അനീ എര്‍നൂ; സ്വന്തം ഓര്‍മ്മകളെ അവിശ്വസിക്കുന്ന ഓര്‍മ്മക്കുറിപ്പുകാരി


Annie Ernaux | Photo: AFP

''മറ്റുള്ളവരുടെ യാഥാര്‍ഥ്യങ്ങള്‍, അവരുടെ സംസാരശൈലി, അവര്‍ കാലുകള്‍ പിണച്ചുവെക്കുന്ന രീതി, സിഗരറ്റ് കത്തിക്കല്‍ തുടങ്ങിയവയില്‍ പൂര്‍ണമായി പരാജയപ്പെട്ടുപോകുന്ന ചില ജീവികളുണ്ട്. മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ അവര്‍ ചെളിയില്‍ പൂഴ്ന്നതുപോലെയായിത്തീരുന്നു. ഒരു പകലില്‍ അതിനേക്കാള്‍ ഒരു രാത്രിയില്‍ ഒരു അപരന്റെ ആഗ്രഹത്തിനും ഇച്ഛയ്ക്കും അകത്ത് അവര്‍ ഒലിച്ചുപോകുന്നു. അവരവരെപ്പറ്റി വിശ്വസിച്ചിരുന്നതെല്ലാം അപ്രത്യക്ഷമാകുന്നു. അവര്‍ അലിഞ്ഞില്ലാതാവുന്നു; അജ്ഞേയമായ സംഭവഗതികളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതിന്റെയും അനുസരിക്കുന്നതിന്റെയും തുടച്ചുമാറ്റപ്പെടുന്നതിന്റെയും പ്രതിബിംബങ്ങളെ നോക്കിനില്‍ക്കുന്നു. എപ്പോഴും ഒരടി മുന്നില്‍ നില്‍ക്കുന്ന ആ അപരന്റെ പിന്നിലായിരിക്കും അവരെപ്പോഴും. അവര്‍ ഒരിക്കലും ഒപ്പമെത്തുകയില്ല....''

ത്തവണത്തെ നൊബേല്‍ സമ്മാനജേതാവ് അനീ എര്‍നൂവിന്റെ ഒരു പെണ്‍കുട്ടിയുടെ കഥ എന്ന കൃതിയിലെ വാചകങ്ങളാണിവ. നൊബേല്‍ ഫ്രഞ്ച് സാഹിത്യത്തെ ഇത്തവണ പുല്‍കിയിരിക്കുന്നത് അനീ എര്‍നൂവിലൂടെയാണ്. സ്വന്തം ഓര്‍മ്മകളെ അവിശ്വസിക്കുന്ന ഓര്‍മ്മക്കുറിപ്പുകാരി എന്നാണ് അനീ എര്‍ന്യൂ വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീത്വത്തിന്റെ കരാളമായ സന്ദിഗ്ധതകളാണ് അവരുടെ എഴുത്തിനെ അടയാളപ്പെടുത്തുന്നതും വേറിട്ടതാക്കുന്നതും. സാഹിത്യം തന്റെ ജോലിയും ജീവിതവുമാക്കിയ എണ്‍പത്തിരണ്ടുകാരിയായ എര്‍ന്യൂ തന്റെ ആത്മകഥാപരമായ എഴുത്തുകളിലൂടെ അനുവാചകഹൃദയം കവര്‍ന്ന എഴുത്തുകാരിയാണ്. ഓര്‍മക്കുറിപ്പുകള്‍ എന്നാല്‍ ഫ്രാന്‍സുകാര്‍ക്ക് ഒരേയൊരു പേരാണ്; എര്‍ന്യൂ. എര്‍ന്യൂവിന്റെ നൊബേല്‍സമ്മാനപഥത്തിലേക്കുള്ള യാത്രയില്‍ കൂടെ നിന്നതും ഓര്‍മക്കുറിപ്പുകള്‍ തന്നെ.നോര്‍മാന്റിയിലെ സാധാരണ കുടുംബത്തില്‍ 1940-ലാണ് അനി എര്‍ന്യൂ ജനിക്കുന്നത്. യൂണിവേഴ്‌സിറ്റി തലത്തിലുള്ള പഠനങ്ങള്‍ക്കുശേഷം സ്‌കൂള്‍ അധ്യാപികയായി കരിയര്‍ ആരംഭിച്ച എര്‍ന്യൂ ആധുനിക സാഹിത്യത്തില്‍ ഉന്നതബിരുദം നേടി. ലോകസാഹിത്യത്തിലെ ഡയറിസ്റ്റ് എന്ന നിലയിലും എര്‍ന്യു പ്രശസ്തയാണ്. എര്‍ന്യുവിനെത്തേടി നൊബേല്‍ സമ്മാനമെത്തി എന്നത് ഡയറിയെഴുത്ത് സാഹിത്യത്തിന് കൂടി അഭിമാനം നല്‍കുന്നതാണ്.

മുപ്പത്തിനാലാമത്തെ വയസ്സിലാണ് അനീ എര്‍ന്യൂ തന്റെ പ്രഥമ നോവലായ Les Armoirs Vidse പ്രസിദ്ധീകരിക്കുന്നത്. ആത്മകഥാപരമായ നോവലെന്ന് സ്വയം സമ്മതിച്ചുകൊണ്ടായിരുന്നു എര്‍ന്യൂ അന്ന് വിമര്‍ശനങ്ങളെ നേരിട്ടത്. വ്യക്തിബന്ധങ്ങള്‍ക്ക് സാഹിത്യത്തില്‍ നിന്നല്ല ഒരിടത്തുനിന്നും മാറിനില്‍ക്കാന്‍ സാധിക്കുകയില്ലെന്ന് വെളിപ്പെടുത്തുന്നതായിരുന്നു പിന്നീടുള്ള എര്‍ന്യൂവിന്റെ നോവലുകളെല്ലാം തന്നെ. La Place എന്ന നോവലിലൂടെ അച്ഛന്‍-മകള്‍ ബന്ധവും ഊഷ്മളതയും ഫ്രാന്‍സിലെ കൊച്ചുപട്ടണവും അനശ്വരതയിലേക്കുയര്‍ത്താന്‍ എഴുത്തുകാരിക്ക് സാധിച്ചതോടെ വായനക്കാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വളരെയടുത്ത ബന്ധത്തിലെ ഒരാളായി മാറാന്‍ എര്‍ന്യൂവിന് കഴിഞ്ഞു. രണ്ടുനോവലുകള്‍ തികച്ചും വൈയക്തികാനുഭവങ്ങളിലേക്ക് വിരല്‍ചൂണ്ടിയപ്പോള്‍ ഭാവനയില്‍ അല്പം സത്യം കലര്‍ത്തുകയല്ല, സത്യത്തില്‍ വളരെ നേര്‍ത്ത ഭാവന കലര്‍ത്തുകയാണ് തന്റെ സാഹിത്യധര്‍മമെന്ന് എര്‍ന്യൂ തിരിച്ചറിഞ്ഞു. നോവലില്‍ നിന്ന് വളരെ പെട്ടെന്നുതന്നെ ഡയറിയെഴുത്തുകാരിയായി, ആത്മകഥാകാരിയായി എര്‍ന്യൂ ചുവടുമാറ്റി. ചരിത്രവും വൈയക്തികാനുഭവങ്ങളും സാമൂഹിക പ്രശ്‌നങ്ങളും രാഷ്ട്രീയവും തത്വചിന്തയും ശാസ്ത്രവും സത്യവും മിഥ്യയും എര്‍ന്യൂവിന്റെ ഡയറിയില്‍ കലര്‍പ്പില്ലാതെ, ആടയാഭരണങ്ങളൊഴിഞ്ഞ ഭാഷയില്‍ എഴുതപ്പെട്ടു. എല്ലാ പ്രായക്കാര്‍ക്കും എര്‍ന്യൂ പ്രിയപ്പെട്ട എഴുത്തുകാരിയായി മാറി.

കുട്ടിക്കാലത്തെ എര്‍ന്യൂവിനെ ബാലസാഹിത്യം ഏറ്റെടുത്തപ്പോള്‍ ടീനേജ്കാരോട് എര്‍ന്യൂപറഞ്ഞ രഹസ്യങ്ങള്‍, വിവാഹിതരോട് എര്‍ന്യൂ വെളിപ്പെടുത്തിയ സത്യങ്ങള്‍, മാതാപിതാക്കളോട് എര്‍ന്യൂ പറഞ്ഞ ഉപദേശങ്ങള്‍... എല്ലാം ഫ്രഞ്ച് സാഹിത്യം എതിര്‍പ്പുകളേതുമില്ലാതെ ഏറ്റെടുക്കുകയായിരുന്നു. ഫലമോ പടിപടിയായി എര്‍ന്യൂവിന്റെ കൃതികള്‍ ഭാഷയും ദേശവും കടന്ന് സഞ്ചരിച്ചുതുടങ്ങി. വിവാഹേതരബന്ധം മുതല്‍ അബോര്‍ഷനും കാന്‍സറും അള്‍ഷിമേഴ്‌സും സ്തനാര്‍ബുദവും എര്‍ന്യുവിന്റെ ഡയറികളിലെ വിഷയങ്ങളായി. 2008-ല്‍ എര്‍ന്യൂ പ്രസിദ്ധീകരിച്ച ദ ഇയേഴ്‌സ് എന്ന ചരിത്രാംശമുള്ള ഓര്‍മക്കുറിപ്പുകള്‍ ഫ്രഞ്ച് നിരൂപകര്‍ ഇരുകൈയുംനീട്ടി സ്വീകരിച്ചതോടെ ആഖ്യാനകലയിലെ വേറിട്ട നടത്തക്കാരി നിരവധി പുരസ്‌കാരങ്ങള്‍ക്കും ഉടമയായി. 2019-ല്‍ ബുക്കര്‍ പ്രൈസിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എര്‍ന്യൂവിനെത്തേടി സാഹിത്യത്തിലെ ഏറ്റവും മൂല്യമുള്ള പുരസ്‌കാരമായ നൊബേല്‍ സമ്മാനം തന്നെ എത്തിയിരിക്കുകയാണ്.

Content Highlights: Nobel Prize for Literature goes to French author Annie Ernaux


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented