ക്രുദ്ധനായ ഭീമന്‍, നിതീഷ് ഭരദ്വാജിനും മുന്നേ ഇടംപിടിച്ച കൃഷ്ണന്‍... ശങ്കര്‍, മറക്കില്ല ആ കാലം


രവിമേനോന്‍

മത്സരിച്ചു വരച്ചവരെങ്കിലും ആത്മസുഹൃത്തുക്കളായിരുന്നു ശങ്കറും ചിത്രയും. ചിത്രയുടെ യഥാര്‍ത്ഥ നാമം ടി വീരരാഘവന്‍. 'വാപ' എന്ന പേരില്‍ കവര്‍ ചിത്രങ്ങള്‍ വരച്ച വദ്ദാഡി പാപ്പയ്യയായിരുന്നു മറ്റൊരു സുപരിചിത നാമം.

ഫോട്ടോ: മാതൃഭൂമി ആർക്കെവ്‌സ്‌

ബാല്യത്തിന്റെ ബ്ളാക്ക് ആൻഡ് വൈറ്റ് സ്മൃതികളെ വരയുടെ ഇന്ദ്രജാലത്താൽ വർണാഭമാക്കിയ ഒരാൾ കൂടി ഓർമ്മയായി- ശങ്കർ. 'അമ്പിളി അമ്മാവ'ന്റെ സ്റ്റാഫ് ആർട്ടിസ്റ്റ്. ചിത്രമെഴുത്തിലെ ഒരിക്കലും മറക്കാനാവാത്ത കയ്യൊപ്പിന്റെ ഉടമ.

'രണ്ടാമൂഴ'ത്തിലെ നമ്പൂതിരിച്ചിത്രമായി പുനർജ്ജനിക്കും മുൻപ് ശങ്കറിന്റെ ഭീമസേനനായിരുന്നു എന്റെ മനസ്സിലെ ഒരേയൊരു ഭീമൻ. മഹാഭാരതം സീരിയലിൽ കള്ളച്ചിരിയോടെ നിതീഷ് ഭരദ്വാജ് പകർന്നാടും വരെ ശങ്കറിന്റെ ശ്രീകൃഷ്ണനായിരുന്നു എന്റെയും ശ്രീകൃഷ്ണൻ. വിക്രമാദിത്യനും അർജ്ജുനനും രാമലക്ഷ്മണന്മാരും ചന്ദ്രഗുപ്ത മൗര്യനും നരനാരായണന്മാരുമെല്ലാം ആ പഴയ സ്കൂൾ കുട്ടിയുടെ വർണസ്വപ്നങ്ങളിൽ വന്നു നിറഞ്ഞത് ശങ്കറിന്റെയും ചിത്രയുടെയും വരകളിലൂടെയാണ്...

ശങ്കറും ചിത്രയും. കഥകളുറങ്ങുന്ന ചിത്രങ്ങൾക്ക് പിന്നിലെ മാന്ത്രികകരങ്ങൾ. കരുത്തരായ ആണുങ്ങളെ വരക്കുന്നതിലായിരുന്നു ശങ്കറിന് മിടുക്ക്. ചിത്രയുടെ വരകളിലാകട്ടെ പെൺസൗന്ദര്യം നിറഞ്ഞുതുളുമ്പി. യേശുദാസിനേയും ജയചന്ദ്രനേയും എന്ന പോലെ, നസീറിനേയും ജയനെയുമെന്നപോലെ, ധാരാസിംഗിനെയും കിംഗ്കോംഗിനെയും എന്നപോലെ, ഇന്ദർസിംഗിനെയും മഗൻസിംഗിനെയുമെന്നപോലെ രണ്ടു ചിത്രകാരന്മാരെയും വാശിയോടെ പങ്കിട്ടെടുത്തു ഞാനും അനിയൻ റെജിയും. ശങ്കറായിരുന്നു എനിക്ക് പ്രിയങ്കരൻ. റെജിക്ക് ചിത്രയും. ആരുടേതാണ് നല്ല വര എന്ന് പറഞ്ഞു മത്സരിക്കുന്നതിൽ പോലുമുണ്ടായിരുന്നു ഒരു രസം. ഉള്ളിൽ രണ്ടു ചിത്രമെഴുത്തുകാരോടും ആരാധന ഉണ്ടായിട്ടും. ഒപ്പം അച്ചടിച്ചുവന്ന കഥകളേക്കാൾ സംഭവബഹുലവും നാടകീയവുമായിരുന്നു ആ ചിത്രങ്ങൾ.

കഥാപാത്രങ്ങളുടെ സൂക്ഷ്മഭാവങ്ങൾ എങ്ങനെ ഈ കലാകാരന്മാർ ഇത്ര വിദഗ്ദ്ധമായി ഒപ്പിയെടുക്കുന്നു എന്നോർത്ത് അത്ഭുതം തോന്നിയിട്ടുണ്ട്. കൗരവ സദസ്സിനു നടുവിൽ നിലത്തിരുന്ന് ഭീമസേനൻ ക്രുദ്ധനായി ആക്രോശിക്കുന്ന ചിത്രമാണ് ഓർമ്മയിൽ. നൂറോളം കഥാപാത്രങ്ങൾ നിരന്നിരിക്കുന്ന ചിത്രം. ഓരോ മുഖത്തും വിടരുന്ന ഭാവങ്ങൾക്ക് എത്ര വൈവിധ്യം; എത്ര സൂക്ഷ്മത.... വയനാട്ടിലെ ഞങ്ങളുടെ വീടിന്റെ ഉമ്മറത്തെ നീണ്ട ബെഞ്ചിൽ കമിഴ്ന്നുകിടന്ന് 'അമ്പിളിയമ്മാവൻ' വള്ളിപുള്ളി വിടാതെ വായിച്ചു ഹൃദിസ്ഥമാക്കിയ കുട്ടിയുടെ ഓർമ്മയിൽ ആ ചിത്രങ്ങൾ ഓരോന്നും ഇന്നും മിഴിവോടെ നിറഞ്ഞുനിൽക്കുന്നു.

കെ സി ശിവശങ്കരൻ -അതാണ് ശങ്കറിന്റെ യഥാർഥ പേര്. ജനിച്ചത് ഈറോഡിൽ. ചെന്നൈ ഗവ. ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബിരുദമെടുത്ത ശേഷം 'കലൈമകൾ' എന്ന മാസികയിലൂടെ 1946-ൽ കലാസപര്യ തുടങ്ങിയ ശങ്കറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് 1952 ലായിരുന്നു; ബാലപ്രസിദ്ധീകരണമായ 'ചന്ദാമാമ' യിൽ വരയ്ക്കാൻ ഉടമകളായ ബി നാഗിറെഡ്ഢിയും ചക്രപാണിയും ക്ഷണിച്ചപ്പോൾ. അറുപതു വർഷത്തോളം 'ചന്ദാമാമ'യ്ക്കും അതേ മാസികയുടെ മറുഭാഷാ പതിപ്പുകൾക്കും വേണ്ടി വരച്ചു ശങ്കർ, മലയാളത്തിലെ അമ്പിളി അമ്മാവൻ ഉൾപ്പെടെ.

1980-കളിൽ മാസികയുടെ പ്രചാരം പത്തു ലക്ഷത്തിലെത്തിച്ചതിൽ ശങ്കറിനെയും ചിത്രയേയും പോലുള്ള ആർട്ടിസ്റ്റുകൾക്കും ഉണ്ടായിരുന്നു നല്ലൊരു പങ്ക്. ''ചന്ദമാമയുടെ വിശ്വസ്തരായ വണ്ടിക്കാളകളാണ് ശങ്കറും ചിത്രയും''-നാഗിറെഡ്ഢി ഒരിക്കൽ പറഞ്ഞു. ''അവരുടെ കരുത്തുറ്റ ചുമലുകളിലാണ് ഈ കാളവണ്ടിയുടെ ഭാരമത്രയും.''

മത്സരിച്ചു വരച്ചവരെങ്കിലും ആത്മസുഹൃത്തുക്കളായിരുന്നു ശങ്കറും ചിത്രയും. ചിത്രയുടെ യഥാർത്ഥ നാമം ടി വീരരാഘവൻ. 'വാപ' എന്ന പേരിൽ കവർ ചിത്രങ്ങൾ വരച്ച വദ്ദാഡി പാപ്പയ്യയായിരുന്നു മറ്റൊരു സുപരിചിത നാമം. 1979-ൽ ചിത്ര അന്തരിച്ചതോടെ എല്ലാ അർത്ഥത്തിലും ഒറ്റയ്ക്കായി ശങ്കർ. അപ്പോഴേക്കും ബാലമാസികകളുടെ കെട്ടും മട്ടും മാറിത്തുടങ്ങിയിരുന്നു. എങ്കിലും 'അമ്പിളി അമ്മാവൻ' കുട്ടികളുടെ പ്രിയമാസികയായിത്തന്നെ തുടർന്നു; വർഷങ്ങളോളം. ഗ്രാഫിക്സ് പൂർവ കാലത്ത് അമ്പിളിയമ്മാവനിൽ ശങ്കർ- ചിത്ര ജോഡി വരച്ച ചിത്രങ്ങൾ പുതിയ തലമുറയ്ക്ക് പോലും അത്ഭുതക്കാഴ്ചകളാണിന്നും. വിക്രമാദിത്യ കഥകൾക്ക് (മലയാളത്തിൽ വിക്രമാർക്കൻ) വേണ്ടി 1960-കളിൽ ശങ്കർ വരച്ച ശീർഷകചിത്രം 2012-ൽ പ്രസിദ്ധീകരണം നിർത്തും വരെ മുടങ്ങാതെ വന്നിരുന്നു മാസികയിൽ.

ചെന്നൈയിലെ വീട്ടിൽ കഴിഞ്ഞ ദിവസം തൊണ്ണൂറ്റിയാറാം വയസ്സിൽ മരണത്തിന് കീഴടങ്ങിയ പ്രിയ ചിത്രകാരന് ആദരാഞ്ജലികൾ. ശങ്കറിന്റെ ചിത്രങ്ങൾ ഇല്ലായിരുന്നെങ്കിൽ ബാല്യം എത്ര വർണ്ണരഹിതമായേനേ എന്നോർക്കുന്നു ഇപ്പോൾ.

Content Highlights: Obit note to Artist Sankar by Ravi Menon Chandamama

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented