ഗിരിജ വാര്യർ, സത്യൻ അന്തിക്കാട്
ഗിരിജ വാര്യരുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ നിലാവെട്ടം ഇന്ന് മാതൃഭൂമി മെഗാ പുസ്തകമേളയില്‍ വെച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പ്രകാശനം ചെയ്യും. മാതൃഭൂമി ഗൃഹലക്ഷ്മിയില്‍ പംക്തികളായി പ്രസിദ്ധീകരിച്ച നിലാവെട്ടം സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമിബുക്‌സാണ്. പുസ്തകത്തിന് സത്യന്‍ അന്തിക്കാട് എഴുതിയ അവതാരിക വായിക്കാം.
ഒരുപാടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു രാത്രി. എന്റെ മക്കള്‍ക്ക് അന്ന് നാലും അഞ്ചും വയസ്സ് പ്രായം. നാലുവയസ്സുള്ള രണ്ടുപേര്‍ ഇരട്ടകളാണ്. അനൂപും അഖിലും. ഒരു വയസ്സ് മൂപ്പുള്ള അവരുടെ ചേട്ടന്‍ അരുണ്‍. വര്‍ഷത്തില്‍ രണ്ടും മൂന്നും സിനിമകള്‍ സംവിധാനം ചെയ്യുന്ന കാലമാണ്. തിരക്കൊഴിഞ്ഞ് വല്ലപ്പോഴുമാണ് അന്നൊക്കെ അന്തിക്കാട്ടെ വീട്ടിലെത്താറുള്ളത്. അത്തരമൊരു രാത്രിയില്‍ മക്കളെ മൂന്നുപേരെയും മുറ്റത്തിരുത്തി അവരോടൊപ്പം കളിക്കുകയാണ്. നിലാവുണ്ടായിരുന്നു. ആകാശത്ത് അനേകം പവിഴമല്ലിപ്പൂവുകള്‍ വിരിഞ്ഞിരുന്നു.
'ഈ നക്ഷത്രങ്ങളൊക്കെ എങ്ങനെയാ ഉണ്ടാകുന്നത്' എന്നാണ് മക്കള്‍ക്ക് അറിയേണ്ടത്. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയുമൊക്കെപ്പറ്റി എനിക്കറിയാവുന്ന കാര്യങ്ങള്‍ കഥപോലെ ഞാനവര്‍ക്ക് പറഞ്ഞുകൊടുത്തു. അപ്പോഴാണ് കൂട്ടത്തില്‍ ഏറ്റവും ചെറിയവനായ അഖിലിന്റെ കമന്റ്!
'ഇന്നലെ ഞാനൊരു നക്ഷത്രത്തിനെ പിടിച്ചു അച്ഛാ.'
'നക്ഷത്രത്തിനെ പിടിക്കാന്‍ പറ്റില്ല മോനെ. അത് ഒരുപാടൊരുപാട് ദൂരെ ആകാശത്തല്ലേ?'
'സത്യമായും ഞാന്‍ നക്ഷത്രത്തിനെ പിടിച്ചു. അമ്മയ്ക്ക് കാണിച്ചുകൊടുക്കാനായി കൈ തുറന്നപ്പോള്‍ അത് പറന്നുപോയി.'
ആ നക്ഷത്രം മിന്നാമിനുങ്ങായിരുന്നു. കുഞ്ഞിക്കൈയില്‍നിന്ന് പറന്നുയര്‍ന്നു പോകുന്ന നക്ഷത്രത്തിന് 'മിന്നാമിനുങ്ങ്' എന്നാണ് പേരെന്ന് ഞാനവന് പറഞ്ഞുകൊടുത്തു. അറിയാതെ പറഞ്ഞതാണെങ്കിലും അതിലൊരു കവിതയുണ്ടല്ലോ എന്നെനിക്കു തോന്നി.
ഗിരിജവാര്യരുടെ നിലാവെട്ടത്തിലെ ഒരു അദ്ധ്യായം വായിച്ചപ്പോഴാണ് മിന്നാമിനുങ്ങ് എന്ന നക്ഷത്രത്തിന്റെ കഥ ഓര്‍മ്മയില്‍ വന്നത്.
കവിത അങ്ങനെയാണ്. വാക്കുകളില്‍ അത് തനിയെ ഒഴുകിയെത്തും. ചിലപ്പോള്‍ എഴുത്തുകാര്‍പോലുമറിയാതെ. ഗിരിജവാര്യര്‍ എഴുതിയത് അടുത്തകാലത്ത് അവര്‍ കണ്ട ഒരു കാഴ്ചയെപ്പറ്റിയാണ്. അത് ഇങ്ങനെ:
'ഇന്നലെയും എന്റെ കിടപ്പുമുറിയില്‍ ആ വിരുന്നുകാരന്‍ വന്നിരുന്നു. ഒരു സുന്ദരന്‍ മിന്നാമിനുങ്ങ്. ഉറക്കംപിടിച്ചുതുടങ്ങുമ്പോഴത്തെ ആ ഒരു സുഖകരമായ മയക്കത്തിനിടയിലാണ്. കണ്ണുകള്‍ക്കു മുന്നില്‍ എ.സിയുടെ സ്റ്റെബിലൈസറിന്റെ പച്ചക്കണ്ണുകളില്‍ ഒന്ന് പറന്നുപോകുന്നതുപോലെ, ഒരു കഷണം കുളിരുള്ള വെള്ളിവെളിച്ചം.'
പറന്നുപോകുന്ന ആ കുളിരുള്ള വെള്ളിവെളിച്ചത്തിലാണ് കവിത. അത് ഗിരിജവാര്യര്‍ ബോധപൂര്‍വ്വം എഴുതിയതാവില്ല. അവരുടെ ഉള്ളില്‍ കവിത നിറഞ്ഞ ഭാഷയുണ്ട്. അതാണ് ഗിരിജവാര്യരുടെ കുറിപ്പുകള്‍ ഇത്രയേറെ ജനപ്രിയമാകാനുള്ള കാരണം.
ഞാന്‍ ഗിരിജാവര്യരെ പരിചയപ്പെടുന്നത് മഞ്ജുവാര്യരുടെ അമ്മ എന്ന നിലയില്‍ത്തന്നെയാണ്. സല്ലാപം എന്ന സിനിമയുടെ ഷൂട്ടിങ് കാണാന്‍ വരണമെന്ന് ലോഹിതദാസ് പറഞ്ഞിരുന്നു. ഒരു പുതിയ പെണ്‍കുട്ടിയാണ് നായികയായി അഭിനയിക്കുന്നത്. ഒറ്റപ്പാലത്തിനടുത്തുള്ള ചെറിയൊരു വീടാണ് ലൊക്കേഷന്‍.
'സത്യന്‍ ആ കുട്ടിയെ ഒന്നു കണ്ടുനോക്കൂ. അപാരമായ അഭിനയശേഷിയുള്ള കുട്ടിയാണ്.'
ചെന്നുകണ്ടപ്പോള്‍ ഒരു സിനിമാനടിയുടെ പകിട്ടൊന്നുമില്ലാത്ത പാവാടക്കാരി. നമ്മുടെയൊക്കെ വീടുകളിലുള്ള ഒരു കുട്ടിയാണെന്നേ തോന്നൂ.
പക്ഷേ, മഞ്ജു അഭിനയിക്കുന്ന ഒരൊറ്റ ഷോട്ട് കണ്ടപ്പോള്‍തന്നെ അതിശയിച്ചുപോയി. എത്ര അനായാസമായാണ് ആ കഥാപാത്രമായി അവള്‍ മാറിയത്.
ഷൂട്ടിങ് ബഹളത്തില്‍നിന്നു മാറി ദൂരെ ഒരിടത്ത് ഒതുങ്ങിയിരിക്കുന്ന മാധവവാര്യരെയും ഭാര്യയെയും അപ്പോഴാണ് ഞാന്‍ പരിചയപ്പെട്ടത്. പറഞ്ഞുവന്നപ്പോള്‍ ഞങ്ങള്‍ അയല്‍നാട്ടുകാരാണ്. അന്തിക്കാടിനടുത്ത 'പുള്ള്' എന്ന ഗ്രാമത്തിലാണ് മാധവവാര്യരുടെ വീട്. എന്റെ വീട്ടില്‍നിന്ന് സൈക്കിളില്‍ പോകാവുന്ന ദൂരം. ജോലിസംബന്ധമായി കണ്ണൂര് താമസിക്കുന്നുവെന്നേയുള്ളൂ. ഇനിയതു മതിയാക്കി പുള്ളിലെ വാര്യത്തേക്കു തിരിച്ചുവരാനാണ് പരിപാടി.
എനിക്കു സന്തോഷമായി. എത്ര വിശാലഹൃദയമൊക്കെ ഉണ്ടെന്നു പറഞ്ഞാലും ചില കാര്യങ്ങളില്‍ നമ്മള്‍ സങ്കുചിതമായി ചിന്തിക്കും. വിദേശത്ത് പോകുമ്പോഴാണ് അത് കൂടുതലും ബോദ്ധ്യപ്പെടുക. അവിടെവെച്ച് ഒരു ഇന്ത്യക്കാരനെ കണ്ടാല്‍ നമുക്കു സന്തോഷമാകും. ആ ഇന്ത്യക്കാരന്‍ ഒരു മലയാളിയാണ് എന്നറിഞ്ഞാല്‍ ഇഷ്ടം കൂടും. ആ മലയാളി നമ്മുടെ തൊട്ടടുത്ത നാട്ടുകാരനാണെന്നു കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു സൗഹൃദം തോന്നും.
മാധവവാര്യരെ അന്നുമുതല്‍ ഞാന്‍ മാധവേട്ടന്‍ എന്നേ വിളിച്ചിട്ടുള്ളൂ. മാധവേട്ടന്റെ പിറകില്‍ ഒരു നിഴലുപോലെ മാത്രമേ ഗിരിജവാര്യരെ കണ്ടിട്ടുമുള്ളൂ.
പിന്നീട് മഞ്ജു എന്റെ സിനിമകളിലെ നായികയായി. തൂവല്‍ക്കൊട്ടാരവും ഇരട്ടക്കുട്ടികളുടെ അച്ഛനുമൊക്കെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടത് അതില്‍ മഞ്ജുവിന്റെ സാന്നിദ്ധ്യംകൂടിയുള്ളതുകൊണ്ടാണ്.
അയല്‍പക്കക്കാരായതുകൊണ്ട് മാധവേട്ടനും കുടുംബവും എന്റെ വീട്ടിലും ഞാന്‍ പുള്ള് വാര്യത്തും പോകും. ആ സൗഹൃദത്തിന് സിനിമയുടെ പരിവേഷമൊന്നും ആവശ്യമില്ലായിരുന്നു. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും സംസാരിക്കാറുണ്ടെങ്കിലും ഗിരിജവാര്യരുടെ ഉള്ളില്‍ ഒരു എഴുത്തുകാരിയുള്ളതായി എനിക്കു തോന്നിയിട്ടേയില്ല.
മാധവേട്ടന്‍ അസുഖബാധിതനാകുകയും അകാലത്തില്‍ വിടപറയുകയും ചെയ്തപ്പോള്‍ അതെങ്ങനെയാണ് മഞ്ജുവിന്റെ അമ്മ നേരിടുക എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചിട്ടുണ്ട്. അത്രയേറെ ഒരുമയോടെയാണ് അവര്‍ ജീവിച്ചിരുന്നത്.
കാലം വല്ലാത്തൊരു മാന്ത്രികനാണല്ലോ. യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞ്, മക്കളെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കാത്ത അമ്മയായി പുള്ള് വാരിയവും അതിനോടു ചേര്‍ന്നുള്ള ക്ഷേത്രവുമൊക്കെയായി ഗിരിജവാര്യര്‍ ജീവിക്കുന്നത് ദൂരെനിന്ന് ഞാന്‍ നോക്കിക്കണ്ടു. മഴയും വേനലും വീണ്ടും മാറിമാറി വന്നു. അന്തിക്കാടിനും പുള്ളിനുമിടയിലുള്ള നീണ്ട കോള്‍പാടങ്ങളില്‍ പല തവണ നെല്ല് വിതയ്ക്കുകയും കൊയ്യുകയും ചെയ്തു.
ഒരു ദിവസം വാട്‌സാപ്പില്‍ ഹൃദ്യമായ ചില അനുഭവക്കുറിപ്പുകള്‍ എനിക്കു കിട്ടി. അയച്ചത് ലതിക എന്ന ഞങ്ങളുടെ കുടുംബസുഹൃത്താണ്. ലതിയുടെ ഭര്‍ത്താവ് ഭാസി മാങ്കുഴി എന്റെ ഏറ്റവുമടുത്ത കൂട്ടുകാരനും കിന്നാരം എന്ന ആദ്യകാല സിനിമയുടെ സഹനിര്‍മ്മാതാവുമായിരുന്നു. ലതിയാണ് പറഞ്ഞത്, ഗിരിജവാര്യര്‍ ഫേസ്ബുക്കിലെഴുതുന്ന കുറിപ്പുകളാണ്, അതിന്റെ സൗന്ദര്യം കണ്ടിട്ട് എനിക്ക് അയച്ചതാണെന്ന്. ഞാന്‍ മഞ്ജുവിനെ വിളിച്ച് എന്റെ അതിശയവും സന്തോഷവും പങ്കിട്ടു. 'അമ്മ പണ്ട് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് കഥകള്‍ എഴുതിയിരുന്നു' എന്ന് മഞ്ജു പറഞ്ഞു. എനിക്കതൊരു പുതിയ അറിവായിരുന്നു.
അന്നത്തെ കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന ഗിരിജവാര്യരുടെ രണ്ടു കഥകള്‍ തേടിപ്പിടിച്ച് മഞ്ജു എനിക്കയച്ചുതന്നു.
ഞങ്ങളൊക്കെ മാതൃഭൂമിയുടെ ബാലപംക്തിയിലെങ്കിലും ഒരു കഥയോ കവിതയോ പ്രസിദ്ധീകരിക്കണമെന്ന് കൊതിച്ചുനടന്ന കാലത്താണ് ഗിരിജാവാര്യരുടെ കഥകള്‍ ആഴ്ചപ്പതിപ്പില്‍ വന്നിരുന്നത്. എന്റെ സന്തോഷമറിയിക്കാന്‍ വിളിച്ചപ്പോള്‍ പ്രത്യേകിച്ചൊരു വിശേഷവുമില്ലാത്തതുപോലെ അവര്‍ പറഞ്ഞു: 'ഏയ്, ഞാനങ്ങനെ കാര്യമായി എഴുതിയിട്ടൊന്നുമില്ല. വല്ലപ്പോഴും എന്തെങ്കിലും കുറിച്ചിടുമെന്നു മാത്രം. കാര്യമായ വായനപോലുമില്ല.'
ഒരു തുള്ളിപോലും തുളുമ്പാത്ത മനസ്സ്! ഗൃഹലക്ഷ്മിയുടെ എഡിറ്റര്‍ വിശ്വനാഥനോട് ഞാനീ വിവരം ഒന്നു പറഞ്ഞതേയുള്ളൂ. 'നിലാവെട്ടം' എന്ന ലേഖനപരമ്പരയ്ക്ക് അതൊരു നിമിത്തമായി. ഗൃഹലക്ഷ്മി കിട്ടിയാല്‍ ആദ്യം വായിക്കുക ഗിരിജവാര്യരുടെ കോളമാണെന്ന് ഇപ്പോള്‍ പലരും പറയാറുണ്ട്. പതിരില്ലാത്ത എഴുത്താണ് അതിനു കാരണം.
ഒരു കാപട്യവുമില്ലാത്ത ഭാഷ.
നമ്മളും ഈ വഴിയിലൂടെയാണല്ലോ സഞ്ചരിക്കുന്നത് എന്നു തോന്നിപ്പിക്കുന്ന അനുഭവങ്ങള്‍.
വീട്ടുകോലായിലിരുന്ന് ഗിരിജവാര്യര്‍ നമ്മളോട് നേരിട്ടു സംസാരിക്കുകയാണെന്നേ തോന്നൂ.
അതുതന്നെയാണ് നിലാവെട്ടത്തിന്റെ ഭംഗിയും പ്രത്യേകതയും.
Content Highlights: Girija Warrier, Manju Warrier, Sathyan Anthikkad, Mathrubhumi Books, Nilavettom
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..