ഞാൻ അപമാനിതനായി; ചലച്ചിത്ര അക്കാദമി അവാർഡ് നിർണയത്തിനെതിരെ ജൂറി അംഗം എൻ. ശശിധരൻ


ഷബിത

പക്ഷേ ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ വളരെ അപമാനിതനായി. പുരസ്‌കാരനിര്‍ണയ അധ്യക്ഷയായിരുന്ന സുഹാസിനി ആദ്യം മുതല്‍ തന്നെ പറഞ്ഞത് എനിക്കു ശരി എന്നു തോന്നുന്ന സിനിമക്കുവേണ്ടി സംസാരിക്കാനാണ്.

എൻ ശശിധരൻ | Photo: Mathrubhumi

ഇത്തവണത്തെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ​ തന്നെ വ്യക്തിപരമായ വിയോജിപ്പുകളെക്കുറിച്ച് ജൂറി അംഗം എന്‍. ശശിധരന്‍ സംസാരിക്കുന്നു.

കേരള ചലച്ചിത്ര അക്കാദമി പുരസ്‌കാര നിര്‍ണയ സമിതിയില്‍ ഞാന്‍ അംഗമായിരുന്നു. പുരസ്‌കാരനിര്‍ണയം സംബന്ധിച്ച് തികച്ചും നിരാശാജനകമായ അനുഭവമാണ് എനിക്ക് ഉണ്ടായത്. ഒരുപാട് നല്ല സിനിമകള്‍ ഉണ്ടായിരുന്നു. ഭാരതപ്പുഴയാണ് ഏറ്റവും മികച്ച സിനിമയായി എനിക്കനുഭവപ്പെട്ടതും അവാര്‍ഡിനായി ഞാന്‍ നിര്‍ദ്ദേശിച്ചതും. മികച്ച നടന്‍, നടി, സംവിധായകന്‍, കലാസംവിധാനം തുടങ്ങിയവയ്‌ക്കെല്ലാമുള്ള അവാര്‍ഡുകള്‍ നല്‍കേണ്ടിയിരുന്നത് ഭാരതപ്പുഴയ്ക്കാണ്. ആ സിനിമ രണ്ടാമതായാണ് പരിഗണിക്കപ്പെട്ടത്. ഒരു സിനിമയ്ക്കുവേണ്ടി ജൂറി അംഗം എന്ന നിലയില്‍ വാദിക്കുമ്പോള്‍ ജൂറി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ വോട്ടുചെയ്താണ് അഭിപ്രായത്തെ മാനിക്കുന്നതും വിയോജിപ്പ് അറിയിക്കുന്നതും. ഏഴു പേരടങ്ങുന്ന ജൂറിയായിരുന്നു ഞങ്ങള്‍. എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അപമാനിതനായ സന്ദര്‍ഭം കൂടിയായിരുന്നു ഈ പുരസ്‌കാര നിര്‍ണയം.

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയായിരുന്നു മികച്ച കമേഴ്‌സ്യല്‍ സിനിമാ വിഭാഗത്തിലേക്ക് അര്‍ഹതപ്പെട്ടത്. വളരെ സൂക്ഷമവും അതേസമയം സൂക്ഷ്മ രാഷ്ട്രീയവും പ്രമേയമാക്കിയ സിനിമയായിരുന്നു തിങ്കളാഴ്ച നിശ്ചയം. ജൂറിമാരില്‍ ഒരാള്‍ എന്നോട് പറഞ്ഞത് താങ്കള്‍ ഈ സിനിമയ്ക്കായി സംസാരിക്കണം എന്നാണ്. ഞാന്‍ ഈ സിനിമയ്ക്കായി സംസാരിക്കുന്നു, വോട്ടിനിടുമ്പോള്‍ ഈ മനുഷ്യന്‍ തന്നെ അതിനെതിരായി വോട്ടു ചെയ്യുന്നു! ഒരു ജൂറി അംഗമെന്ന നിലയില്‍ എനിക്ക് സഹഅംഗങ്ങളിലുള്ള വിശ്വാസം അതോടെ നഷ്ടപ്പെട്ടു. ജൂറി അംഗം എന്ന നിലയില്‍ ജനം എന്നില്‍നിന്നു പ്രതീക്ഷിക്കുന്നത് മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പാണ്. ആ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് ഞാന്‍ അകത്തിരുന്ന് കബളിപ്പിക്കപ്പെടുന്നത്. തികച്ചും വ്യക്തിപരമായി പരാജയപ്പെടുത്തിയും എന്റെ സെന്‍സിബിലിറ്റിയെ അപമാനിക്കുന്ന തരത്തിലുമുള്ള പുരസ്‌കാരനിര്‍ണയമാണ് നടന്നത്. വേദനയല്ല, പക്ഷേ സ്വന്തം ക്രെഡിബിലിറ്റി നഷ്ടപ്പെട്ടു പോയ അവസ്ഥയുടെ പകപ്പിലാണ് ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത്.

ഇപ്പോള്‍ പ്രഖ്യാപിച്ച അവാര്‍ഡുകള്‍ ജനപ്രിയ സിനിമകളുടെ മാനദണ്ഡം വെച്ചിട്ടാണ് നിര്‍ണയിച്ചിക്കുന്നത്. സാധാരണ സിനിമാസ്വാദകനെ സംബന്ധിച്ചിടത്തോളം ഇതു മതിയാകും. പക്ഷേ ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ വളരെ അപമാനിതനായി. പുരസ്‌കാരനിര്‍ണയ അധ്യക്ഷയായിരുന്ന സുഹാസിനി ആദ്യം മുതല്‍ തന്നെ പറഞ്ഞത് എനിക്കു ശരി എന്നു തോന്നുന്ന സിനിമക്കുവേണ്ടി സംസാരിക്കാനാണ്. പക്ഷേ, മികച്ച സിനിമകള്‍ക്കുവേണ്ടിയുള്ള എന്റെ സംസാരത്തെ അവര്‍ മുഖവിലയ്‌ക്കെടുത്തില്ല. എന്റെ സിനിമാ നിരീക്ഷണപാടവത്തിന് ഇവിടെ ഒരു പ്രസക്തിയുമില്ലാതായിപ്പോയി. കലാപരമായും സാമൂഹ്യമായും മികച്ച സന്ദേശം നല്‍കുന്ന അതേസമയം, കലാപരമായി ഔന്നത്യം നല്‍കുന്ന സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ വേണ്ടിയിട്ടാണ് ജൂറി സ്ഥാനം വിനിയോഗിക്കപ്പെടുന്നത്. കലാമൂല്യമുള്ള മികച്ച സിനിമകളെ നോക്കുകുത്തിയാക്കിക്കൊണ്ട് മൊത്തം സിനിമകളെ വാണിജ്യസിനിമകളുടെ ചട്ടക്കൂട്ടിലാക്കി പ്രതിഷ്ഠിക്കാനുള്ള അജണ്ടയാണ് അവിടെ നടന്നത്.

മികച്ച ഗാനരചയിതാവിനെയും ഗായകനെയും കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത സിനിമ മത-മൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ തികച്ചും നെഗറ്റീവായ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമയാണ്. അത്തരം സിനിമയുടെ സംവിധായകന് അവാര്‍ഡ് നല്‍കുന്നുവെന്നത് ജൂറി അംഗമായ എനിക്ക് അപമാനകരമാണ്. നല്ല സിനിമകള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന വേദനയാണ് ഉള്ളത്. കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗം എന്ന നിലയില്‍ പ്രഖ്യാപിക്കപ്പെട്ട പുരസ്‌കാരങ്ങള്‍ക്കെതിരായി നിലകൊള്ളുന്നു എന്നതിനര്‍ഥം ആ പുരസ്‌കാരങ്ങളെല്ലാം ഞാന്‍ മാനസികമായി റദ്ദാക്കി എന്നുതന്നെയാണ്.

ഭാവിയില്‍ ഇനിയൊരു പുരസ്‌കാരനിര്‍ണയ കമ്മിറ്റിയിലും എന്റെ സാന്നിധ്യമുണ്ടാകില്ല. ഇത്തരത്തില്‍ അപമാനിതനാവാന്‍ ഞാന്‍ ഇനിയില്ല. അധ്യക്ഷയുടെ തീരുമാനങ്ങള്‍ പക്ഷപാതപരമായിരുന്നു. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒരു നല്ല സിനിമയേ അല്ല. സ്ത്രീപക്ഷ സിനിമ എന്നുപറയുന്നത് തെറ്റാണ് എന്ന അഭിപ്രായക്കാരനാണ് ഞാന്‍. നായികയുടെ ഇത്രയും സഹനങ്ങളും സിനിമയില്‍ കാണിക്കുന്ന സ്ത്രീപക്ഷ നിലപാടുകളും വ്യാജമാണ്. ഞാന്‍ ആ സിനിമയ്‌ക്കെതിരാണ്. തികച്ചും യാന്ത്രികമായി നടന്ന അവാര്‍ഡ് നിര്‍ണയമായിരുന്നു ഇത്. സിനിമകളെ കലാപരമായും ആശയപരമായും ഉള്‍ക്കൊള്ളാനുള്ള പാടവം ഒന്നോ രണ്ടോ പേരൊഴികെ ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല.

Content Highlights :N Sasidharan Reacts Against Kerala State Film Awards

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented