ഒ.എൻ.വിയുടെ ഫോട്ടോയ്ക്കുമുന്നിൽ സരോജിനി ടീച്ചർ/ ഫോട്ടോ: വിവേക് ആർ നായർ
മലയാള കവിതയെയും ചലച്ചിത്രഗാനശാഖയെയും സംബന്ധിച്ചിടത്തോളം ഒ.എന്‍.വി. എന്ന മൂന്നക്ഷരം വിതച്ച ഭാവനാസമ്പത്ത് അമൂല്യമാണ്. 2007-ലെ ജ്ഞാനപീഠമുള്‍പ്പെടെ അനവധി അംഗീകാരങ്ങള്‍; അതിനപ്പുറം ഓരോ മലയാളിയും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തിയ ഗാനങ്ങള്‍... ഒ.എന്‍.വി. വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് ഏഴു വര്‍ഷം. ആനന്ദത്തെയും ആഘോഷങ്ങളെയും വരികളിലേക്ക് പകര്‍ത്തിയ ഒ.എന്‍.വിയെക്കുറിച്ച് പ്രിയപത്നി സരോജിനി ടീച്ചര്‍ എഴുതുന്നു.
എവിടെ തുടങ്ങണം ഞാന്‍? ആദ്യംകണ്ട ദിവസം തൊട്ടാവട്ടെ- ആ ദിവസം കൃത്യമായി ഓര്‍മയുണ്ട്- 1957 ജൂലായ് രണ്ട്! എറണാകുളം മഹാരാജാസ് കോളേജില്‍ മലയാളം എം.എ. തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് മൂന്ന് പുതിയ അധ്യാപകരെ അനുവദിച്ചുകിട്ടി. ആദ്യത്തെ പി.എസ്.സി. നിയമനം കിട്ടി വരുന്നവരായിരുന്നു അവര്‍- ഒ.എന്‍.വി., എം.കെ. സാനു, എം. അച്യുതന്‍. ഇതില്‍ സാനുമാഷും അച്യുതന്‍മാഷും ഒന്നാം വര്‍ഷംതന്നെ ഞങ്ങളെ പഠിപ്പിക്കാനെത്തി. മൂന്നാമന്‍ എത്തിയില്ല. വരവിനെക്കുറിച്ചുള്ള കഥകളാണെത്തിയത്. സത്യമായ കഥകളും പിന്നെ കുറെ നിറംപിടിപ്പിച്ച കഥകളും!
ജൂലായ് രണ്ടിന് ഉച്ചയ്ക്കു ശേഷമുള്ള ആദ്യത്തെ ക്ലാസിലേക്ക് ഞങ്ങളുടെ പ്രൊഫസര്‍ പി.വി. കൃഷ്ണന്‍നായര്‍ മാഷ് ഒരു മെലിഞ്ഞ ചെറുപ്പക്കാരനേയുംകൂട്ടി കടന്നുവന്നു- ''ഇതാണ് നിങ്ങളുടെ പുതിയ അധ്യാപകന്‍- നിങ്ങളില്‍ ചിലരെങ്കിലും ഇയാളേക്കാള്‍ പ്രായം കൂടിയവരായിരിക്കാം- അത് കണക്കാക്കണ്ട. ക്ലാസ് നടക്കട്ടെ'' എന്ന പരിചയപ്പെടുത്തലോടെ സ്ഥലംവിട്ടു. ഞങ്ങള്‍ പതിനൊന്നു പേരാണ് സീനിയര്‍ എം.എ. വിദ്യാര്‍ഥികള്‍. ആറ് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളും. അദ്ദേഹം ഓരോരുത്തരോടായി പേരു ചോദിച്ച് പരിചയപ്പെട്ടു.
പൗരസ്ത്യ സാഹിത്യവിമര്‍ശനമാണ് ആദ്യത്തെ ക്ലാസില്‍ ഞങ്ങളെ പഠിപ്പിച്ചത്. വലിയ ഗൗരവക്കാരനായിട്ടായിരുന്നു തുടക്കം. മറ്റധ്യാപകരെല്ലാം വളരെ സ്വാതന്ത്ര്യത്തോടും സൗഹാര്‍ദമായും പെരുമാറുമ്പോള്‍ പുതിയ ആളുടെ ഗൗരവപ്രകൃതി ഞങ്ങള്‍ക്കാര്‍ക്കും ഒട്ടുംതന്നെ ഇഷ്ടപ്പെട്ടില്ല. എന്നാല്‍ ക്ലാസുകള്‍ തുടങ്ങിയതോടെ ഇഷ്ടക്കേടെല്ലാം ക്രമേണ മാഞ്ഞുപോയി. പുതിയ അധ്യാപകനെ ഞങ്ങള്‍ അംഗീകരിച്ചു. എനിക്ക് എന്നാണ് സാറിനോട് ഇഷ്ടം തോന്നിത്തുടങ്ങിയത് എന്ന് കൃത്യമായി പറയാനറിയില്ല. താമസിയാതെ അദ്ദേഹത്തിന്റെ ക്ലാസുകള്‍ക്കായി നെഞ്ചിടിപ്പോടെ കാത്തിരിക്കാന്‍ തുടങ്ങി എന്നതാണ് സത്യം.
രണ്ടാമത്തെ ടേമിലാണെന്ന് തോന്നുന്നു, എനിക്ക് ഒരസുഖംബാധിച്ച് ദേശമംഗലത്തെ വീട്ടില്‍ പോയി രണ്ടുമൂന്നാഴ്ച നില്‍ക്കേണ്ടിവന്നു. അന്ന് എന്റെ മേല്‍വിലാസം തേടിപ്പിടിച്ച് എനിക്കൊരു കത്ത്! വളരെ കാര്യമാത്രപ്രസക്തം. ''പരീക്ഷ അടുത്തുവരുന്ന സമയത്ത് ക്ലാസുകള്‍ നഷ്ടപ്പെടുത്തരുത്. അസുഖത്തിനുള്ള ചികിത്സ എറണാകുളത്തെ വസതിയിലേക്ക് മാറ്റണം'' എന്നായിരുന്നു കത്തിലെ സാരം. കുറുപ്പു സാറിന്റെ കത്ത് കിട്ടിയത് അദ്ഭുതമായി. എന്നോടെന്തോ പ്രത്യേകതയില്ലേ എന്ന് മനസ്സ് മന്ത്രിച്ചു. ലീവ് കഴിഞ്ഞ് തിരിച്ചെത്തിയ ദിവസം സാറിന്റെ ക്ലാസില്ലായിരുന്നു. എന്നിട്ടും രാവിലെത്തന്നെ ക്ലാസ്മുറിയുടെ വാതില്‍ക്കല്‍ വന്ന് എന്നെ പുറത്തേക്ക് വിളിച്ച് രോഗവിവരങ്ങള്‍ അന്വേഷിച്ചു. നഷ്ടപ്പെട്ട അധ്യയനദിനങ്ങള്‍ വീണ്ടെടുക്കാനായി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.
അധ്യാപകര്‍ക്കെല്ലാം പ്രത്യേക വാത്സല്യമായിരുന്നു എന്നെ. മക്കളില്ലാത്ത ഞങ്ങളുടെ പ്രൊഫസര്‍ക്ക് പ്രത്യേകിച്ചും. ബി.എ.കാലംതൊട്ടേ അദ്ദേഹത്തിന്റെ വീട്ടിലെ ലൈബ്രറി ഞങ്ങളുടെയുംകൂടിയായിരുന്നു. ഇംഗ്ലീഷ് പ്രൊഫസര്‍ ടി.സി. ബാലകൃഷ്ണമേനോനും ഞാന്‍ മകളായിരുന്നു. അതിനൊരു കാരണമുണ്ട്. തൃശ്ശൂര്‍ ഗവ. ട്രെയിനിങ് കോളേജില്‍ എന്റെ അച്ഛനെ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. ഇന്റര്‍മീഡിയറ്റ്‌തൊട്ട് തുടരെ ആറുകൊല്ലം എന്നേയും.
എന്നെ ഇഷ്ടപ്പെടുന്നു എന്നും വിവാഹം കഴിക്കാനാഗ്രഹിക്കുന്നുവെന്നും കുറുപ്പുസാറ് ആദ്യം വെളിപ്പെടുത്തുന്നത് എന്റെ ഈ പ്രൊഫസര്‍മാരോടാണ്. അവര്‍ പറഞ്ഞാണ് ഞാനറിയുന്നത്. അതിനുമുന്‍പ് ഞങ്ങള്‍ നേരിട്ട് മനസ്സു തുറന്നിട്ടില്ല. രണ്ടു പേര്‍ക്കും അതിന് ധൈര്യമുണ്ടായില്ല. മഹാരാജാസിലെ പിരിയന്‍കോണികള്‍ക്കും മലയാളവിഭാഗത്തിന് പിറകിലെ പഞ്ചാരമുക്കിനുമെല്ലാം(ഷുഗര്‍ കോര്‍ണര്‍) ഒരുപാട് കഥകള്‍ പറയാനുണ്ടെന്ന് എനിക്കറിയാം. വിജയിച്ചതും വിജയിക്കാത്തതുമായ പ്രണയകഥകള്‍! പലതിനും ഞാന്‍ സാക്ഷിയാണ്. എന്നാല്‍ അധ്യാപകന്‍ എന്ന നിലയ്ക്കുള്ള അച്ചടക്കം പരമാവധി പാലിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി സിസ്റ്റര്‍ ഓസ്സിയയായിരുന്നു. ബി.എയ്ക്കും എം.എയ്ക്കുമായി നാലുവര്‍ഷം ഒന്നിച്ച് അടുത്തടുത്തിരുന്ന് പഠിച്ച സിസ്റ്ററിന് എന്റെ എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. വിശേഷമറിഞ്ഞപ്പോള്‍ സിസ്റ്റര്‍ ഏറെ സന്തോഷിക്കുകയും എനിക്ക് ധൈര്യം തരുകയും ചെയ്തു. കോളേജില്‍ പാട്ടാവാതെ ആ രഹസ്യം ഞങ്ങള്‍ സൂക്ഷിച്ചു.
ഞാന്‍ എറണാകുളത്ത് പഠിക്കാന്‍ താമസിച്ചിരുന്നത് ബാങ്ക് മാനേജരായിരുന്ന അമ്മാവന്റെ ക്വാര്‍ട്ടേഴ്‌സിലാണ്. വളരെയേറെ യാഥാസ്ഥിതികമായ ഒരു മരുമക്കത്തായത്തറവാട്ടില്‍നിന്നു വന്ന എനിക്ക് ഏറെക്കുറെ തടവറയായിരുന്നു താമസസ്ഥലം. കോളേജില്‍ പോകാം, വരാം. അമ്പലത്തില്‍ പോകാം, വരാം. തീര്‍ന്നു സ്വാതന്ത്ര്യം. ഒരാളെ പ്രേമിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഏറ്റവും കുറഞ്ഞ വാക്കില്‍ അശ്ലീലംതന്നെ. തറവാട്ടില്‍ പിറന്ന പെണ്‍കുട്ടികള്‍ക്ക് ചേര്‍ന്നതല്ല- അതുകൊണ്ട് അമ്മാമനറിയരുത്- അറിഞ്ഞാല്‍ പ്രശ്നമാവും. എന്റെ ചുറ്റുപാടറിയുന്ന പ്രൊഫസര്‍മാര്‍ അതിനൊരു വഴി കണ്ടെത്തി. അച്ഛനെ എറണാകുളത്തു വരുത്തി ഒരു കൂടിക്കാഴ്ച ഒരുക്കുക- അച്ഛന്‍ വന്നു. കൃഷ്ണന്‍നായര്‍മാഷുടെ വീട്ടില്‍വെച്ച് ഭാവിമരുമകനെ കണ്ടു, സംസാരിച്ചു. അച്ഛന് ഇഷ്ടപ്പെട്ടു. ഭാവിപരിപാടിയുടെ തിരക്കഥ അവിടെവെച്ച് അന്നുതന്നെ തയ്യാറാക്കി അച്ഛന്‍ തിരിച്ചുപോയി. അമ്മാമന്റെ ബാങ്കില്‍ എന്റെ പ്രൊഫസര്‍മാര്‍ ചെന്ന് വിഷയം അവതരിപ്പിച്ചു. പഠിത്തം തീരുമ്പോഴേക്ക് മരുമകള്‍ക്ക് നല്ലൊരു കല്യാണാലോചന വന്നത് അദ്ദേഹത്തിന് സന്തോഷമായി. വീട്ടില്‍ പ്രശ്നം അവതരിപ്പിക്കാമെന്നേറ്റു. ആലോചനയുമായി വീട്ടിലേക്ക് ചെല്ലുന്നത് എന്റെ പരീക്ഷ കഴിഞ്ഞുമതി എന്നും നിശ്ചയിച്ചു. അതനുസരിച്ച് 'വൈവ' കഴിഞ്ഞ പിറ്റേന്നായിരുന്നു ആ സന്ദര്‍ശനം.
അദ്ദേഹത്തിന്റെ വീട്ടിലും പ്രശ്നങ്ങളുണ്ടെന്ന് അന്നെനിക്കറിയില്ല. വലിയ സ്ത്രീധനത്തുകയ്ക്ക് രണ്ടുമൂന്നാലോചനകള്‍ നിലവിലുള്ളപ്പോഴാണ് മകന്റെ പ്രേമം! മരണവീടുപോലെയായി ചവറയിലെ വീട്. അദ്ദേഹത്തിന് ജ്യേഷ്ഠതുല്യനായ പങ്കജാക്ഷന്‍ പിള്ള എന്ന സുഹൃത്തും (ഞങ്ങളുടെ പാഞ്ചേട്ടന്‍) പിതൃതുല്യനായ കേരള നിയമസഭാ സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പിസാറും കെ.പി.എ.സി.യിലെ കേശവന്‍പോറ്റിസാറും മുന്‍കൈയെടുത്ത് വീട്ടിലെ അന്തരീക്ഷം തണുപ്പിച്ചു. അങ്ങനെ പെണ്ണുവീട്ടില്‍ പോവാന്‍ സഹോദരീഭര്‍ത്താവ് കൂടെ ചേര്‍ന്നു. വളരെ കഷ്ടപ്പെട്ട് യാത്രചെയ്ത് ഞങ്ങളുടെ കുഗ്രാമത്തിലെത്തിച്ചേര്‍ന്നു അവര്‍. വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങി. ആ സന്ദര്‍ശനത്തിന്റെ ഒരേകദേശവിവരണം ഒരു കവിതയായി ഏറെക്കാലത്തിനുശേഷം അദ്ദേഹം എഴുതിയിട്ടുണ്ട്- മയിലുകള്‍.
നീണ്ട ജീവിതകഥയിലേക്ക് ഇനി കടക്കുന്നില്ല. പറയാന്‍ രണ്ടുപേര്‍ക്കും തറവാട്ടുമഹിമ മാത്രം. രണ്ടുപേരും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍. പല കടമ്പകള്‍ കടന്ന് എറണാകുളത്ത് ഞങ്ങള്‍ കുടുംബജീവിതം തുടങ്ങി എന്ന് ചുരുക്കിപ്പറയാം. ഭാരതപ്പുഴയുടെ തീരത്തെ 'കൊണ്ടയൂര്‍' എന്ന കുഗ്രാമത്തിലെ ഇരുപത്തൊന്നുകാരിയും അഷ്ടമുടിക്കായലിന്റെ തീരത്തെ 'ചവറ' എന്ന ഗ്രാമത്തിലെ ഇരുപത്തേഴുകാരനും! 'ഗുരു' 'നാഥ'നായ കഥ ഇവിടെ തീരുന്നു.
എനിക്ക് വൈകാതെ ജോലി കിട്ടി. കേരള യൂണിവേഴ്‌സിറ്റിയിലെ മലയാളം ലെക്സിക്കണില്‍. പണ്ഡിതനും സ്നേഹസമ്പന്നനുമായ ശൂരനാട് കുഞ്ഞന്‍പിള്ളസാറായിരുന്നു വകുപ്പധ്യക്ഷന്‍. അവിടെ പ്രശസ്തരായ ഒട്ടേറെപ്പേര്‍ എനിക്ക് സഹപ്രവര്‍ത്തകരായി. എന്റെ ഔദ്യോഗികജീവിതത്തിലെ സുവര്‍ണകാലമായിരുന്നു അത്. സ്ഥലംമാറ്റമില്ലാത്ത ജോലി! അതും തിരുവനന്തപുരത്ത്! ഞങ്ങളുടെ രണ്ടു വീടുകളിലെയും കുട്ടികള്‍ക്ക് ഉപരിപഠനത്തിനായി ഞങ്ങള്‍ സ്നേഹവീടൊരുക്കി. അതിനിടെ ഞങ്ങള്‍ക്ക് രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ചു; വളര്‍ന്നു. കൂട്ടുകുടുംബത്തിന്റെ ഇല്ലായ്മകളും വല്ലായ്മകളും പങ്കിടാന്‍ അവരെ ഞങ്ങള്‍ പഠിപ്പിച്ചു. പങ്കിടലാണ് സ്നേഹം എന്നാണ് അവര്‍ക്ക് കിട്ടിയ ആദ്യത്തെ ഗൃഹപാഠം!
കൊച്ചുകൊച്ചു കാര്യങ്ങളില്‍ ഞങ്ങള്‍ വഴക്കിടുകയും പിണങ്ങുകയും ചെയ്തു. അതേസമയം വലിയ പ്രശ്നങ്ങള്‍ ഒരേ മനസ്സായി നേരിട്ടു. സ്നേഹം എന്നും ശക്തിയും ദൗര്‍ബല്യവുമായിരുന്നു അദ്ദേഹത്തിന്.
സ്നേഹിച്ചു തീരാത്തൊരാത്മാക്കളാവുക!
സ്നേഹിച്ചു നമ്മളനശ്വരരാവുക!
എന്നെഴുതിയത് അക്ഷരാര്‍ഥത്തില്‍ത്തന്നെ ജീവിതത്തില്‍ പകര്‍ത്തി. എനിക്ക് അളവില്ലാത്ത സ്നേഹം വാരിക്കോരിത്തന്നു. സുമംഗലിയായി മരിക്കും എന്ന എന്റെ അഹങ്കാരത്തിന് പ്രഹരമേല്പിച്ചുകൊണ്ട്, യാത്രപറയാതെ അപ്രതീക്ഷിതമായ ഒരു വിടപറയലായിരുന്നു- എന്നെ വിട്ടുപോയി എന്ന സത്യത്തിന് വഴങ്ങാന്‍ കൂട്ടാക്കാതെ ഞാന്‍ ജീവിക്കുന്നു. എന്റെ കൂടെത്തന്നെയുണ്ട്. ഈ എളിയ വീട്ടില്‍ എല്ലായിടത്തും നിറഞ്ഞുനില്ക്കുന്ന ശക്തിയായി എന്നും എന്നോടൊപ്പം!
(മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എന്‍ഗുരു എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: onv death anniversary wife sarojini teacher writes, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..