മാടമ്പ്; ജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി എന്തൊക്കെയോ പറിഞ്ഞുപോയതുപോലെ...ജയരാജ്


ഷബിത

2 min read
Read later
Print
Share

ചെറിയൊരു അനക്കമായി എവിടെയെങ്കിലും ഉണ്ട് എന്നറിഞ്ഞാല്‍ മതിയായിരുന്നു സമാധാനിക്കാന്‍. ഗ്രന്ഥങ്ങളാല്‍ വലയം ചെയ്യപ്പെട്ട മുറിയിലെ ചാരുകസേരയില്‍ കുനിഞ്ഞിരുന്ന വായിക്കുന്ന മാടമ്പ്, ഇല്ലെങ്കില്‍ ഊന്നുവടികള്‍ ചെത്തിമിനുക്കുന്ന മാടമ്പ്...

Obit note to Writer Madambu Kunjukuttan by Veteran Director Jayaraj

അന്തരിച്ച എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായിരുന്ന മാടമ്പ് കുഞ്ഞുകുട്ടനെക്കുറിച്ച് സംവിധായകൻ ജയരാജ് സംസാരിക്കുന്നു.

ദേശാടനം, കരുണം, ശാന്തം, മകൾക്ക്, ആനന്ദഭൈരവി, അത്ഭുതം.. മാടമ്പുമായിട്ടുള്ള എന്റെ ബന്ധത്തിന്റെ നേരടയാളങ്ങളായിരുന്നു ഈ സിനിമകൾ. എന്റെ പത്താമത്തെ സിനിമയാണ് ദേശാടനം. ദേശാടനത്തിന് മുമ്പ് 'പൈതൃകം' എന്ന സിനിമയ്ക്കുവേണ്ടി സംഭാഷണം നിർവഹിച്ചു തന്നത് അദ്ദേഹമായിരുന്നു. സാഹിത്യത്തിൽ ഞാൻ ഗുരുനാഥനായി കാണുന്നത് അദ്ദേഹത്തെയാണ്. സിനിമയുടെയും ആത്മീയവഴികളിലെയെും ഗുരുനാഥൻ അദ്ദേഹമാണ്. എന്റെ സിനിമാ ജീവിതത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നത് മാടമ്പിനോടാണ്. അതിന് കാരണം എനിക്കുണ്ടായ വലിയ മാറ്റങ്ങൾ സംഭവിക്കാൻ നിദാനമായ എന്റെ പത്താമത്തെ സിനിമയായ ദേശാടനമാണ്. ദേശാടനത്തിലൂടെയാണ് എനിക്ക് ഏറ്റവും കൂടുതൽ അംഗീകാരങ്ങൾ ലഭിച്ചത്. ദേശാടനം മുതൽ ഇങ്ങോട്ടുള്ള എല്ലാ അംഗീകരാങ്ങൾക്കും പ്രധാനകാരണവും മാടമ്പുമായിട്ടുള്ള സഹകരണമാണ്. അദ്ദേഹത്തിന്റെ സർഗാത്മക സംഭാവനകൾ എന്റെ സിനിമാജീവിതത്തിൽ എന്നും മുതൽക്കൂട്ടായിട്ടുണ്ട്.

''എന്റെ മകൻ എന്നെപ്പോലെ വളർന്നാൽ മതി'' എന്ന് പൈതൃകത്തിൽ സുരേഷ്ഗോപിയുടെ കഥാപാത്രം അച്ഛനായ നരേന്ദ്രപ്രസാദിന്റെ കഥാപാത്രത്തോട് പറയുന്ന ഒരു സന്ദർഭമുണ്ട്. അപ്പോൾ അച്ഛൻ കഥാപാത്രം പറയുന്ന മറുപടി ''എന്റെ മകനെക്കുറിച്ച് ഞാനങ്ങനെ വാശിപിടിച്ചില്ലാലോ'' എന്നാണ്. സിനിമാ തിയേറ്ററുകളിൽ, വീട്ടകങ്ങളിൽ, കുടംബസദസ്സുകളിൽ വളരെയധികം കയ്യടിനേടിയ, ചർച്ച ചെയ്ത സംഭാഷണമായിരുന്നു അത്. അത് മാടമ്പിന്റെ സംഭാവനയായിരുന്നു.

മാടമ്പിന്റെ അവസാന സിനിമ 'അത്ഭുത'മാണ്. ഒ.ടി.ടി പ്ലാറ്റ് ഫോമിലാണ് 'അത്ഭുതം' റിലീസ് ചെയ്തിരിക്കുന്നത്. ദയാവധം കാത്തുകിടക്കുന്ന മകനെ കാണാൻ എത്തുന്ന അച്ഛനും അമ്മയും. അഛൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ''നീ വേദന സഹിച്ച് ജീവിച്ചിരിക്കണം എന്നുള്ളത് എന്റെ സ്വാർഥത, വേദനയില്ലാതെ മരിക്കണം എന്നുള്ളത് നിന്റെ സ്വാർഥത. എപ്പോഴും നീ ജയിക്കുന്നതാണെനിക്കിഷ്ടം.''ഒരുപാട് അർഥതലങ്ങളുള്ള ഡയലോഗുകൾ മാടമ്പ് തന്നു.

സംസ്കൃതത്തിൽ അതീവ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിന്. ഔപചാരിക വിദ്യാഭ്യാസം അധികം നേടിയിട്ടില്ല അദ്ദേഹം. മലയാളസാഹിത്യത്തിൽ തന്റേതായിട്ടുള്ള വഴിയിലൂടെ മാത്രം സഞ്ചരിച്ച വ്യക്തിത്വം. വളരെ ശക്തനായ എഴുത്തുകാരൻ കോവിലന്റെ ശിഷ്യനായിരുന്നു. കോവിലന്റെ സാഹിത്യതന്റേടം മാടമ്പിലും കാണാമായിരുന്നു. ആറാം തമ്പുരാനുമായി ചേർന്നിട്ടാണ് 'മാതംഗലീല' പഠിക്കുന്നത്. ആനകളെക്കുറിച്ചുള്ള അറിവ് നേടുന്നത് അങ്ങനെയാണ്. ഒരു വലിയ അറിവിന്റെ കേന്ദ്രമായിരുന്നു അദ്ദേഹം.

Obit note to Writer Madambu Kunjukuttan by Veteran Director Jayaraj
ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് മാടമ്പ് മനയ്ക്കകത്തേക്ക് ആർക്കും തൊട്ടുകൂടായ്മയില്ലാതെ കടന്നുവരാമായിരുന്നു. മാടമ്പിന്റെ പിതാവ് അത്രയും സാമൂഹ്യബോധം കാത്തുസൂക്ഷിച്ച ആളായിരുന്നു. അങ്ങനെയുള്ള ഒരച്ഛന്റെ മകൻ ആ ഗുണങ്ങളെല്ലാം പാലിച്ചുപോന്നു. ആ മനയുടെ പുസ്തകമുറിയിലിരുന്നാണ് ദേശാടനവും കരുണവും ശാന്തവുമൊക്കെ എഴുതിയത്. എനിക്ക് എന്റെ വീട് പോലെയാണ് അത്. ഒരു വലിയ കുളം, ആ കുളത്തിനടുത്തായി വലിയൊരു കരിമ്പന. അതിൽ നിറയെ കൂരിയാറ്റകളുടെ കൂടുകളാണ്. തികച്ചും പ്രകൃതിരമണീയമായ അന്തരീക്ഷം. പ്രകൃതിയുടെ ഒരു പരിഛേദനം പോലെ ഒരു മന. അത് ശരിക്കും ഒരു അരങ്ങാണ്; സാഹിത്യത്തിന്റെയും അറിവിന്റെയും. ഉമ്മറത്ത് കസേരയിൽ ആരെയോ പ്രതീക്ഷിരിക്കുന്നതുപോലെയുള്ള മാടമ്പിന്റെ ഇരിത്തം മനസ്സിലുണ്ട്.

മാടമ്പ് പോയി എന്നറിയുമ്പോൾ മനസ്സിൽ നിന്നും,ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി എന്തൊക്കെയാ പറിച്ചെടുത്തതുപോലെ. അറിവിന്റെ വലിയൊരു സാന്ത്വനമായിരുന്നു അദ്ദേഹം. ചെറിയൊരു അനക്കമായി എവിടെയെങ്കിലും ഉണ്ട് എന്നറിഞ്ഞാൽ മതിയായിരുന്നു സമാധാനിക്കാൻ. ഗ്രന്ഥങ്ങളാൽ വലയം ചെയ്യപ്പെട്ട മുറിയിലെ ചാരുകസേരയിൽ കുനിഞ്ഞിരുന്ന വായിക്കുന്ന മാടമ്പ്, ഇല്ലെങ്കിൽ ഊന്നുവടികൾ ചെത്തിമിനുക്കുന്ന മാടമ്പ്, നിറയെ ഊന്നുവടികൾ ഉണ്ടാക്കിവെക്കുമായിരുന്നു അദ്ദേഹം. ചിലപ്പോൾ നിറയെ ചിത്രങ്ങൾ വരച്ചുവെച്ചിരിക്കുന്നതു കാണാം...ചിത്രം വരക്കാൻ വലിയ ഇഷ്ടമായിരുന്നു. ഏതു കാര്യം ചോദിച്ചാലും ഒരു പതിനഞ്ചുമിനിറ്റ് ആധികാരികമായി സംസാരിക്കാൻ കഴിയും. നിവർന്ന നെഞ്ചുറപ്പോടെ ആരുടെ മുമ്പിലും ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയുന്ന മാടമ്പ്. മലയാള സിനിമയിൽ ഒറ്റയാനായിരുന്നു അദ്ദേഹം. ആരെയും കൂസാത്ത, ആരോടും പക്ഷപാതമില്ലാത്ത, ആരുടെയും പ്രലോഭനങ്ങളിൽ വീഴാത്ത തലയുയർത്തി നടന്ന ഒറ്റയാൻ.

Content Highlights : Obit note to Writer Madambu Kunjukuttan by Veteran Director Jayaraj

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sathyan Anthikkad

1 min

'ഞാനെന്തുകൊണ്ട് ഇപ്പോഴും പേനയും പേപ്പറും ഉപയോഗിക്കുന്നു?'; സത്യന്‍ അന്തിക്കാട് മറുപടി എഴുതുന്നു...

Jan 23, 2022


S. Sithara, Indu Menon, K.Rekha

10 min

'ഒരു ഭാര്യയെ തരൂ, കേരളത്തിലിരുന്നുകൊണ്ട് മാര്‍ക്കേസ് ആവുന്നത് കാണിച്ചുതരാം!'

Sep 19, 2023


sarah Joseph

7 min

ഗോമൂത്രത്തിലെ സ്വര്‍ണം, ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറി;ദേശീയ വിദ്യാഭ്യാസനയം എങ്ങോട്ടാണ്?- സാറാ ജോസഫ്

Sep 4, 2023


Most Commented