കവിത, നാടകം, വൈജ്ഞാനികം: അക്കാദമി അവാര്‍ഡുകള്‍ രണ്ടായി പകുത്തപ്പോള്‍ പറയാനുള്ളത്...


ഷബിത

പരമോന്നത സാഹിത്യപുരസ്‌കാരങ്ങളില്‍ പ്രധാനപ്പെട്ടതാണ് കേരളസാഹിത്യ അവാര്‍ഡ്. അത് എത്രയോ ഉന്നതമായ പുരസ്‌കാരമാണ്. അവിടെ 'ടൈ' വരുമ്പോള്‍ അക്കാദമിയ്ക്ക് നയപരമായ തീരുമാനം എടുക്കാം.

ഫോട്ടോ മനീഷ് ചേമഞ്ചേരി

എന്റെ പുസ്തകത്തേക്കാൾ അർഹത രേണുവിന്റെ പുസ്തകത്തിനാണ് എന്നേ ഞാൻ പറയൂ- പി. രാമൻ, 'വീതം വെക്കൽ' അഥവാ ഒന്നു രണ്ടാക്കി കൊടുക്കുന്നു എന്ന രീതിയിൽ കാണേണ്ടതില്ല- എം.ആർ രേണുകുമാർ, അക്കാദമിയുടെ കോഡിനേറ്റിങ് പവർ ഉപയോഗിക്കാമായിരുന്നു- സക്കറിയ, ചലച്ചിത്ര അവാർഡിലും ലളിതകലാ അക്കാദമി അവാർഡിലും ഇങ്ങനെ നടക്കാറുണ്ട്- അഷ്ടമൂർത്തി, ഒരേ മാർക്കുകിട്ടുന്ന രണ്ട് കൃതികളെയും ബഹുമാനിക്കുക എന്നല്ലാതെ എന്തെങ്കിലും കാരണം കണ്ടുപിടിച്ച് ഒന്നിനെ മാറ്റിനിർത്തുക എന്നത് അത്ര നല്ല പ്രവണതയല്ല-വൈശാഖൻ. കേരളസാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു, കവിത, നാടകം, വൈജ്ഞാനികം എന്നിവയിൽ പുരസ്കാരം പങ്കുവെക്കപ്പെട്ടു. ഇതൊരു പ്രവണതയായി മാറുന്നുവോ എന്ന ആശങ്കയോടുള്ള പ്രതികരണങ്ങൾ വായിക്കാം.

അര അവാർഡ് കിട്ടിയ എഫക്ട്- പി. രാമൻ( സാഹിത്യഅക്കാദമി കവിതാപുരസ്കാര ജേതാവ്)

കേരളസാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചതിൽ സന്തോഷം. ഇത്തവണത്തെ കവിതാപുരസ്കാരം എനിക്കും എം. ആർ രേണുകുമാറിനുമാണ്. കവിതയ്ക്കുമാത്രമല്ല, നാടകം, വൈജ്ഞാനികസാഹിത്യം എന്നിവയ്ക്കും രണ്ട്പേർ വീതമാണ് പുരസ്കാരത്തിനർഹരായിരിക്കുന്നത്. നാടകത്തിന് സജിത മഠത്തിലും ജിഷ അഭിനയയും പുരസ്കൃതരായപ്പോൾ വൈജ്ഞാനിക സാഹിത്യത്തിന് ജി. മധുസൂദനനും ഡോ. ആർ.വി.ജി മേനോനും അർഹരായി. ഈരണ്ടുപേർക്ക് അവാർഡ് നൽകുക എന്നത് അടുത്ത കാലത്തു മാത്രം കണ്ടുതുടങ്ങിയ ഒരു പ്രവണതയാണ്. ജൂറിയുടെ വിലയിരുത്തലിൽ 'ടൈ' വന്നാൽ പൊതുസമ്മതമായ എന്തെങ്കിലും ഒരു മാനദണ്ഡം അക്കാദമി മുന്നോട്ടു വെക്കേണ്ടതുണ്ട്. നിലവിൽ അത്തരം മാനദണ്ഡങ്ങൾ ഇല്ലെന്നാണ് മനസ്സിലാകുന്നത്. അക്കാദമിയുടെ ജഡ്ജ്മെന്റ് പാനൽ തികച്ചും രഹസ്യാത്മക സ്വഭാവമുള്ളതാണ്. മുമ്പൊക്കെ ഇങ്ങനെ വന്നാൽ എന്താണ് ചെയ്തിരുന്നതെന്ന് അറിഞ്ഞുകൂട.

എം. ആർ രേണുകുമാർ എന്നെപ്പോലെ തന്നെ അർഹതപ്പെട്ടയാളാണ്. അതേപോലെ അദ്ദേഹത്തെപ്പോലെ ഞാനും അർഹതപ്പെട്ടിരിക്കുന്നു. ഇത് പരസ്പരം ഒരു ബാധ്യതയാണ്. കേരളസാഹിത്യ അക്കാദമിയുടെ കവിതാ അവാർഡ് പങ്കിട്ടവർ, നാടക അവാർഡ് പങ്കിട്ടവർ......രേണുവിന്റെ പുസ്തകം എനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്. എന്റെ പുസ്തകത്തേക്കാൾ അർഹത രേണുവിന്റെ പുസ്തകത്തിനാണ് എന്നേ ഞാൻ പറയൂ.കാരണം 'കൊതിയൻ' എനിക്കിഷ്ടപ്പെട്ട സമാഹാരമാണ്.

കവിതാ പുരസ്കാരം രണ്ട് പേർക്ക് പ്രഖ്യാപിക്കുകയും അതിലൊരാൾ ഞാനാവുകയും ചെയ്യുന്നു എന്നതിനെ മാത്രം ബന്ധപ്പെടുത്തി പറയുന്ന കാര്യമല്ല ഇത് എന്നത് എടുത്തു പറയട്ടെ. പുരസ്കാരങ്ങളെക്കുറിച്ചു പൊതുവായാണു പറയുന്നത്. ഞാനും രേണുവുമല്ലാതെ വേറെ രണ്ടാളാണെങ്കിലും ഈ പ്രശ്നം ഉണ്ട്. അത് ചർച്ച ചെയ്യേണ്ടതുമുണ്ട്. ഒരവാർഡ് ഒരാൾക്ക് ലഭിക്കേണ്ടതാണ്, അത് ആർക്കായാലും. ഇപ്പോൾ അര അവാർഡ് കിട്ടിയ ഒരു 'എഫക്ട്'. അതുകൊണ്ട് സന്തോഷത്തിന് കുറവൊന്നുമില്ല. അതും കൂടി പറയണമല്ലോ.

അവാർഡുകൾ തലനാരിഴ വ്യത്യാസങ്ങൾക്കാണ് ലഭിക്കുന്നതും ലഭിക്കാതിരിക്കുന്നതും. അത് എല്ലാ അവാർഡുകളും അങ്ങനെതന്നെയാണ്. അപ്പോൾ തലനാരിഴ വ്യത്യാസം പോലുമില്ലാതെ മൂന്ന് ഈരണ്ട് അവാർഡുകൾ! അവാർഡ് ഒരാൾക്ക് കൊടുക്കാൻ കഴിയണം. അതാണ് നല്ലത്. അവിടെ ബലാബലം സംഭവിക്കുമ്പോൾ അടുത്ത ഉപാധി, അടുത്ത നീക്കം, ജഡ്ജ്മെന്റുമായി ബന്ധപ്പെട്ടവർക്ക് എല്ലാവർക്കും സമ്മതമായത്, അക്കാദമി നിർദ്ദേശിക്കേണ്ടതും നടപ്പിലാക്കേണ്ടതുമുണ്ട്. ഇത്തവണത്തെ അനുഭവം ഉൾക്കൊണ്ടുകൊണ്ട് ഇനിയെങ്കിലും അക്കാദമി അതിനായി വഴികൾ കണ്ടെത്തണം. നിലവിൽ ഇത്തരം മാനദണ്ഡങ്ങൾ ഇല്ലാത്തതിനാലാവാം അക്കാദമി ഇത്രയും പേർക്ക് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അക്കാദമിയുടെ ബൈലോയിൽ 'ടൈ' വന്നാൽ എന്തു ചെയ്യണം എന്നതിനെക്കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾ നിലവിൽ ഉണ്ടായിരിക്കില്ല.
രണ്ട് പേർക്ക് പുരസ്കാരം നൽകൽ അക്കാദമി അടുത്തിടെ തുടങ്ങിയതാണ്. മുമ്പ് യാത്രാവിവരണത്തിന് ഇതുപോലെ പുരസ്കാരം പങ്കിട്ടതായി പറഞ്ഞു കേട്ടു. 'ടൈ' വന്നാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ഒരു വ്യവസ്ഥ അക്കാദമി നിർദ്ദേശിക്കണമെന്ന് ആഗ്രഹിക്കുന്നു.

പിന്നെ, വ്യക്തിപരമായി ഞാൻ ഒരവാർഡിനും പുസ്തകം അയക്കുന്ന ആളല്ല.പുരസ്കാരങ്ങൾ അങ്ങോട്ടു തേടിപ്പോകാതെ ഇങ്ങോട്ടു വരേണ്ടതാണ് എന്നു വിശ്വസിക്കുന്നു.ഇത് അങ്ങനെ ഇങ്ങോട്ടു വന്ന അവാർഡാണ്.അതുകൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുന്നു.

എക്കാലവും അങ്ങനെയാവില്ല എന്നു വിശ്വസിക്കാം- എം.ആർ രേണുകുമാർ( സാഹിത്യ അക്കാദമി കവിതാപുരസ്കാര ജേതാവ്)

ഇത്തവണത്തെ കേരളസാഹിത്യഅക്കാദമി അവാർഡുകൾ പ്രഖ്യപിച്ചപ്പോൾ കവിത, നാടകം വൈജ്ഞാനികസാഹിത്യം എന്നിവയിൽ നിന്നായി രണ്ട് പേർ വീതം തിരഞ്ഞെടുക്കപ്പെട്ടു. പി.രാമന്റെ 'ഒരു താരാട്ടും' എന്റെ 'കൊതിയനും' കവിതാപുരസ്കാരത്തിനർഹമായതിൽ സന്തോഷമുണ്ട്. ഇതിനെ 'വീതം വെക്കൽ' അഥവാ ഒന്നു രണ്ടാക്കി കൊടുക്കുന്നു എന്ന രീതിയിൽ കാണേണ്ടതില്ല എന്നതാണ് വ്യക്തിപരമായ അഭിപ്രായം.
നോവലിസ്റ്റുകൾ, കഥാകൃത്തുക്കൾ എന്നിവരുടെ കാര്യത്തിൽ എണ്ണം പറഞ്ഞവരെ വേഗം ലിസ്റ്റ് ചെയ്ത് എടുക്കാവുന്നതാണ്. മികച്ചവർ വളരെ ചുരുക്കമേ ഉള്ളൂ. പക്ഷേ കവികളുടെ എണ്ണം അങ്ങനെയല്ല. അക്കാദമി അവാർഡ് ലഭിക്കാൻ അർഹതയുള്ള ഒരുപാട് പേർ മലയാളത്തിലുണ്ട്. അപ്പോൾ ഒന്നിലധികം പേർക്ക് കൊടുക്കുന്നതിനോട് എതിരഭിപ്രായമില്ല. ലളിതകലാ അക്കാദമി അവാർഡുകൾ കൊടുക്കുമ്പോൾ ഒരേപോലെ അർഹതയുള്ള നാലും അഞ്ചും പേർക്കൊക്കെ കൊടുക്കാറുണ്ട്. അതുകൊണ്ട് രണ്ട് പേർ പരിഗണിക്കപ്പെടുന്നു, രണ്ട് പേർക്ക് അംഗീകാരമുണ്ടാവുന്നു, രണ്ട്പേർക്ക് സന്തോഷമുണ്ടാകുന്നു, രണ്ട് പുസ്തകങ്ങൾ പരിഗണിക്കപ്പെടുന്നു. സന്തോഷം ഇരട്ടിക്കുന്നു.

അവാർഡിന്റെ റിസൽട്ട് മാത്രമാണ് നമ്മളറിയുന്നത്. എന്തുകൊണ്ടാണ് ഇത്തവണ മൂന്നുവിഭാഗങ്ങളിൽ രണ്ട് പേർ വീതം പുരസ്കാരത്തിനർഹരായത് എന്നത് നമ്മൾ വിശദമായി പഠിച്ചാൽ മാത്രമേ ആധികാരികമായി പറയാൻ കഴിയുകയുള്ളൂ. ഏതേ സാഹചര്യത്തിലാണ് തുല്യമാനം കൈവന്നത്, എത്രയെത്ര മാർക്കുകളാണ് ലഭിച്ചത്, എന്നൊക്കെ നമുക്കറിയില്ല. എക്കാലവും അങ്ങനെയാവില്ല എന്ന് വിശ്വസിക്കാം.

മൂല്യനിർണയത്തിലും പുരസ്കാരത്തിലും ബലഹീനതയുണ്ട്- സക്കറിയ(എഴുത്തുകാരൻ)

മൂന്ന് സാഹിത്യ വിഭാഗങ്ങളിലായി രണ്ടുപേർ വീതം തുല്യമാർക്കുകൾ നേടുമ്പോൾ, മൂല്യനിർണയത്തെ പൊതുചർച്ചയിലേക്ക് ക്ഷണിച്ചുവരുത്താതെ അവാർഡ് ജഡ്ജിങ് കമ്മറ്റി ഇടപെടേണ്ടിയിരുന്നു. മൂല്യനിർണയത്തിലും പുരസ്കാരത്തിലും ബലഹീനതയുണ്ട്. അക്കാദമി ഏൽപിച്ച കമ്മറ്റി കുറച്ചുകൂടെ ഉറപ്പോടെ വേണമായിരുന്നു പുരസ്കാരങ്ങളെ സമീപിക്കേണ്ടിയിരുന്നത്.

മൂല്യനിർണയം കർശനമായ നിലപാടുകൾ സ്വീകരിക്കേണ്ടത് ഇത്തരം ഘട്ടങ്ങളിലാണ്. അക്കാദമിയ്ക്ക് ഇതിലുള്ള പങ്കിനേക്കാൾ കൂടുതൽ ചെയ്യാൻ കഴിയുക ജൂറിയ്ക്കാണ്. യാദൃച്ഛികതയ്ക്കകത്ത് അത്ഭുതമൊന്നുമില്ല. പക്ഷേ ഇങ്ങനെ യാദൃച്ഛികമായി വന്നുപെടുമ്പോൾ അക്കാദമിയ്ക്ക് ഇടപെടാമായിരുന്നു. അതത് ജൂറികളെ വീണ്ടും വിളിച്ച് ഒന്നുകൂടി മൂല്യനിർണയം നടത്തി അന്തിമ തീരുമാനം എടുക്കാമായിരുന്നു.

പരമോന്നത സാഹിത്യപുരസ്കാരങ്ങളിൽ പ്രധാനപ്പെട്ടതാണ് കേരളസാഹിത്യ അവാർഡ്. അത് എത്രയോ ഉന്നതമായ പുരസ്കാരമാണ്. അവിടെ 'ടൈ' വരുമ്പോൾ അക്കാദമിയ്ക്ക് നയപരമായ തീരുമാനം എടുക്കാം. യുറോപ്യൻ രാജ്യങ്ങളിലൊക്കെ ടോസിട്ട് വിജയികളെ പ്രഖ്യാപിക്കാറുണ്ട്. സ്പോർട്സിലെ വഴികളൊന്നും ബുദ്ധിയുടെ ഗെയിം ആയ എഴുത്തിന് ബാധകല്ലല്ലോ.

പുരസ്കാര നിർണയസമിതിയുടെ സംഘാടകർ അക്കാദമിയാണ്. അപ്പോൾ അവസാന നിമിഷത്തിൽ ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങൾക്ക് അക്കാദമിയുടെ കോർഡിനേറ്റിങ് പവർ ഉപയോഗിച്ചുകൊണ്ട് പരിഹരിക്കാം. അവാർഡ് പ്രഖ്യാപിച്ചു. ലഭിച്ചവർ ഇനി സന്തോഷം പങ്കിടട്ടെ. പുരസ്കാരം പങ്കിടൽ പ്രവണത തുടരാതെ നോക്കേണ്ടത് അക്കാദമിയാണ്. അതിനുവേണ്ട പുതിയ നിയമങ്ങൾ രൂപപ്പെടട്ടെ. ഭാവിയിലെ പുരസ്കാരങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കട്ടെ.

നറുക്കെടുപ്പ് വിജയത്തിന്റെ ബലത്തിലാണോ അവാർഡ് കൊടുക്കേണ്ടത്?-അഷ്ടമൂർത്തി (പ്രൈമറി സെല്കഷൻ കമ്മറ്റി മെമ്പർ)

സാഹിത്യഅക്കാദമിയുടെ പ്രൈമറി സെലക്ഷൻ കമ്മറ്റിയിൽ ഉണ്ടായിരുന്ന ആളെന്ന നിലയിൽ ചർച്ചാവിഷയത്തെക്കുറിച്ചുളള വ്യക്തതയാണ് ആദ്യം പറയാനുദ്ദേശിക്കുന്നത്. തങ്ങൾ ജൂറി അംഗങ്ങളാണെന്ന് പരസ്പരം അറിയാത്ത, വെളിപ്പെടുത്താത്ത മൂന്ന് വിധികർത്താക്കളാണ് അന്തിമമൂല്യനിർണയം നടത്തുക. ഗ്രേഡ്ഷീറ്റാണ് ഓരോരുത്തർക്കും നൽകുക. മുമ്പൊക്കെ ഒന്നു മുതൽ നൂറുവരെയുള്ള മാർക്കായിരുന്നു കൊടുത്തിരുന്നത്. അപ്പോൾ ഇഷ്ടപ്പെട്ട കൃതിയ്ക്ക് നൂറിൽനൂറും അല്ലാത്തതിനു പത്തിൽ താഴെയുള്ള മാർക്കും കൊടുക്കാൻ ജഡ്ജസിന് പറ്റും. ഫൈനൽ റൗണ്ടിൽ ഇത് വലിയ അന്തരമാണ് ഉണ്ടാക്കുക. ഇപ്പോൾ അത് നടക്കില്ല. ഒന്നു മുതൽ പത്തുവരെയാണ് സ്കോർ. മൂന്നു വിധികർത്താക്കളുടെയും സ്കോർഷീറ്റ് വാങ്ങി മൂന്നും കൂടി കൂട്ടിയിട്ട് ഗ്രേഡാക്കി മാറ്റും. ചിലപ്പോൾ രണ്ട് പേർ ഒരേ മാർക്കായിരിക്കും നൽകിയിട്ടുണ്ടാവുക. എന്നാൽ മൂന്നാമൻ തീരെ കുറഞ്ഞ സ്കോർ ആണ് കൊടുത്തതെങ്കിൽ റാങ്കിൽ പിറകോട്ടുപോകും. ടാബുലേറ്റ് ചെയ്ത് വന്നപ്പോൾ തുല്യ ഗ്രേഡ് കവിതയ്ക്കും നാടകത്തിനും വൈജ്ഞാനിക സാഹിത്യത്തിനും വന്നു. എക്സിക്യുട്ടീവ് കമ്മറ്റിയ്ക്ക് അന്തിമതീരുമാനമെടുക്കാം. പക്ഷേ അർഹതയുള്ളവരെ തഴയുന്നതെങ്ങനെ? പിന്നെ നറുക്കെടുക്കാം. നറുക്കെടുപ്പ് വിജയത്തിന്റെ ബലത്തിലാണോ ഒരാൾക്ക് സാഹിത്യഅക്കാദമി അവാർഡ് നൽകേണ്ടത്? ചലച്ചിത്ര അവാർഡിലും ലളിതകലാ അക്കാദമി അവാർഡിലും ഇങ്ങനെ നടക്കാറുണ്ട്. സാഹിത്യത്തിൽ മൂന്ന് വിഭാഗത്തിലും പുരസ്കാരങ്ങൾ പങ്കുവെക്കപ്പെടുന്നത് ആദ്യമായിട്ടാണ്.

പുരസ്കാരമൂല്യനിർണഫലങ്ങൾ വിവരാകാശനിയമപ്രകാരം ആവശ്യപ്പെടാം- വൈശാഖൻ (അധ്യക്ഷൻ കേരളസാഹിത്യഅക്കാദമി)

മേൽപ്പറഞ്ഞ ചർച്ചയ്ക്കാധാരമായിട്ടുള്ള വിഭാഗങ്ങളിലെ രണ്ട് പുസ്തകങ്ങൾക്കും ഒരേ മാർക്കാണ് ജൂറി നൽകിയിട്ടുള്ളത്. ജൂറിയുടെ തീരുമാനം അന്തിമമാണ്. ആധികാരികമായ മൂല്യനിർണയത്തിന്റെ ഫലം അധ്യക്ഷനുമുമ്പാകെ പൊട്ടിച്ച് പ്രഖ്യാപിക്കുന്നത് വരെ അത് തികച്ചും രഹസ്യമായി സൂക്ഷിക്കപ്പെടുന്നതുമാണ്. ഒരേ മാർക്കുകൾ കിട്ടുന്ന രണ്ട് കൃതികൾ ഉണ്ടെങ്കിൽ അവയിലൊന്നിനെ അവഗണിക്കാതെ രണ്ടിനെയും പരിഗണിക്കുക എന്നതാണ് അക്കാദമിയുടെ നയം. ഒരേ മാർക്കുകിട്ടുന്ന രണ്ട് കൃതികളെയും ബഹുമാനിക്കുക എന്നല്ലാതെ എന്തെങ്കിലും കാരണം കണ്ടുപിടിച്ച് ഒന്നിനെ മാറ്റിനിർത്തുക എന്നത് അത്ര നല്ല പ്രവണതയല്ല. തികച്ചും യാദൃച്ഛികമായിട്ടാണ് ഇങ്ങനെ വന്നത്. അപ്പോൾ അവാർഡുകൾ കൊടുക്കാതിരിക്കാൻ അക്കാദമിയ്ക്ക് യാതൊരു അവകാശവുമില്ല. അക്കാദമി അവാർഡുകൾക്കു വേണ്ടി നടത്തിയ മൂല്യനിർണയവിവരങ്ങളും മാർക്ക് ലിസ്റ്റും വിവരാവകാശനിയമപ്രകാരം ആർക്കും അപേക്ഷിക്കാം, അവ ലഭിക്കുകയും ചെയ്യും.

ഏറ്റവും മികച്ചത് ഒന്ന് മാത്രമല്ല, മികച്ച രണ്ടെണ്ണവുമുണ്ടാവും. ജൂറിയുടെ തീരുമാനത്തിനുമേൽ അക്കാദമിയ്ക്ക് യാതൊരു ഇതരതാൽപര്യങ്ങളും ചുമത്താൻ പറ്റില്ല. പിന്നെ എഴുത്തിലെ സീനിയോറിറ്റിയോ, വ്യക്തിപ്രഭാവമോ സാഹിത്യ അക്കാദമി അവാർഡുകൾക്കുള്ള മാനദണ്ഡങ്ങളല്ല. മുൻകാലങ്ങളിലൊന്നുമില്ലാത്ത ഇത്തരത്തിലൊരു പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ എക്സിക്യുട്ടീവ് അംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനത്തോടെയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

Content Highlights: Open Discussion on Kerala Sahithya Acadamy Awards


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented