സ്വാമി വിവേകാനന്ദൻ
ഭാരത പരിക്രമണത്തിന്റെ ഭാഗമായി പരിവ്രാജകനായി സ്വാമി വിവേകാനന്ദന് കേരളത്തിലുമെത്തി. മൈസൂരില്‍ നിന്ന് ഷൊര്‍ണൂരില്‍ തീവണ്ടിയിറങ്ങിയ അദ്ദേഹം. കാളവണ്ടിയില്‍ തൃശ്ശൂരിലെത്തി. തുടര്‍ന്ന് കൊടുങ്ങല്ലൂരിലും. ജാതിദുരാചാരത്തിന്റെ പിടിയിലമര്‍ന്ന കേരളത്തിലെ ദുരവസ്ഥ അദ്ദേഹം അവിടെ അനുഭവിച്ചു. എം.പി. വീരേന്ദ്രകുമാറിന്റെ 'വിവേകാനന്ദന് സന്ന്യാസിയും മനുഷ്യനും' എന്ന ഗ്രന്ഥത്തില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍.
പരിവ്രാജകയാത്രയ്ക്കിടെ ഡോ. പല്പുവുമായി ബാംഗ്ലൂരില്വെച്ചു നടത്തിയ ആശയവിനിമയങ്ങള്ക്കുശേഷം, കേരളം സന്ദര്‍ശിക്കണമെന്ന് സ്വാമി വിവേകാനന്ദന് തീരുമാനിച്ചു. കേരളത്തിലെ ജാതിസമ്പ്രദായവും ജീര്‍ണിച്ച സാമൂഹികാവസ്ഥയും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. ഈ പ്രദേശത്തിന്റെ പ്രകൃതിരമണീയതയെക്കുറിച്ച് നേരത്തേ കേട്ടിരുന്നു. വിശാലമായ കടല്‍ത്തീരവും ഹരിതാഭമായ ഭൂപ്രദേശങ്ങളും സന്ദര്‍ശിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരിക്കണം. ബൗദ്ധികമായും വൈകാരികമായും തന്നെ ഏറെ സ്വാധീനിച്ചിരുന്ന ശങ്കരാചാര്യരുടെ ജന്മംകൊണ്ട് അനുഗൃഹീതമായ കേരളക്കരയോട് അദ്ദേഹത്തിന് ആദരമുണ്ടായിരുന്നു. 1892 നവംബര്‍ അവസാനമാണ് വിവേകാനന്ദന് മൈസൂരില്‍നിന്ന് ഷൊര്‍ണൂരിലേക്ക് വണ്ടികയറിയത് എന്നാണ് കരുതപ്പെടുന്നത്.
കൊടുങ്ങല്ലൂരിലെ അനുഭവങ്ങള്‍
അക്കാലത്ത് തൃശ്ശൂരില്‍നിന്ന് കൊച്ചിയിലേക്ക് വഞ്ചിയിലായിരുന്നു യാത്ര. പൂത്തോള്‍ വഞ്ചിക്കുളത്തുവെച്ചാണ് അദ്ദേഹം തൃശ്ശൂരിനോട് വിടപറഞ്ഞത്. കൊച്ചിക്കുള്ള യാത്രാമധ്യേ കൊടുങ്ങല്ലൂരില്‍ ഇറങ്ങി. അവിടത്തെ പ്രസിദ്ധമായ ദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സ്വാമിയെ ക്ഷേത്രപാലകര്‍ തടഞ്ഞു. അവര്‍ക്ക് സ്വാമിയുടെ ജാതി എന്താണെന്നറിയണം. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചിട്ടും ജാതി വെളിപ്പെടുത്താന്‍ സ്വാമി കൂട്ടാക്കിയില്ല. നാലമ്പലത്തിനകത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സ്വാമി, ക്രോധലേശമില്ലാതെ പുറത്തുനിന്ന് ദേവിയെ തൊഴുതു. ബാംഗ്ലൂരില്‍വെച്ച് ഡോ. പല്പു പറഞ്ഞ കേരളത്തിലെ ജാതീയതയുടെ തീവ്രത വിവേകാനന്ദന് ആദ്യമായി അനുഭവപ്പെട്ടത് കൊടുങ്ങല്ലൂരില്‍വെച്ചാണ്. ജാതി പറയാത്തതുകാരണം അവിടെ ആരുടെയും ആതിഥ്യം സ്വാമിക്ക് ലഭിച്ചില്ല. അദ്ദേഹം മൂന്നുദിവസം കൊടുങ്ങല്ലൂര്‍ക്ഷേത്രത്തിനു മുന്നിലുള്ള ആല്‍ത്തറയില്‍ ധ്യാനവും പ്രാര്‍ഥനയുമായി കഴിഞ്ഞു.
.jpg?$p=6df998d&&q=0.8)
ക്ഷേത്രനടയില്‍നിന്നു പ്രാര്‍ഥിച്ചശേഷം സ്വാമി വിവേകാനന്ദന്, പരിസരത്തുള്ള ആല്‍ത്തറയില്‍ ഉപവിഷ്ടനായി. ക്ഷേത്രത്തില്‍ തേവാരം കഴിഞ്ഞു മടങ്ങുകയായിരുന്ന ഒരു യുവാവ് ആല്‍ത്തറയിലിരിക്കുന്ന വ്യക്തിയെക്കണ്ട് എങ്ങുനിന്നോ വന്നൊരു 'ഗോസായി'യാണെന്നു തെറ്റിദ്ധരിച്ചു. സ്വാമിയുടെയടുത്തെത്തിയ അയാള്‍ ഏതാനും ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തത്കാലം പിന്‍വാങ്ങിയ യുവാവ് തിരിച്ചെത്തിയത് സംസ്കൃതത്തില്‍ അപാരപാണ്ഡിത്യമുള്ള കൊടുങ്ങല്ലൂര്‍ കോവിലകത്തിലെ കൊച്ചുണ്ണിത്തമ്പുരാനെയും ഭട്ടന്തമ്പുരാനെയും കൂട്ടിക്കൊണ്ടാണ്. ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാടിന്റെ വിവരണം:
'ഇപ്പോള്‍ വന്ന ഈ രണ്ടുപേര്‍ക്കും കണ്ടമാത്രയില്‍ത്തന്നെ അതു സാധാരണ ഗോസായിയല്ലെന്നു തോന്നി. അങ്ങനെ സര്‍വാംഗസുന്ദരമായ ഗാത്രവും സിംഹഗംഭീരമായ ഭാവവും പിച്ചതെണ്ടുന്ന കാവിമുണ്ടുകാരില് സാധാരണ കണ്ടിട്ടില്ല. കാരുണ്യം പൊട്ടിത്തഴച്ച ലാവണ്യം, വെട്ടിത്തുളുമ്പുന്ന കൊഴുകൊഴെ പളപള വിളങ്ങുന്ന ആ പുണ്യകളേബരത്തെ കുശാഗ്രബുദ്ധിയായ കൊച്ചുണ്ണിത്തമ്പുരാന്‍ അടിമുതല്‍ മുടിയോളം സൂക്ഷിച്ചുനോക്കി. പരന്ന നെറ്റിയും കറുത്ത പുരികങ്ങളും നീണ്ട കണ്ണുകളും തിളങ്ങുന്ന കൃഷ്ണമണിയും ഇടതൂര്‍ന്ന ഇമരോമങ്ങളും ഉത്തുംഗമായ നാസികയും മസൃണമാംസളമായ കവിള്‍ത്തടങ്ങളും ചുകന്ന ചുണ്ടുകളും വിരിഞ്ഞ മാറും ആജാനുലംബികളായ ബാഹുക്കളും എല്ലാം അനന്യസാമാന്യങ്ങളായി കാണപ്പെട്ടു. സാമുദ്രികലക്ഷണങ്ങളെല്ലാം തികഞ്ഞ ഈദൃശമായൊരു ദേഹത്തെപ്പറ്റി തമ്പുരാന് ശാസ്ത്രത്തില്‍ വായിച്ചിട്ടുള്ളതല്ലാതെ ലോകത്തില്‍ മുന്‍പു ദര്‍ശിച്ചിട്ടില്ല.' പ്രചുരപ്രചാരം സിദ്ധിച്ച സ്വാമി വിവേകാനന്ദന്റെ ഛായാചിത്രങ്ങളില്നിന്നും ഒട്ടും ഭിന്നമല്ല ഓട്ടൂരിന്റെ വിവരണം.
ജാതിയെ തകര്‍ത്ത സംഭാഷണം
ഏതായാലും പ്രത്യക്ഷത്തില്‍ ദര്‍ശിച്ച വിവേകാനന്ദസ്വരൂപത്തില് മാത്രം വിശ്വസിക്കാതെ, സ്വാമിയുടെ കാതല്‍ കണ്ടെത്തുവാന്തന്നെ തീരുമാനിച്ച കൊച്ചുണ്ണിത്തമ്പുരാന്‍ ഏതാനും ചോദ്യങ്ങള്‍കൊണ്ട് സ്വാമിയുടെ പാണ്ഡിത്യം പരിശോധിക്കാന്‍ ശ്രമിച്ചു. അവയ്ക്കു ലഭിച്ച മറുപടിയില്‍നിന്ന് ആഗതന്റെ ഊരും പേരും കുലവും ഗോത്രവുമൊന്നും വ്യക്തമായില്ല. പരദേശിയും പരിവ്രാജകനുമാണെന്ന് വേഷഭൂഷാദികളില്നിന്നൂഹിച്ചതില്ക്കവിഞ്ഞ് ഒന്നും ഗ്രഹിക്കാന്‍ തമ്പുരാനു കഴിഞ്ഞില്ല. തന്നെ ക്ഷേത്രപാലകന്മാര് തടഞ്ഞകാര്യം സ്വാമി വിവേകാനന്ദന് കൊച്ചുണ്ണിത്തമ്പുരാനെ അറിയിച്ചു. അവര്‍ തമ്മില്‍നടന്ന സംഭാഷണം ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് തന്റെ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്.
.jpg?$p=85b4690&&q=0.8)
ആരാധനയ്ക്കെത്തുന്ന പലരെയും ദേവസന്നിധിയിലേക്ക് പോകാന്‍ അനുവദിക്കാത്തതിന്റെ യുക്തിയെന്താണ് എന്ന സ്വാമിയുടെ ചോദ്യത്തിന് നാട്ടിലെ ആചാരം അങ്ങനെയാണെന്നും മലയാളികളെ ജാതിനോക്കി ക്ഷേത്രത്തില്‍ കടത്താനും കടത്താതിരിക്കാനും വ്യവസ്ഥയുണ്ടെന്നുമായിരുന്നു തമ്പുരാന്റെ മറുപടി. ജാതിനോക്കിവേണം ക്ഷേത്രപ്രവേശനമെന്ന ആചാരത്തിന് വല്ല പ്രമാണവുമുണ്ടോ? ഉണ്ടെങ്കില്‍ ഏതു പ്രമാണമെന്നായി സ്വാമി വിവേകാനന്ദന്. 'സ്മൃതി'യെ ആധാരമാക്കിയുള്ളതെന്നായിരുന്നു തമ്പുരാന്റെ ഉത്തരം. സ്മൃതിയില്‍ ക്ഷേത്രപ്രവേശനത്തിനര്ഹരായവരെയും അനര്‍ഹരായവരെയും വേര്‍തിരിച്ചിട്ടുണ്ടോ എന്ന സ്വാമിയുടെ ചോദ്യത്തിന് വാച്യമായിട്ടില്ലെങ്കിലും വ്യംഗ്യമായിട്ടുണ്ടെന്നും അന്യജന്മാരുടെ സാമീപ്യസമ്പര്ക്കങ്ങളെ അഭിജാതന്മാര്ക്ക് നിഷേധിച്ചിരിക്കുന്നതില്നിന്ന് അക്കാര്യം വ്യക്തമാകുന്നുണ്ടെന്നുമായി കൊച്ചുണ്ണിത്തമ്പുരാന്‍. പ്രസ്തുത നിഷേധം ഭഗവദ്സന്നിധിയിലേക്ക് ബാധകമല്ലെന്ന് വന്നുകൂടേ? സ്വാമി വിവേകാനന്ദന് ചോദിച്ചു. അങ്ങനെ വിചാരിക്കാന്‍ പ്രമാണം കാണണമെന്നായി തമ്പുരാന്. സ്വാമി വിവേകാനന്ദന് പ്രമാണം ഉദ്ധരിച്ചു:
'ദേവാലയസമീപസ്ഥാന് ദേവസേവാ പാര്‍ഥ മാഗതാന് ചണ്ഡാലന് പതിതാന്‍ വാപി സ്പൃഷ്വാന സ്നാനമാചരേല്' എന്ന് പ്രത്യക്ഷവും സ്പഷ്ടവുമായ സ്മൃതിവാക്യമുള്ളപ്പോള്, പരോക്ഷവും തദ്വിരുദ്ധവുമായ ക്ലിഷ്ടാനുമാനമെന്തിന്? എല്ലാ പഴുതുകളുമടച്ചുള്ള സ്വാമി വിവേകാനന്ദന്റെ ചോദ്യശരങ്ങളേറ്റ് തപിച്ചും തളര്‍ന്നും കൊച്ചുണ്ണിത്തമ്പുരാനും ഭട്ടന്‍തമ്പുരാനും കൂടുതല്‍ തയ്യാറെടുത്ത് 'ഗോസായി'യെ നേരിടുന്നതിനായി കോവിലകത്തേക്ക് തിരിച്ചുപോയി.

'വിവേകാനന്ദന് സന്ന്യാസിയും മനുഷ്യനും'
എന്ന പുസ്തകം.
പല ഗ്രന്ഥങ്ങളും പരിശോധിച്ച്, സ്വാമിയെ വീഴ്ത്താനുള്ള യുക്തിയും കരുത്തും നേടിയാണ് അവര്‍ വീണ്ടും ആല്ത്തറയിലെത്തിയത്. സ്വാമി ഏതാനും ചോദ്യങ്ങള്‍ ചോദിച്ചതോടെ അസ്ത്രങ്ങളൊഴിഞ്ഞ ആവനാഴികളുമായി തമ്പുരാക്കന്മാര് വിഷണ്ണരായി വീണ്ടും പിന്തിരിഞ്ഞു. പിറ്റേന്ന് കാലത്ത് കൂടുതല്‍ തയ്യാറെടുപ്പുകള്‍ക്കുശേഷം അവര്‍ വീണ്ടും ആല്‍ത്തറയിലെത്തി. അത്തവണ സ്വാമിയുടെ ഒറ്റച്ചോദ്യത്തില്ത്തന്നെ അവര്‍ അടിയറവുപറഞ്ഞു. ഇടനേരത്ത് വീണ്ടും വന്നുവെങ്കിലും വിജ്ഞാനസാഗരമായ സ്വാമി വിവേകാനന്ദനെ നേരിടാന്‍ അവര്‍ക്കായില്ല.
പ്രതീക്ഷതെറ്റിച്ച 'ഗോസായി'
മൂന്നാം ദിവസം അതിരാവിലെത്തന്നെ തമ്പുരാക്കന്മാര് ആല്‍ത്തറയിലെത്തി. അദ്ദേഹവുമായി സംവാദത്തിലേര്പ്പെടാനുദ്ദേശിച്ചായിരുന്നില്ല, പ്രത്യുത സത്സംഗത്തിനായിരുന്നു അവരുടെ വരവ്. കൂടാതെ, ആ യോഗീന്ദ്രന്റെ അനന്യസാധാരണമായ വാഗ്ധോരണിയും ഉപപാദനപാടവവും ആസ്വദിക്കാനും അവര്‍ക്ക് അതിയായ താത്പര്യമുണ്ടായിരുന്നു. അവരെത്തുമ്പോള്‍ പക്ഷേ, സ്വാമി ധ്യാനത്തിലായിരുന്നു. അദ്ദേഹത്തിന്റെ ചാരത്തുനിന്നപ്പോള് തങ്ങളുടെ ദുരഹങ്കാരവും വാക്തര്ക്കവാഞ്ഛയും എത്രമാത്രം പരിഹാസ്യമായിരുന്നുവെന്ന് തമ്പുരാക്കന്മാര്ക്ക് ബോധ്യമായി. അല്പനേരത്തിനുള്ളില് സ്വാമി കണ്ണുകള്‍ തുറന്നു.
സ്വാമിയും തമ്പുരാക്കന്മാരും തമ്മില്‍ സംവദിച്ചത് ശുദ്ധസംസ്കൃതത്തിലായിരുന്നു. കടിച്ചാല്‍ പൊട്ടാത്ത ചിരട്ടയല്ല വേദാന്തമെന്നും അതു സാധാരണക്കാര്‍ക്കുപോലും നുകരാവുന്നതാണെന്നും സ്വാമി വിവേകാനന്ദന് തമ്പുരാക്കന്മാരെ ബോധ്യപ്പെടുത്തി. അവര്‍ക്ക് ആ തേജസ്വിയായ പണ്ഡിതശ്രേഷ്ഠന് കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതില്‍ വലിയ പശ്ചാത്താപമുണ്ടായി. മഹാപുരുഷന്മാരുടെ പാദസ്പര്‍ശംകൊണ്ട് ക്ഷേത്രം അശുദ്ധമാവുകയല്ല, സഹസ്രകലശം കഴിച്ചാലുള്ളതിനെക്കാളേറെ പവിത്രമാവുകയാണു ചെയ്യുക എന്നവര്‍ക്ക് ബോധ്യമായി. വിവേകാനന്ദനെ ക്ഷേത്രത്തിലേക്കാനയിക്കാന് അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും സ്വാമി അവരുടെ ക്ഷണം സ്നേഹപൂര്‍വം നിരസിച്ചു. ഭഗവതി അനുകൂലയാണെങ്കില് പുറത്തുനിന്നു തൊഴുതാലും പ്രസാദിക്കുമെന്നും പ്രതികൂലമാണെങ്കില്‍ അകത്തുകടന്നു തൊഴുതിട്ടും പ്രത്യേക കാര്യമില്ലെന്നും സ്വാമി പറഞ്ഞു.
പത്രത്തില്‍ക്കണ്ട വിവേകാനന്ദന്
മൂന്നാം ദിവസം 'ഗോസായി'(അതുവരെയും താനാരാണെന്ന് സ്വാമി അവരോട് പറഞ്ഞില്ല)യോടു യാത്രപറഞ്ഞ് തമ്പുരാക്കന്മാര് കോവിലകത്തേക്കു മടങ്ങി. അന്നു രാത്രി തമ്പുരാക്കന്മാര് ഒരുമിച്ചാലോചിച്ച് പിറ്റേന്നു സ്വാമിയെ കോവിലകത്തേക്ക് ക്ഷണിക്കണമെന്നു തീരുമാനിച്ചു. എന്നാല്‍, നാലാംനാള്‍ പുലര്‍ന്നപ്പോള്‍ അവര്‍ ആല്ത്തറയിലെത്തിയെങ്കിലും സ്വാമിയെ അവിടെയെങ്ങും കണ്ടില്ല. അദ്ദേഹം ആരോടും പറയാതെ കൊടുങ്ങല്ലൂരിലെത്തി; ആരോടും പറയാതെ അവിടെനിന്നു പോവുകയും ചെയ്തു. കുറച്ചുകാലം കഴിഞ്ഞ് ലോകപ്രശസ്തമായ ഷിക്കാഗോ പ്രഭാഷണത്തിനുശേഷം കൊച്ചുണ്ണിത്തമ്പുരാന്‍ ഒരു വര്‍ത്തമാനപത്രത്തില്‍ സ്വാമിയുടെ പടം അച്ചടിച്ചതുകണ്ടു -ആല്ത്തറയില്ക്കണ്ട അതേ 'ഗോസായി!' പടത്തിനു താഴെ 'ശ്രീമദ്വിവേകാനന്ദന്' എന്ന് അച്ചടിക്കുകയും ചെയ്തിരുന്നു.
Content Highlights: National Youth Day, Swami Vivekananda, Kodungallur, Thrissur, Casteism in Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..