നവനവോന്മേഷശാലിനിയായ നവരാത്രി


ആലങ്കോട് ലീലാകൃഷ്ണന്‍പ്രതീകാത്മക ചിത്രം

ഭാരതത്തിലുടനീളം ആഘോഷിക്കപ്പെടുന്ന സവിശേഷമായ സാംസ്‌കാരികോത്സവമാണ് നവരാത്രി. കേരളത്തില്‍ കന്നിമാസത്തിലെ ശുക്‌ളപക്ഷത്തില്‍ പ്രതിപദം(പ്രഥമ)മുതല്‍ നവമിവരെ രാത്രികാലങ്ങളില്‍ ആഘോഷിക്കുന്നതുകൊണ്ട് 'നവരാത്രി ഉത്സവം' എന്നു വിളിക്കുന്നു. ദശമിവരെ ഉത്സവം നീളുന്നതുകൊണ്ട് മറ്റു ചില സംസ്ഥാനങ്ങളില്‍ 'ദസ്‌റ' എന്നും വിളിക്കുന്നു. എന്നാല്‍, ഒമ്പതുദിനരാത്രങ്ങളിലെ കേവലം ആചാരനിഷ്ഠമായ ഉത്സവം മാത്രമല്ല നവരാത്രി. ജീവിതവിജയത്തിനും നന്മകള്‍ക്കുമുതകുന്ന സമസ്ത കലകളുടെയും സര്‍ഗസിദ്ധികളുടെയും കര്‍മശേഷിയുടെയും നവനവോന്മേഷശാലിനിയായ നവീകരണമാണ് യഥാര്‍ഥത്തില്‍ നവരാത്രി. 'നവനവോന്മേഷശാലിനീ പ്രജ്ഞാ; പ്രതിഭ' എന്നാണല്ലോ പ്രതിഭയെക്കുറിച്ചുള്ള പ്രശസ്തമായ നിര്‍വചനം. നവനവോന്മേഷശാലിത്വത്തിന് പ്രതിഭ നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കണം. ഈ നവീകരണമാണ് നവരാത്രിപൂജ.

കര്‍ഷകര്‍ കാര്‍ഷികോപകരണങ്ങളെയും തൊഴിലാളികള്‍ തൊഴിലുപകരണങ്ങളെയും ഗായകര്‍ സംഗീതോപകരണങ്ങളെയും നര്‍ത്തകര്‍ ചിലങ്കയെയും എഴുത്തുകാരും വിദ്യാര്‍ഥികളും തൂലികയെയും പുസ്തകങ്ങളെയും പൂജിച്ചുനവീകരിക്കുന്നു. ഓരോരോ സര്‍ഗമേഖലയിലും പ്രതിഭാ വികാസത്തിനും വിദ്യാപോഷണത്തിനും ഉപാദാനമായതിനെയെല്ലാം ജീവസന്ധായിനിയായ പ്രകൃതിക്കു സമര്‍പ്പിച്ചു നവീകരിച്ചെടുക്കുന്നതായാണ് സങ്കല്പം. പ്രകൃതിയെ ആദിപരാശക്തിയായും ആ ശക്തിയുടെ രൂപാന്തര ചൈതന്യങ്ങളായി ദുര്‍ഗയെയും സരസ്വതിയെയും സങ്കല്പിക്കുന്നു. പ്രകൃതിയുമായി പ്രതിപ്രവര്‍ത്തിക്കുന്ന നിരന്തരമായ ചലനാത്മകതയാണ് മനുഷ്യന്റെ സര്‍ഗശേഷിയുടെ അടിസ്ഥാനം. ഭാവനകൊണ്ടും സങ്കല്പംകൊണ്ടും കര്‍മശേഷികൊണ്ടും മനുഷ്യന്‍ ഈ സര്‍ഗബലത്തെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു. അതുവഴി പ്രകൃതിയും സംസ്‌കരിക്കപ്പെടുന്നു.വിദ്യയാണ് ഈ സംസ്‌കരണത്തിന്റെയും നവീകരണത്തിന്റെയും ഇന്ധനം. അവിദ്യയും അജ്ഞാനവും അന്ധകാരമാവുന്നു. വിദ്യകൊണ്ട് എല്ലാവിധ അജ്ഞാനാന്ധകാരങ്ങളെയും അതിജീവിക്കാമെന്നാണ് സംസ്‌കാരത്തിന്റെ ആദ്യപാഠം. വിദ്യാരംഭം, അതിനാല്‍ സംസ്‌കാരവികാസത്തിന്റെ തുടക്കമാണ്. വിദ്യയും നിരന്തരം പുതുക്കിക്കൊണ്ടിരിക്കണം. അതിനാല്‍ 'വിദ്യാരംഭ'വും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഐതിഹ്യപ്രകാരം ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച് വിദ്യയുടെ വിജയം വരിച്ചദിവസമാണ് വിജയദശമി. എല്ലാവിധ പ്രാകൃതത്വങ്ങളുടെയും തിന്മകളുടെയും പ്രതീകമാണ് മഹിഷാസുരന്‍. വിദ്യയാണ് ആ പ്രാകൃതാന്ധകാരത്തെ നശിപ്പിച്ചത്. വിജയദശമിദിവസം വിദ്യാരംഭംകുറിക്കുന്നത് ഈ പ്രകാശോദയ സ്മരണയിലാണ്.

വിദ്യ വെളിച്ചമാണ്. ആ വെളിച്ചം നേടിയാല്‍ ഭേദചിന്തകളും അസമത്വങ്ങളും ഇല്ലാതാവുന്നു. സമൂഹം ജ്ഞാനപ്രബുദ്ധമാവുന്നു. കേരളത്തില്‍, സമൂഹത്തിലെ ബഹുഭൂരിപക്ഷം മനുഷ്യര്‍ക്കും വിദ്യ നിഷേധിക്കപ്പെട്ട കാലത്താണ് ജാതി, മത, വര്‍ണ, വര്‍ഗ, ലിംഗ ഭേദമേതുമില്ലാതെ 'അക്ഷര'ത്തെ സ്വതന്ത്രമാക്കിയ ഒരു ഗുരുകുലം, വെട്ടത്തുനാട്ടില്‍ തുഞ്ചത്താചാര്യന്‍ ആരംഭിച്ചത്. അറിവുതേടി വന്നവര്‍ക്കെല്ലാം ആചാര്യര്‍ അക്ഷരവിദ്യ പകര്‍ന്നുകൊടുത്തു. 'ജാതിനാമാദികള്‍ക്കല്ല ഗുണഗണം' എന്ന് തലമുറകളെ പഠിപ്പിച്ചു. അന്നത്തിന്റെ പ്രതീകമായ അരിയിലും വാക്കിന്റെ പ്രതീകമായ നാവിലും വിത്തിന്റെയും വിളവിന്റെയും ജീവന്റെയും ആധാരമായ മണ്ണിലുമാണ് തുഞ്ചത്താചാര്യന്‍ ആദ്യക്ഷരം കുറിച്ചുകൊടുത്തത്. ആചാര്യന്‍ അവലംബിച്ച ആ വിദ്യാരംഭ പ്രതീകങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. തുഞ്ചത്താചാര്യന്റെ വിദ്യാവിമോചനനവോത്ഥാന സ്മരണയില്‍ തുഞ്ചന്‍പറമ്പില്‍ ഇന്നും വിദ്യാരംഭം പ്രധാനമാണ്.

ഗുരുപരമ്പരകള്‍ ഇങ്ങനെ, അജ്ഞാനാന്ധകാരങ്ങളെ നിരന്തരം, കാലാനുസാരിയായ നവവിദ്യാരംഭങ്ങള്‍കൊണ്ടു നവീകരിച്ചതിനാലാണ് നമ്മുടെ 'വിജയദശമി'കള്‍ക്ക് എന്നും തിന്മകള്‍ക്കുമേല്‍ നന്മയുടെ വിജയം ആഘോഷിക്കാന്‍ കഴിഞ്ഞത്. ഏതുകാലത്തും എല്ലാ ജ്ഞാനകേന്ദ്രങ്ങളും നവംനവ്യങ്ങളായ വിദ്യാനവീകരണങ്ങളുടെ കേന്ദ്രങ്ങളാവേണ്ടതുണ്ട്. അറിവുകള്‍ക്ക് അവസാനമില്ല. അവസാനത്തെ അറിവുകളും ഇല്ല. ഇന്ന് കേരളത്തിലെ ഒട്ടെല്ലാ അക്ഷരകേന്ദ്രങ്ങളും മതഭേദമില്ലാതെ മിക്ക ദേവാലയങ്ങളും വിജയദശമിക്ക് വിദ്യാരംഭകേന്ദ്രങ്ങളാവുന്നുണ്ട്. വിദ്യയുടെ വിഭാഗീയതകള്‍ നീക്കപ്പെടുന്നു. വിദ്യാദേവിയായ സരസ്വതിയുടെ സാന്നിധ്യംകൊണ്ട് കേരളത്തില്‍ ക്ഷേത്രങ്ങളെല്ലാം പണ്ടേ വിദ്യാരംഭകേന്ദ്രങ്ങളാണ്. വിദ്യാമാതാവായാണ് സരസ്വതീസങ്കല്പം നമ്മുടെ ഐതിഹ്യങ്ങളിലെല്ലാം കടന്നുവരുന്നത്.

'സംഗീതമപി സാഹിത്യം/സാരസ്വത്യാം സ്തനദ്വയം' എന്നാണ് കവിദര്‍ശനം. സംഗീതം ആപാദമധുരവും സാഹിത്യം ആലോചനാമൃതവുമാണ്. വിദ്യയുടെ ഉപാദാനങ്ങളായി രണ്ടും സ്വീകരിക്കപ്പെടുന്നു. സമഭാവനയാണ് അവിടെയും വിദ്യാദാനത്തിന്റെ മാനദണ്ഡം. കാരണം, വിദ്യ സ്വാതന്ത്ര്യമാണ്. 'വിദ്യാധനം സര്‍വധനാല്‍ പ്രധാന'വുമാണ്. വൈദികസാഹിത്യത്തില്‍ സകല ജ്ഞാനങ്ങളുടെയും ദേവതയായി വിദ്യ ഉപാസിക്കപ്പെടുന്നു. ഋഗ്വേദഭാഷ്യത്തില്‍ സായണാചാര്യന്‍ വിദ്യാദേവിയെക്കൊണ്ടു പറയിക്കുന്നു,

''ഞാന്‍ നിങ്ങളുടെ ധനമാണ്.''

വിദ്യയെയും സംസ്‌കാരത്തെയും കുറിച്ച് കഠോപനിഷത്ത് പറയുന്ന ഒരു ദര്‍ശനം ഇങ്ങനെയാണ്.

'സഹനാ വവതു സഹനൗഭുനക്തു

സഹവീര്യം കരവാവഹൈ

തേജസ്വിനാവധീതമസ്തു

മാ വിദ്വിഷാവഹൈ'

അതിന്റെ ആശയം ഏതാണ്ട് ഇപ്രകാരമാണ്:

'നാം അറിഞ്ഞതും പഠിച്ചതുമായ വസ്തുത നമുക്ക് പോഷകമാകട്ടെ. അതു നമ്മില്‍ ശക്തിമത്താവട്ടെ. പരസ്പരം ഉപകരിക്കാനായി അതു നമ്മില്‍ വീര്യമാവട്ടെ; ഗുരുശിഷ്യന്മാര്‍ക്കിടയില്‍ സ്പര്‍ധയില്ലാതിരിക്കട്ടെ' ഇതുതന്നെയാണ് യഥാര്‍ഥമായ വിദ്യാധനം. തമ്മില്‍ത്തമ്മില്‍ സ്പര്‍ധയുണ്ടാവാതിരിക്കാനും ഭേദചിന്തകളില്ലാതാവാനും സര്‍വചരാചരങ്ങള്‍ക്കുമിടയില്‍ മൈത്രീഭാവമുണ്ടാവാനും പാകത്തില്‍ വിദ്യ ഓരോരുത്തരിലും ആത്മജ്ഞാനമായിത്തീരണം. ആ പ്രബുദ്ധത, വിവേചനമൊന്നും കൂടാതെ സമൂഹത്തില്‍ വിതരണം ചെയ്യപ്പെടുകയും വേണം. നവരാത്രി ആ നവീകരണത്തിന്റെ തുടര്‍പ്രക്രിയയാണ്. ആത്മനവീകരണംകൊണ്ട് അമര്‍ത്യത സമ്മാനിക്കുന്ന ജ്ഞാനദേവതയാണ് വിദ്യ.

'അവിദ്യയാം മഹാമോഹമൃത്യുബാധയൊഴിക്കുവോള്‍' എന്ന് പി. കുഞ്ഞിരാമന്‍ നായര്‍. അവിദ്യ മരണമാണ്. വിദ്യയാണ് യഥാര്‍ഥജീവിതം. അതിനാല്‍, നവരാത്രിമണ്ഡപത്തിലെ പ്രാര്‍ഥന ഇതാകുന്നു:

'അസതോമാ സദ്ഗമയാ

തമസോ മാ ജ്യോതിര്‍ഗമയാ


മൃത്യോര്‍മാ അമൃതംഗമയാ'

സങ്കല്പധന്യമായ നവരാത്രിമണ്ഡപത്തെ ഉപാസിച്ചുകൊണ്ട് നമ്മുടെ ജനകീയ മഹാകവി വയലാര്‍ രാമവര്‍മ ഒരു പാട്ടില്‍ ഇങ്ങനെ കുറിക്കുന്നു:

'സ്വര്‍ഗപുത്രീ! നവരാത്രി

സ്വര്‍ണം പതിച്ചനിന്‍

സ്വരമണ്ഡപത്തിലെ

സോപാന ഗായകനാക്കൂ... എന്നെ നീ...'

വിദ്യ വെളിച്ചമാണ്. ആ വെളിച്ചം നേടിയാല്‍ ഭേദചിന്തകളും അസമത്വങ്ങളും ഇല്ലാതാവുന്നു. സമൂഹം ജ്ഞാനപ്രബുദ്ധമാവുന്നു

Content Highlights: Navratri 2022: History, significance, celebrations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented