സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഇത്തവണ ആര്‍ക്ക്?


മായ കടത്തനാട്‌

കടപ്പാട്: സ്വീഡിഷ് അക്കാദമി

ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സാഹിത്യസൃഷ്ടി ഏതെന്ന ചോദ്യത്തിന് കഴിഞ്ഞ 121 വര്‍ഷങ്ങളായി നൊബേല്‍ എന്ന സമ്മാനപദ്ധതിയാണ് വര്‍ഷാവര്‍ഷം ഉത്തരം നല്‍കിക്കൊണ്ടേയിരിക്കുന്നത്. ഒരു സമ്മാനത്തിനും മികച്ച സൃഷ്ടിയെയോ സ്രഷ്ടാവിനെയോ കണ്ടെത്താനാവില്ല എന്ന വാദം നിലനില്‍ക്കേ തന്നെ മികച്ചതായി പ്രഖ്യാപിക്കപ്പെടുന്നതിനെ അംഗീകരിക്കാന്‍ ലോകം തയ്യാറാവുന്നത് അത് നൊബേല്‍ സമ്മാനം ആയതുകൊണ്ടുകൂടിയാണ്. സ്വീഡിഷ് അക്കാദമി തികഞ്ഞ മാനദണ്ഡങ്ങളോടെ അതത് മേഖലകളിലെ മികവ് പുലര്‍ത്തിയവര്‍ക്ക് ലോകത്തെ ഏറ്റവും മുന്തിയ പുരസ്‌കാരമായി വാഴ്ത്തപ്പെടുന്ന നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുമ്പോള്‍ ജേതാവ് ഒരു രാജ്യത്തെ തന്നെ പ്രതിനിധാനം ചെയ്യുന്നയാളായി മാറുകയാണ്. സാഹിത്യം എക്കാലവും നൊബേലിനൊപ്പം ചേര്‍ന്നുതന്നെയാണ് നടന്നത്. 1901-ല്‍ സളി പ്രഥോം എന്ന ഫ്രഞ്ച് കവിയില്‍നിന്നും തുടങ്ങിയ നൊബേല്‍ സാഹിത്യസഞ്ചാരം പിറ്റേ വര്‍ഷം തിയോഡോര്‍ മോംസണ്‍ എന്ന ജര്‍മന്‍ എഴുത്തുകാരനിലൂടെ നിസ്തര്‍ക്കം പ്രയാണം തുടരുകയായിരുന്നു. കവിത, നോവല്‍, നാടകം, തത്വചിന്ത. നിരൂപണം തുടങ്ങി സാഹിത്യത്തിലെ എല്ലാ അടരുകളെയും സ്വീഡിഷ് അക്കാദമി നൊബേല്‍ സമ്മാനത്തിനായി പരിഗണിച്ചു. 1913-ല്‍ രബീന്ദ്രനാഥ ടാഗോര്‍ ഇന്ത്യയുടെ പേര് നോബേല്‍ സാഹിത്യസമ്മാനചരിത്രത്തില്‍ കൊത്തിവെച്ചു. 1984-ല്‍ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്ത പേരായിമാറി കമലാദാസ് എന്ന ഇന്ത്യന്‍ സാഹിത്യം.

ലോകമെമ്പാടും കൊട്ടിഘോഷിക്കപ്പെട്ട പേരുകളായ വില്യം ബട്‌ലര്‍ യേറ്റ്‌സ്, ബര്‍ണാഡ് ഷാ, തോമസ് മന്‍, യുജിന്‍ ഓനീല്‍, പേള്‍ എസ്.ബക്, ഹെര്‍മന്‍ ഹെസ്സേ, റ്റി.എസ് എലിയറ്റ്, വില്യം ഫാക്‌നര്‍, ബെര്‍ട്രാന്റ് റസ്സല്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍(ചരിത്രാന്വേഷകന്‍, പ്രാസംഗികന്‍ എന്നീ നിലകളിലാണ് ചര്‍ച്ചിലിന് നൊബേല്‍ ലഭിക്കുന്നത്) ഹെമിങ് വേ, കമു, സാമുവല്‍ ബെക്കറ്റ്, നെരൂദ, പാട്രിക് വൈറ്റ്, ഐ.ബി സിങ്ങര്‍, മാര്‍ക്കേസ്, വോല്‍ സോയ്ങ്ക, ഒക്ടേവിയോ പാസ്, നദൈന്‍ ഗോഡിമര്‍, ടോണി മോറിസണ്‍, ഷീമസീനി, വി.എസ് നെയ്‌പോള്‍, ഹരോള്‍ഡ് പിന്റര്‍, ഓര്‍ഹാന്‍ പാമുക്, ആലിസ് മണ്‍റോ, ബോബ് ഡിലന്‍, ഓള്‍ഡ ടൊടാര്‍ചുക്, പീറ്റര്‍ ഹാന്‍കേ, ലൂയിസ് ഗ്ലക്, അബ്ദുള്‍ റസാഖ് ഗുര്‍ണ... ഇവരെല്ലാം നൊബേല്‍ സമ്മാന നിറവില്‍ തങ്ങളുടെ സാഹിത്യത്തില്‍ അമര്‍ന്നിരുന്നവരാണ്.

നൊബേല്‍ സമ്മാനം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. സ്വീഡിഷ് അക്കാദമി തികച്ചും രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന നാമനിര്‍ദ്ദേശപട്ടിക പക്ഷേ ചില സ്രോതസ്സുകളില്‍ നിന്നും പുറത്താവുകയായിരുന്നു. അതത് രാജ്യങ്ങള്‍ നൊബേല്‍ സമ്മാനത്തിനായി നോമിനേറ്റ് ചെയ്തവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് അതിദീര്‍ഘമായ നൊബേല്‍ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവന്നിരിക്കുന്നത്. നോര്‍വേയില്‍ നിന്നാണ് നോവലിസ്റ്റും കഥാകൃത്തും നാടകകൃത്തും കവിയും ലേഖകനും കോളമിസ്റ്റുമായ ജോണ്‍ ഫോസ്സെയുടെ പേര് നൊബേല്‍ സമ്മാനത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കോര്‍മാക് മക് കാര്‍ത്തേ, ഗാരിയേല്‍ ലട്‌സ്, തോമസ് പന്‍ചോണ്‍, ഡോണ്‍ ഡെലിലോ, ജമൈക്ക കിന്‍കെയ്ഡ്, സ്റ്റീഫന്‍ കിങ്, കോള്‍സണ്‍ വൈറ്റ്‌ഹെഡ്, എഡ്മണ്ട് വൈറ്റ്, ജോയ്‌സ് കരോള്‍ ഒയേറ്റ്‌സ്, മാര്‍ത്ത നുസ്സബാം, രോബര്‍ച് കൂവര്‍, വെന്‍ഡല്‍ ബെറി, വില്യം ടി. വോള്‍മാന്‍, ചാള്‍സ് സിമിക്, മെരിലിന്‍ റോബിന്‍സണ്‍, എഡ്വിഡ്ജ് ഡാന്റികാറ്റ് തുടങ്ങിയ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടത് യുനൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്നാണ്. നോവലുകള്‍, കഥകള്‍, കവിതകള്‍, വിവര്‍ത്തനങ്ങള്‍, നാടകങ്ങള്‍ തുടങ്ങി എഴുത്തിന്റെ സകല മേഖലയും കയ്യാളിയ പ്രമുഖരാണ് അതത് രാജ്യങ്ങളില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ടവര്‍.

ഹംഗേറിയന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രസാന്‍ഹോര്‍ക്കിയുടെ പേരും നൊബേലിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. വിശ്വസാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള കൃതികളുടെ രചയിതാവാണ് ലാസ്ലോ. സാത്താന്‍ടാങ്കോ, ദ മെലങ്കളി ഓപ് റെസിസ്റ്റന്‍സ് തുടങ്ങിയ വിഖ്യാതകൃതികളുടെ സ്രഷ്ടാവാണ് ലാസ്ലോ.

മിഷേല്‍ ഹൗളീബെഖ്, പിയറി മിഷോണ്‍, ആനി എമക്‌സ്, ഇമ്മാനുവേല്‍ കാററി, ഹെലന്‍ സിയോസ്, മേഴ്‌സി കോംതെ, സ്‌കോളാസ്റ്റിക് മകാസോംഗെ, മേരി എന്‍ഡെയ്ന്‍, മിലാന്‍ കുന്ദേര തുടങ്ങിയ പേരുകള്‍ നൊബേല്‍ പ്രൈസിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത് ഫ്രാന്‍സില്‍ നിന്നാണ്. മിലാന്‍ കുന്ദേരയുടെ പേര് ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു എന്നത് പ്രതീക്ഷാവഹമാണ്.

കെനിയന്‍ നോവലിസ്റ്റും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഗുഗി തിയാങ്ങോയുടെ പേര് നൊബേല്‍ പട്ടികയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായിമുടങ്ങാതെ ഇടംപിടിച്ചതാണ്. കോളനി അപവത്ക്കരണത്തിന്റെ ഫലമായി നാട്ടുഭാഷയില്‍ സാഹിത്യം വരേണ്ടതിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിക്കൊണ്ട് സാഹിത്യപ്രവര്‍ത്തനം നടത്തുന്ന തിയോങ്ങോ കെനിയന്‍ സാഹിത്യത്തിന്റെ ശക്തനായ വക്താവ് കൂടിയാണ്.

വിശ്വസാഹിത്യത്തില്‍ ഇടക്കാലങ്ങളില്ലാതെ മുഴങ്ങിക്കേള്‍ക്കുന്ന പേരായ സല്‍മാന്‍ റുഷ്ദിക്കായി നൊബേല്‍ നാമനിര്‍ദ്ദേശം പോയിരിക്കുന്നത് യു.കെയില്‍ നിന്നാണ്. റുഷ്ദിയെക്കൂടാതെ അലി സ്മിത്, റോബര്‍ട് മക്ഫാരിയേന്‍, കവിയും ഗാനരചയിതാവുമായ ലിന്റണ്‍ കെസ് ജോണ്‍സണ്‍, നോവലിസ്റ്റും തിരക്കഥാകൃത്തുമായ മാര്‍ടിന്‍ ആമിസ് തുടങ്ങിയവരുടെ പേരുകളാണ് യു.കെയില്‍ നിന്നും നൊബൈല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

കവിയും ഉപന്യാസരചയിതാവുമായ ആനി കാഴസണ്‍, വിഖ്യാത നോവലിസ്റ്റും കവിയും പരിസ്ഥിതിപ്രവര്‍ത്തകയുമായ മാര്‍ഗരറ്റ് ആറ്റ്വുഡ്, എന്നീ പേരുകളാണ് കാനഡയില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.

നൈജീരിയന്‍ നോവലിസ്റ്റും കഥാകൃത്തുമായ ഷിമാന്റ ഗോസി അഡീഷേ, ഐറിഷ് നോവലിസ്റ്റ് എഡ്‌ന ഓബ്രീന്‍, ഓസ്‌ട്രേലിയന്‍ നോവലിസ്റ്റ് ജെറാള്‍ഡ് മുര്‍നേയ്, ജാപ്പനീസ് എഴുത്തുകാരന്‍ ഹാരുകി മുറാകാമി തുടങ്ങിയവരും നൊബേല്‍ സമ്മാനത്തിനായി അതത് രാജ്യങ്ങളില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

റഷ്യയിലെ പ്രമുഖ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലുഡ്മില യുലിറ്റസ്‌കയ, ഇറ്റലിയിലെ പ്രമുഖ വിവര്‍ത്തകനും നോവലിസ്റ്റുമായ ക്ലോഡിയോ മഗ്രിസ് റൊമാനിയന്‍ നിരൂപകനും നോവലിസ്റ്റുമായ മിര്‍സിയ കാര്‍ട്ടെറെസ്‌ക്യു,ക്രോയേഷ്യന്‍ നോവലിസ്റ്റ് ഡബ്രാക യുഗ്രേസിക് തുടങ്ങി അതത് രാജ്യങ്ങളിലെ സാഹിത്യ പ്രമുഖന്മാരുടെ നീണ്ട നിര തന്നെയാണ് സ്വീഡിഷ് അക്കാദമിയുടെ മുമ്പിലുള്ളത്.

മൊസാംബിക് നോവലിസ്റ്റും ഉപന്യാസകാരനുമായ മിയ ക്വാട്ടോ, പോളണ്ടില്‍ നിന്നും റിസ്യാര്‍ഡ് ക്രിന്‍കി, റുവാണ്ടയിലെ ഓര്‍മ്മക്കുറിപ്പുകളുടെ രാജകുമാരി സ്‌കൊളാസ്റ്റിക് മുകാസോങയ്ക്ക് തന്റെ മാതൃരാജ്യത്തുനിന്നും ഫ്രാന്‍സില്‍ നിന്നും നൊബേല്‍ നാമനിര്‍ദ്ദേശം പോയിട്ടുണ്ട്. സൊമാലിയന്‍ സാഹിത്യത്തിലെ മുതിര്‍ന്ന നാടകകൃത്തും നോവലിസ്റ്റും ഉപന്യാസരചയിതാവുമായ നുറുദ്ദിന്‍ ഫറാ പലതവണ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രതിഭയാണ്. അദ്ദേഹവും ഇത്തവണ പ്രതീക്ഷയേകും വിധം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഹംഗേറിയന്‍ സാഹിത്യകാരന്‍ പീറ്റര്‍ നദാസ്, യുക്രെയ്‌നില്‍നിന്നും വിഖ്യാത എഴുത്തുകാരന്‍ ആേ്രന്ദ കുര്‍ക്കോവ്, ഇന്ത്യയില്‍ നിന്നും അമിതാവ്‌ഘോഷ്, പോര്‍ച്ചുഗലിലെ അന്റോണിയോ ലോബോ ആന്റൂനസ്, നോര്‍വേയിലെ ഡോഗ് സോള്‍സ്റ്റഡ്, ഇസ്രയേലിലെ ഡേവിഡ് ഗ്രോസ്മാന്‍, മെക്‌സിക്കോയിലെ ഹൊമേറോ അരിഡ്ജിസ്, അല്‍ബേനിയയിലെ കവി ഇസ്മയില്‍ കദറെ, ചെക് റിപ്പബ്ലിക്കിലെ ഐവാന്‍ ക്ലിമ, ഇറാനില്‍ നിന്നും മഹ്‌മൂദ് ദൗലത്ത്ബാദി, അയര്‍ലന്റിലെ സെബാസ്റ്റിയന്‍ ബാരി, ചൈനയിലെ നോവലിസ്റ്റ് യാന്‍ ലിയാന്‍കെ, ജര്‍മന്‍ നാടകകൃത്ത് ബോത്തോ സ്‌ട്രോസ്, സെര്‍ബിയന്‍ കവിയും ഉപന്യാസകാരനുമായ ചാള്‍സ് സിമിക് തുടങ്ങി കാടടക്കി വെടിവെക്കുന്ന രീതിയില്‍ ലിസ്റ്റ് നീളുക തന്നെയാണ്.
സൗത്ത് ആഫ്രിക്കന്‍ നോവലിസ്റ്റും കഥാകൃത്തുമായ ഐവാന്‍ വ്‌ലാദിസ്ലാവിക്, ജമൈക്കന്‍ ഗാനരചയിതാവ് ലിന്റണ്‍ കെസി ജോണ്‍സണ്‍, ഓസ്‌ടേലിയന്‍ നോവലിസ്റ്റ് മുറേ ബെയ്ല്‍... ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാരും തന്നെ ചില്ലറക്കാരല്ല.

സൗത്ത് കൊറിയന്‍ കവി കൊ യുന്‍ പലതവണകളിലായി രാജ്യത്തുനിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് കവിയ സിസി എന്ന പേരില്‍ അറിയപ്പെടുന്ന സാങ് യാന്‍, ചെനീസ് നോവലിസ്റ്റ് കാന്‍യു, കഥാകൃത്ത് യു ഹവ തുടങ്ങിയവരും 2022-ലെ നൊബേല്‍ സമ്മാനത്തിനായി സാഹിത്യവിഭാഗത്തില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരാണ്.

സൗത്ത് ആഫ്രിക്കന്‍ എഴുത്തുകാരിയും യു.കെയില്‍ സ്ഥിരതാമസക്കാരിയുമായ സ്യൂ വികോംബ് ഇത്തവണ നൊബേല്‍ നേടുകയാണെങ്കില്‍ അത് ചരിത്രമായിരിക്കും എന്നു വീക്ഷിക്കുന്നവരാണ് ഏറെയും. നോവല്‍, കഥ, ഉപന്യാസം എന്നിവയ്ക്കുപുറമേ നിരൂപണരംഗത്തും സ്യൂ വികോംബ് സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സിറിയന്‍ കവിയും വിവര്‍ത്തകനും ഉപന്യാസകാരനുമായ അഡോണിസിന്റെ പേര് എല്ലാ നൊബേല്‍ പ്രഖ്യാപനകാലയളവിലും ഉയര്‍ന്നുകേള്‍ക്കുന്നതാണ്. ഇത്തവണയും സിറിയയുടെ പ്രതീക്ഷ അഡോണിസ്സില്‍ തന്നെയാണ്.

ഹെയ്ത്തിയന്‍- അമേരിക്കന്‍ നോവലിസ്റ്റും കഥാകൃത്തുമായ എഡ്വിഡ്ജ് ഡാന്റികാസ്റ്റ് തന്റെ പ്രഥമ നോവലായ ബ്രത്തിലൂടെ പ്രസിദ്ധിയാര്‍ജിച്ച എഴുത്തുകാരിയാണ്. ഹെയ്ത്തിയില്‍ നിന്നും യു.എസ്സില്‍ നിന്നും ഒരേ സമയം നാമനിര്‍ദ്ദേശം പോയ എഴുത്തുകാരിയ കൂടിയാണ് ഡാന്റികാസ്റ്റ്. ഇറാനിയന്‍ വിവര്‍ത്തകയും നോവലിസ്റ്റും കഥാകൃത്തുമായ ഷഹര്‍നുഷ് പാര്‍സ്പുര്‍ കഴിഞ്ഞ് മുപ്പത് വര്‍ഷമായി സാഹിത്യലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ്. മികച്ച ആത്മകഥാകൃത്തും നോവലിസ്റ്റും കവിയുമായ സിറിയന്‍ സ്വദേശി സലിം ബറാക്കാത്തിന്റെ പേര് സാഹിത്യലോകത്തിന് സുപരിചിതമാണ്. ബറാക്കാത്തിന്റെ പേരും ഇത്തവണത്തെ നൊബേല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൗത്ത് കൊറിയന്‍ നോവലിസ്റ്റ് ഹാങ്‌സോക് യോങ്, സെനഗല്‍ എഴുത്തുകാനായ ബൗബാസര്‍ ബോറിസ് ഡയപ്, അര്‍ജന്റീനിയന്‍ നോവലിസ്റ്റ് സെസാര്‍ ഐറ തുടങ്ങിയവര്‍ തങ്ങളുടെ രാജ്യത്തെയും പ്രതിനിധീകരിച്ച് ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഖ്യാപനം കൂടിയാണിത്.

Content Highlights: Nobel prize for Literature 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented