.jpg?$p=3ca10ba&f=16x10&w=856&q=0.8)
നഗരത്തിന്റെ മുഖം പുതിയ പതിപ്പിന്റെ കവർ, നോവലിസ്റ്റ് ബാലകൃഷ്ണൻ
ഒരു പുസ്തകത്തിന്റെ ആദ്യത്തെ വിധികര്‍ത്താക്കള്‍ വായനക്കാരാണ്. പിന്നീട് കാലവും. 'നഗരത്തിന്റെ മുഖം' വായിക്കാന്‍ കൊള്ളാവുന്ന ഒരു കൃതിയാണെന്ന് ആദ്യമായി തീരുമാനിച്ചത് ജനയുഗം പത്രാധിപരായിരുന്ന കാമ്പിശ്ശേരിയും പത്രാധിപസമിതിയുമാണ്. ജനയുഗത്തില്‍ പ്രസിദ്ധീകരിക്കുന്ന കാലത്ത് വന്ന വായനക്കാരുടെ പ്രതികരണവും അതിനെ സാധൂകരിക്കുന്നതായിരുന്നു. നഗരത്തിന്റെ മുഖം ആദ്യമായി പുസ്തകമാക്കിയത് ജനയുഗം തന്നെയായിരുന്നു (1969) തുടര്‍ന്നുവന്ന പതിപ്പുകള്‍ കറന്റ് ബുക്സ് തൃശ്ശൂര്‍, പൂര്‍ണ പബ്ലിക്കേഷന്‍സ് കോഴിക്കോട് മുതലായവര്‍. ആദ്യപതിപ്പിനെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയവര്‍ ഡോ. എസ്. ഗുപ്തന് നായരും പ്രൊഫ. എ.പി.പി. നമ്പൂതിരിയും. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പുസ്തകാഭിപ്രായം എന്ന പംക്തിയിലാണെന്നാണ് ഓര്മ.
പിന്നീട് ഞാന്‍ ആ പുസ്തകത്തെക്കുറിച്ച് ഓര്‍ക്കുന്നത് ഭാസ്കരന് നായര്‍ എന്ന ഒരാള്‍ അത് സിനിമയാക്കാനുള്ള മോഹവുമായി വന്നപ്പോഴാണ്. അദ്ദേഹവും സുഹൃത്തുക്കളുംകൂടിയാണ് എം.ടി.യുടെ 'വിത്തുകള്‍' സിനിമയാക്കുന്നതെന്ന് പറഞ്ഞു. എം.ടി.യെപ്പോലെ ഒരാള്‍ സ്വന്തം കഥ അവര്ക്കുകൊടുക്കുമെങ്കില് എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ടോ. തിരക്കഥ എം.ടി.യെക്കൊണ്ട് എഴുതിപ്പിക്കാമെങ്കില് ഉത്തമമെന്ന് ഞാന്‍ സമ്മതിച്ചു. എന്തായാലും അതൊന്നും നടന്നില്ല.
പിന്നീട് ഞാന്‍ നഗരത്തിന്റെ മുഖം എന്നോര്‍ക്കുന്നത് എന്റെ സുഹൃത്തുക്കളായ ശ്രീജിത്തും മോഹന്‍ കാക്കനാടനും ഇമ ബാബുവും കൂടി ആ പേരിലുള്ള ഡോക്യുമെന്ററി നിര്‍മിച്ചപ്പോഴാണ്. എനിക്ക് പ്രായമാവുന്നത് ഞാനറിയുന്നത് ചില ശാരീരികപ്രശ്നങ്ങളില്നിന്നാണ്. എന്നാല്‍, എന്റെ ആദ്യപുസ്തകത്തിന് അരനൂറ്റാണ്ടുകഴിഞ്ഞുവെന്ന് എന്നെ ഓര്‍മപ്പെടുത്തിയത് സാഹിത്യകാരനും 'പരിധി'യുടെ സാരഥിയുമായ ഡോ. എം. രാജീവ് കുമാറാണ്. അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ആ നോവലിന്റെ ഒരു സുവര്‍ണജൂബിലി പതിപ്പിറക്കണ്ടേയെന്ന് അദ്ദേഹം ചോദിച്ചപ്പോഴാണ് അതിന്റെ ഒരു കോപ്പി പോലും എന്റെ കൈയിലില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ആ വിവരം ഞാന്‍ പറഞ്ഞു. ഡോ. രാജീവ് കുമാര്‍ തന്നെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി ലൈബ്രറിയില്‍നിന്ന് ദ്രവിച്ചുതുടങ്ങിയ അതിന്റെ കോപ്പി കണ്ടെടുത്ത് പുതുജന്മം നല്‍കിയത്.
ഈ നോവലിന്റെ ജനനത്തിന് വ്യക്തമായ ഒരുകാരണമോ നോവലിന്റെ രൂപരേഖയോ ഒന്നും മനസ്സിലുണ്ടായിരുന്നില്ല. ജീവിതത്തിന്റെ പലമേച്ചില്പുറങ്ങളിലും മേഞ്ഞ് പുല്നാമ്പുകളൊന്നും കിട്ടാതെയാണ് ഞാന്‍ ബോംബെ നഗരത്തില്‍ വന്നെത്തുന്നത്. എനിക്ക് പരിചയക്കാരോ ഉയര്ന്നബന്ധങ്ങളോ ഉണ്ടായിരുന്നില്ല. ഗുജറാത്തിലെയും മറാത്ത് വാഡയിലെയും പട്ടണങ്ങളില്കണ്ട ജീവിതവൈവിധ്യങ്ങള് മാത്രമായിരുന്നു അനുഭവസമ്പത്ത്.
ബോംബെ നഗരത്തിന്റെ തെരുവില്‍നിന്ന് സ്വര്‍ണനാണയങ്ങള്‍ പെറുക്കിയെടുക്കാം എന്നൊക്കെ ആലങ്കാരികമായി പറയുന്നതുകേട്ടും ഇവിടെവന്ന് അഭിവൃദ്ധിയുടെ കൊടുമുടികള്‍ കയറിയവരുടെ കഥകള്‍ വായിച്ചും വെള്ളിത്തിരയില്‍ ഞൊടിയിടകള്കൊണ്ട് തിളങ്ങുന്ന ഉടുപ്പുകളില്‍ പകര്‍ന്നാടുന്ന വേഷങ്ങള്‍ കണ്ടുമാവാം ജനം കടല്‍ത്തിരകള്‍പോലെ നഗരത്തില്‍ വന്നടിയുന്നത്. ജോലിതേടിയെത്തുന്ന ഒരു സാധാരണക്കാരന് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങള്‍ ഒട്ടേറെയാണ്. കിടക്കാനൊരിടംമുതല് കുടിവെള്ളംവരെ നീളുന്ന പ്രശ്നങ്ങള്‍. ലോക്കല്‍ ട്രെയിനിലെ ഇടിയും കുത്തും ചീത്തവിളിയും കേട്ട് വി.ടി.മുതല്‍ വീരാര്വരെ യാത്രചെയ്യേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകള്‍.
ചുരുണ്ടുകൂടികിടക്കാന് ഒരിടമില്ലാത്തവന് വഴിത്തണലുകളിലും കലുങ്കിന്മേലും കിടന്ന് നുള്ളിപ്പൊളിക്കുന്ന രാത്രികളിലെ ഭീതിയും അസ്വസ്ഥതയും. ഇതൊന്നും ഭാവനയില്‍ കണ്ടതല്ല. നഗരജീവിതത്തിലെ നേര്‍ക്കാഴ്ചകളാണ്. ദക്ഷിണേന്ത്യക്കാരുടെ പ്രത്യേകിച്ച്, മലയാളികളുടെയും സങ്കേതമായിരുന്നു ചെമ്പൂര്. ഹൗസിങ് ബോര്‍ഡ് മധ്യവര്‍ഗക്കാര്‍ക്കുവേണ്ടി നിര്‍മിക്കുന്ന പരിമിതസൗകര്യങ്ങളുള്ള വീടുകള്‍ നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലാണുള്ളത്. ഇവിടത്തുകാര്‍ അവര്‍ക്കുകിട്ടുന്ന വീടുകള്‍ പലപ്പോഴും ദക്ഷിണേന്ത്യക്കാര്‍ക്ക് വാടകയ്ക്കുകൊടുക്കുക പതിവുണ്ട്. ഇത് ക്രമാതീതാവുമ്പോള് ആരെങ്കിലും പരാതി കൊടുക്കുകയും വ്യാപകമായ പരിശോധനകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ചെക്കിങ് ദിവസം മുന്‍കൂട്ടിയറിയാനുള്ള മാര്‍ഗങ്ങളും താമസക്കാര്‍ സ്വയം ഏര്‍പ്പാട് ചെയ്യും. എങ്കിലും മുന്നറിവുകിട്ടാത്ത ചെക്കിങ് വരുമ്പോള്‍ കുടുംബസഹിതം പുറത്തേക്കോടി കലുങ്കുകളിലും വൃക്ഷങ്ങളുടെ നിഴലിലും കിടന്ന് നേരംവെളുപ്പിക്കേണ്ടി വരുന്ന കഥകള്‍ കേട്ടിട്ടുണ്ട്. നവിമുംബൈ വികസിച്ചുവന്നതോടെ ഇതിന് തെല്ലൊരുശമനം വന്നിട്ടുണ്ടെന്നാണറിവ്.
ഞാന്‍ ജോലിചെയ്തിരുന്ന പ്ലൂട്ടോണിയം പ്ലാന്റ് ഭാഭ പരമാണു ഗവേഷണകേന്ദ്രത്തിന്റെ വിജനമായ ഒരിടത്തായിരുന്നു സ്ഥിതിചെയ്തിരുന്നത്. ഒരുഭാഗത്ത് തലയുയര്ത്തിനില്ക്കുന്ന കുന്നുകള്‍. മറുഭാഗത്ത് ട്രോംബെ കടലിടുക്ക്. സാധാരണഗതിയില്‍ അവിടെ ജോലിചെയ്യുന്നവര്ക്കുമാത്രമേ പ്രവേശനമുള്ളൂ.
ഒരുദിവസം കുര്‍ള സ്റ്റേഷനില്‍വെച്ച് ആദ്യശമ്പളം പോക്കറ്റടിച്ചുപോയ ഒരു യുവാവിന്റെ നിസ്സഹായമായ കരച്ചിലും പരിവേദനങ്ങളും കേള്‍ക്കാന്‍ ഇടയായത് എന്റെ മനസ്സിനെ കുത്തിനോവിക്കുമായിരുന്നു,
രാത്രി ഷിഫ്റ്റിന്റെ ഏകാന്തതയില്‍ ഉറക്കം കണ്പോളകളില് കനംതൂങ്ങുമ്പോള് ആ ചെറുപ്പക്കാരന് മെല്ലെ കടന്നുവന്ന് എന്നെ വിളിച്ചുണര്‍ത്തും. അയാള്‍ റെയില്‍വേ സ്റ്റേഷന്റെ ഇരുമ്പുബെഞ്ചിലിരുന്ന് കരഞ്ഞുപറഞ്ഞതെല്ലാം എന്റെകൂടി കഥയായി. അയാള്‍ ശ്രീധരനായി. ഞാന്‍ ശ്രീധരന്റെ കഥ പലരാത്രികളുടെ ഏകാന്തതകളിലിരുന്ന് എഴുതി. അങ്ങനെ സാഹിത്യപാരമ്പര്യമൊന്നുമില്ലാത്ത എന്റെ മാനസസന്തതിയായി നഗരത്തിന്റെ മുഖം പിറന്നു.
ഇനിയോ എന്ന ചിന്തയുടെ ഭാരവുംപേറി കുറേനാളുകള്‍. പേരും പെരുമയുമില്ലാത്തവരുടെ പടപ്പുകള്‍ വിഴുങ്ങാന്‍ പാകത്തില്‍ വാ തുറന്നിരിക്കുന്ന കടലാസുകുട്ടകള് മനസ്സില്‍ നിരന്നു. അതെന്നെ ഭയപ്പെടുത്തി, നിരാശനാക്കി. എം.എന്‍. സത്യാര്‍ഥി തര്‍ജമചെയ്ത് ജനയുഗം വാരിക പ്രസിദ്ധപ്പെടുത്തുന്ന കൃതികള്‍ വായനക്കാരുടെ ഹരമായിരുന്നു. എന്റേയും.
ഒരു പരീക്ഷണത്തിന് ഞാന്‍ തയ്യാറായി. എഴുതിയ കടലാസ്സുകള്‍ കുത്തിക്കെട്ടി ചെമ്പൂര് ഫോസ്റ്റാഫീസിലെ വലിയ വായുള്ള ചുവന്ന പെട്ടിയില്‍ നിക്ഷേപിച്ചു. ബാക്കിയുള്ള ചരിത്രം പലതവണ എഴുതിയിട്ടുള്ളതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല.
എന്നെ ഗാഢമായി സ്വാധീനിച്ച കൃതി
നോവലിസ്റ്റും എഴുത്തുകാരനുമായ എന്‍. പ്രഭാകരന് തന്നെ ഏറെ സ്വാധീനിച്ച കൃതിയായ നഗരത്തിന്റെ മുഖത്തെക്കുറിച്ച് എഴുതുന്നു...

നഗരത്തിന്റെ മുഖം വിദ്യാര്‍ഥിയായിരുന്ന കാലത്ത് വായിച്ചതാണ്. ജീവിതത്തിന് അപ്പുറത്ത് അന്യദേശങ്ങളില്‍ ആളുകള്‍ ഇങ്ങനെ ജീവിക്കുന്നുവെന്ന് ആദ്യത്തെ അറിവ് തന്ന പുസ്തകമാണ് നഗരത്തിന്റെ മുഖം. എന്റെ വായനജീവിതത്തിലും എഴുത്ത് ജീവിതത്തിലും വളരെ പ്രധാനപ്പെട്ട പുസ്തകം തന്നെയാണ്. എന്റെ എഴുത്തിനെ ആ നോവല്‍ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്. ആ നോവല്‍ അനുഭവചിത്രീകരണമാണ്. ആഖ്യാനത്തിന് പല രൂപങ്ങളുണ്ടാവാം. രീതികളുണ്ടാവാം. കുട്ടിക്കാലത്ത് വായനയിലൂടെയാണ് ഈവക കാര്യങ്ങളൊക്കെ തിരിച്ചറിയുന്നത്. അനുഭവത്തിന്റെ എനിക്ക് പരിചയമില്ലാത്ത പുതിയലോകംനല്കിയ പുസ്തകമാണത്.
എന്റെ സമപ്രായക്കാരായ വായനക്കാര്‍ക്കൊക്കെ ഇഷ്ടംതോന്നിയ നോവലാണ് നഗരത്തിന്റെ മുഖം. അടുത്ത സുഹൃത്തുക്കളുമായി അക്കാലത്ത് നോവലിനെപ്പറ്റി സംസാരിച്ചതും ഇന്നും ഓര്‍മയുണ്ട്. വളരെ വ്യത്യസ്തമായ പുതിയ അനുഭവം എന്ന നിലയില്‍ അന്ന് സംസാരിച്ചിരുന്നു.
ഇത്രവലിയ ഒരു നോവലിന് വേണ്ടത്ര അംഗീകാരം വായനക്കാരില്‍നിന്നും നിരൂപകരില്‍നിന്നും ലഭിക്കാതെ പോയതെന്തുകൊണ്ടാണെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചില കൃതികള്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ വരുമ്പോഴാണ് ആളുകളുടെ ശ്രദ്ധ ലഭിക്കുന്നത്. ഒരു കൃതി വായനസമൂഹം പാകപ്പെടുന്നതിനുമുമ്പാണ് വന്നതെങ്കില്‍ ആ കൃതി ശ്രദ്ധിക്കപ്പെടുകയില്ല.
ബാലകൃഷ്ണന്റെ കൃതി വായനസമൂഹം പാകപ്പെടുന്നതിനുമുമ്പ് വന്ന കൃതിയാണ്. ആ നോവലില്‍ വിവരിക്കപ്പെടുന്ന പ്രത്യേക വൈകാരികാവസ്ഥ ചിലപ്പോള്‍ മനസ്സിലാവാതെ വരും. സ്ട്രക്ച്ചര്‍ ഓഫ് ഫീലിങ് എന്നുപറയും. അതിന് ഉള്‍ക്കൊള്ളുന്നതിന് പാകമാകാത്ത അവസ്ഥയിലാണ് ആ നോവല്‍ വന്നതും അതിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയതും. നഗരത്തിന്റെ മുഖം ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഭാഗമായി വന്ന നോവലല്ല. ആധുനികത ആരംഭിക്കുന്ന കാലത്ത് വന്ന നോവലാണത്. എന്നാല്‍ ആധുനികത മലയാളത്തില്‍ രേഖപ്പെടുത്തുന്നത് കുറച്ചുകാലംകൂടി കഴിഞ്ഞാണ്. അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം വരുന്നതിന് തൊട്ടുമുന്നെയാണ് ഈ നോവല്‍ വന്നത്. കുരുക്ഷേത്രം വന്നു. ഒ.വി. വിജയന്, കാക്കനാടന് എന്നിവരുടെ കൃതികള്‍ വന്നു. അതോടെയാണ് ആധുനികത മലയാളത്തില്‍ അടയാളപ്പെടുത്തുന്നത്. ആ അടയാളപ്പെടുത്തുന്ന കൂട്ടത്തില്‍ ഈ നോവല്‍ വന്നില്ല. ആധുനികതയുടെ ഫ്രെയിം വര്‍ക്കിലുള്ള നോവലല്ല അത്. അത് മറ്റൊരുതരത്തില്‍ അനുഭവത്തെ സമീപിക്കുന്ന കൃതിയാണ്. സാഹിത്യത്തില്‍ ഏപ്പോഴും സംഭവിക്കുന്നതാണത്. ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഭാഗമായിവരുന്ന കൃതികള്‍ക്കാണ് അതിന്റെ ഊന്നല്‍ കിട്ടുക. കാലം തെറ്റി പിറന്ന നോവലാണിത്. അത് എഴുത്തുകാരന്റെ കുറ്റമല്ല. നോവല്‍ വായിച്ച് പിന്നീട് 40വര്‍ഷം കഴിഞ്ഞശേഷമാണ് എഴുത്തുകാരനെ ഞാന്‍ മുംബൈയില്‍വെച്ച് കാണുന്നത്. നമ്മുടെ കൗമാരക്കാലത്ത് വായിച്ച കൃതിയുടെ രചയിതാവിനെ കണ്ടത് വലിയ വൈകാരികാനുഭവമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..