എൻ.വി കൃഷ്ണവാരിയർ
അന്തിയില്‍ പ്രൊജക്ട് ഹൗസില്‍
ക്കാറിറങ്ങുന്നു ഗോഡ്‌സേ
മന്ത്രിയെക്കാണാനെത്തി
ച്ചേരുന്നു പ്രമാണിമാര്‍;
കമ്പനിത്തലവന്മാര്‍,
കമ്മീഷനേജന്റുമാര്‍,
കണ്‍ട്രാക്ടര്‍മാരും കക്ഷി
മുഖ്യരും കളക്ടറും
മദ്യവും ഖാദ്യങ്ങളു
മെത്തിച്ചു ടൂറിസ്റ്റ് ഹോട്ടല്‍;
മുഗ്ധ ഹാസ്യയാളെത്തി
സാമൂഹ്യപ്രവര്‍ത്തക...
(ഗാന്ധിയും ഗോഡ്‌സെയും)
മലയാള രാഷ്ട്രീയ കവിതകള്‍ക്ക് മാറ്റും ഭാവവും പുതിയ മുഖവും നല്‍കിയ എന്‍.വി കൃഷ്ണവാരിയരുടെ 'ഗാന്ധിയും ഗോഡ്‌സെ'യും എന്ന കവിതയിലെ വരികളാണിവ. റേഷന്‍ കടയില്‍ അരി വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന ഗാന്ധിയെയും അന്തിച്ചര്‍ച്ചയ്ക്കായി കാറില്‍ പോകുന്ന ഗോഡ്‌സെയെയും അവതരിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ മുഖത്തേക്കാണ് എന്‍.വി കൃഷ്ണവാരിയര്‍ അക്ഷരങ്ങളാല്‍ ആഞ്ഞുപ്രഹരിച്ചത്.
പതിനെട്ടുഭാഷകള്‍, കവിത, നാടകം, സഞ്ചാരസാഹിത്യം, വിവര്‍ത്തനം, ബാലസാഹിത്യം, ലേഖനങ്ങള്‍ തുടങ്ങി എഴുത്തിന്റെ സകല മേഖലകളിലും വിഹരിച്ച നെരുക്കാവ്‌വാര്യം കൃഷ്ണവാരിയര്‍ എന്ന എന്‍.വി കൃഷ്ണവാരിയര്‍ ഓര്‍മയായിട്ട് മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'ഗാന്ധിയും ഗോഡ്‌സെ'യും എന്ന കവിത അറിയപ്പെടുന്നത് സ്വാതന്ത്ര്യനന്തര ഇന്ത്യയിലെ സാമൂഹിക- രാഷ്ട്രീയ സ്ഥിതികള്‍ വിലയിരുത്തുന്ന കൃതി എന്ന വിശേഷണത്തോടെയാണ്. 'കൊച്ചുതൊമ്മന്‍', 'കാളിദാസന്റെ സിംഹാസനം' തുടങ്ങിയ കവിതാസമാഹാരങ്ങള്‍ക്കുപുറമേ 'വള്ളത്തോളിന്റെ കാവ്യശില്പം' എന്ന വിമര്‍ശനകൃതിയും എന്‍.വിയുടെ സംഭാവനയാണ്.
1916 മെയ് മാസത്തില്‍ ജനിച്ച എന്‍.വി. 1942ല്‍ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. അക്കാലത്താണ് ഒളിവിലിരുന്ന് 'സ്വതന്ത്രഭാരതം' എന്ന പത്രം പ്രസിദ്ധീകരിച്ചത്. 1939ലാണ് 'അഹിംസക സൈന്യം' എന്ന കവിത പുറത്തുവന്നത്. 1942ല്‍ 'മഹാത്മാഗാന്ധി' എന്ന കവിതയും പ്രസിദ്ധീകരിച്ചു. കേരള സര്‍വകലാശാലയില്‍ ലക്ചററായി ജോലിനോക്കുമ്പോഴാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി ചുമതലയേല്‍ക്കുന്നത്.
മാതൃഭൂമിയിലിരുന്ന് ഒരു തലമുറയെ സാഹിത്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ എന്‍.വി. കൃഷ്ണവാര്യര്‍ പത്രാധിപര്‍ എന്നനിലയില്‍ വലിയൊരു സാഹിത്യസേവനമാണ് നിര്‍വഹിച്ചുപോന്നത്. കേരള സാഹിത്യ അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലിരുന്ന് അവയെ ദീര്‍ഘവീക്ഷണത്തോടെ നയിച്ച എന്‍.വി. മാതൃഭൂമിയെ കൂടാതെ കുങ്കുമം, കലാലയം എന്നീ വാരികകളുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചു. നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും കൃഷ്ണവാര്യരെ തേടിയെത്തിയിട്ടുണ്ട്.
നിരവധി ബിരുദങ്ങള്‍ കരസ്ഥമാക്കിയ കൃഷ്ണവാര്യര്‍ മലയാളവൃത്തങ്ങളെ സംബന്ധിച്ച ഗവേഷണത്തിന് എം.ലിറ്റും നേടുകയുണ്ടായി. ജര്‍മന്‍, തമിഴ്, ഹിന്ദി, കന്നഡ, റഷ്യന്‍ ഭാഷകളില്‍ എന്‍.വി.യ്ക്ക് അഗാധ പാണ്ഡിത്യമുണ്ടായിരുന്നു.
നീണ്ട കവിതകള്‍, കുറേക്കൂടി നീണ്ട കവിതകള്‍, , ഗാന്ധിയും ഗോഡ്‌സെയും, ചാട്ടവാര്‍, കാളിദാസന്റെ സിംഹാസനം എന്നിവയാണ് എന്‍.വി.യുടെ പ്രധാന കവിതാസമാഹാരങ്ങള്‍. കാപട്യത്തോടും അധികാരക്കൊതിയോടുമുള്ള ഒടുങ്ങാത്ത രോഷമാണ് എന്‍.വി കവിതകളുടെ മുഖമുദ്ര. അസതി, വാസ്‌കോഡ ഗാമ എന്നിങ്ങനെ നാടകങ്ങളും ശ്രീബുദ്ധചരിതം, ചിത്രാംഗദ എന്നീ ആട്ടക്കഥകളും പരിപ്രേക്ഷ്യം, സമാകലനം, വള്ളത്തോളിന്റെ കാവ്യശില്പം എന്നീ നിരൂപണഗ്രന്ഥങ്ങളും എടുത്തുപറയേണ്ടവതന്നെ.
വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍, വെല്ലുവിളികള്‍ പ്രതികരണങ്ങള്‍, അന്വേഷണങ്ങള്‍ കണ്ടെത്തലുകള്‍, മനനങ്ങള്‍ നിഗമനങ്ങള്‍, വീക്ഷണങ്ങള്‍ വിമര്‍ശങ്ങള്‍, ഓളങ്ങള്‍ ആഴങ്ങള്‍ എന്നിവയാണ് ലേഖനസമാഹാരങ്ങള്‍. ഋജുവും ലളിതവുമാണ് എന്‍.വി.യുടെ ഗദ്യശൈലി. കവിതയിലും നിരൂപണത്തിലും പത്രപ്രവര്‍ത്തനത്തിലും പുതുവഴികള്‍ കണ്ടെത്തിയ എന്‍.വി. എന്ന ധിഷണാശാലി 1989 ഒക്ടോബര്‍ 12 ന് വിടപറഞ്ഞു.
Content Highlights : NV Krishna Warrier 32 Death Anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..