഡിയോ രംഗത്ത് ലളിതഗാനമേഖലയില്‍ വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. ആ നിലയ്ക്ക് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന പ്രതിഭയാണ് ഭാസ്‌കരന്‍ മാഷ്. നമ്മള്‍ മലയാളികള്‍ അത്രയും പ്രാധാന്യം അദ്ദേഹത്തിന് കൊടുത്തിട്ടുണ്ടോ എന്നാണ് എന്റെ ചോദ്യം. വ്യക്തിത്വമുള്ള, മലയാളത്തിന്റേതായിട്ടുള്ള ഒരു ഗാനകല രൂപീകരിച്ചത് മാഷാണ്. നമ്മുടെ നാടിന്റെ ലാളിത്യവും, സൗന്ദര്യവും ഓരോ ഉത്സവങ്ങളും നാട്ടുപേരുകളും പൂക്കളുടെ പേരുകളും എല്ലാം അദ്ദേഹത്തിന്റെ പാട്ടുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
കേരളകാല്പനികതയുടെ ആദ്യപ്രയോക്താക്കളില്‍ പ്രമുഖനാണ് ഭാസ്‌കരന്‍ മാഷ്. ഞാനുള്‍പ്പെടുന്ന ഗാനരചയിതാക്കള്‍ക്ക് പൂര്‍വ്വമാതൃകകള്‍ പണിയിച്ചുതന്നവരാണ് ഭാസ്‌കരന്‍ മാഷിന്റെ തലമുറ. ഇപ്പോള്‍ മലയാളചലച്ചിത്രഗാനശാഖ സമ്പന്നമാണ്. ധാരാളം മാതൃകകള്‍ മുമ്പിലുണ്ട്. ഈ മാതൃകകളുടെ സ്രഷ്ടാക്കളാണ് ഭാസ്‌കരന്‍ മാഷിന്റെ കാലത്തെ ഗാനരചയിതാക്കള്‍. അവരുടെ കാലത്ത് ഇന്ത്യയിലെത്തന്നെ മറ്റ് ഭാഷാഗാനങ്ങളില്‍ നിന്നും ഏറെ മുന്നോട്ടുചലിച്ചവരാണവര്‍.
'ഭാര്‍ഗവീനിലയ'ത്തിലെ ''ഏകാന്തതയുടെ അപാരതീരം'' എന്നുതുടങ്ങുന്ന ഗാനം മാത്രം എടുത്താല്‍ മതി ആ ക്രാഫ്റ്റ് മനസ്സിലാക്കാന്‍. ബഷീര്‍ സാഹിത്യത്തിന്റെ ആത്മാവ് അതിലുണ്ട്. ഇന്നും നമ്മള്‍ ആ ഗാനങ്ങള്‍ സാകൂതം വീക്ഷിക്കുന്നുവെങ്കില്‍, പരിമിതികളുളള ആ കാലത്തെ സിനിമകളിലെ പാട്ടുകള്‍ കാവ്യപരമായി എത്രമാത്രം ഔന്നത്യത്തിലാണെന്ന് നമ്മള്‍ തിരിച്ചറിയണം.
മലയാള കാല്പനികകവികളില്‍ ചങ്ങമ്പുഴ കഴിഞ്ഞാല്‍ പിന്നെ ഭാസ്‌കരന്‍ മാഷിനാണ് സ്ഥാനം. കാല്പനികതയോടൊപ്പം തന്നെ സാമൂഹ്യപ്രതിബദ്ധതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. തികച്ചും സ്വതന്ത്രവും സ്പഷ്ടവുമായ നിലപാടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആ നിലപാടുകള്‍ തന്റെ രചനകളില്‍ അദ്ദേഹം പ്രതിഫലിപ്പിച്ചിട്ടുമുണ്ട്. മര്‍ദ്ദിതരുടെയും ചൂഷിതരുടെയും അവശരുടെയും കൂടെ നിന്നിട്ടുള്ള സാഹിത്യമായിരുന്നു അദ്ദേഹത്തിന്റേത്. വിപ്ലവത്തിനപ്പുറത്തേക്ക് വളരെ വിശാലമായ സാമൂഹ്യപ്രതിബദ്ധത അദ്ദേഹം കാണിച്ചിരുന്നു.
''ഏകാന്തതയുടെ അപാരതീരം'' എന്നു തുടങ്ങുന്ന ഗാനമാണ് ഭാസ്‌കരന്‍ മാഷ് എന്നുപറയുമ്പോള്‍ എന്റെയുള്ളിലേക്ക് വരിക, 'പ്രാണസഖീ', 'താമസമെന്തേ വരുവാന്‍' തുടങ്ങി ധാരാളം പാട്ടുകള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ടെങ്കിലും തത്വചിന്താപരമായ ഒരു സ്പര്‍ശം അനുഭവപ്പെടുന്ന ഗാനമാണ് ഭാര്‍ഗവീനിലയത്തിലെ ആ ഗാനം. ഏതു വിഭാഗക്കാരെയും തന്റെ വരികളിലൂടെ ആകര്‍ഷിക്കാനുളള കഴിവ് അദ്ദേഹത്തിനുണ്ട്. ഒരു പുരുഷ കവി ഇത്രമേല്‍ സ്ത്രീകളുടെ മനസ്സ് ഒപ്പിയെടുക്കുന്നതും അത് വരികളാക്കുന്നതും വേറെയെവിടെയും കാണാന്‍ സാധിക്കില്ല.
'കാവ്യപുസ്തകമല്ലോ ജീവിതം'...'മരണദേവനൊരു വരം കൊടുത്താല്‍ മരിച്ചവര്‍ ഒരു ദിനം തിരിച്ചുവന്നാല്‍'... തുടങ്ങിയ ധൈഷണികമായ പാട്ടുകള്‍, അതേസമയം തന്നെ ഭക്തിയുടെ ആര്‍ദ്രത തുളുമ്പുന്ന പാട്ടുകള്‍, യുക്തിവാദവും നിരീശ്വരത്വവും പ്രകടമാക്കുന്ന പാട്ടുകള്‍...അങ്ങനെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും അദ്ദേഹത്തിന്റെ അക്ഷരങ്ങള്‍ സ്പര്‍ശിച്ചിട്ടുണ്ട്.
മലയാളഭാഷയിലെ ഏറ്റവും മികച്ചവാക്കുകള്‍ ഏറ്റവും ശ്രേഷ്ഠമായരീതിയില്‍ അടുക്കിവെച്ചതാണ് മാഷിന്റെ കവിത്വം. ഏറ്റവും സാധാരണക്കാരനായ മനുഷ്യന്റെ ഹൃദയത്തിലേക്ക് കടന്നുചെല്ലാന്‍ശേഷിയുളള ഭാഷയാണത്. അത് വിരലിലെണ്ണാവുന്നവര്‍ക്കുമാത്രമേ മലയാളകവിതയില്‍ സാധിച്ചിട്ടുള്ളൂ. അതുപോലെത്തന്നെ മാപ്പിളപ്പാട്ടിനെ വീണ്ടെടുത്തത് ഭാസ്‌കരന്‍ മാഷാണ്. മാപ്പിളപ്പാട്ടിന്റെ പാരമ്പര്യത്തില്‍ ഭാസ്‌കരന്‍ മാഷും കെ. രാഘവന്‍ മാസ്റ്ററും ഇടപെട്ടിട്ടില്ലായിരുന്നെങ്കില്‍ അത് ഒരു ചെറിയസമുദായത്തില്‍ മാത്രം ഒതുങ്ങിപ്പോവുമായിരുന്നു. മാപ്പിളപ്പാട്ടിനെ ഒരു ജനപ്രിയഗാനശാഖയാക്കി മാറ്റിയത് ഇവരാണ്. മുഴുവന്‍ മലയാളികളുടെയും സാംസ്‌കാരിക സമ്പത്തിലേക്ക് മാപ്പിളപ്പാട്ടിനെ മുതല്‍കൂട്ടിയത് ഇവരാണ്. മാപ്പിളപ്പാട്ട് അത്രയും റൊമാന്റിക്കാണ്, ജനകീയമാണ് അപ്പോള്‍ അര്‍ഹിക്കുന്ന പരിഗണന കൊടുക്കണം എന്ന തിരിച്ചറിവ് തന്നെ ഭാസ്‌കരന്‍ മാഷിന്റെ മഹത്വത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. സാധാരണക്കാരനും ധിഷ്ണാശാലിയ്ക്കും ഒരേ രീതിയില്‍ ദഹിക്കുന്ന കവിതകള്‍, ചിന്തോദ്ദീപകങ്ങളായ വരികള്‍...പി.ഭാസ്‌കരന്‍ മാസ്റ്റര്‍ എന്ന മലയാള നക്ഷത്രം ജ്വലിച്ചുതന്നെയിരിക്കും.
Content Highlights: P Bhaskaran memories by Rafeeq Ahammed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..