-
തൃശ്ശൂര്‍പൂരമില്ലാത്ത ഒരു വര്‍ഷം കടന്നുപോവുകയാണ്. വെറുമൊരു പൂരമായിരുന്നില്ല തൃശ്ശൂര്‍പൂരം. അത് മനസ്സുകളുടെ ഒരു മഹാസംഗമമായിരുന്നു. എല്ലാ കാലത്തും വീട്ടിലിരിപ്പ് (Stay home) ശീലമാക്കിയിരുന്ന വി.കെ.എന്‍. തൃശ്ശൂര്‍പൂരത്തെയും വാദ്യമേളങ്ങളെയും കുറിച്ചുപറഞ്ഞ ഫലിതങ്ങളില്‍ ചിലതാണിവ. ജനങ്ങളെല്ലാം വീട്ടിലിരിക്കുന്ന അസാധാരണമായ ഇക്കാലത്ത് തിരുവില്വാമലയില്‍നിന്നുള്ള ആ ചിരി മലയാളി ശരിക്കും 'മിസ്' ചെയ്യുന്നു.
നമ്പൂതിരിയും കാര്യസ്ഥനും തൃശ്ശൂര്‍ റൗണ്ടിലൂടെ നടക്കുകയാണ്. നേരം ഉച്ചയായപ്പോള്‍ നമ്പൂതിരി കാര്യസ്ഥനോട് പറഞ്ഞു: ''ഞാന്‍ ബ്രഹ്മസ്വം മഠത്തില്‍ ചെന്ന് ഊണുകഴിച്ചിട്ട് വരാം. നിയ്യ് ആ ഇലഞ്ഞിത്തറയില്‍ ചെന്ന് മേളം കേട്ടുകൊണ്ടിരുന്നോ''.
തൃശ്ശൂര്‍പൂരത്തിന് കാലബന്ധമില്ലാത്ത മാജിക്കല്‍ റിയലിസം സൃഷ്ടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വി.കെ.എന്‍.പറഞ്ഞു: ''പാണ്ടിമേളത്തിന് പതിത്വമുണ്ട്. പുറത്താണ് സ്ഥാനം. കാര്യസ്ഥന് അതാണ് വിധിച്ചിട്ടുള്ളത്.'' തോണി മറിഞ്ഞപ്പോള്‍ 'കലക്കിക്കുടിക്കട കൊശവ' എന്ന് ദേഷ്യപ്പെട്ട നമ്പൂതിരിയുടെ ആധുനികരൂപം. രണ്ട് മനോഭാവങ്ങളാണ്.
പുരുഷാരത്തിന്റെ മഹാപൂരമായ തൃശ്ശൂര്‍പൂരം ചരിത്രത്തിലാദ്യമായി ശൂന്യതയുടെയും വേദനയുടെയും ആദ്യപൂരമാവുന്ന വേളയില്‍ ചില വി.കെ.എന്‍.ചിരിപ്പൂരമുഹൂര്‍ത്തങ്ങള്‍ ഓര്‍മയിലെത്തുന്നു.
കാല്‍നൂറ്റാണ്ട് മുമ്പാണ്. ഇടയ്ക്കവാദകന്‍ തിരുവില്വാമല ഹരിയുടെ വിവാഹം. വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ വി.കെ.എന്‍. നില്‍ക്കുന്നു. കുറച്ചകലെ പല്ലാവൂര്‍ അപ്പുമാരാരുണ്ട്. ഞാന്‍ പല്ലാവൂരിനോട് വി.കെ.എന്‍. വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അപരിചിതഭാവത്തില്‍ നോക്കി. അപ്പുമാരാരെയും കൂട്ടി വി.കെ.എന്നിന്റെ അടുത്തെത്തി. ''ഇത് ഞങ്ങടെ നാരായണന്‍കുട്ടി സാറല്ലേ. വി.കെ.എന്‍. എന്ന് പറഞ്ഞപ്പോ മനസ്സ്ലായ്ല്യാ.'' പല്ലാവൂര്‍ ദേവസ്വത്തില്‍ കുറെക്കാലം ഓഫീസറായിരുന്ന വി.കെ. നാരായണന്‍ കുട്ടി നായരോടുള്ള ബഹുമാനമായിരുന്നു പൊതുവേ ആരെയും കൂസാത്ത പല്ലാവൂര്‍ അപ്പുമാരാരുടെ മുഖത്ത് ഉണര്‍ന്നത്. വി.കെ.എന്നിനെ കാണാന്‍ പല്ലാവൂര്‍ മണിയന്‍മാരാരും കുഞ്ഞുക്കുട്ടമാരാരും വരുന്നു. അതുകണ്ട വി.കെ.എന്‍.പറഞ്ഞു: ''മഠത്തില്‍ വരവാണ്. മണിയനും കുഞ്ഞൂട്ടനും ഉണ്ട്. അപ്പു ശംഖ് വിളിച്ച് െവച്ചതേയുള്ളൂ.'' പ്രതാപികളായ പല്ലാവൂര്‍ സഹോദരന്മാര്‍ പഴയ നാരായണന്‍കുട്ടി സാറിന്റെ മുന്നില്‍ വിനീതരായി. കഴിഞ്ഞ തൃശ്ശൂര്‍പൂരത്തിന് റേഡിയോയില്‍ പഞ്ചവാദ്യം കേള്‍ക്കണമെന്ന് മണിയന്‍ മാരാര്‍ ഫോണ്‍ ചെയ്തകാര്യം വി.കെ.എന്‍.ഓര്‍മിച്ചു.

''കലവറയില്‍ നിന്ന് ഞങ്ങള്‍ക്ക് തേച്ചുകുളിക്കാന്‍ എണ്ണയൊക്കെ തന്നിരുന്ന സാറാണ്'' -കുഞ്ഞുക്കുട്ട മാരാര്‍ പറഞ്ഞു. തായമ്പകയൊക്കെ കേള്‍ക്കാന്‍ വന്നിരുന്നു. അവര്‍ പല്ലാവൂര്‍ക്കാലം ഓര്‍മിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് വി.കെ.എന്‍.പറഞ്ഞു: ''ഇനി നിന്നാല്‍ ഈ വിജയകൃഷ്ണന്‍ നിങ്ങളെ ചെണ്ട കൊട്ടിക്കുന്നത് കാണേണ്ടിവരും. പിന്നെ അത് വായിക്കേണ്ടിയും വരും.'' പതുക്കെ നടക്കുമ്പോള്‍ വി.കെ.എന്‍. അന്വേഷിച്ചു: ''അപ്പുക്കുട്ടിപ്പൊതുവാളെ കണ്ടില്ലല്ലോ''. കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാള്‍ തിരുവില്വാമലക്കാരനാണ്. അപ്പുക്കുട്ടിപ്പൊതുവാളുടെ അറുപതാം പിറന്നാളിന് കേരള കലാമണ്ഡലത്തില്‍ പ്രസംഗിക്കാന്‍ പോയ കഥ വി.കെ.എന്‍.പറഞ്ഞു. പൊതുവാള്‍ക്ക് കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ തിരുവില്വാമലയിലെ സ്വീകരണത്തിലും വി.കെ.എന്‍.പങ്കെടുത്തു.
''അപ്പുക്കുട്ടിപ്പൊതുവാള്‍ പണ്ട് പഞ്ചവാദ്യത്തിനും കൊട്ടിയിരുന്നു. കളിക്കൊട്ട് തകര്‍ക്കും. വെങ്കിച്ചന്‍ സ്വാമിയെ ഞാന്‍ കണ്ടിട്ടുണ്ട്. സദാ പ്രസന്നവാനായിരുന്നു. ആ പ്രസന്നത അപ്പുക്കുട്ടിപ്പൊതുവാളുടെ മദ്ദളത്തിനുണ്ട്. മദ്ദളക്കാര്‍ക്ക് ഹെര്‍ണിയ വരാന്‍ സാധ്യത കൂടുമെന്ന് പി.കെ. വാരിയര്‍ പറഞ്ഞിട്ടുണ്ട്.'' ഒരിക്കല്‍ ഞാന്‍ വി.കെ.എന്നിന്റെ വീട്ടിലെത്തി 'മാതൃഭൂമി ബുക്‌സ്' പ്രസിദ്ധീകരിക്കുന്ന എന്റെ 'കേരളീയ കലാപഠനങ്ങള്‍' എന്ന പുസ്തകത്തിന് അവതാരിക എഴുതാമെന്ന് വി.കെ.എന്‍.സമ്മതിച്ചിരുന്നു. 'വാദ്യവിദ്യ' എന്ന തലക്കെട്ടിലെ അവതാരികയുടെ ആദ്യ ഖണ്ഡിക ഇപ്രകാരമായിരുന്നു: 'ഇടയ്ക്ക, തിമില, കൊമ്പ്, ചെണ്ട, കിണ്ട്യാപ്സ്' തുടങ്ങിയ വാദ്യോപകരണങ്ങളെയും അവയുടെ പ്രയോക്താക്കളെയും പറ്റിയാണല്ലോ ഈ ഗ്രന്ഥത്തില്‍ പരാമൃഷ്ടമായിട്ടുള്ളത്. മൃഷ്ടാന്നം'. വി.കെ.എന്‍.പറഞ്ഞു: ''കിണ്ട്യാപ്സ് എന്താന്ന് സംശയം വരാം. നാട്യശാസ്ത്രവും അമരകോശവും നോക്കിക്കാനുള്ള ഒരു വിദ്യയാണ്.'' തിരുവില്വാമല പറക്കോട്ടുകാവുപൂരത്തിനു പോയപ്പോള്‍ വി.കെ.എന്നിന്റെ വീട്ടിലും പോയി. തട്ടകത്തിലെ പൂരങ്ങള്‍ക്കൊന്നും വി.കെ.എന്‍.പോകാറില്ല: ''വെടിക്കെട്ടില്‍ നിന്നറിയാം പകല്‍പ്പൂരത്തിന്റെ തെരക്ക്.'' എന്നാണ് വി.കെ.എന്‍.പറഞ്ഞത്. അന്ന് വി.കെ.എന്‍.ഒരു കഥ പറഞ്ഞു: ''ഒരു പൂരപ്പിറ്റേന്ന് ഒരു നമ്പൂതിരി ഇല്ലത്ത് കള്ളന്‍ കടന്നു. നമ്പൂതിരിയും അകത്തുള്ളാളും കള്ളന്‍ കയറിയത് അറിഞ്ഞിട്ടുണ്ടായിരുന്നു. രണ്ടാള്‍ക്കും ലവലേശം പരിഭ്രമമില്ല. അവര്‍ തമ്മിലുള്ള സംസാരം കള്ളന്‍ കേട്ടു. 'എന്താച്ചാല്‍ കൊണ്ടോയ്ക്കോട്ടെ. ആ ഉത്രത്തില്‍ കാല്‍മാത്രം കൊണ്ടാവാത്ര്ന്നാല്‍ മത്യായ്രുന്നു.'. സംഭരിച്ച സാധനങ്ങളൊക്കെ അവിടെവെച്ച് എന്തോ സ്വര്‍ണസാധനമാണെന്നുധരിച്ച് കള്ളന്‍ ഉത്രത്തില്‍ കാല്‍ തപ്പിത്തപ്പി നടന്നു. അങ്ങനെ വെളിച്ചായതും കള്ളന്‍ വെറുംകൈയോടെ മടങ്ങി. അകത്തുള്ളാള്‍ ഉത്രത്തില്‍ കാലിനെക്കുറിച്ചുചോദിച്ചപ്പോള്‍ നമ്പൂതിരി പറഞ്ഞു: ''നമ്മുടെ ജന്മനക്ഷത്രമാണ്''. അടുത്തുതന്നെ എഴുതാനിരിക്കുന്ന 'പൊടിപൂരം തിരുനാള്‍' എന്ന കഥയില്‍ ഈ സന്ദര്‍ഭം ഉണ്ടാകുമെന്നും വി.കെ.എന്‍. പറയുകയുണ്ടായി.
കോട്ടയ്ക്കല്‍ ശിവരാമന്‍, പ്രായം കൂടിയതിനാല്‍ ചില സ്ത്രീവേഷങ്ങള്‍ ഇനി കെട്ടില്ലെന്നു പ്രഖ്യാപിച്ച വേളയില്‍ ഒരു ദിവസം വി.കെ.എന്നും ശിവരാമനും യാദൃച്ഛികമായി കണ്ടുമുട്ടി. ''പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ഒന്നാംദിവസം ദയമന്തിവരെ കെട്ടാവുന്നതേയുള്ളൂ. പ്രഖ്യാപനം പിന്‍വലിക്കണം.'' - വി.കെ.എന്‍. തന്നെയാണ് ഈ കഥ വിവരിച്ചത്. നര്‍മക്കാരെല്ലാം നിര്‍മമരുമാണ്. വി.കെ.എന്നിന് ബഷീര്‍പുരസ്‌കാരം സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവില്വാമലയില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അടക്കം പങ്കെടുത്ത ചിത്രകലാക്യാസുദിനങ്ങള്‍ ഉണ്ടായി. വി.കെ.എന്‍.പോയില്ല. തൊട്ടടുത്തായിട്ടും അവാര്‍ഡ് വാങ്ങാനും പോകുന്നില്ല എന്നു തീരുമാനിച്ചു. 'വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള അവാര്‍ഡ് തന്നതിന് പ്രവാസിട്രസ്റ്റിനെ അഭിനന്ദിക്കുന്നു' എന്നുമാത്രം ഒരു കടലാസില്‍ മറുപടിപ്രസംഗമായി എഴുതിത്തന്നു. ഇത് വിജയകൃഷ്ണന്‍ വായിച്ചാല്‍ മതി എന്നുപറഞ്ഞു. പെട്ടെന്നുതന്നെ ഒരു പ്രധാനകാര്യം എഴുതാന്‍ വിട്ടുപോയി എന്നുപറഞ്ഞ് കടലാസ് മടക്കി വാങ്ങി. ഞാന്‍ ആകാംക്ഷയോടെ വി.കെ.എന്‍. എഴുതുന്നതുനോക്കി. 'പ്രിയപ്പെട്ടവരേ, എന്ന് എഴുതി തിരിച്ചു തന്നു! എന്നിട്ടു പറഞ്ഞു: ''ശില്പം, പ്രശസ്തി പത്രം, പൊന്നാട ഒക്കെ എന്താച്ചാല്‍ ചെയ്യാം. ഡി.ഡി.യുടെ കവര്‍ സംഖ്യ ഉറപ്പുവരുത്തി ഇവിടെ ഏല്‍പ്പിക്കണം.'' ഒരു തൃശ്ശൂര്‍പൂരം ദിവസം വി.കെ.എന്‍. വിളിച്ചു. ''തൃശ്ശൂര്‍ക്ക് പോകുന്നുണ്ടോ'' എന്ന് അന്വേഷിച്ചു. എന്നിട്ടു പറഞ്ഞു: ''കേട്ടറിയുകയാണ് നല്ലത്. അസുരവാണിയില്‍ ആഖ്യാനസഹിതം ഉണ്ട്. രാവിലെ മണിയന്‍ (പല്ലാവൂര്‍ മണിയന്‍ മാരാര്‍) വിളിച്ചിരുന്നു. പതികാലത്തിലേ 'കഴിയ്ക്കാവൂ' എന്ന് പറഞ്ഞിട്ടുണ്ട്.'' 'കഴിയ്ക്കല്‍' പ്രയോഗം മണിയന്‍ മാരാര്‍ ആസ്വദിച്ചവിധം പറഞ്ഞ് വി.കെ.എന്‍.ചിരിച്ചു. പല്ലാവൂര്‍ സഹോദരന്മാരെ തിരുവില്വാമല നിളാതീരത്താണ് സംസ്‌കരിച്ചത്. 'അവര്‍ക്ക് ഇവിടമാണധ്യാത്മവിദ്യാലയം' എന്ന് പ്രരോദനത്തിലെ ശ്ലോകം ഓര്‍മിച്ച് വി.കെ.എന്‍. പറയുകയുണ്ടായി.
വി.കെ.എന്‍. അവസാനം വിളിച്ച തൃശ്ശൂര്‍പൂര ദിവസം ഓര്‍മവരുന്നു: വര്‍ത്തമാനത്തിനൊടുവില്‍ പറഞ്ഞു: 'ഈസ്റ്റിന്ത്യാക്കമ്പനി കൊച്ചി രാജ്യം ശക്തന്‍ തമ്പുരാന് വിട്ടുകൊടുത്തത് തൃശ്ശൂര്‍പൂരം നടത്താനുള്ള ചെലവ് പേടിച്ചിട്ടാണ്'. തുടര്‍ന്നുള്ള വി.കെ.എന്നിന്റെ ചിരി ഇലഞ്ഞിത്തറമേളത്തിന്റെ കലമ്പല്‍ പോലെ അനുഭവപ്പെട്ടു.
Content Highlights: NP Vijayakrishnan, memories, VKN


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..