എൻ.പി മുഹമ്മദും എം.ടി വാസുദേവൻ നായരും (ഫയൽഫോട്ടോ)
മലയാളസാഹിത്യത്തിലെ അതികായരില്‍ ശ്രദ്ധേയനായ എന്‍.പി. മുഹമ്മദ് ഓര്‍മയായിട്ട് പത്തൊമ്പത് വര്‍ഷം. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രന്റെ 'പാഠപുസ്തകം' എന്ന കൃതിയില്‍ നിന്നും എന്‍.പി. മുഹമ്മദിനെക്കുറിച്ചെഴുതിയ ലേഖനം വായിക്കാം.
എന്‍.പി. മുഹമ്മദ് എന്ന പേര് ഞാന്‍ ആദ്യമായി വായിക്കുന്നത് അറബിപ്പൊന്ന് എന്ന നോവലിന്റെ പുറംചട്ടയിലാണ്; കടുങ്ങല്ലൂരിലെ സാഹിത്യപോഷിണി വായനശാലയില്‍നിന്നു വായിക്കാനെടുത്ത പുസ്തകത്തില്‍ എം.ടി. വാസുദേവന്‍ നായരുടെ പേരിനൊപ്പം അത്രതന്നെ പ്രതാപം തോന്നിപ്പിക്കുന്ന മറ്റൊരു പേരായി അത് ഉദിച്ചുനില്ക്കുകയായിരുന്നു. എം.ടിയെന്ന പേര് എത്ര നേരത്തേ കേട്ടിരുന്നുവോ അത്രയും നേരത്തേ കേള്‍ക്കേണ്ട മറ്റൊരു പേരായിരുന്നു എന്‍.പിയുടേതും എന്ന് പില്ക്കാലത്ത് രണ്ടുപേരുടെയും കൃതികള്‍ ഒന്നൊഴിയാതെ വായിച്ചുതീര്‍ന്നപ്പോള്‍ തോന്നി.
എം.ടിയെയും എന്‍.പിയെയും ഞാന്‍ ആദ്യമായി നേരില്‍ക്കണ്ടതും ഒരുമിച്ചുതന്നെ. കഥാമത്സരത്തിന് സമ്മാനം വാങ്ങാന്‍ ചെന്ന ദിവസം കോഴിക്കോട്ടെ മാതൃഭൂമി ഓഫീസില്‍നിന്നു പരുങ്ങിയ എന്നെ 'അതാ, അവിടെ ചെന്ന് അദ്ദേഹത്തെ കണ്ടോളൂ' എന്ന് അറ്റന്‍ഡര്‍ ഒരു മുറിയിലേക്ക് കടത്തിവിട്ടു. ആളുകയറിയാല്‍ ഉടനെ അടയുന്ന വാതിലിനകത്ത് കെണിയില്വീണപോലെ നിന്ന് ഞാന്‍ പരിഭ്രമിച്ചു. ഒറ്റനോട്ടത്തില്‍ എഡിറ്ററുടെ കസേരയില്‍ ഇരിക്കുന്നത് ആരാണെന്ന് തിരിഞ്ഞു: എം.ടി! അദ്ദേഹത്തിനെതിരേ ശുഭ്രവസ്ത്രധാരിയായി ഇരുന്നിരുന്ന ആളുടെ മുഖം കാണുന്നുണ്ടായിരുന്നില്ല. എം.ടിയുടെ ചുളിഞ്ഞേനിന്ന പുരികത്തിനു താഴേയുള്ള കണ്ണുകള്‍ കണ്ണടയ്ക്കുള്ളിലൂടെ നോക്കുന്നത് എന്നെയാണെന്ന് ബോധ്യം വന്നപ്പോള്‍ ഞാന്‍ നമസ്കാരം പറഞ്ഞ് വന്നകാര്യം ബോധിപ്പിച്ചു.
എന്റെ പേര് കേട്ടപ്പോള്‍ ശുഭ്രവസ്തധാരി ഒന്നു തിരിഞ്ഞുനോക്കി. പിന്നിലേക്ക് വലിച്ചുചീകിയമര്ത്തിയ എണ്ണമയമുള്ള തലമുടി. അദ്ദേഹമാണ് ആദ്യം കൈനീട്ടി അഭിവാദ്യം ചെയ്തത്. 'വാ വാ! തന്നെ കാണാനാണ് ഇന്ന് ഞാനും വന്നത്!'
അദ്ദേഹത്തിന്റെ തൊട്ടപ്പുറത്തുള്ള കസേരയില്‍ മടിച്ചുമടിച്ച് ഞാനിരുന്നു. ഗൗരവം നിറഞ്ഞ സ്വരത്തില്‍ എം.ടി. എന്നോടു പറഞ്ഞു: 'അറിയാലോ, ഇത് എന്‍.പി. മുഹമ്മദ്!'
സ്നേഹത്തോടെ എന്‍.പി. എന്റെ ചുമലില്‍ തൊട്ടു. 'കഥാമല്‍സരത്തിന് ഞാനും ഒരു ജഡ്ജിയായിരുന്നു!' നിരയൊത്ത വെളുത്ത പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, 'ഞങ്ങള്‍ മൂന്നു പേരും തന്റെ കഥയ്ക്കുതന്നെയാണ് ഫസ്റ്റ് കൊടുത്തത്.'
ആ സംസാരം അധികം നീളാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഞാന്‍ ചെല്ലുമ്പോള്‍ പറഞ്ഞുനിര്ത്തിയതിലേക്ക് ചങ്ങാതിമാര്‍ അതിവേഗം തിരിച്ചുപോയി. അധികം സംസാരിക്കില്ലെന്ന് പണ്ടേ പുകള്‍കേട്ട എം.ടി. പക്ഷേ, എന്‍.പിയുടെ മുന്നില്‍ വാചാലനാകുന്നതുകണ്ട് അദ്ഭുതം തോന്നി. തന്റെ മനസ്സറിയാവുന്നവരോട് എം.ടിക്ക് സംസാരത്തിലും പിശുക്കില്ല എന്ന് പിന്നീട് മനസ്സിലാക്കാനായി. 'എന്താ പറഞ്ഞുവന്നത്..,' എം.ടി, എന്‍.പിയോട് തുടര്‍ന്നു: 'ആ... അവടത്തെ ടോയിലറ്റ് ഞാനൊന്നു കയറിനോക്കി. കുറഞ്ഞത് ഒരു ലക്ഷം രൂപ വേണം അത്തരമൊന്ന് ഉണ്ടാക്കാന്‍!'
അടുത്ത കാലത്ത് അദ്ദേഹം സന്ദര്‍ശിച്ച ഏതോ വമ്പന്വീടിനെക്കുറിച്ചുള്ള പരാമര്‍ശമായിരിക്കണം. ഒരു ലക്ഷത്തിന് ഒരു കാറു കിട്ടുന്ന അക്കാലത്ത് ടോയ്ലറ്റുകള്‍ക്കായി മലയാളി ചെലവാക്കുന്ന പണത്തെക്കുറിച്ചുള്ള വിമര്‍ശനം.
.jpg?$p=fad68fb&&q=0.8)
ഞാനദ്ദേഹത്തിന്റെ വിരലുകള്‍ നോക്കിയിരുന്നു. കാലവും രണ്ടാമൂഴവും മഞ്ഞും എഴുതിയ കൈകളില്‍ ഇപ്പോള്‍ പുകയുന്ന ഒരു ദിനേശ് ബീഡി. 'ഞാനാലോചിക്ക്യാണ് എന്‍പീ, മനുഷ്യന്മാര് ദിവസത്തില്‍ ആകെ അതിനുള്ളില്‍ ചെലവഴിക്കുന്നത് ഏറിയാല്‍ നാലോ അഞ്ചോ മിനിട്ട്. അതിനാണോ ഇത്രയും കാശ് പൊടിക്കണത്?' എം.ടി. ചോദിച്ചു.
അതിന് ഉത്തരം പറയുംമുന്പ് എന്‍.പി. എന്നെ ഒന്നു പാളിനോക്കി. എന്നിട്ട് കണ്ണുകളിറുക്കി ശബ്ദമില്ലാതെ ചിരിച്ചുകൊണ്ട് എം.ടിയോട് പറഞ്ഞു: 'നാലോ അഞ്ചോ മിനുട്ടാണെങ്കിലും അത് വളരെ ക്രൂഷ്യലായിട്ടുള്ള മിനുട്ടുകളാണ് വാസൂ!'
അപ്പോഴാണ് ആദ്യമായി എം.ടിയുടെ ഒരു മന്ദഹാസം ഞാന്‍ കാണുന്നത്. പിണക്കം കഴിഞ്ഞിട്ട് വീണ്ടും കൂട്ടുകൂടുന്ന ഒരു കുട്ടിയുടെ ഭാവമായിരുന്നു അതിന്. എം.ടി. അത്രയും ആസ്വദിച്ചു ചിരിച്ചു കണ്ടിട്ടില്ല പിന്നീടൊരിക്കലും.
അന്ന് സമ്മാനം വാങ്ങി തിരിച്ചുപോയ ഞാന്‍ തൃശ്ശൂര്‍ മാതൃഭൂമിയില്‍ പ്രൂഫ് റീഡര്‍ ട്രെയിനിയായി ചേര്‍ന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ബാലഭൂമിയില്‍ സബ് എഡിറ്ററായി കോഴിക്കോട്ടേക്ക് പോന്നു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ എം.ടി. ഉണ്ടായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് എന്റെ ആദ്യ കഥാസമാഹാരത്തിന് എം.ടി. അവതാരികയെഴുതി. എന്‍.പി. ചെയര്‍മാനായിരിക്കേ അതിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
രണ്ടു പേരുടേയും പേരുകള്‍ എന്റെ ജീവിതത്തില്‍ അറബിപ്പൊന്നുപോലെ തിളങ്ങിനിന്ന നാളുകള്‍. കോഴിക്കോട്ടെ നൂറുകണക്കിന് സാഹിത്യകാരന്മാര് സുഹൃത്തുക്കളായി മാറിയ വര്‍ഷങ്ങള്‍ അതിനു പിന്നാലെ വന്നു. അക്കൂട്ടത്തില്‍ എന്‍.പിയുടെ കഥയെഴുതുന്ന മകന് എന്‍.പി. ഹാഫിസ് മുഹമ്മദും ബഷീറിന്റെ കഥയെഴുതാത്ത മകന് അനീസ് ബഷീറുമുണ്ടായിരുന്നു. എല്ലാം തങ്കപ്പെട്ട സൗഹൃദങ്ങള്‍.
അവസാനമായി ഞാന്‍ എന്‍.പിയെ കണ്ടപ്പോഴും എം.ടി. അദ്ദേഹത്തിന്റെ ചാരേ ഇരിക്കുന്നുണ്ടായിരുന്നു. ആഴ്ചവട്ടത്തെ വീട്ടില്‍ വെള്ളപുതച്ച് കണ്ണുകളടച്ച് കിടക്കുകയായിരുന്നു പക്ഷേ, എന്‍. പി.
ആത്മസുഹൃത്തിന്റെ വിയോഗത്തില്‍ തന്നെത്തന്നെ നഷ്ടപ്പെട്ടതുപോലെ അരികിലുള്ള കസേരയില്‍ അല്പനേരത്തേക്ക് തളര്‍ന്ന് ഇരുന്നുപോയതായിരുന്നു എം.ടി.
വളരെ സങ്കീര്‍ണമായ നിമിഷങ്ങളിലൂടെ അദ്ദേഹം കടന്നുപോവുകയാണെന്ന് എനിക്ക് ഊഹിക്കാമായിരുന്നു. താഴ്ത്തിപ്പിടിച്ച മുഖത്ത് കണ്ണടയുടെ ചില്ലുപാളിക്കകത്ത് തുളുമ്പിവീഴാതെ വിറയ്ക്കുന്ന അദ്ദേഹത്തിന്റെ കണ്ണീര് ഞാന്‍ കണ്ടു. എം.ടി. കണ്ണീരണിയുന്നതും എന്‍.പി. അരികിലുള്ളപ്പോഴായിരുന്നു.
ഞങ്ങളുടെ എഴുത്തുതലമുറയ്ക്ക് അപരിചിതമായ ഐതിഹാസികമായ ഒരു ഹൃദയബന്ധത്തിന്റെ അവസാന ദൃശ്യം.
Content Highlights: N.P Muhammed, M.T Vasudevan Nair, Subhashchandran, Mathrubhumi Books, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..