അഫോൻസോ ക്രൂഷ്
അഫോന്‍സോ ക്രൂഷിന്റെ പുസ്തകമായ 'കൊക്കോഷ്‌കയുടെ പാവ'യെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തിലെ 'വാക്കോള'ത്തില്‍' ജയകൃഷ്ണന്‍ എഴുതിയ ലേഖനം വായിക്കാം...
1919-ലെ ഒരു പ്രഭാതത്തില്‍ പ്രശസ്ത ഓസ്ട്രിയന്‍ ചിത്രകാരന്‍ ഓസ്‌കാര്‍ കൊക്കോഷ്‌കയുടെ (Oskar Kokoschka) വീടിനുമുന്നില്‍ ഒരാള്‍ക്കൂട്ടം രൂപംകൊണ്ടു. അവിടെയുള്ള പൂന്തോട്ടത്തില്‍ തലയറ്റ, ചോരപുരണ്ട ഒരു സ്ത്രീശരീരം കാണപ്പെട്ടതായിരുന്നു കാരണം. പോലീസെത്തി കൊക്കോഷ്‌കയെ അറസ്റ്റുചെയ്തു. എന്നാല്‍, അവിടെക്കിടന്നിരുന്നത് മനുഷ്യശരീരമായിരുന്നില്ല, മറിച്ച് ആള്‍വലുപ്പമുള്ള ഒരു പാവയായിരുന്നു.
തലേരാത്രി മദ്യലഹരിയില്‍ കൊക്കോഷ്‌ക ഒരു വീഞ്ഞുകുപ്പികൊണ്ട് അതിന്റെ തലതകര്‍ക്കുകയും തുടര്‍ന്ന് ജനലിലൂടെ വലിച്ചെറിയുകയും ചെയ്യുകയായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. പക്ഷേ, അതായിരുന്നു ലോകംകണ്ട ഏറ്റവും വിചിത്രമായ പ്രണയകഥയുടെ അവസാനം.
സത്യത്തില്‍ കൊക്കോഷ്‌ക പ്രണയിച്ചത് അല്‍മ മാഹ് ലെര്‍ എന്ന സ്ത്രീയെയായിരുന്നു. കൊക്കോഷ്‌കയുടെ ഭ്രാന്ത് സഹിക്കാനാവാതെ അല്‍മ വേര്‍പിരിഞ്ഞപ്പോള്‍ അദ്ദേഹം ഒരു പാവനിര്‍മാതാവിനെക്കൊണ്ട് അവളുടെ അതേ രൂപത്തിലും വലുപ്പത്തിലുള്ള ഒരു പാവ ഉണ്ടാക്കിച്ചു. പാവയുമായുള്ള കൊക്കോഷ്‌കയുടെ ബന്ധം അത്ര വിശുദ്ധമൊന്നുമായിരുന്നില്ലെന്ന് കരുതുന്നവരേറെ. ഏതായാലും ആ പാവയെ മാതൃകയാക്കി അദ്ദേഹം അനേകം ചിത്രങ്ങള്‍ രചിച്ചു. ഒടുവില്‍ ജീവനില്ലാത്ത പാവയോട് കൊക്കോഷ്‌കയ്ക്ക് മടുപ്പായി. അദ്ദേഹമതിനെ വലിച്ചെറിഞ്ഞു.
പോര്‍ച്ചുഗീസ് സാഹിത്യത്തിലെ അതികായരായ ഷുസെ സരമാഗു (Jose Saramago), അന്തോന്യൂ ലോബു അന്‍ത്യൂണ്‍സ് (Antonio Lobo Antunes) എന്നിവര്‍ക്കുശേഷമുള്ള തലമുറയിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരിലൊരാളായ അഫോന്‍സോ ക്രൂഷിന്റെ (Afonso Cruz) കൊക്കോഷ്‌കയുടെ പാവ (Kokoshka' Doll) എന്ന നോവലിലെ ഒരേയൊരു യഥാര്‍ഥസംഭവമാണ് മുകളില്‍ എഴുതിയത്. ക്രമാനുഗതമായ ഒരു കഥ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലും വായിക്കാന്‍ കഴിയുന്നതല്ല ഈ നോവല്‍.
എന്നാല്‍, കഥയ്ക്കുള്ളില്‍ കഥകള്‍ തീര്‍ക്കുന്ന ക്രൂഷിന്റെ പാടവം അദ്ഭുതപ്പെടുത്തുന്നതാണ്. ആ കഥകളാകട്ടെ വിധിയുടെ കാണാനാവാത്ത കൈകള്‍ കൂട്ടിച്ചേര്‍ക്കുകയും വേര്‍പെടുത്തുകയും ചെയ്യുന്ന മനുഷ്യരെപ്പറ്റിയുള്ളതുമാണ്. പോര്‍ച്ചുഗീസ് എഴുത്തുകാരിയായ ഫ്ലോര്‍ബെല ഇഷ്പാന്‍ക ആ വിധിയെപ്പറ്റി ഇങ്ങനെ എഴുതി:
'എത്രയോ കവിതകള്‍ എന്റെ സ്വപ്നങ്ങളെപ്പറ്റി പറഞ്ഞുകഴിഞ്ഞു / എത്രയോ പേര്‍ ഞാന്‍ സഹിച്ചതൊക്കെ സഹിച്ചുകഴിഞ്ഞു / ചിറകൊച്ചകള്‍ മാത്രം എല്ലാവരും കേള്‍ക്കുന്നു.'
രണ്ടാം ലോകയുദ്ധകാലത്ത് സഖ്യകക്ഷികളുടെ കനത്ത ബോംബാക്രമണത്തിനിരയായ ജര്‍മനിയിലെ ഡ്രെസ്ഡെന്‍ പട്ടണത്തില്‍ കഴിയുന്ന ഇസാക് ഡ്രെസ്നര്‍ എന്ന ജൂതപ്പയ്യനില്‍നിന്നാണ് നോവല്‍ തുടങ്ങുന്നത്. തന്റെ ചങ്ങാതിയെ ഒരു നാസിപ്പട്ടാളക്കാരന്‍ വെടിവെച്ചുകൊല്ലുന്നതുകണ്ട് ഭയപ്പെട്ട അവന്‍, കുറച്ചകലെയുള്ള ഒരു കടയുടെ നിലവറയില്‍ ചെന്നൊളിക്കുന്നു. ബോനിഫസ് വോഗെല്‍ എന്നയാളുടെ ആ കടയില്‍ വില്‍പ്പനയ്ക്കുവെച്ചിരിക്കുന്നത് പക്ഷികളെയാണ്. വോഗെല്‍ തന്റെ കടയുടെ അടിയില്‍നിന്ന് പുറപ്പെടുന്ന അശരീരികളെ ആദ്യം ഭയപ്പെട്ടെങ്കിലും പിന്നീട് അവയെ അനുസരിക്കാന്‍ തുടങ്ങി.
അയാള്‍ നല്‍കിയ ഭക്ഷണം കഴിച്ച് ഡ്രെസ്നര്‍ യുദ്ധത്തെ അതിജീവിച്ചു. യുദ്ധം അവസാനിച്ചപ്പോള്‍ ഡ്രെസ്നര്‍ ഒരു പുസ്തകപ്രസിദ്ധീകരണശാല തുടങ്ങി. ഒരു ദിവസം അയാള്‍ മത്യാസ് പോപ്പ എന്ന ഭാഗ്യംകെട്ട എഴുത്തുകാരനെ കണ്ടുമുട്ടുന്നു. അയാളുടെ നോവലുകളൊന്നും ആരും ഇഷ്ടപ്പെട്ടിരുന്നില്ല.
ഒരുദിവസം ഒരു പ്രസിദ്ധീകരണശാലയില്‍നിന്ന്, ആരോ മറന്നുവെച്ച, പ്രശസ്ത എഴുത്തുകാരന്‍ തോമസ് മന്നിന്റെ (Thomas Mann) അതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു നോവലിന്റെ കൈയെഴുത്തുപ്രതി അയാള്‍ക്കു കിട്ടി. അയാളത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ പരസ്യപ്രചാരണത്തിനായി ഒരുപാട് പണം ചെലവാക്കുകയും ചെയ്തു. എന്നിട്ടെന്തു കാര്യം? നിരൂപകര്‍ അതും തള്ളിക്കളഞ്ഞു. മാത്രമല്ല ഒരാള്‍, ആ നോവല്‍ ഹെര്‍മന്‍ ഹെസ്സെയുടെ ശൈലിയെ അനുകരിച്ചെഴുതിയതാണെന്നുകൂടി പറഞ്ഞുകളഞ്ഞു!
അങ്ങനെ ഹൃദയം തകര്‍ന്നിരിക്കുമ്പോഴാണ് മത്യാസ് പോപ്പ, ഇസാക് ഡ്രെസ്നറെ കണ്ടുമുട്ടുന്നത്. അയാളുടെ അവസാനത്തെ നോവല്‍ പ്രസിദ്ധീകരിക്കാമെന്ന് ഡ്രെസ്നര്‍ സമ്മതിക്കുന്നു. ആ നോവലാണ് കൊക്കോഷ്‌കയുടെ പാവ.
ഓസ്‌കാര്‍ കൊക്കോഷ്‌ക ഉപേക്ഷിച്ച ആ പാവയെ ഡ്രെസ്ഡന്‍ പട്ടണത്തില്‍ താമസമാക്കിയ എഡുവ എന്ന ആഫ്രിക്കക്കാരന്‍ കണ്ടെത്തുന്നതാണ് നോവലിന്റെ കേന്ദ്രഭാഗം. അയാളതിനെ തന്റെ കുടിലിലേക്ക് കൊണ്ടുപോവുകയും കേടുപാടുകള്‍ തീര്‍ത്ത് ഒരു ദൈവവിഗ്രഹമായി ആരാധിക്കുകയും ചെയ്യുന്നു.
കാമുകന്റെകൂടെ കഴിഞ്ഞതിന് വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ട ലുയ്സ വാര്‍ഗ എന്ന പെണ്‍കുട്ടി എഡുവ അറിയാതെ അയാളുടെ കുടിലില്‍ എത്തുകയും പാവയെ നശിപ്പിച്ചിട്ട് അതിന്റെ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. വീട്ടില്‍ തിരിച്ചെത്തിയ എഡുവ കാണുന്നത് ജീവന്‍വെച്ച പാവയെയാണ്. അയാളുടെ ഭക്തി അതിരുകടക്കുന്നു. കാമുകനില്‍നിന്ന് ഗര്‍ഭംധരിച്ച ലുയ്സ പ്രസവിക്കുമ്പോള്‍ ആ 'ദിവ്യശിശു'വിനെക്കൂടി അയാള്‍ ആരാധിക്കാന്‍ തുടങ്ങുന്നു. നോവലെഴുതുന്ന മത്യാസ് പോപ്പ തന്നെയാണ് ആ കുട്ടിയെന്ന് നമുക്ക് മനസ്സിലാവുന്നു.
ജീവനില്ലാത്ത പാവയെ കാമുകിയായിക്കരുതുന്ന ഓസ്‌കാര്‍ കൊക്കോഷ്‌കയെന്ന മനുഷ്യന്‍, ജീവന്‍വെച്ച പാവയെ ആരാധിക്കുന്ന എഡുവയെന്ന നിഷ്‌ക്കളങ്കനായ കഥാപാത്രം... മനുഷ്യാവസ്ഥയെ മുഴുവന്‍ ഇവരിലേക്ക് സമന്വയിപ്പിക്കുകയല്ലേ അഫോന്‍സോ ക്രൂഷ് ചെയ്യുന്നത്? നോവലിലെ ഒരു കഥാപാത്രം മനുഷ്യന്റെ ആത്മാവിന് ഒരു പൂമ്പാറ്റയുടെ ഭാരമേയുള്ളൂ എന്ന് കണ്ടെത്തുന്നുണ്ട്.
സങ്കല്പത്തിനും യാഥാര്‍ഥ്യത്തിനുമിടയില്‍, മനുഷ്യന്റെ വിധിയിലൂടെ പറന്നുനടക്കുന്നതും അതേ ചിത്രശലഭം തന്നെയായിരിക്കാം. 'അവസാനത്തെ മനുഷ്യന്റെ ശവസംസ്‌കാരം ആരു നടത്തും?' എന്ന് വിഷാദിക്കുന്ന നോവലിലെ കഥാപാത്രവും ആ പൂമ്പാറ്റയും ഒരുപക്ഷേ, ഒന്നുതന്നെയാണെന്നും വരാം.
കഥയ്ക്കുള്ളില്‍ കഥകള്‍ തീര്‍ക്കുന്ന അഫോന്‍സോ ക്രൂഷിന്റെ പാടവം വായനക്കാരനെ അദ്ഭുതപ്പെടുത്തുന്നതാണ്.
Content Highlights: Oskar Kokoschka, Afonso Cruz, Portuguese artist and author, Vakkolam, Jayakrishnan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..