ചിത്രീകരണം: ടി.വി ഗിരീഷ് കുമാർ
വരുമ്പോഴും പോകുമ്പോഴും പിള്ളാരെ എരികേറ്റുകയും കഥകള്‍ പറഞ്ഞുകൊടുക്കുകയും തമാശ പറയുകയും ചെയ്യുന്ന ഒരു കുഞ്ഞൂഞ്ഞുണ്ട്, ബെന്യാമിന്റെ കഥകളില്‍. അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങളില്‍ അയാളുണ്ട്. മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങളിലും അയാളുണ്ട്, മാന്തളിര്‍ കുഞ്ഞൂഞ്ഞ്. വിനോയ് തോമസിന്റെ മുള്ളരഞ്ഞാണ പുസ്തകത്തിലും ഒരു കുഞ്ഞൂഞ്ഞുണ്ട്. കഥകളിലെ കുഞ്ഞൂഞ്ഞിനെക്കുറിച്ചാണിത്, കുഞ്ഞൂഞ്ഞ് കഥകളെക്കുറിച്ച്.
നിറയെ കുഞ്ഞൂഞ്ഞ് കഥകള്‍ ഉള്ള ഒരു പുസ്തകം ഞാന്‍ കൈപ്പറ്റുന്നത് 7 കൊല്ലം മുമ്പാണ്, 2013 ല്‍. ഡി.സി.ബുക്‌സിന്റെ രാജ്യാന്തര പുസ്തകമേളയില്‍ വെച്ചാണത്. പുസ്തകത്തിന്റെ പേര് ഒ.സി.സ്റ്റോറീസ്. കഥകളിലെ ഒ.സി യെ ഞാനാദ്യമായി കാണുന്നതും അന്നാണ്. പിന്നെ കാണുന്നത് 2016 ല്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കുഞ്ഞൂഞ്ഞ് കഥകളുടെ പ്രകാശനത്തിന്. നടന്‍ മധുവില്‍ നിന്ന് ബാബുപോളാണ് അതേറ്റു വാങ്ങിയത്. ഒ.സി.സ്റ്റോറീസിന്റെ പ്രകാശനച്ചടങ്ങിലും ബാബു പോളുണ്ടായിരുന്നു. പി.ടി.ചാക്കോവിന്റെ കുഞ്ഞൂഞ്ഞ് കഥകള്‍ നല്ല രസമാണ് കേള്‍ക്കാന്‍. അതിലെ ചിരിപ്പിച്ച ചിലത് ഞാനോര്‍ക്കുന്നുണ്ട്, പറയാം.
ഒന്ന്, ഒരു ഫോണ്‍ വിളിയുടേതാണ്. അത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ്. മൂപ്പര്‍ക്കന്ന് ഫോണൊന്നുമില്ല. കൂട്ടത്തിലുള്ള ആരെയെങ്കിലും വിളിക്കണം, കിട്ടാന്‍. ഇനി കഥയിലേക്ക് വരാം. കഥ നടക്കുന്നത്, രാഷ്ട്രപതി കേരള സന്ദര്‍ശനത്തിയ ദിവസമാണ്. അന്ന് അദ്ദേഹത്തെ അനുഗമിച്ച് ഹെലിക്കോപ്റ്ററില്‍ പോകുകയാണ് ഉമ്മന്‍ചാണ്ടി. അപ്പാള്‍, പുതുപ്പള്ളിയില്‍ നിന്ന് പി.എ.യ്ക്ക് ഒരു വിളി വന്നു.
''ഹലോ.. സിഎമ്മിന്റെ കൂടെയുണ്ടോ ?''
പി.എ പറഞ്ഞു, ''ഇല്ല.''
ധൃതി പിടിച്ച വിളിയാണ്, അയാള്‍ വിട്ടില്ല. ''ആരാ കൂടെയുള്ളത്? ''
''രാഷ്ട്രപതിയാ.'' പി.എ പറഞ്ഞു.
''രാഷ്ട്രപതി മാത്രമേയുള്ളോ ? ''
മറ്റാരുമില്ലെന്ന് തീര്‍ത്തു പറഞ്ഞതും, പി.എ യെ ഞെട്ടിച്ചു കൊണ്ട് അപ്പുറത്ത് നിന്നും ചോദ്യം വന്നു, ''എങ്കില്‍ ആ രാഷ്ട്രപതിയുടെ നമ്പരൊന്നു തരാമോ ''
രണ്ടാമത്തേത് പ്രശസ്തമായ ആദ്യരാത്രിക്കഥയാണ്. 1970 ലാണ് പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി ആദ്യമായി ജയിക്കുന്നത്. സി.പി.എം ന്റെ മണ്ഡലത്തില്‍, സിറ്റിംഗ് എം.എല്‍.എ ഇ.എം.ജോര്‍ജിനെ തോല്‍പ്പിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് 27 വയസ്സാണ്. 2020 ആയി, 50 വര്‍ഷമായി പുതുപ്പള്ളിക്ക് ഒറ്റ എം.എല്‍.എയേ ഉള്ളൂ. ഇക്കഴിഞ്ഞ 50 കൊല്ലത്തിനിടെ, പുതുപ്പള്ളിയില്‍ വെച്ച് വിവാഹിതരാവുന്നവര്‍ക്ക് ആദ്യരാത്രിയില്ല പോലും. എല്ലാ കല്യാണ വീടുകളിലും ഉമ്മന്‍ ചാണ്ടി വരും. നട്ടപ്പാതിര കഴിഞ്ഞാണ് വരിക. വാതിലില്‍ മുട്ടും. ഒരാശംസയും പറഞ്ഞ് മൂപ്പരങ്ങ് പോകും. ''ഒന്നുമുണ്ടായിട്ടല്ല, എന്നാലും ഒരു ചമ്മലാ'' എന്ന് പുതുപ്പള്ളിക്കാര്‍ പറയും. മൂഡ് പോയി മൂഡ് പോയി എന്ന സൗബിന്റെ ഡയലോഗും ചേര്‍ത്ത് പുതുപ്പള്ളിയിലെ പുതുമോടിക്കാരെക്കുറിച്ച് ട്രോളിറങ്ങാറുണ്ട്. ആ പാല്‍ ഗ്ലാസെവിടെ, ഓസി ഇപ്പഴിങ്ങെത്തും എന്ന് പാല്‍ ഗ്ലാസു വെച്ച് പോസ്റ്ററിറങ്ങിയിട്ടുണ്ട്, പുതുപ്പള്ളിക്കല്യാണങ്ങളില്‍.
അമ്പതു തികഞ്ഞതിന്റെ ആഘോഷമാണ് നടക്കുന്നതെങ്കിലും, എതിര്‍ ചേരിയിലും സ്വന്തം ചേരിയിലുമെല്ലാം അതസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് അനുഭവ പരിചയത്തിന്റെ കെട്ടഴിക്കാന്‍ കിട്ടിയത്, വല്ലാത്തൊരു സമയമാണ്. ഇഞ്ചുറി ടൈം ബാക്കിയുള്ള നേരത്ത് സബ്സ്റ്റിറ്റിയൂഷന്‍ നടത്തിയ ഫീലിംഗാണ് കളിക്കളത്തിലിപ്പോള്‍. കളം നിറഞ്ഞ് കളിച്ച പിള്ളേര്‍ക്ക് കലി പിടിക്കാതിരിക്കില്ല. വരുമ്പോഴും പോകുമ്പോഴും പിള്ളാരെ എരികേറ്റുന്ന ബെന്യാമിന്റെ കുഞ്ഞൂഞ്ഞിനെപ്പോലെ തന്നെ, ഉമ്മന്‍ ചാണ്ടി.
പല കാലങ്ങളിലും പല വിയോജിപ്പുകളും തോന്നിയിട്ടുണ്ട് ഉമ്മന്‍ ചാണ്ടിയോട്. ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ നിലപാടുകളോട് ഞാനൈക്യപ്പെട്ട സന്ദര്‍ഭങ്ങളും തീരെ കുറവാണ്. പ്രത്യക്ഷ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്ന ക്യാമ്പസ് കാലത്ത് ഉമ്മന്‍ ചാണ്ടിയെ നേരിട്ടെതിര്‍ത്ത മുഹൂര്‍ത്തങ്ങളാണ് ഏറെയുള്ളതും. പക്ഷേ, ''പ്രിയപ്പെട്ട ബുഷിന്, ഈ കത്തുമായി വരുന്നയാള്‍ എനിക്ക് വേണ്ടപ്പെട്ട പുതുപ്പള്ളിക്കാരനാണ്. ഇയാള്‍ക്ക് അമേരിക്കയെക്കുറിച്ച് ഒന്നും അറിയില്ല. ആവശ്യമായ സഹായം നല്‍കിയാല്‍ ഉപകാരമായിരുന്നു എന്ന് സ്വന്തം, ഉമ്മന്‍ചാണ്ടി.'' എന്ന് വരെ ശുപാര്‍ശക്കത്തെഴുതിക്കളയുന്ന കുഞ്ഞൂഞ്ഞെമ്മല്ലെയെ എനിക്കിഷ്ടമാണ്. ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍.
Content Highlights: Oommen chandy, Books, 50th year as MLA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..