അരങ്ങ്‌ ചുവന്നിട്ട്‌ 70 വർഷം


‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം ഒരു തലമുറയുടെ മുഴുവൻ വിപ്ലവസ്വപ്നങ്ങളെ ആവിഷ്‌കരിച്ചു. അത്‌ കേരള സാമൂഹികചരിത്രത്തിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലും അസാധാരണമാംവിധം സ്വാധീനം ചെലുത്തി.

കാമ്പിശ്ശേരി കരുണാകരനും തോപ്പിൽഭാസിയും | Photo: Mathrubhumi

മാലയോട് പരമുപിള്ള പറഞ്ഞു: ‘‘ആ കൊടിയിങ്ങു താ മക്കളേ... ഞാനതൊന്ന് പൊക്കിപ്പൊക്കി പിടിക്കട്ടെ.’’ സ്റ്റേജിനുനടുവിൽ ചെങ്കൊടി ഉയരുമ്പോൾ കണ്ണീരണിഞ്ഞ കർഷകരും കർഷകത്തൊഴിലാളികളും അധഃസ്ഥിതരും സദസ്സിലിരുന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിച്ചു: ‘‘കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്.’’

അതൊരു തുടക്കമായിരുന്നു. കേരളമാകെ അലയടിച്ച ഒരു കൊടുങ്കാറ്റിന്റെ തുടക്കം. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വേരോട്ടത്തിനു കാരണങ്ങളിലൊന്നായ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്റെ തുടക്കം. ഡിസംബറിലെ ആ തണുത്ത രാത്രിക്ക് ചൊവ്വാഴ്ച 70 വയസ്സാകുന്നു. അരങ്ങേറ്റസ്ഥലത്തുതന്നെ 35 ബുക്കിങ് ലഭിച്ച നാടകം കായംകുളം കെ.പി.എ.സി. ഇപ്പോഴും കളിക്കുന്നുണ്ട്. ഒരേനാടകം ഒരേസമിതി 70 വർഷം കളിക്കുകയെന്ന അപൂർവത ലോകചരിത്രത്തിൽ വേറെയുണ്ടാകില്ല.

കെ പി എ സി യുടെ എംബ്ലം

1952 ഡിസംബർ ആറ് ശനിയാഴ്ച. കൊല്ലം ചവറ തട്ടാശ്ശേരിയിൽ രാത്രി ഒമ്പതിനായിരുന്നു ആദ്യ അവതരണം. അതിലേക്കു നയിച്ച വലിയൊരു ചരിത്രമുണ്ട്. ആലപ്പുഴ വള്ളികുന്നം കേന്ദ്രീകരിച്ച് വായനശാല-നാടകപ്രവർത്തനങ്ങൾ നടത്തിയിരുന്നയാളാണ് തോപ്പിൽ ഭാസി. കാമ്പിശ്ശേരി കരുണാകരൻ സുഹൃത്താണ്. ഇരുവരും കോൺഗ്രസ് അനുഭാവികൾ. 1948-ൽ തിരുവിതാംകൂർ അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പുവന്നു. കൃഷ്ണപുരം മണ്ഡലത്തിൽ കോൺഗ്രസ് പി.കെ. കുഞ്ഞിനെ സ്ഥാനാർഥിയാക്കിയത് ഒരുവിഭാഗം ചെറുപ്പക്കാർ എതിർത്തു. അതിൽ കാമ്പിശ്ശേരി, തോപ്പിൽ ഭാസി, കേശവൻ പോറ്റി എന്നിവരൊക്കെയുണ്ടായിരുന്നു. അവർ ചേർന്ന് സാധാരണ തൊഴിലാളിയായ ടി.എ. മൈതീൻകുഞ്ഞിനെ ബദൽ സ്ഥാനാർഥിയാക്കി. പൊരിഞ്ഞ മത്സരത്തിൽ പക്ഷേ, പി.കെ. കുഞ്ഞാണ് ജയിച്ചത്. എന്നാൽ, ഇതിനെതിരേ മൈതീൻകുഞ്ഞ് കേസിനുപോകുകയും അനുകൂലവിധിനേടി എം.എൽ.എ.യാകുകയും ചെയ്തു. റിബൽ ആശയങ്ങളുയർത്തിയ ചെറുപ്പക്കാരെ കാണാൻ കമ്യൂണിസ്റ്റ് നേതാവായ പുതുപ്പള്ളി രാഘവനെത്തി. അതായിരുന്നു മാറ്റത്തിന്റെ തുടക്കം.

1949 ഡിസംബർ 31-ന് ശൂരനാട്ട് കാർഷകസമരം നടന്നു. ഇതിൽ പങ്കെടുത്തില്ലെങ്കിലും തോപ്പിൽ ഭാസിയെ പോലീസ് പ്രതിയാക്കി. അദ്ദേഹം ഒളിവിൽപ്പോയി. നേരത്തേ ‘മുന്നേറ്റം’ എന്നൊരു നാടകം ഭാസി എഴുതിയിരുന്നു. സോമൻ എന്ന പേരിൽ. പിന്നീടിത് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന പേരിൽ അദ്ദേഹംതന്നെ വിപുലീകരിച്ചു. എൻ. ശ്രീധരനും കേശവൻപോറ്റിയും ശങ്കരനാരായണൻ തമ്പിയും ചേർന്ന് പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്തു. ഇതു വിറ്റ് കേസ് നടത്താമെന്നാണ് വിചാരിച്ചത്.

അരങ്ങിലേക്ക്

1950-ൽ ജി. ജനാർദനക്കുറുപ്പ്, പുനലൂർ രാജഗോപാലൻ നായർ എന്നിവരൊക്കെ ചേർന്ന് കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ് (കെ.പി.എ.സി.) രൂപവത്കരിച്ചു. ‘എന്റെ മകനാണ് ശരി’ എന്ന ആദ്യനാടകം വിജയംനേടിയില്ല. 1951-ൽ ഒളിവിലിരിക്കെ ഈ നാടകം കാണാൻ നാടകസംഘത്തിലെ ഒരാളെപ്പോലെ തോപ്പിൽ ഭാസി കുണ്ടറയിലെത്തി. ആദ്യനാടകം പരാജയപ്പെട്ടതോടെയാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകമാക്കിക്കൂടേയെന്ന ചിന്തയുണ്ടായത്. സ്റ്റേജിൽ അവതരിപ്പിക്കാനായി ചില്ലറ മാറ്റങ്ങൾ വരുത്താൻ ഭാസി സമ്മതിച്ചു. കൊടാകുളങ്ങര വാസുപിള്ള എന്നൊരു ജന്മിയാണ് റിഹേഴ്സലിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തത്.

ഓലമറച്ചുകെട്ടിയ സുദർശന എന്ന കൊട്ടകയിലായിരുന്നു പ്രദർശനം. കമ്യൂണിസ്റ്റുകാർ സംഘടിക്കുമെന്നറിഞ്ഞ് വലിയ പോലീസ് സന്നാഹമുണ്ട്. ഗുണ്ടകളും നിരന്നു. പക്ഷേ, നാടകം കഴിഞ്ഞപ്പോൾ എതിർക്കാൻ വന്നവരും നിശ്ശബ്ദരായിപ്പോയെന്നാണ് ചരിത്രം. അഞ്ചുമണിക്കൂർ ദൈർഘ്യമുണ്ടായിരുന്ന നാടകം പിൽക്കാലത്ത് രണ്ടേകാൽ മണിക്കൂറാക്കി ചുരുക്കി. 25 പാട്ടുണ്ടായിരുന്നു നാടകത്തിൽ.

പാട്ടുകളുടെ കഥ

1949-ലെ ഒരുദിവസം അഷ്ടമുടിക്കായലിൽ വഞ്ചിയിലിരിക്കുകയായിരുന്ന എം.എൻ. ഗോവിന്ദൻ നായർ ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരോട് വെറുതേയിരിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്യാൻ പറഞ്ഞത്രേ. ‘പൊന്നരിവാൾ അമ്പിളിയില്...’ എന്ന വരികൾ അന്നൊരു 18-കാരൻ എഴുതി. ഈണമിട്ടത് മറ്റൊരു ചെറുപ്പക്കാരൻ. അത് ഒ.എൻ.വി.കുറുപ്പും ജി. ദേവരാജനുമായിരുന്നു. ഈ ഗാനം പിന്നീട് നാടകത്തിൽ ഉൾപ്പെടുത്തി.
‘‘പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ
ആ മരത്തിൻ പൂന്തണലില് വാടിനിൽക്കുന്നോളേ..’’
വരികൾ കേരളമാകെ അലയടിച്ചു. വെള്ളാരംകുന്നിലെ... പൊന്മുളം കാറ്റിലെ... എന്ന ഗാനവും കേരളം ഏറ്റുപാടി. നേരംപോയ് നേരം പോയ് എന്ന പാട്ടിലെ അവസാനവരികളായിരുന്നു ‘നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ...’

വേഷക്കാർ

ജോലിതേടി ആലപ്പുഴയിൽനിന്ന് പുനലൂരിലെത്തിയ ഗായകൻ കെ.എസ്. ജോർജിനെ അവിടെവെച്ച് രാജഗോപാലൻ നായർ കാണാനിടയായി. അവിടെ പേപ്പർമില്ലിൽ അദ്ദേഹം ജോലികൊടുത്തു. എ.ഐ.ടി.യു.സി. യോഗത്തിൽ ജോർജ് പാടുന്നതുകേട്ടാണ് അദ്ദേഹത്തെ നാടകത്തിലേക്ക് കൊണ്ടുവരുന്നത്. നാടകം ആദ്യമായി അവതരിപ്പിക്കുമ്പോൾ കാമ്പിശ്ശേരിയും രാജഗോപാലൻനായരും എം.എൽ.എ.മാരാണ്. കഥാപ്രസംഗം ചെറുതായി തുടങ്ങിയിരുന്ന വി. സാംബശിവൻ, ജി. ജനാർദനക്കുറുപ്പ്, ഒ. മാധവൻ, തോപ്പിൽ കൃഷ്ണപിള്ള, സുലോചന, സുധർമ, വിജയകുമാരി എന്നിവരാണ് വേഷമിട്ടത്. ഇതിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഒ. മാധവന്റെ ഭാര്യയും നടൻ മുകേഷിന്റെ അമ്മയുമായ വിജയകുമാരി മാത്രം.
കാമ്പിശ്ശേരിയാണ് പരമുപിള്ളയായി വേഷമിട്ടത്. ഏതാനും വർഷംകഴിഞ്ഞ് ആ റോളിലേക്ക് പി.ജെ. ആന്റണി വന്നു. അടിയാത്തിയായ മാലയായി സുധർമ വേഷമിട്ടു. തോപ്പിൽ കൃഷ്ണപിള്ളയായിരുന്നു കറമ്പന്റെ വേഷത്തിൽ.

8000-ഓളം വേദികളിൽ നാടകം അവതരിപ്പിച്ചെന്നാണ് കണക്ക്. പാർട്ടി സെക്രട്ടറിയുടെ കത്തുണ്ടെങ്കിൽപ്പോലും സ്റ്റേജ്‌ കിട്ടില്ലെന്ന വിധമായിരുന്നു തിരക്ക്. നടീനടന്മാർക്ക് അക്കാലത്ത് മൂന്നുമുതൽ അഞ്ചുവരെരൂപ പ്രതിഫലം കൊടുത്തിരുന്നതായാണ് മിനുട്സിലുള്ളതെന്ന് കെ.പി.എ.സി.യുടെ ഇപ്പോഴത്തെ സെക്രട്ടറി എ. ഷാജഹാൻ പറയുന്നു. കോവളത്ത് അവതരിപ്പിക്കുമ്പോൾ നാടകം നിരോധിച്ചു. നടീനടന്മാരുൾപ്പെടെ എല്ലാവരെയും അറസ്റ്റ് ചെയ്തു. പാളയം പോലീസ് സ്റ്റേഷനിലിരുന്ന് എല്ലാവരും പാട്ടുപാടി പ്രതിഷേധിച്ചു. രണ്ടുമാസത്തിനകം നിരോധനം പിൻവലിച്ചു.

നവ്യാനുഭവം

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി അതുവരെയുണ്ടായിരുന്ന നാടകസങ്കല്പങ്ങളെ മാറ്റിമറിച്ചു. ആദ്യമായി ഓർക്കസ്ട്രയെ പൂർണമായി അണിയറയിലേക്കു മാറ്റി. രാജാവ്, സേനാനായകൻ എന്നിവരൊക്കെയായിരുന്നു അതുവരെയുള്ള നായകന്മാർ. ഇതിൽ നായകനായത് പ്രതാപം നഷ്ടപ്പെട്ട ദരിദ്രകർഷകൻ. ശാസ്ത്രീയസംഗീതത്തിൽ കുളിച്ചുനിന്നിരുന്ന നാടകഗാനങ്ങളെ സാധാരണക്കാർക്കുകൂടി ഏറ്റുപാടാവുന്ന വിധം ലളിതമാക്കിയതും ഈ നാടകമാണ്.

ഇതിലൊക്കെ ഉപരിയായിരുന്നു നാടകം ഉയർത്തിവിട്ട സന്ദേശം. മേലാളന്മാരുടെ ചൂഷണത്തിനും കൊടിയമർദനത്തിനും അയിത്തത്തിനും ഇരയായിരുന്ന പാവപ്പെട്ട കർഷകരോട് നിങ്ങൾ ഒറ്റയ്ക്കല്ല, നമ്മൾ ഒന്നാണ് എന്ന സന്ദേശമാണ് നാടകം നൽകിയത്.

മറക്കാനാവില്ല മീനാക്ഷിയെ- വിജയകുമാരി

പന്ത്രണ്ടാംവയസ്സിലാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിലെ മീനാക്ഷിയെ അവതരിപ്പിച്ചത്. നാടകം നടക്കുന്നതിനിടെ പോലീസ് വണ്ടി വരുന്നെന്ന് ആരെങ്കിലും പറഞ്ഞാൽ കുട്ടിയായ ഞാൻ ഓടിയൊളിക്കുമായിരുന്നു.

വിജയകുമാരി

കഴിഞ്ഞയാഴ്ചയും നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി കണ്ടു. പതിറ്റാണ്ടുകൾക്കിപ്പുറവും ആ നാടകം കാണുന്നതിൽ, അതിന്റെ ഭാഗമായിരുന്നെന്ന് ഓർക്കുന്നതിൽ വളരെ സന്തോഷം

Content Highlights: ningalenne communistakki at 70 years, socio political pla,y k p a c, kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented