'യേശുദേവന്‍' എഴുതിയപ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതവും എഴുതാനാഗ്രഹിച്ച കെ.പി കേശവമേനോന്‍


നളിനി ദാമോദരന്‍

'യേശുദേവന്‍' എഴുതിക്കഴിഞ്ഞപ്പോള്‍ വല്യച്ഛന് പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതം എഴുതണമെന്ന് ആഗ്രഹംതോന്നി. അതിനായി ഇസ്ലാം മതത്തെപ്പറ്റിയും അന്നത്തെ അറേബ്യയെക്കുറിച്ചും പ്രവാചകന്റെ ജീവിതത്തെക്കുറിച്ചും അറിയുന്ന ഒരാളെ വല്യച്ഛന്‍ അന്വേഷിക്കുകയായിരുന്നു.

കെ.പി കേശവമേനോൻ

രുകണ്ണുകള്‍ക്കും കാഴ്ചനഷ്ടപ്പെട്ടിട്ടും ജീവിതത്തെ പ്രസാദപൂര്‍ണമായി നോക്കിക്കണ്ടയാളായിരുന്നു മാതൃഭൂമി സ്ഥാപകപത്രാധിപരും സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ കെ.പി. കേശവമേനോന്‍. കാഴ്ചനഷ്ടപ്പെട്ടിട്ടും അദ്ദേഹം തന്റെ എഴുത്ത് നിര്‍ത്തിയില്ല. യേശുദേവന്റെ ജീവചരിത്രമടക്കമുള്ള പ്രസിദ്ധമായ ഗ്രന്ഥങ്ങള്‍ പറഞ്ഞുകൊടുത്ത് എഴുതിച്ചു. അവസാനനാളുകളില്‍ അദ്ദേഹത്തെ എഴുതാനും വായിക്കാനും സഹായിച്ചിരുന്ന അദ്ദേഹത്തിന്റെ കൊച്ചുമകള്‍ നളിനി ദാമോദരന്‍ കെ.പി കേശവമേനോനെ ഓര്‍ക്കുന്നു.

താമസിച്ച വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു വല്യച്ഛന്റെ കിടപ്പുമുറി. അതിന്റെമുമ്പിലുള്ള വരാന്തയുടെയറ്റത്ത് മേശയും കസേരയുമിട്ടിരുന്നു. ദിവസവും രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കുന്ന വല്യച്ഛന്‍ നിത്യവൃത്തികള്‍ കഴിഞ്ഞാല്‍ ആ മേശയ്ക്കരികിലിരുന്നാണ് തന്റെ എഴുത്തുപണി തുടങ്ങുക. ഏഴുമണിക്ക് നടക്കാന്‍പോകുന്നതുവരെ അത് തുടരും. ഒരു ദിവസം എന്നെവിളിച്ച് താന്‍ എഴുതിയത് വായിക്കാന്‍ പറഞ്ഞപ്പോള്‍ കടലാസില്‍ ഒന്നും എഴുതിയതായി കാണുന്നില്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോഴാണ് വല്യച്ഛന് തന്റെ കാഴ്ചശക്തിക്കു സംഭവിച്ച മാറ്റം മനസ്സിലായത്. ഉടന്‍തന്നെ നേത്രരോഗവിദഗ്ധനായ ഡോ. പി.ബി. മേനോനെ ചെന്നുകണ്ടു. തിമിരം മൂര്‍ച്ഛിച്ചതായിരുന്നു. ശസ്ത്രക്രിയ വേണ്ടതുകൊണ്ട് വല്യച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്കാലത്ത് കോഴിക്കോട്ട് നേത്രരോഗവിദഗ്ധന്മാര്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേത്രരോഗാശുപത്രിയും ഇല്ലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആരംഭിച്ചിട്ടില്ല. ബീച്ചാശുപത്രിയാണ് ജനറല്‍ ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്നത്. അവിടത്തെ നേത്രരോഗവകുപ്പിന്റെ തലവനായിരുന്നു ഡോ. പി.ബി. മേനോന്‍. നേത്രരോഗശസ്ത്രക്രിയ കഴിഞ്ഞാലും ആശുപത്രിയില്‍ ഒരാഴ്ചയിലധികം കിടക്കണം.

കുറച്ചുകാലത്തിനുേശഷവും വല്യച്ഛന്റെ കാഴ്ചയ്ക്ക് വലിയ മാറ്റം കാണാത്തതുകൊണ്ട് അടുത്തകണ്ണിന്റെ ശസ്ത്രക്രിയയ്ക്ക് മദ്രാസിലേക്ക് പോകാമെന്ന് ഡോ. പി.ബി. മേനോന്‍ പറഞ്ഞു. അന്ന് മലബാറുകാര്‍ ഏതുരോഗത്തിനും വിദഗ്ധചികിത്സയ്ക്ക് മദ്രാസിലേക്കാണ് പോയിരുന്നത്. അവിടെ രണ്ട് മെഡിക്കല്‍ കോളേജും ഓരോ വകുപ്പിനും വിദഗ്ധഡോക്ടര്‍മാരുമുണ്ടായിരുന്നു. അങ്ങനെ വല്യച്ഛന്റെ രണ്ടാമത്തെ കണ്ണിന്റെ ശസ്ത്രക്രിയ മദ്രാസ് ജനറല്‍ ആശുപത്രിയില്‍വെച്ചുനടന്നു. ഡോ. പി.ബി. മേനോനും കൂടെപ്പോയിരുന്നു. 1957-'58 കാലഘട്ടത്തിലായിരുന്നു രണ്ടാമത്തെ ശസ്ത്രക്രിയ നടന്നത്. 1958-ന്റെ അവസാനത്തില്‍ കേന്ദ്രസാഹിത്യ അക്കാദമി ഇന്ത്യയിലെ വിവിധ ഭാഷകളില്‍ അക്കൊല്ലത്തെ മികച്ച പുസ്തകത്തിനുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ വല്യച്ഛന്റെ 'കഴിഞ്ഞകാലം' എന്ന ആത്മകഥയ്ക്കായിരുന്നു അവാര്‍ഡ്. അത് വാങ്ങാന്‍ വല്യച്ഛനും എന്റെ അച്ഛനും ഡല്‍ഹിയിലേക്കുപോയി. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവാണ് അവാര്‍ഡ് സമ്മാനിച്ചത്.

നളിനി ദാമോദരന്‍

അവിടെവെച്ച് വല്യച്ഛന്റെ ചിരകാലസുഹൃത്ത് രാജ്യരക്ഷാമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ലണ്ടനിലെ പ്രസിദ്ധമായ മൂര്‍ഫീല്‍ഡ് കണ്ണാശുപത്രിയില്‍പ്പോയി കണ്ണുകാണിക്കാന്‍ വല്യച്ഛനോട് പറഞ്ഞു. അതനുസരിച്ച് വല്യച്ഛനും എന്റെ അച്ഛനും ഡോ. പി.ബി. മേനോനുംകൂടി 1959-ല്‍ ലണ്ടനിലേക്കുപോയി. അവിടെ മൂര്‍ഫീല്‍ഡ് കണ്ണാശുപത്രിയില്‍ വല്യച്ഛനെ പ്രവേശിപ്പിച്ചു. അവിടത്തെ വിദഗ്ധരായ ഡോക്ടര്‍മാര്‍ കണ്ണിനുള്ള പരിശോധനകളെല്ലാം നടത്തി. Retina detachment ആണെന്നാണ് അവരുടെ പരിശോധനയില്‍ കണ്ടത്. അതിന് ശസ്ത്രക്രിയമാത്രമേ പോംവഴിയുണ്ടായിരുന്നുള്ളൂ. ശസ്ത്രക്രിയ കഴിഞ്ഞാലും കാഴ്ച പൂര്‍ണമായി തിരിച്ചുകിട്ടുമോയെന്ന് ഡോക്ടര്‍ക്ക് ഉറപ്പുണ്ടായിരുന്നില്ല. ആ വിവരം വല്യച്ഛനോട് അദ്ദേഹം പറഞ്ഞു. കടുത്തനിരാശയിലാണ്ട വല്യച്ഛന്‍ ഉറപ്പില്ലാത്തൊരു കാര്യത്തിന് താന്‍ വിധേയനാവില്ലെന്ന് നിശ്ചയിച്ച് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. സിങ്കപ്പൂര്‍ വഴിക്കാണ് മടങ്ങിയത്. സിങ്കപ്പൂരില്‍ വല്യച്ഛന്റെ മകനും കുടുംബവും മകള്‍ ലീലയുടെ മകള്‍ പത്മിനിയുടെയും ഭര്‍ത്താവിന്റെയുമൊപ്പം കുറച്ചുദിവസം താമസിച്ചാണ് നാട്ടിലേക്കു മടങ്ങിയത്.

തന്റെ കര്‍മമായ എഴുത്തും വായനയുമില്ലാതെ എങ്ങനെ മുന്നോട്ടുപോകുമെന്ന ആലോചനയില്‍ മുഴുകിയിരിക്കുകയായിരുന്നു മടക്കയാത്രയില്‍ മുഴുവന്‍ അദ്ദേഹം. അപ്പോഴാണ് തന്റെ പരന്നവായനയില്‍നിന്ന് ചില സംഭവങ്ങള്‍ ഓര്‍മയിലേക്കുവന്നത്. തന്നെക്കാള്‍ എത്രയോ പ്രായം കുറഞ്ഞവര്‍ തങ്ങളുടെ അംഗവൈകല്യം അതിജീവിച്ച കഥകള്‍ വല്യച്ഛന്‍ വായിച്ചിട്ടുണ്ട്. വായില്‍ ബ്രഷ്വെച്ച് വരച്ച കലാകാരന്മാരെയും കാലിനു സ്വാധീനമില്ലാതെയും മനഃശക്തികൊണ്ട് വിമാനം പറത്തിച്ച വൈമാനികനെയും കാഴ്ചയില്ലാതെയും സാമൂഹികസേവനംനടത്തിയ ഹെലന്‍ കെല്ലറെയും ഓര്‍മയില്‍വന്നപ്പോള്‍ എന്തുകൊണ്ട് തന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലായെന്ന് വല്യച്ഛനുതോന്നി. ഈ ആശയം കോഴിക്കോട്ട് മടങ്ങിയെത്തി സുഹൃത്തുക്കളുമായി പങ്കുവെച്ചപ്പോള്‍ മാതൃഭൂമിയിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹായിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു. അങ്ങനെ വല്യച്ഛന്‍ കാഴ്ചയില്ലാതെയും തന്റെ പ്രവര്‍ത്തനം തുടരാന്‍ തീരുമാനിച്ചു.

നാട്ടില്‍ മടങ്ങിയെത്തിയശേഷം പതിവുപോലെ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് നിത്യവൃത്തികളെല്ലാം കഴിഞ്ഞ് തയ്യാറാവുമെങ്കിലും സഹായിക്കാന്‍ ശ്രീനിവാസന്‍ വരുന്നതുവരെ വീണ്ടും കിടക്കുകയാണ് പതിവ്. 1959-ലാണ് ശ്രീനിവാസന്‍ വല്യച്ഛന്റെ സഹായിയായിവന്നത്. വല്യച്ഛന്റെ മരണംവരെ ആ സ്‌നേഹപരിചരണം തുടര്‍ന്നു. ഏഴുമണിയോടുകൂടി ശ്രീനിവാസനോടൊപ്പം നടക്കാന്‍പോകും. പോകുന്നവഴിക്ക് മാതൃഭൂമി പത്രം ശ്രീനിവാസനെക്കൊണ്ട് വായിച്ചുകേള്‍ക്കും. വീട്ടില്‍ മടങ്ങിയെത്തിയാല്‍ എഴുതാന്‍ സഹായിക്കുന്നവര്‍ ആരായിരുന്നാലും എഴുതാനുള്ള സാമഗ്രികളും റഫറല്‍ ഗ്രന്ഥങ്ങളുമായി തയ്യാറായിട്ടുണ്ടാകും. അപ്പോള്‍ തുടങ്ങുന്ന എഴുത്തുപണി പ്രാതല്‍ കഴിഞ്ഞ് പത്തുമണിവരെ തുടരും. എഴുതാന്‍ സഹായിക്കുന്നവര്‍ ആരായിരുന്നാലും പ്രാതല്‍ വല്യച്ഛനോടൊപ്പമാണ്. ഓഫീസില്‍നിന്നുവന്ന് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷമാണ് മൂന്നുമണിയോടുകൂടി ഇംഗ്‌ളീഷ് പത്രങ്ങള്‍ വായിക്കുന്നത്. ഞാനായിരുന്നു മിക്കവാറും അത് വായിച്ചുകൊടുത്തിരുന്നത്. വൈകുന്നേരം അഞ്ചുമണിക്ക് നടക്കാന്‍പോയി മടങ്ങിവന്നാല്‍ വീണ്ടും എഴുത്തുജോലികള്‍ തുടങ്ങും. അപ്പോള്‍ ഞാന്‍ തന്നെയാണ് എഴുതിക്കൊടുത്തിരുന്നത്. അത്താഴത്തിനുശേഷം വായനയുടെ സമയമാണ്. ജീവചരിത്രങ്ങള്‍, മനസ്സിന് ഉത്തേജനവും ഉത്സാഹവും നല്‍കുന്ന പുസ്തകങ്ങള്‍ എന്നവയാണ് പതിവായി വായിക്കാറുള്ളത്. ഇംഗ്‌ളീഷിലുള്ള പുസ്തകങ്ങളായിരുന്നു കൂടുതലും. Readers digest, Bhavan's Journal എന്നീ മാസികകളും അപ്പോഴാണ് വായിക്കാറ്. ഒമ്പതരമണിക്ക് കിടക്കാന്‍പോകുന്നതുവരെ ആ വായന തുടര്‍ന്നിരുന്നു.

രാഷ്ട്രപിതാവ്, ജവാഹര്‍ലാല്‍ നെഹ്രു, എബ്രഹാം ലിങ്കണ്‍, യേശുദേവന്‍, നവഭരതശില്പികള്‍, നാലു വോള്യം, പൂര്‍ണജീവിതം, സമകാലീനരായ കേരളീയര്‍, മഹാത്മാ എന്ന നാടകം, പ്രഭാതദീപം, വിജയത്തിലേക്ക്, സായാഹ്നചിന്തകള്‍ എന്നീ ഗ്രന്ഥങ്ങള്‍ കാഴ്ചപോയതിനുശേഷം വല്യച്ഛന്‍ എഴുതിയതാണ്. രാഷ്ട്രപിതാവിന് കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല ജീവചരിത്രത്തിനുള്ള അവാര്‍ഡ് ലഭിക്കുകയും ചെയ്തു.

'യേശുദേവന്‍' എഴുതുമ്പോള്‍ ക്രിസ്തുമതത്തിന്റെയും ക്രിസ്തീയജീവിതത്തിന്റെയും വസ്തുതകള്‍ ആധികാരികമായി അറിയുന്ന റവ. ഇ.പി. വിജയനെ (സി.എസ്.ഐ. സഭയിലെ പുരോഹിതനായിരുന്നു അദ്ദേഹം) സഹായത്തിനായി വിളിച്ചിരുന്നു.

'യേശുദേവന്‍' എഴുതിക്കഴിഞ്ഞപ്പോള്‍ വല്യച്ഛന് പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതം എഴുതണമെന്ന് ആഗ്രഹംതോന്നി. അതിനായി ഇസ്ലാം മതത്തെപ്പറ്റിയും അന്നത്തെ അറേബ്യയെക്കുറിച്ചും പ്രവാചകന്റെ ജീവിതത്തെക്കുറിച്ചും അറിയുന്ന ഒരാളെ വല്യച്ഛന്‍ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് മാതൃഭൂമിയില്‍ അടുത്തിടെ ചേര്‍ന്ന മൊഹിയുദ്ദീന്‍ എന്ന എം.എന്‍. കാരശ്ശേരിയെപ്പറ്റി കേട്ടത്. അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ച് പ്രവാചകന്റെ ജീവിതമെഴുതാന്‍ സഹായിക്കണമെന്നു പറഞ്ഞു. അതനുസരിച്ച് പുസ്തകത്തെപ്പറ്റി കൂടുതല്‍ ചര്‍ച്ചചെയ്യാന്‍ മൊഹിയുദ്ദീന്‍ ഞങ്ങളുടെ വീട്ടിലെത്തുമായിരുന്നു. പ്രാതലിന് അദ്ദേഹവുമുണ്ടാകും. പുസ്തകമെഴുത്തിനുള്ള പശ്ചാത്തലമൊരുക്കുന്നതിനുവേണ്ട ലേഖനങ്ങളും പുസ്തകങ്ങളുമെല്ലാം മൊഹിയുദ്ദീന്‍ ശേഖരിച്ചുവരുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന് ഗവണ്മെന്റ് കോളേജില്‍ മലയാളം വകുപ്പില്‍ അധ്യാപകനായി ജോലികിട്ടിയത്. അദ്ദേഹത്തിനിഷ്ടവും അധ്യാപനമായിരുന്നു. അതുകൊണ്ട് മാതൃഭൂമിയിലെ ജോലി രാജിവെച്ച് പുതിയ ജോലിയില്‍ച്ചേര്‍ന്നു. രാവിലെ ഒമ്പതുമണിക്ക് കോളേജ് തുടങ്ങുന്നതിനാല്‍ വല്യച്ഛനുവേണ്ടി എഴുതാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അതുകൊണ്ട് വല്യച്ഛന്‍ ആഗ്രഹിച്ചപ്രകാരം പ്രവാചകന്റെ ജീവിതമെഴുതാന്‍ കഴിഞ്ഞില്ല.

'മഹാത്മാ' എന്ന പുസ്തകം നാടകരൂപത്തില്‍ മഹാത്മാജിയുടെ ജീവിതത്തെ ആസ്പദിച്ച് എഴുതിയിട്ടുള്ളതാണ്. അത് അഭിനയിച്ചുകാണണമെന്നു മോഹിച്ച് വല്യച്ഛന്‍ തന്റെ സുഹൃത്തുക്കളെയും പരിചയക്കാരെയും അതിലെ കഥാപാത്രങ്ങള്‍ക്ക് യോജിച്ചവണ്ണം ഒരുക്കി നാടകം ശ്രീനാരായണ സെന്റിനറി ഹാളിന്റെ വേദിയില്‍ അവതരിപ്പിച്ചു. ഗാന്ധിജിയെ വിചാരണചെയ്യുന്ന ജഡ്ജിയായി വല്യച്ഛനും വേഷമിട്ടു. പ്രസിദ്ധനടന്‍ പ്രേംജിയാണ് മഹാത്മാഗാന്ധിയായി അഭിനയിച്ചത്.

കാഴ്ച നഷ്ടപ്പെട്ടെങ്കിലും ഞങ്ങളോടൊപ്പം എവിടെവേണമെങ്കിലും യാത്രചെയ്യാനും സിനിമ, സര്‍ക്കസ്, നാടകം, നാഗ്ജി ഫുട്ബോള്‍ എന്നിവ കാണാനും വല്യച്ഛന്‍ വന്നിട്ടുണ്ട്. പരിപാടി അവസാനിക്കുന്നതുവരെ ഇരിക്കുകയും ചെയ്യും. ഇടയ്ക്ക് എഴുന്നേറ്റുപോകുന്ന പതിവ് വല്യച്ഛനുണ്ടായിരുന്നില്ല.

കാഴ്ചനഷ്ടപ്പെട്ടെങ്കിലും വല്യച്ഛന് പൊതുപരിപാടികളില്‍ പങ്കെടുത്ത് ഉദ്ഘാടനംചെയ്യാനും അധ്യക്ഷംവഹിക്കാനുമുള്ള ക്ഷണത്തിന് ഒട്ടും കുറവില്ലായിരുന്നു. അതുപോലെ കോഴിക്കോട് ആകാശവാണിയില്‍നിന്ന് ഇടയ്ക്കിടെ പ്രഭാഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ആകാശവാണിയിലെ പരിപാടികള്‍ സമയബന്ധിതമാണല്ലോ. പ്രഭാഷണത്തിനുള്ള സമയം പതിനഞ്ചുമിനിറ്റായിരുന്നു. അതുകൊണ്ട് ആകാശവാണിയിലേക്ക് പോകുന്നതിന് മുമ്പുതന്നെ പ്രഭാഷണം എഴുതിത്തയ്യാറാക്കും. അത് പലതവണ വായിച്ച് ഹൃദിസ്ഥമാക്കും. പിന്നെ ഞങ്ങളോട് വാച്ചിലെ സമയംനോക്കാന്‍ പറയും. പ്രഭാഷണം കൃത്യസമയത്ത് തുടങ്ങുകയും കൃത്യസമയത്ത് അവസാനിപ്പിക്കുകയും ചെയ്യും. പ്രക്ഷേപണത്തിനു റെക്കോഡുചെയ്യാനായി ആകാശവാണിയിലെത്തിയാല്‍ പ്രഭാഷണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ശ്രീനിവാസന്‍ കൈയില്‍ത്തട്ടും. വല്യച്ഛന്‍ പ്രഭാഷണം തുടങ്ങി കൃത്യസമയത്ത് അവസാനിപ്പിക്കും. ആകാശവാണിയിലെ ജോലിക്കാര്‍ ഈ വിസ്മയപ്രകടനം കാണാന്‍ മുറിയില്‍ തിങ്ങിക്കൂടിയിരുന്നു.

വല്യച്ഛന് നല്ല ഓര്‍മശക്തിയുണ്ടായിരുന്നു. വായിച്ചും എഴുതിയുംകൊടുത്ത കാര്യങ്ങള്‍ ഞങ്ങള്‍ മറന്നാലും തന്റെ ഓര്‍മയില്‍നിന്ന് ഉദ്ധരിക്കും. എല്ലാ കൊല്ലവും തന്റെ പിറന്നാള്‍ദിനമായ സെപ്റ്റംബര്‍ ഒന്നാം തീയതി മാതൃഭൂമിയില്‍ വായനക്കാരുമായി തന്റെ ചിന്തകള്‍ പങ്കുവെക്കാന്‍ വല്യച്ഛന്‍ ഒരു ലേഖനമെഴുതാറുണ്ട്. 1978-ല്‍ 92-ാമത്തെ വയസ്സില്‍ രോഗശയ്യയില്‍ കിടക്കുമ്പോഴും ആ ലേഖനമെഴുതണമെന്ന് വല്യച്ഛന്‍ ശഠിച്ചു. പതിവുപോലെ അദ്ദേഹം പറഞ്ഞുതന്നത് ഞാനെഴുതിയെടുത്തുകൊടുത്തു. ആ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. അക്കൊല്ലംതന്നെയായിരുന്നു മദ്രാസിലെ ഹിന്ദു ദിനപത്രത്തിന്റെ ശതാബ്ദി. അതിനോടനുബന്ധിച്ച് അവര്‍ ഇറക്കുന്ന പ്രത്യേകപതിപ്പിലേക്ക് വല്യച്ഛന്റെ ലേഖനം ആവശ്യപ്പെട്ടിരുന്നു. 1978 ഓഗസ്റ്റില്‍ ആ വിശേഷാല്‍ പതിപ്പ് പുറത്തുവന്നു. മുന്‍പേജില്‍ തന്നെയായിരുന്നു വല്യച്ഛന്റെ ലേഖനം. അതു ഞാന്‍ വായിച്ചുകൊടുത്തത് കേട്ടപ്പോള്‍ സന്തോഷമായി.

കെ.പി കേശവമേനോന്‍ എഴുതിയ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: K.P KesavaMenon, Nalini Damodaran, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented