അളവന്തര്‍ വിളിച്ചുവരുത്തിയ കൊലപാതകം: ജി.ആര്‍ ഇന്ദുഗോപന്റെ മര്‍ഡര്‍ ഇന്‍ മദ്രാസ് തുടരുന്നു
ചോര പറ്റിയ ദേവകിയുടെ സാരിയും ഇവിടെ ഉപേക്ഷിച്ചതായാണ് പോലീസ് സൂചനയെങ്കിലും അത് കേസിന് ബലം കൂട്ടാനോ ദേവകിയെ പ്രതിയെ ചേര്‍ക്കാനോ ഉള്ള ശ്രമമായി കരുതാം.

ചിത്രീകരണം: ലിജീഷ് കാക്കൂർ

മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ജി.ആര്‍ ഇന്ദുഗോപന്‍ എഴുതുന്ന 'മര്‍ഡര്‍ ഇന്‍ മദ്രാസ്' രണ്ടാംഭാഗം വായിക്കാം.

ദ്രാസിനടുത്ത് ആവഡിയിലെ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ ആയിരുന്നു അളവന്തര്‍. അളവന്തറുടെ വിരലടയാളം സൈനികരേഖകളിലുണ്ടായിരുന്നത്, മൃതദേഹം തിരിച്ചറിയുന്നതിന് ഉപകാരപ്പെട്ടു. സൈനിക റെക്കോഡ് പ്രകാരം ഉയരവും പരിശോധിച്ചുറപ്പാക്കി. അഞ്ചടി നാലര ഇഞ്ച് ഉയരം.

രണ്ടാംലോകയുദ്ധം കഴിഞ്ഞതോടെ അളവന്തര്‍ റിട്ടയര്‍മെന്റ് വാങ്ങി കച്ചവടത്തിനിറങ്ങി. കണ്ണന്‍ചെട്ടി എന്ന വ്യാപാരി ചൈനാ ബസാറിലെ(ഇന്നത്തെ പാരീസ് കോര്‍ണര്‍) തന്റെ പേനാക്കടയുടെ മുന്‍വശം അളവന്തര്‍ക്ക് വിട്ടുനല്‍കി.

പ്ലാസ്റ്റിക് വീട്ടുപകരണങ്ങളുടെ കച്ചവടമായിരുന്നു അളവന്തര്‍ക്ക്. പ്ലാസ്റ്റിക് അന്ന് കൗതുകമായിരുന്നു. ഇറക്കുമതി ഉത്പന്നം. അഞ്ചുകൊല്ലത്തിനു ശേഷം, 1957-ല്‍ മാത്രമാണ് ഇന്ത്യയില്‍ പ്ലാസ്റ്റിക് ഉത്പാദനം തുടങ്ങിയത്. ഒപ്പം തവണവ്യവസ്ഥയില്‍ സാരിക്കച്ചവടവും അളവന്തര്‍ക്ക് ഉണ്ടായിരുന്നു. സ്ത്രീതത്പരനെന്ന നിലയില്‍, അതില്‍ ചില ദുരുദ്ദേശ്യം ആരോപിക്കപ്പെട്ടിരുന്നു. റാന്‍ഡര്‍ ഗയ് എന്ന തൂലികാനാമത്തില്‍ 'ദ ഹിന്ദു' ദിനപത്രത്തിലും മറ്റും കുറ്റാന്വേഷണ കോളങ്ങള്‍ എഴുതിയിരുന്ന നിയമജ്ഞനായ രംഗദുരെ ആണ് ആധികാരികമായി 'അളവന്തര്‍ വധക്കേസിനെ'ക്കുറിച്ച് വിവരിച്ചിട്ടുള്ളത്. ഇതേ കൊലക്കേസ് ആധാരമാക്കി അദ്ദേഹം തമിഴ് ദൂരദര്‍ശനില്‍ ടെലിസീരിയലിന് തിരക്കഥയെഴുതി. അളവന്തറെ താന്‍ കൗമാരകാലത്ത് കണ്ടിട്ടുള്ളതായി രംഗദുരെ രേഖപ്പെടുത്തിയിട്ടുണ്ട്. എസ്പ്‌ളനേഡിലെ മദ്രാസ് ഹൈക്കോടതിക്ക് അഭിമുഖമുള്ള വൈ.എം.സി.എ.യില്‍ ടേബിള്‍ ടെന്നീസ് കളിക്കാന്‍ പോകുമ്പോള്‍ അളവന്തര്‍ പെണ്‍കുട്ടികളുമായി അവിടെ വന്നിരുന്നുവത്രേ. കോളറില്‍ ബോടൈ കെട്ടി പാന്റ്‌സും ഷൂസും ധരിച്ചിട്ടുണ്ടാവും. സ്ത്രീകളുമായി അടുപ്പം സമ്പാദിക്കുന്നതിനാണ് വേഷത്തില്‍ ഇത്രയും ശ്രദ്ധ. അക്കാലത്ത് ഫൗണ്ടന്‍പേന സര്‍വസാധാരണമല്ല. അളവന്തര്‍ അടുപ്പത്തിലാകുന്ന സ്ത്രീകള്‍ക്ക് കണ്ണന്‍ ചെട്ടിയുടെ കടയില്‍നിന്ന് വാങ്ങിയ ഫൗണ്ടന്‍പേന ഉപഹാരമായി സമ്മാനിച്ചിരുന്നുവത്രേ. വലയിലാകുന്ന സ്ത്രീകളുമായി ബ്രോഡ് വേയിലെ ലോഡ്ജില്‍ തങ്ങിയ കഥകളും പ്രചരിച്ചു. ഇതില്‍ സാരിയുടെ തവണ മുടങ്ങിയവരും ഉണ്ടായിരുന്നുവത്രേ. ഇത്തരം സ്വഭാവംകാരണം അളവന്തര്‍ സാമ്പത്തികമായി നല്ല നിലയിലായിരുന്നില്ല. ജോര്‍ജ് ടൗണ്‍ നാട്ടു പിള്ളയാര്‍ കോയില്‍ സ്ട്രീറ്റില്‍ രണ്ടുകുട്ടികളും ഭാര്യയുമായി താമസം. ഇങ്ങനെ അളവന്തര്‍ പരിചയപ്പെട്ട സ്ത്രീകളില്‍ ഒരാളായിരുന്നു ദേവകി മേനോന്‍.

ചൈനാ ബസാര്‍. പരിസരത്ത് വിക്ടോറിയന്‍ കാലത്തെ ചുവന്ന കെട്ടിടങ്ങള്‍, മദ്രാസ് ഹൈക്കോടതി, വ്യാപാരത്തെരുവുകള്‍... മദ്രാസിലെ ഷോപ്പിങ്ങിന്റെ പ്രധാന കേന്ദ്രമായിരുന്നു ഇവിടം. ലോ കോളജിനു നേരെ എതിരേയാണ് കണ്ണന്‍ചെട്ടിയുടെ ജെം ആന്‍ഡ് കോ. 1920-കളില്‍ സ്ഥാപിതമായ ഇവിടെ, വിലപിടിപ്പുള്ള സ്വര്‍ണ നിബ്ബ് ഉള്ള പേനകള്‍ കണ്ണാടിക്കൂട്ടില്‍ ആഭരണംപോലെ പ്രദര്‍ശിപ്പിച്ചിരുന്നു. വലിയൊരു ഫൗണ്ടന്‍ പേനയുടെ തടിയിലെ മാതൃക അകത്ത് മുകളില്‍ തൂക്കിയിട്ടുണ്ടായിരുന്നു. ഇന്നും ചചെന്നൈയില്‍ നിലനില്‍ക്കുന്ന ഈ സ്ഥാപനത്തില്‍ വെച്ചാണ് ദേവകിമേനോനെ ആദ്യമായി അളവന്തര്‍ കാണുന്നത്.

ഫൗണ്ടന്‍പേന വാങ്ങാനായാണ് ദേവകി ചൈനാബസാറിലെത്തുന്നത്. അന്ന് ദേവകിക്ക് ഇരുപതിനടുത്ത് പ്രായം. കോളേജ് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഹിന്ദി പ്രചാര്‍ പരീക്ഷ പാസായതാണ്. ഹിന്ദി ട്യൂഷനെടുക്കുന്നു. സാമൂഹികപ്രവര്‍ത്തനവുമുണ്ട്. പേന വാങ്ങി ദേവകി തിരിച്ചുവരുമ്പോള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളും സാരിയും കാട്ടി അളവന്തര്‍ പരിചയപ്പെടുന്നു. പിന്നീടും ദേവകി അവിടൈവച്ച് അളവന്തറെ കണ്ടിട്ടുണ്ട്. ഇതിനിടയിലാണ് 1952 ജൂണില്‍ ദേവകിയുടെ വിവാഹം. ഭര്‍ത്താവ് പ്രഭാകരമേനോന്‍. യൂസഫ് മുഹമ്മദ് എന്നയാളിന്റെ സെമടി റോഡിലെ 62-ാം നമ്പര്‍ വീട് വാടകയ്‌ക്കെടുത്ത് ദമ്പതിമാര്‍ താമസം തുടങ്ങി. പ്രീമിയര്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ക്ലാര്‍ക്ക് ആയിരുന്നു മേനോന്‍. പിന്നീട് പത്രപ്രവര്‍ത്തകനായി മാറി. ഫ്രീഡം എന്ന പേരില്‍ സ്വന്തമായി ഒരു ചെറിയ പത്രം തുടങ്ങി. ഭര്‍ത്താവിന്റെ പത്രത്തിലേക്ക് പരസ്യം ലഭിക്കുന്നതിനായിട്ടാണ് പരിചയക്കാരന്‍ എന്ന നിലയില്‍ നഗരത്തില്‍ വലിയ പരിചയവൃന്ദമുള്ള അളവന്തറെ ദേവകി സമീപിക്കുന്നത്. അളവന്തര്‍ ഇതൊരു അവസരമായിക്കണ്ടു. കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തു. ചര്‍ച്ചകള്‍ക്ക് മെര്‍ക്കന്റെല്‍ ഹോട്ടലില്‍ എത്താന്‍ ആവശ്യപ്പെടുന്നു. അവിടെയെത്തിയ ദേവകി അളവന്തറിന്റെ ദുരുദ്ദേശ്യം മനസ്സിലാക്കി അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ദേവകി വിവരം ഭര്‍ത്താവിനോട് പറഞ്ഞില്ല. അന്ന് അതവിടെ അവസാനിച്ചിരുന്നുവെങ്കില്‍, അളവന്തര്‍ക്ക് സ്വന്തം ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല.

ഓഗസ്റ്റ് 27-ാം തീയതി. അളവന്തര്‍ കൊലപ്പെടുന്നതിന് തലേന്ന് രാത്രി. മദ്രാസിലെ ബ്രോഡ് വേയിലുള്ള മിനര്‍വാ തിയേറ്റര്‍. ദേവകി ഭര്‍ത്താവുമൊത്ത് സിനിമ കാണാനെത്തി.

ഹോളിവുഡ് വിതരണക്കമ്പനിയായ പാരമൗണ്ട് പിക്‌ചേഴ്‌സുമായി ദീര്‍ഘകാലകരാര്‍ മിനര്‍വ തിയേറ്ററിനുണ്ടായിരുന്നു. പുതിയ ഇംഗ്ലീഷ് സിനിമകളാണ് കൂടുതലും ഇവിടെ ഓടിക്കൊണ്ടിരുന്നത്. അതിനാല്‍ വിദ്യാസമ്പന്നരും ഉപരിവര്‍ഗത്തിലുമുള്ളവരുമായിരുന്നു പ്രേക്ഷകരിലേറെയും. അന്നത്തെ ദിവസം, സിനിമ കാണാന്‍ അളവന്തറും എത്തിയിട്ടുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ദേവകിയെ കണ്ട് അളവന്തര്‍ കൂസലില്ലാതെ ദേവകിയുടെ സമീപത്തേക്കുചെന്നു. മര്യാദയനുസരിച്ച് ദേവകി അളവന്തറെ ഭര്‍ത്താവിന് പരിചയപ്പെടുത്തി. നഗരത്തില്‍ തനിക്ക് ദീര്‍ഘകാലപരിചയമുള്ള ആള്‍ എന്ന നാട്യത്തില്‍ അളവന്തര്‍ കൂടുതല്‍ അടുപ്പത്തോടെ ദേവകിയെക്കുറിച്ച് പ്രഭാകരമേനോനോട് സംസാരിച്ചു. താനുമായി ദേവകിക്ക് നേരത്തേത്തന്നെ വല്ലാത്ത അടുപ്പമാണെന്ന മട്ടിലുള്ള അളവന്തറിലെ സംഭാഷണത്തിലെ ദുസ്സൂചനകള്‍ മേനോനെ അസ്വസ്ഥനാക്കി. പരിണതഫലം ഭീകരമായിരുന്നു.

കലുഷിതമായ മനസ്സോടെയാണ് സിനിമ കണ്ടിറങ്ങിയ മേനോന്‍ ദമ്പതിമാര്‍ വീട്ടിലെത്തിയത്. വേലക്കാരന്‍ പയ്യന്‍ നാരായണന്‍ വാതില്‍ തുറന്നു. കോയമ്പത്തൂരിലെ വീട്ടില്‍നിന്ന് ഒളിച്ചോടി ജോലി തേടി മദ്രാസിലെത്തിയ നാരായണന് 13 വയസ്സു മാത്രമായിരുന്നു പ്രായം. അന്നു രാത്രി മേനോന്‍ ഒച്ചവെച്ചതായും ദേവകിയുടെ തേങ്ങിക്കരച്ചില്‍ കേട്ടതായും നാരായണന്‍ പിന്നീട് മൊഴി നല്‍കിയിട്ടുണ്ട്. അളവന്തര്‍ തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനെക്കുറിച്ചും ലോഡ്ജില്‍ വെച്ച് മോശമായി പെരുമാറാന്‍ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ടതിനെക്കുറിച്ചും ദേവകി ഭര്‍ത്താവിനോടു തുറന്നുപറഞ്ഞു. പിറ്റേന്ന് മേനോന്‍ വേലക്കാരന്‍ നാരായണന് കാശ് നല്‍കി പുറത്തുപൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. ദേവകിയോട് വീട്ടില്‍ ഒറ്റയ്ക്കാണെന്ന് പറഞ്ഞ് അളവന്തറെ വീട്ടിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെട്ടു.

Also Read

'പച്ച ട്രങ്കുപെട്ടിയിൽ നിന്നും നിറമില്ലാത്ത ...

പിന്നീട് സംഭവിച്ചതെന്ത്? - പ്രസിഡന്‍സി മജിസ്‌ട്രേറ്റിനു കൊടുത്ത ഹര്‍ജിയില്‍ അളവന്തറെ താന്‍ കുത്തിക്കൊന്നതാണെന്ന് മേനോന്‍ സമ്മതിച്ചു. മേനോന്റെ മൊഴി 'മാതൃഭൂമി' അക്കാലത്ത് റിപ്പോര്‍ട്ടുചെയ്തതു പ്രകാരം ഇങ്ങനെയായിരുന്നു: ആഗസ്റ്റ് 28-ാം തീയതി ഉച്ചയ്ക്ക് ഞാന്‍ വീട്ടില്‍ മടങ്ങിവന്നപ്പോള്‍, വാതില്‍ അകത്തുനിന്ന് സാക്ഷയിട്ടിട്ടുള്ളതായിക്കണ്ടു. ഞാന്‍ വാതിലിനു മുട്ടി. നാലോ അഞ്ചോ മിനിറ്റിനു ശേഷം അളവന്തര്‍ വന്ന് വാതില്‍ തുറന്നു. അകത്തുള്ളൊരു മുറിയില്‍ ദേവകി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അളവന്തറും ഞാനുമായി ഉടനെ ഒരു മല്‍പ്പിടിത്തം നടന്നു. ഇതിനിടയില്‍ ദേവകിയോട് ഞാന്‍ പുറത്തുപോകാന്‍ ആജ്ഞാപിച്ചു. തുടര്‍ന്നുണ്ടായ മല്‍പ്പിടിത്തത്തില്‍ അളവന്തര്‍ നിലത്തു കിടന്നിരുന്ന ഒരു കത്തിയെടുത്തു എന്നെ കുത്താന്‍ ശ്രമിച്ചു. ഞാന്‍ അയാളുടെ കൈയ്ക്കു കടന്നുപിടിച്ചു. രണ്ടുപേരും കെട്ടിപ്പിടിച്ചു കൊണ്ടു നിലത്തുവീണ് ഉരുണ്ടു. അപ്പോള്‍ കുത്തുകൊള്ളാതെ നോക്കുന്നതിലായിരുന്നു ഞാന്‍ ശ്രമിച്ചിരുന്നത്. അങ്ങനെ അവസാനം ഞാന്‍ മീതെയായപ്പോള്‍ ശക്തിയുപയോഗിച്ച് ആ കത്തികൊണ്ടു തന്നെ അളവന്തറുടെ നെഞ്ചത്തു കുത്തി. അളവന്തര്‍ ഉറക്കെ നിലവിളിക്കുകയും ഉടനെ മരിക്കുകയും ചെയ്തു. അടുത്ത ഷോപ്പില്‍നിന്നു ഒരു വലിയ കത്തി വാങ്ങിക്കൊണ്ടുവന്നു. അളവന്തറുടെ തല ഉടലില്‍നിന്നു വേര്‍പെടുത്തി. കൈയുംകാലും മുറിച്ച് ഉടലോടുകൂടി ഒരു ട്രങ്ക് പെട്ടിയിലടക്കം ചെയ്തു. തല പെട്ടിയില്‍ കൊണ്ടില്ല. - തല കടലില്‍ കൊണ്ടു പോയി എറിഞ്ഞു. പെട്ടി ട്രെയിനില്‍ അയയ്ക്കുകയും ചെയ്തു. പിറ്റേദിവസം തന്നെ വീട് ഉപേക്ഷിക്കുകയും ബോംബെയ്ക്കു പോവുകയും ചെയ്തു. പോലീസ് തന്നെ തിരയുന്നുവെന്നറിഞ്ഞപ്പോള്‍ സെപ്റ്റംബര്‍ പത്തിന് ബോംബെ പോലീസിനു കീഴടങ്ങി കുറ്റം സമ്മതിച്ചു.

രണ്ടാം പ്രതി ദേവകിമേനോന്‍ സെഷന്‍സ് കോടതിയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഓഗസ്റ്റ് 28-നു രാവിലെ താന്‍ പഴംമാര്‍ക്കറ്റില്‍ പോയി വീട്ടിലേക്ക് തിരിച്ചുപോവുമ്പോള്‍ അളവന്തര്‍ തന്നെ വിളിച്ചു. താന്‍ അയാളുടെ ഷോപ്പു സന്ദര്‍ശിച്ചു. അന്നുച്ചയ്ക്ക് അളവന്തര്‍ വീട്ടില്‍ വന്നു. മേനോന്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. അയാളുടെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ താന്‍ ശ്രമിക്കുമ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. അളവന്തര്‍ പോയി വാതില്‍തുറന്നു. മേനോന്‍ അകത്തു പ്രവേശിച്ചു. മേനോനും അളവന്തറും തമ്മില്‍ വഴക്കായി. ഇതിനിടയില്‍ മേനോന്‍ തന്നോടു പുറത്തു പോകാന്‍ പറഞ്ഞു. താന്‍ താഴത്തേക്ക് ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നെ അന്നു വീട്ടില്‍ എന്തെല്ലാം സംഭവിച്ചു എന്ന് എനിക്ക് അറിയില്ല.''

പ്രോസിക്യൂഷന്‍ ചാര്‍ജുപ്രകാരം കഥ ഇങ്ങനെയാണ്: തന്റെ ഭര്‍ത്താവിന്റെ മാസികയ്ക്കു പരസ്യം സമ്പാദിക്കുന്നതിനു വേണ്ടി ദേവകി അളവന്തറെ സമീപിച്ചു. അയാള്‍ ദേവകിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ഇത് മേനോന്‍ അറിഞ്ഞു. ആ ദേഷ്യത്തില്‍ അളവന്തറെ ഇല്ലാതാക്കാന്‍ മേനോന്‍ തീരുമാനിച്ചു. ഓഗസ്റ്റ് 28-ാം തീയതി ദേവകി അളവന്തറെ സമീപിച്ച് അയാളെ വീട്ടിലേക്ക് ക്ഷണിച്ചു. അന്നുച്ചയ്ക്ക് വീട്ടിലെത്തിയ അളവന്തറും ദേവകിയും സംസാരിച്ചുനില്‍ക്കുമ്പോള്‍, ഒളിച്ചു നിന്നിരുന്ന മേനോന്‍ ചാടിവീഴുകയും അളവന്തറുടെ കഴുത്തിനു വെട്ടുകയും ചെയ്തു. പ്രതിഭാഗം വക്കീലിന്റെ വാദം: ഉഗ്രമായ പ്രേരണമൂലം പെട്ടെന്ന് കടുംകൈ ചെയ്യാന്‍ മേനോന്‍ മുതിരുകയാണുണ്ടായത്. അല്ലാതെ ഇത് മുന്‍കൂട്ടി പരിപാടിയിട്ട് കൊലയല്ല. അതിനാല്‍ ഇതൊരു ന്യായീകരിക്കാവുന്ന നരഹത്യയോ ഏറിയാല്‍ കൊലപാതകത്തോളമെത്താത്ത കുറ്റകരമായ നരഹത്യയോ മാത്രമേ ആവുകയുള്ളൂ.

ട്രങ്ക് പെട്ടി ഉപേക്ഷിക്കാന്‍ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ പോകുന്ന വഴിക്ക് ബ്രോഡ് വേയിലെ പാര്‍ക്കില്‍ പ്രഭാകരമേനോന്‍ കത്തി വലിച്ചെറിഞ്ഞു. ചോര പറ്റിയ ദേവകിയുടെ സാരിയും ഇവിടെ ഉപേക്ഷിച്ചതായാണ് പോലീസ് സൂചനയെങ്കിലും അത് കേസിന് ബലം കൂട്ടാനോ ദേവകിയെ പ്രതിയെ ചേര്‍ക്കാനോ ഉള്ള ശ്രമമായി കരുതാം. റോയപുരത്ത് അളവന്തറിന്റെ തല ഉപേക്ഷിച്ച്, അന്ന് രാത്രി പ്രഭാകരമേനോന്‍ ദേവകിയുമൊത്ത് ബോംബെയ്ക്ക് പുറപ്പെട്ടു. ദേവകിയുടെ അച്ഛന്‍ രാമന്‍മേനോന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തതില്‍നിന്ന് ദമ്പതിമാര്‍ ബോംബയിലേക്ക് കടന്നതായി പോലീസിന് വിവരം കിട്ടി. മദ്രാസ് സിറ്റി പോലീസ് ബോംബെയിലെത്തി. ദേവകിയുടെ ബന്ധുക്കളെ കണ്ടുപിടിച്ചു. ഈ സമയം ദേവകി ഗര്‍ഭം അലസിയതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. പിടിക്കപ്പെട്ട് ജയിലില്‍ പോകേണ്ടി വന്നാല്‍, മുന്‍കരുതലെന്ന നിലയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചതുമാകാം. പ്രഭാകരമേനോന്‍, ബന്ധു സുബേദാര്‍ മേജര്‍ നായരുടെ സഹായത്തോടെ ബ്രിട്ടീഷ് ഇന്‍സുലേറ്റഡ് കേബിള്‍സില്‍ ജോലിക്ക് ശ്രമിക്കുകയായിരുന്നു.

പ്രഭാകരമേനോനെ മുംബൈ ചാപ്പട്ടി ബീച്ചില്‍വെച്ച് മദ്രാസ് പോലീസ് അറസ്റ്റുചെയ്തു. (പിടിക്കപ്പെടുമെന്നറിഞ്ഞ് മുംബൈയില്‍ വെച്ച് താന്‍ പോലീസില്‍ കീഴടങ്ങിയതെന്നാണ് മേനോന്റെ മൊഴി) പിടിയിലാകുമ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ മേനോന്‍ മീശ വടിച്ചിരുന്നു. എ എന്നെഴുതിയ ഒരു ഫൗണ്ടന്‍ പേന മേനോന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെത്തിയെന്നാണ് പോലീസ് ഭാഷ്യം. അളവന്താറുടെ പേനയായിരുന്നുവെന്ന വാദം കേസിന് ബലം കൊടുക്കാനുള്ള പോലീസ് കഥയാകാനാണ് സാധ്യത. ബോംബെ സിറ്റി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ഇരുവരുടെ മേലും കൊലപാതകക്കുറ്റം ചാര്‍ജ് ചെയ്തു. കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. പ്രഭാകരമേനോനെ സെപ്റ്റംബര്‍ 10-നും ചികിത്സയിലായിരുന്നതിനാല്‍ ദേവകിയെ സെപ്റ്റംബര്‍ 22-നും അറസ്സുചെയ്തതായി രേഖപ്പെടുത്തി ഇരുവരെയും മദ്രാസിലേക്ക് കൊണ്ടുവന്നു.

ഇരുവരെയും കനത്ത ബന്തവസ്സില്‍ മദ്രാസ് ഹൈക്കോടതിയിലെ ഒരു മുറിയില്‍ താമസിപ്പിച്ചു. ഓരോ വിചാരണയ്ക്കുശേഷവും മുറിയില്‍ കൊണ്ടു പോയി അടയ്ക്കാറായിരുന്നു പതിവ്.

കേസുപോലെത്തന്നെ കൗതുകകരമായിരുന്നു പിന്നീട് നടന്ന വിചാരണയും. ജഡ്ജിമാര്‍ മലയാളികള്‍. പ്രശസ്തരായ മലയാളി വക്കീലന്മാര്‍.. മദ്രാസ് പട്ടണം, വിചാരണവാര്‍ത്ത വായിക്കാന്‍ കാത്തിരുന്നു.

(തുടരും)

Content Highlights: Murder In Madras, G.R Indugoapn, Weekend


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented