ഒ.വി. വിജയൻ | ഫോട്ടോ: മാതൃഭൂമി
'സാമൂതിരിയുടെ സമ്മാനം' എന്ന തലക്കെട്ടില്‍ മാതൃഭൂമി ദിനപത്രത്തില്‍ ഒ.വി. വിജയന്‍ എഴുതിയ ഒരു കോഴിക്കോടോര്‍മ വായിക്കാം...
കോഴിക്കോടുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത് എന്റെ ആറാമത്തെയോ ഏഴാമത്തെയോ വയസ്സിലാണ്. അന്ന് ഞങ്ങള്‍ താമസം പാണ്ടിക്കാട് എന്ന മലമ്പ്രദേശത്തെ എം.എസ്.പി. ക്യാമ്പിലായിരുന്നു. അച്ഛന് എതോ ഔദ്യോഗികകാര്യം പ്രമാണിച്ച് കോഴിക്കോട്ടേക്ക് പോകേണ്ടതുണ്ടായിരുന്നു. എന്നെക്കൂടി കൊണ്ടുപോകാമെന്ന് അച്ഛന്‍ പറഞ്ഞു. കടലുകാണാന്‍.
ഞങ്ങളുടെ വീട്ടില്‍ വിരുന്ന് താമസിക്കുകയായിരുന്ന മുത്തച്ഛന്‍ പറഞ്ഞു: ''കോഴിക്കോട് പാണ്ടിക്കാട് പോലെയല്ല എന്നു നീ മനസ്സിലാക്കണം. കോഴിക്കോട് ഒരു നഗരമാണ്.
''നഗരമെന്നാല്‍ എന്താണ് മുത്തച്ഛാ? ഞാന്‍ ചോദിച്ചു.
''നഗരമെന്നു വെച്ചാല്‍.....' എന്തോ ഓര്‍ത്തുകൊണ്ട് മുത്തച്ഛന്‍ പറഞ്ഞു, ''നിരത്തില്‍ എപ്പോഴും കാറുകളുണ്ടാവും. പിന്നെ, പഴക്കടകളില്‍ ആപ്പിള്‍ എന്ന പഴം കിട്ടാനുണ്ടാവും.''
ഞാന്‍ ഇതത്രയും ഉള്‍ക്കൊണ്ടു -കടലും ഗതാഗതവും ആപ്പിള്‍പ്പഴവും.
അങ്ങനെ ഒരു ദിവസം അതികാലത്ത് ഞങ്ങള്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. അച്ഛന്റെ ഒരു സുഹൃത്തിന്റെ താവളത്തില്‍ ചെന്നുചേര്‍ന്നു. മുത്തച്ഛന്‍ പറഞ്ഞത് ശരിതന്നെ, നിരത്തില്‍ ഒരുപാടു കാറുകള്‍. എന്നെ അത് അത്ഭുതപ്പെടുത്തിയെങ്കിലും ഗതാഗതം എന്ന വ്യവഹാരം എനിക്ക് ഇഷ്ടപ്പെട്ടില്ല. ഉച്ചതിരിഞ്ഞ്, ഒരു ചെറുകാറ്റ് മിതപ്പെടുത്തിയ ഇളവെയിലില്‍ കടലോരത്ത് പത്തേമാരി അണയ്ക്കാന്‍ കെട്ടിയിരുന്ന പിയറില്‍ എത്തി. കടലെവിടെ.
''കടല്‍ കണ്ടോ ഉണ്ണി...'' അച്ഛന്‍ പറഞ്ഞു.
കടലെവിടെ? അവിദ്യയുടെ നിമിഷം, ഞാനമ്പരന്നു. കുളിമുറിയിലും കുളത്തിലും വെള്ളം കണ്ട ഞാന്‍ എന്റെ മുന്‍പില്‍ ഉയര്‍ന്നുനിന്ന നീലമല വെള്ളമാണെന്ന് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. ഇന്ന് എനിക്ക് ആ മല കാണാന്‍ ഞാന്‍ സാധിക്കുന്നില്ല. എന്റെ വൃദ്ധസന്ധികളില്‍ തനിച്ചിരുന്ന് അച്ഛനെ ഓര്‍ക്കുമ്പോള്‍, അപ്പോള്‍ മാത്രം ആര്‍ദ്രതയുടെ ഒരു മഹാപര്‍വതത്തെ ഓര്‍ത്ത് കണ്ണ് ഇത്തിരി നനയുന്നു.

കഥ ഇവിടെ തുടങ്ങേണ്ടതില്ലായിരുന്നു എന്ന് തോന്നുകയാണ്. ധീരോദാത്തമായ ഈ തുടക്കത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത ചെറുകാര്യങ്ങളാണ് പിന്നീട്. എങ്കിലും കുറെ നല്ല സുഹൃത്തുക്കളെ കോഴിക്കോട് എനിക്ക് സമ്മാനിച്ചു.
അമ്പരപ്പിനു മുന്‍വിധിക്കപ്പെട്ട പ്രശ്‌നങ്ങളുടെ കാര്യക്കാരനായ ചെലവൂര്‍ വേണു, എന്റെ ഗുരുസ്ഥാനത്ത് കഴിഞ്ഞ കെ.എ. കൊടുങ്ങല്ലൂര്‍, സഹചിത്രകാരനായ എം.വി. ദേവന്‍, പ്രോത്സാഹകനായ എന്‍.വി. കൃഷ്ണവാര്യര്‍, ഉറൂബ്, സൗമ്യസൗഹൃദങ്ങളിലൂടെയും സാഹിത്യ ചര്‍ച്ചയിലൂടെയും ചികിത്സ നടത്തിയ കൃഷ്ണന്‍കുട്ടിവൈദ്യര്‍, ഇടിയങ്ങര കലാസമിതിയിലെ പ്രവര്‍ത്തകരായ മുസ്ലിം ചെറുപ്പക്കാര്‍... അങ്ങനെ നീളുന്ന ഒരു മഹാസുഹൃദ്‌സമ്പത്ത്.
ഞാന്‍ കോഴിക്കോട് താമസമാക്കാന്‍ കാരണം മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒരു ഇംഗ്ലീഷ് മാഷിന്റെ പാവപ്പെട്ട ജോലി കിട്ടി എന്നതായിരുന്നു. ശബ്ദം ഉയര്‍ത്താന്‍ കഴിയാത്ത എന്നെ കുട്ടികള്‍ സ്ഥിരമായി കൂവിവിളിച്ചു. കുറെ കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, കുട്ടികള്‍ പരാജയപ്പെടുമെന്നും കൂവിവിളിക്കാന്‍ ഞാന്‍ സ്ഥലത്തുണ്ടാവില്ലെന്നും. വേനലിന് കോളേജ് പൂട്ടിയപ്പോള്‍ എന്നെ പിരിച്ചുവിട്ടു.
ഇത്തിരി മാജിക്കല്‍ റിയലിസം ആവട്ടെ. ദറിദ ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷേ, ഡികണ്‍സ്ട്രക്ഷന്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഞാന്‍ വായിച്ചിട്ടില്ല. കോഴിക്കോട്ടെ എന്റെ അവസാനത്തെ രാത്രിയില്‍ എന്റെ ജനാലയ്ക്കപ്പുറത്ത് എന്നെക്കാള്‍ ക്ഷീണിതനായ ഒരു മനുഷ്യരൂപം നില്‍ക്കുന്നത് ഞാന്‍ കണ്ടു.
''മാഷിന് എന്നെ മനസ്സിലായോ?'' സന്ദര്‍ശകന്‍ ചോദിച്ചു. ''പാരവശ്യം കാണുമ്പോള്‍ സാമൂതിരി ആണെന്ന് തോന്നുന്നു ഞാന്‍ മറുപടി പറഞ്ഞു.
'ബുദ്ധിമാന്‍.'
പിന്നെ ഇത്തിരി നേരത്തെ മൗനം.
''മാഷേ, മൂന്ന് കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് തരാം. അതില്‍ ഇതാ ആദ്യത്തെ രണ്ടെണ്ണം'-
ജനാലക്കമ്പിയിലൂടെ അകത്തേക്ക് കൈനീട്ടി ഒരു ലീക്കടിച്ച ഫൗണ്ടന്‍ പേനയും ഒരുണ്ടനൂലും അദ്ദേഹം എനിക്ക് തന്നു. എന്തുകൊണ്ടോ എനിക്ക് ഈ രാജാവിനോട് ഐക്യദാര്‍ഢ്യം തോന്നി.
.jpg?$p=430c1f1&&q=0.8)
''സഖാവേ, ഞാന്‍ ചോദിച്ചു. ''എന്താണിത്?'
''കെട്ടാന്‍ കയറും വെട്ടാന്‍ വാളും. ഒരു ശ്രാദ്ധം പോലെ സിംബോളിക്.'
''എന്നുവെച്ചാല്‍?'
''തോന്നുന്നതെഴുതുക, നൂലാമാലയില്‍ കുടുങ്ങുക, വ്യര്‍ഥമായി വെട്ടിത്തിരുത്തുക-'
' അയ്യോ, തിരുമേനി, താങ്കള്‍ ശപിക്കുകയാണോ?'
''നീ ഒരു പത്രപ്രവര്‍ത്തകനാകട്ടെ.'
മൂന്നു സമ്മാനങ്ങള്‍ എന്ന് കുന്നലക്കോനാതിരി പറഞ്ഞത് പെട്ടെന്ന് ഓര്‍ത്തു. ''സാമൂതിരിപ്പാടേ'', ഞാന്‍ പറഞ്ഞു. ''മൂന്നു സമ്മാനങ്ങളല്ലേ താങ്കള്‍ എനിക്ക് തരാമെന്ന് പറഞ്ഞത്?'
''എന്താണ് മൂന്നാമത്തേത്?'
'കോഴി.'
'കോഴിയോ?'
''കോഴി കൂവിയാല്‍ കേള്‍ക്കുന്ന വട്ടമാകട്ടെ നിന്റെ വായനക്കാര്‍.'
പിറ്റേന്ന് രാത്രി കോഴിയെയും കൊണ്ടുവരുമെന്ന് കരുതി ഞാന്‍ കാത്തിരുന്നു. എന്തുകൊണ്ടോ അദ്ദേഹം വന്നില്ല. പത്രലോകത്ത് ഇന്നും പതിവുപോലെ അസംബന്ധങ്ങള്‍, അവയുടെ പ്രസാരം സാറ്റലൈറ്റുകള്‍ വഴി. എനിക്ക് അരോചകം. കോഴിയുടെ പ്രതീകാര്‍ഥം എനിക്ക് മനസ്സിലാവാന്‍ തുടങ്ങി - ചെറുവട്ടം മാത്രം കേള്‍ക്കുന്ന സമാന്തര മാധ്യമം.
ഞാനിന്ന് കോഴിക്കോട്ടല്ല താമസം. അതുകൊണ്ട്, നഷ്ടപ്രസ്ഥാനങ്ങളുടെ കാവല്‍ക്കാരായ വേണുവിനെപ്പോലുള്ള സുഹൃത്തുക്കളോട് എനിക്ക് ഒരപേക്ഷയുണ്ട്. ബാങ്ക് റോഡിലോ മാനാഞ്ചിറയുടെ വക്കത്തോ നിന്ദിതനും പീഡിതനുമായ ഒരു രാജാവിനെ കണ്ടുമുട്ടിയാല്‍ അദ്ദേഹത്തെ എന്റെ കടപ്പാടുകളറിയിക്കാന്‍.
Content Highlights: O. V. Vijayan, Death anniversary, Kozhikode memories, Samoothiri kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..