ഒളപ്പമണ്ണ, ചങ്ങമ്പുഴ | ഫോട്ടോ: മാതൃഭൂമി
കേരളീയതയുടെ മഹിതമായ മേഖലകള്‍ക്കെല്ലാം കളരിയും വേദിയും ഒരുക്കിയ പാരമ്പര്യമാണ് വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയുടേത്. വേദം, സംസ്കൃതം, സാഹിത്യം, സംഗീതം, വാദ്യകല, കഥകളി എന്നീ വിഭാഗങ്ങളില്‍ പണ്ഡിതരും ആസ്വാദകരുമായ വിവിധ താവഴിക്കാര് ഇവിടെ ജീവിച്ചു. കഥകളിയിലെ കല്ലുവഴിച്ചിട്ട രൂപപ്പെട്ടത് ഇവിടെവെച്ചായിരുന്നു. ഋഗ്വേദത്തിന് ഭാഷ്യമൊരുക്കിയ ഒ.എം.സി., ബാലസാഹിത്യകാരി സുമംഗല, കവികളായ ഒളപ്പമണ്ണ, ഡോ. ഒ.എം. അനുജന് എന്നിവരിലൂടെ മനയുടെ സാഹിത്യപാരമ്പര്യം വിശ്രുതമായി.
ഗൃഹനാമത്തെ സ്വകീയനാമമായി സ്വീകരിച്ചാണ് ഒളപ്പമണ്ണ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് 1942 മുതല്‍ കവിതകള്‍ എഴുതാന്‍ തുടങ്ങിയത്. 'പുരത്തറ മാഹാത്മ്യത്തിന്റെ പേരില്‍ കവിയാകാന്‍ ഒരുങ്ങിപ്പുറപ്പെട്ടതാണോ' എന്ന് യുവകവിയായ ഒളപ്പമണ്ണയോട് ചങ്ങമ്പുഴ ചോദിക്കുകയുണ്ടായി. ''നാളെ എന്റെ പേരില്‍ മന അറിയപ്പെടില്ലെന്നാരുകണ്ടു?'' എന്നായിരുന്നു ഒളപ്പമണ്ണയുടെ കൂസലില്ലാത്ത പ്രതികരണം. 1953ലെ വിഖ്യാതമായ ഒറ്റപ്പാലം സാഹിത്യപരിഷത്തില്‍ പി. കുഞ്ഞിരാമന് നായരുടെ 'കളിയച്ഛനൊപ്പം', അക്കിത്തത്തിന്റെ 'കണ്ടവരുണ്ടോ'യ്ക്കൊപ്പം 'കൈകാട്ടിയന്ത്രം' എന്ന കവിത വായിച്ച് ഒളപ്പമണ്ണ ശ്രദ്ധേയനായി. തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് അദ്ദേഹത്തിന്റെ ഉത്കൃഷ്ടകവിതകള് പ്രസിദ്ധീകരിച്ചത്.
ബാല്യംമുതലേ മാറുന്ന ലോകത്തിനനുസരിച്ച് സഞ്ചരിക്കാനുള്ള മനസ്സ് ഒളപ്പമണ്ണയിലുണ്ടായിരുന്നു. നമ്പൂതിരിനവോത്ഥാനകാലത്ത് സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരേ കവിതയിലൂടെ കലഹിക്കുന്ന യുവയോദ്ധാവായിട്ടാണ് ഒളപ്പമണ്ണ രംഗപ്രവേശം ചെയ്തത്. വിക്ടോറിയ കോളേജില്‍ പഠിക്കുമ്പോള്‍ ദേശീയ പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസം അപൂര്‍ണമായി. ജന്മിത്തത്തിന്റെ സുഖത്തിലും തണലിലും അലസനാകാതെ മാറുന്നകാലം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ പലതുറകളിലും മുദ്രചാര്‍ത്തി ഒളപ്പമണ്ണ ആധുനികനായി. ജന്മിത്തത്തെ വിമര്‍ശിച്ചും അപ്ഫന്‍ നമ്പൂതിരിമാരുടെ ജീവിതദൈന്യം ആവിഷ്കരിച്ചും ഒളപ്പമണ്ണ കവിതകള്‍ എഴുതി. ഉണ്ടപ്പന് എന്ന കഥാകവിത ശ്രദ്ധേയമായി.
മലയാള കവിതയില്‍ ഒളപ്പമണ്ണയെ കീര്ത്തിമാനാക്കിയത് നങ്ങേമക്കുട്ടി എന്ന ഖണ്ഡകാവ്യമാണ്. സമുദായനിയമങ്ങള്ക്കുനേരേ നിശ്ശബ്ദനും നിസ്സഹായനുമായി ജീവിക്കേണ്ടിവന്നതിനാല്‍ ഏക മകളെ വിജാതീയന്‍ വിവാഹം കഴിച്ചുകൊടുക്കാന്‍ സാധിക്കാതെപോയ അച്ഛന്റെ (അമ്മയുടെയും) കഥകൂടിയാണ് നങ്ങേമക്കുട്ടി. നമ്പൂതിരി സമുദായത്തില്‍ പ്രണയം അന്യവും പാപസമാനമായ ഒരു വികാരവുമായിരുന്നകാലത്താണ് നങ്ങേമക്കുട്ടിക്ക് ട്യൂഷന് മാസ്റ്ററോട് അനുരാഗം തോന്നുന്നത്. 'നാണത്താല്ച്ചെറുതായ്ത്താനാ കൈവെള്ളയിലൊതുങ്ങിടും ചെറുനാരങ്ങപോലവേ...' എന്ന് അര്‍ഥഗര്‍ഭമായ ധ്വനിസാന്ദ്രതയിലാണ് ശാരീരികവേഴ്ചയെക്കുറിച്ച് കാവ്യാത്മകമായി ഒളപ്പമണ്ണ എഴുതുന്നത്. ശ്ലീലത്തിന്റെ ശീലം പാലിച്ച വരികള്‍. സംരക്ഷിക്കാമെന്ന് വാക്കുകൊടുത്ത പുരുഷനോടൊപ്പം ഇറങ്ങിപ്പോകാന്‍ നങ്ങേമക്കുട്ടി തയ്യാറായില്ല. 'ബഹിശ്ചര പ്രാണ'നായ അച്ഛന് തന്നെ സംരക്ഷിക്കുമെന്ന് അവള് പ്രത്യാശിച്ചു. സമുദായഭ്രഷ്ട് ഭയന്ന് അച്ഛനമ്മമാര്‍ക്ക് മകളെ ഉപേക്ഷിക്കേണ്ടിവന്നു. നമ്പൂതിരിസമുദായത്തിലെ യാഥാസ്ഥിതികത്വത്തിന്റെ ദുരന്തം പേറുന്ന പെണ്തലമുറയുടെ പ്രതിനിധികൂടിയായി നങ്ങേമക്കുട്ടി മാറുകയായിരുന്നു. സ്ത്രീയോടുള്ള കാരുണ്യത്തോടെ സ്ത്രീപക്ഷരചന നടത്തിയ ഒളപ്പമണ്ണ ആ നിലയില്‍ വായിക്കപ്പെട്ടിട്ടുമില്ല. മലയാളകവിതയില്‍ അപൂര്‍വമായ വൈദികഗായത്രിഛന്ദസ്സിലാണ് ധ്വനിസാന്ദ്രമായ ഈ കാവ്യം ഒളപ്പമണ്ണ എഴുതിയത്.
ഭൂപരിഷ്കരണനിയമം വന്നതോടെ നമ്പൂതിരിമാര്‍ക്ക് സ്വയംപര്യാപ്തരാവേണ്ടിവന്നു. ഒറ്റയ്ക്ക് അധ്വാനിച്ച് ജീവിക്കേണ്ട സാഹചര്യത്തെ തടിക്കച്ചവടക്കാരനും റബ്ബര്‍/നെല്ക്കൃഷിക്കാരനുെമാക്കെയായിട്ടാണ് ഒളപ്പമണ്ണ നേരിട്ടത്. എഴക്കാട്, കോട്ടോപ്പാടം പഞ്ചായത്തുകളില്‍ പ്രസിഡന്റായി സമൂഹവുമായി നേരിട്ടിടപഴകിയ ചരിത്രവും ഒളപ്പമണ്ണയ്ക്കുണ്ട്.
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഐ.സി.സി.ആര്. എന്നിവിടങ്ങളില്‍ അംഗമായി. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാനായി. ബാങ്ക് ഡയറക്ടറായും പ്രവര്‍ത്തിച്ച് ആനയെ വാങ്ങുകയും വളര്‍ത്തുകയും വില്‍ക്കുകയും ആനയെക്കുറിച്ച് മുക്കവിത ആനമുത്ത് എഴുതുകയും ചെയ്ത മറ്റൊരു മലയാള കവിയില്ല; ഒളപ്പമണ്ണ മാത്രം.
ഒളപ്പമണ്ണയുടെ ഭാഷ അദ്ദേഹത്തിന്റെ ദേശമായ വെള്ളിനേഴിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയുടെ തെളീനിരിനു സമാനമാണ്. 'നേരമല്ലാത്ത നേരത്തായ്/ നങ്ങേമക്കുട്ടി തന്കുളി/ ആരും തേടീലകാരണം/ പതിനാലുവയസ്സായ/ പെണ്കിടാവിന് നടത്തയില്‍/ കണ്ണുറപ്പിച്ചതാരുവന്...' എന്നതാണ് ഒളപ്പമണ്ണയുടെ സ്ഫടികസമാനമായ ഭാഷ. അദ്ദേഹം അമൂര്ത്തകല്പനകള് അധികമായി ഉപയോഗിച്ചില്ല. കേരളീയ ക്ലാസിക് ഫോക്ക് സംസ്കാരങ്ങളുടെ ബിംബങ്ങള്‍ ഒളപ്പമണ്ണക്കവിതയിലുണ്ട്. കഥകളിയും കൊട്ടും കൂടിയാട്ടവും ഉത്സവവും കാവ്യവിഷയമായ, ഇത്രമേല്‍ കവിതയെ കലോത്സവമാക്കിയ മറ്റൊരു കവി മലയാളത്തില്‍ ഇല്ല.
Content Highlights: olappamanna, malayalam poet, birthday, feature, olappamanna mana, palakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..