തനിക്കുവേണ്ടിയാണെന്നറിയാതെ കോസടിയും തലയണയും വാങ്ങി വന്ന മാരാര്‍... 


കെ.കെ.അജിത് കുമാര്‍ 

''കുട്ടീ, നിനക്ക് അച്ഛനുമമ്മയുമൊന്നുമില്ലേ? ഇത്ര ചെറുപ്പത്തിലേ ഇങ്ങനെ കഷ്ടപ്പെടുന്നതെന്തിനാണ്?'' -എന്റെ പ്രായത്തിലുള്ള മക്കളുണ്ടായിരുന്ന സ്‌നേഹനിധികളായ അമ്മമാര്‍ ചോദിച്ചിരുന്നത് ഇന്നും കാതുകളില്‍ വന്നലയടിക്കുന്നതുപോലെത്തോന്നുന്നു.

എൻ.ഇ ബാലകൃഷ്ണമാരാർ/ ഫോട്ടോ: പ്രവീൺ കെ.കെ

ടൂറിങ് ബുക്സ്റ്റാള്‍ (സഞ്ചരിക്കുന്ന പുസ്തകശാല) എന്നത് എന്‍.ഇ. ബാലകൃഷ്ണമാരാരുടെ ജീവിതത്തിന്റെ മറുപേരാകുന്നു. പുസ്തകങ്ങളുടെ ആ മനുഷ്യനും കാലവും ഇനി ഓര്‍മ....കെ.കെ.അജിത് കുമാര്‍ എഴുതുന്നു.

രിക്കല്‍ പരമശിവനും പാര്‍വതിയും അദൃശ്യരഥത്തില്‍ ആകാശത്തിലൂടെ പോവുകയായിരുന്നു. ഒരു വലിയ പുസ്തകക്കെട്ട് പിന്നില്‍വെച്ചുകെട്ടി ആയാസപ്പെട്ട് പോകുന്നൊരാളെ കണ്ട് ദയാമയിയായ പാര്‍വതി വണ്ടിനിര്‍ത്തിച്ച് ഭര്‍ത്താവിനോട് ചോദിച്ചു: ''ആ നല്ലവനായ മനുഷ്യന്റെ പ്രയാസങ്ങള്‍ തീര്‍ക്കരുതോ?''പരമശിവന്‍ ഒന്നു പുഞ്ചിരിക്കുകമാത്രം ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍ ആ സൈക്കിളുകാരന്റെ മുന്നില്‍ ഒരു സ്വര്‍ണക്കട്ടിയും ഒരുകെട്ട് പുസ്തകവും പ്രത്യക്ഷപ്പെട്ടു. പണിപ്പെട്ടിറങ്ങിയ ആള്‍ പുസ്തകക്കെട്ടുമാത്രമേ കണ്ടുള്ളൂ. അതെടുത്തപ്പോഴോ, വെക്കാന്‍ സൈക്കിളില്‍ ഇടമില്ല! അത് ഉപേക്ഷിക്കാനും വയ്യ, കൊണ്ടുപോകാനും വയ്യ എന്ന ധര്‍മസങ്കടത്തില്‍ നട്ടംതിരിയുന്നതിനിടെ സ്വര്‍ണക്കട്ടി വേറെയാരോ കൊണ്ടുപോയി. ശിവന്‍ പറഞ്ഞു: ''ദേവീ പാര്‍വതീ, അയാള്‍ സരസ്വതിയുടെ ആളാണ്. ആ അടിമപ്പണിക്ക് ലക്ഷ്മിയുടെ അനുമതിയുണ്ട്. മറ്റാരിലും അയാള്‍ക്ക് ഒരു താത്പര്യവുമില്ല. അവരുടെ ചുമടേ അയാള്‍ ചുമക്കുകയുള്ളൂ.''

കോഴിക്കോടന്‍ സഹൃദയസദസ്സില്‍ സാക്ഷാല്‍ തിക്കോടിയന്‍ പങ്കിട്ടതാണെന്ന് സി. രാധാകൃഷ്ണന്‍ രേഖപ്പെടുത്തിയതാണീ കഥ.

ഈ കഥയിലെ സൈക്കിള്‍യാത്രക്കാരന്‍ അക്ഷരമറിയാവുന്ന മലയാളികള്‍ക്കുമുഴുവന്‍ പരിചിതന്‍. അക്ഷരങ്ങള്‍കൊണ്ട് ജീവിതം പണിതയാള്‍. പുസ്തകങ്ങളാല്‍ ദേശങ്ങള്‍ താണ്ടിയ ആള്‍ - ആ മനുഷ്യന്‍ ഇനിയില്ല. ഇത്തരത്തിലുള്ള എത്രയോ കഥകളുണ്ട് മാരാരെ പരിചയമുള്ളവര്‍ക്കു പറയാന്‍. കുടുംബത്തിലെ ദാരിദ്ര്യദുഃഖത്തിന് പരിഹാരംതേടി കോഴിക്കോട്ടെത്തിയ ആറാംക്ലാസുകാരന്‍, നടന്നും സൈക്കിളോടിച്ചും പത്രവും പുസ്തകങ്ങളും വിറ്റും ജീവിതം കരുപ്പിടിപ്പിച്ച അദ്ഭുതകഥയാണ് അദ്ദേഹത്തിന്റേത്. അതെല്ലാം 'കണ്ണീരിന്റെ മാധുര്യം' എന്ന ആത്മകഥയില്‍ ഒരു ചലച്ചിത്രത്തിലെന്നപോലെ കാട്ടിത്തരികയുംചെയ്തു അദ്ദേഹം.

എക്‌സ്‌റേ ഫിലിം കഴുകിയ വെള്ളത്തില്‍നിന്ന് വെള്ളി വേര്‍തിരിച്ചെടുത്തും ച്യവനപ്രാശലേഹ്യം ഉണ്ടാക്കിയും അയ്യര്‍വേഷത്തില്‍ തഞ്ചാവൂരില്‍ ഹോട്ടല്‍ സപ്ലൈയറായും പെട്ടിക്കടക്കാരനായും... അങ്ങനെ ജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ എത്രയെത്ര വേഷങ്ങള്‍... നിഷ്ഠുരമായ തിരിച്ചടികളും അപമാനങ്ങളും നേരിട്ടപ്പോഴും പകയോ വൈരാഗ്യമോ മനസ്സില്‍സൂക്ഷിക്കാതെ, നിലാവിന്റെ വെണ്മയുള്ള നറുചിരിപൊഴിക്കാനുള്ള സിദ്ധിയോടെ എല്ലാം നേരിട്ടു. 'കണ്ണീരെല്ലാം അകമേ, പുറമേ മധുരംമാത്രം' എന്നതാണ് ആ ജീവിതം ബാക്കിയാക്കുന്ന പാഠം.

''കുട്ടീ, നിനക്ക് അച്ഛനുമമ്മയുമൊന്നുമില്ലേ? ഇത്ര ചെറുപ്പത്തിലേ ഇങ്ങനെ കഷ്ടപ്പെടുന്നതെന്തിനാണ്?'' -എന്റെ പ്രായത്തിലുള്ള മക്കളുണ്ടായിരുന്ന സ്‌നേഹനിധികളായ അമ്മമാര്‍ ചോദിച്ചിരുന്നത് ഇന്നും കാതുകളില്‍ വന്നലയടിക്കുന്നതുപോലെത്തോന്നുന്നു. ചെറിയ രണ്ടുസഞ്ചികളില്‍ പുസ്തകംനിറച്ച് തോളില്‍ തൂക്കിയിടും. വലിയ രണ്ടുസഞ്ചികള്‍ കൈയിലും തൂക്കിപ്പിടിക്കും. ചുമല്‍ വേദനിക്കാതിരിക്കാന്‍ വലിയ കാര്‍ഡ് ബോര്‍ഡ് ഷര്‍ട്ടിന്റെ ഉള്ളിലാക്കി മടക്കിവെക്കും. ഈ സഞ്ചികളും ചുമന്ന് വീടുവീടാന്തരം കയറിയിറങ്ങുമ്പോഴാണ് അമ്മമാരുടെ ചോദ്യം. സഹതാപാര്‍ദ്രമായ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്. ഞാന്‍ കഷ്ടപ്പെടുന്നത് എനിക്കുവേണ്ടിമാത്രമല്ല, അമ്മയും ഇളയസഹോദരങ്ങളും അടങ്ങുന്ന ഒരു കുടുംബത്തെ പോറ്റാനാണ് എന്ന് എങ്ങനെയാണ് അവരോടുപറയുക! (കണ്ണീരിന്റെ മാധുര്യം)

ടൂറിങ് ബുക്സ്റ്റാള്‍ എന്ന പേരുനല്‍കിയത് കവി ആര്‍. രാമചന്ദ്രനാണ്. ഇംഗ്ലീഷ് പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പിലും അവ വരുത്തിക്കുന്നതിലുമെല്ലാം അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം വെറും ആറാംക്ലാസുകാരനായ തനിക്ക് എത്രത്തോളം പ്രധാനമായിരുന്നെന്ന് കൃതജ്ഞതാഭാരത്തോടെ മാരാര്‍ ആത്മകഥയില്‍ സ്മരിക്കുന്നുണ്ട്. രാമചന്ദ്രന്‍ മാഷിന്റെ തളിയിലെ വീട്ടില്‍ ട്യൂഷന്‍ മുറിയിലെ ബെഞ്ചില്‍ രാത്രി തലചായ്ച്ചിരുന്ന നാളുകള്‍. ഒരുദിവസം രാവിലെ സൈക്കിളില്‍ പുസ്തകവില്‍പ്പനയ്ക്കിറങ്ങുമ്പോള്‍ രാമചന്ദ്രന്‍ മാഷിന്റെ നിര്‍ദേശം: ''കൈയില്‍ പണമുണ്ടെങ്കില്‍ ഒരു കോസടിയും തലയണയും വാങ്ങിക്കൊണ്ടുവരണം.'' രാത്രി അവയുമായെത്തി മാഷിനെ ഏല്‍പ്പിച്ചു. ''ഇനി ഇതുകൊണ്ടുപോയി ബെഞ്ചില്‍ വിരിച്ചു കിടക്കൂ. മാരാര്‍ക്കുവേണ്ടിത്തന്നെയാണ് ഇതുവാങ്ങാന്‍ ആവശ്യപ്പെട്ടത്.'' തനിക്കായിരുന്നെങ്കില്‍ വാങ്ങില്ലായിരുന്നെന്ന് പറഞ്ഞപ്പോള്‍, 'അക്കാര്യം അറിയാവുന്നതുകൊണ്ടാണ് ആര്‍ക്കുവേണ്ടിയെന്ന് വെളിപ്പെടുത്താതിരുന്നത്' എന്ന് മാഷിന്റെ നറുപുഞ്ചിരിയോടെയുള്ള മറുപടി.

ടൂറിങ് ബുക്സ്റ്റാള്‍ സൈക്കിളില്‍നിന്ന് പിന്നീട് ലോകമെങ്ങും വ്യാപിച്ചു. ഏത് പുസ്തകവും ലോകത്തെവിടെനിന്നും എത്തിച്ചും വായനക്കാരെ കണ്ടുപിടിച്ച് വായിപ്പിച്ചുമാണ് മാരാരുടെ ജീവിതവും പുസ്തകലോകവും വളര്‍ന്നത്. ഏതുയരത്തിലും സമഭാവനയോടെയും നറുപുഞ്ചിരിയോടെയും ആളുകളുടെ സ്‌നേഹവും വിശ്വാസവും നേടാനുള്ള സിദ്ധി അദ്ദേഹം കൈവിട്ടില്ല. കാല്‍നടയായിച്ചെന്ന് വായനക്കാരെ കണ്ടെത്തിയ മാരാര്‍ പിന്നീട് എഴുത്തുകാരെ കണ്ടെത്തിയ പ്രസാധകനുമായത് ചരിത്രം. പൂര്‍ണ പബ്ലിക്കേഷന്‍സിന്റെയും ടി.ബി.എസ്. ബുക്സ്റ്റാളിന്റെയും പ്രശസ്തി മലയാളികളുള്ളിടത്തേക്കെല്ലാം വ്യാപിച്ചശേഷവും അദ്ദേഹത്തിന്റെ ശിരസ്സ് വിനയത്താല്‍ നമ്രമായിത്തന്നെ തുടര്‍ന്നു.

''നല്ല വിദ്യാഭ്യാസമുള്ളവരോ ബുദ്ധിജീവികളോ മാത്രമേ പുസ്തകങ്ങളില്‍ തത്പരരായിരിക്കൂ എന്ന സങ്കല്പം ഒട്ടും ശരിയല്ല. പുസ്തകങ്ങള്‍ വാങ്ങുന്നതിനും വായിക്കുന്നതിനും പ്രായം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യസ്ഥിതി തുടങ്ങിയവയൊന്നുംതന്നെ തടസ്സമാവുന്നില്ലെന്നാണ് പുസ്തകവില്‍പ്പനയുമായി ഊരുചുറ്റിയതില്‍നിന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. എല്ലാവരും വായനക്കാരായിരിക്കുമെന്നല്ല ഞാനുദ്ദേശിക്കുന്നത്. പുസ്തകം വാങ്ങുന്നവരെല്ലാം നല്ല വായനക്കാരായിരിക്കുമെന്നും കരുതുന്നില്ല. എന്നാല്‍, എല്ലാ വിഭാഗത്തിലും യഥാര്‍ഥപുസ്തകപ്രേമികളുണ്ടെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു'' -വായനക്കാരെ നടന്നുചെന്ന് കണ്ട അനുഭവത്തില്‍നിന്നാണ് മാരാരുടെ ഈ നിരീക്ഷണം.

Content Highlights: N.E Balakrishna Marar, Poorna Publications, K.K AjithKumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented