ലക്ഷ്മിയും മൃണാളിനിയും ഇംഗ്ലീഷ് ഫ്രോക്കിന് വിടപറയാന്‍ കാരണമായ മദ്രാസ് കൊലപാതകം!


ജി. ആര്‍ ഇന്ദുഗോപന്‍മക്കള്‍ ലക്ഷ്മി (പില്‍ക്കാലം ക്യാപ്റ്റന്‍ ലക്ഷ്മി), മൃണാളിനി (പില്‍ക്കാലം മൃണാളിനി സാരാഭായ്), ഗോവിന്ദ് (പില്‍ക്കാലം തമിഴ്നാട് അഡ്വക്കേറ്റ് ജനറല്‍, വിവാദമായ അളവന്തര്‍ കൊലക്കേസില്‍ അഭിഭാഷകന്‍), സുബ്ബറാം എന്നിവര്‍ ബ്രിട്ടീഷ് സ്‌കൂളിലായിരുന്നു. കുട്ടികളോട് ഇംഗ്ലീഷ് സഹപാഠികളും അധ്യാപകരും ശത്രുക്കളോടെന്നപോലെ പെരുമാറി.

ചിത്രീകരണം: ലിജീഷ് കാക്കൂർ

ജി.ആര്‍ ഇന്ദുഗോപന്‍ എഴുതുന്ന മര്‍ഡര്‍ ഇന്‍ മദ്രാസ് തുടരുന്നു.

കേസിന്റെ വാദം തുടര്‍ന്നപ്പോള്‍ തെളിവുകളും കള്ളത്തെളിവുകളുമുണ്ടായി. വാദിച്ച് വാദിച്ച് ഒരറ്റമെത്തിയിട്ടും ആരാണ് ക്‌ളമന്റ് ഡെെേലഹയെ കൊന്നത് എന്ന കാര്യം മാത്രം തെളിഞ്ഞില്ല.രാജകുമാരന്മാരായ കഡംബൂരും (18) സിംഗംപ്പട്ടി (16) യും ശിക്ഷിക്കപ്പെടുമെന്ന അവസ്ഥ മാറിയത് അവിശ്വസനീയമായിട്ടാണ്. കൂട്ടുപ്രതിയായ സിംഗംപ്പട്ടി, കഡംബൂരിനെതിരേ മൊഴികൊടുത്ത് മാപ്പുസാക്ഷിയായതോടെ കഡംബൂര്‍ തൂങ്ങുമെന്ന നിലവന്നു. ബോംബെയിലെ പ്രമുഖ ക്രിമിനല്‍ വക്കീല്‍ ആര്‍.ഡി.എന്‍. വാഡിയ, മദ്രാസില്‍നിന്നുള്ള പ്രഗല്ഭനായ സ്വാമിനാഥിനൊപ്പം കഡംബൂര്‍ കുടുംബത്തിനുവേണ്ടി ഒരു ടീമായെത്തിയതോടെ രംഗം കൊഴുത്തു. വാഡിയ സിംഗംപ്പട്ടിയെ ക്രോസ് വിസ്താരം ചെയ്തത്, കുറ്റമറ്റ നിലയില്‍, ഏറ്റവും സൂക്ഷ്മതയോടെയാണ്.വ്യാപകമായ ഗൂഢാലോചന നടന്നുവെന്ന് വരുത്തിത്തീര്‍ക്കാനും സിംഗംപ്പട്ടിയുടെ മൊഴിയെ അസാധുവാക്കാനുമുള്ള തന്ത്രമാണ് വക്കീലന്മാര്‍ പയറ്റിയത്. ഇതിനായി കേസുമായി ഒരു ബന്ധവുമില്ലാത്ത, പ്രമുഖനായ രാമനാട് രാജാവിനെപ്പോലും വലിച്ചിഴച്ചു. പ്രിന്‍സിപ്പല്‍ രാജാവിനോട് അപമര്യാദയായി പെരുമാറി. അതിനാല്‍ രാമനാട് രാജകുമാരനും പ്രിന്‍സിപ്പലിനോട് പകയുണ്ടായിരുന്നുവെന്ന് സമര്‍ഥിച്ചു.

മറ്റ് കഥകള്‍, വാദങ്ങള്‍ ഇങ്ങനെയായിരുന്നു.

ഇതേ കോളേജിലെ വിദ്യാര്‍ഥികളായ ഊര്‍ക്കാട് രാജകുമാരന്മാരുടെ സഹോദരി ദൊരൈച്ചിയെ വിവാഹം ചെയ്യണമെന്ന് സിംഗംപ്പട്ടിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതിന് തടസ്സം കഡംബൂരായിരുന്നു. കഡംബൂരിനെ പെടുത്താന്‍ സിംഗംപ്പട്ടിയോടൊപ്പം ഊര്‍ക്കാട് സഹോദരങ്ങളായ വിദ്യാര്‍ഥികളും ചേര്‍ന്ന് ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം.

മറ്റൊന്ന്, രണ്ട് സഹപാഠികള്‍ക്കെതിരേ കഡംബൂര്‍ നേരത്തേ പരാതിനല്‍കിയിരുന്നു. ഒരാള്‍ക്ക് ഊട്ടിയില്‍നിന്നുള്ള ഒരു പുല്ലുവെട്ടുകാരിയുമായി അവിഹിതബന്ധമുണ്ടെന്നും മറ്റൊരാള്‍ തന്റെ മുറിയില്‍ കടന്ന് സെന്റുകുപ്പിയും സോപ്പും കവര്‍ന്നു എന്നുമായിരുന്നു ആരോപണം. ഇക്കാരണത്താലും കഡംബൂരിനോട് സഹവിദ്യാര്‍ഥികള്‍ക്ക് പകയുണ്ട്.

Also Read

പ്രിൻസിപ്പലിന്റെ കൊലപാതകത്തിനു പിന്നാലെ ...

കൊലയ്ക്ക് ഉപയോഗിക്കാത്ത മറ്റൊരു തോക്കും വെടിയുണ്ടകളും പരിസരത്തുനിന്ന് കണ്ടെടുത്തതും ആയുധമാക്കി. അതിലെ തിരകള്‍ ഉപയോഗിച്ചിരുന്നില്ല. തോക്കിന്റെ കുഴലില്‍ കടക്കാന്‍ പാകത്തിലുള്ളതായിരുന്നില്ല വെടിയുണ്ടകള്‍. ഇത് മനഃപൂര്‍വം ആശയക്കുഴപ്പമുണ്ടാക്കാന്‍ ഉപേക്ഷിച്ചതാണ്. അതിനര്‍ഥം ഗൂഢാലോചന നടന്നുവെന്നാണ്.

മുകള്‍നിലയില്‍നിന്ന് 45 അടി താഴെ പൂന്തോട്ടത്തിലേക്ക് തോക്ക് വലിച്ചെറിഞ്ഞുവെന്ന സിംഗംപ്പട്ടിയുടെ മൊഴിയും 'കഡംബൂര്‍ വക്കീലന്മാര്‍' ചോദ്യംചെയ്തു. തുടര്‍ന്ന്, ജഡ്ജി തോക്കുണ്ടാക്കുന്ന ഒരാളെ കോടതിയില്‍ വിളിച്ചുവരുത്തി പരിശോധിപ്പിച്ചു. ഇത്രയും ഉയരത്തില്‍നിന്ന് വീണതിന്റെ അടയാളമോ ക്ഷതമോ തോക്കില്‍ ഇല്ലെന്ന് അയാള്‍ പറഞ്ഞു. ഇതും സിംഗംപ്പട്ടിക്ക് തിരിച്ചടിയായി. തോക്ക് പൂന്തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞതല്ല, മുന്‍കൂട്ടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായി അവിടെ വെച്ചതാണെന്ന വാദം അംഗീകരിക്കാതെ നിവൃത്തിയില്ലെന്നായി.

പതിനാറുകാരനായ ബാലനായിരുന്നു സിംഗംപ്പട്ടി. അവന്‍ വാഡിയയുടെ ചോദ്യങ്ങളില്‍ പതറി. സഹപാഠികളുടെ മുറിയില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിവന്നു. ഇതോടെ സിംഗംപ്പട്ടിയുടെ സ്വഭാവം നല്ലതല്ലെന്ന് സ്ഥാപിക്കാനായി. ഇയാളുടെ മൊഴി അസത്യമെന്ന് വ്യഖ്യാനമുണ്ടായി.

കഡംബൂരിനെ ജയിലിലാക്കിയിരുന്നു. അവിടെക്കിടന്ന് കഡംബൂര്‍ പുറത്തുള്ള സിംഗംപ്പട്ടിക്ക് കത്തെഴുതി. കത്തില്‍ പറയുന്നു: 'ഞാനാണത് ചെയ്തതെന്ന് നീ സ്ഥാപിച്ചെടുത്തു. അല്ലേ... കള്ളം പറയുന്നത് എത്ര വലിയ അപരാധമാണെന്നറിയുമോ നിനക്ക്. നീ പറഞ്ഞാലും നിന്റെ അച്ഛന്‍ നിന്നെ തിരുത്തണമായിരുന്നു. ഇപ്പോ ഇതിന് നമ്മള്‍ രണ്ടാളും അനുഭവിക്കുകയാണ്...'

സിംഗംപ്പട്ടി മറുപടി എഴുതി: 'അച്ഛന്‍ നിന്നെ അങ്ങനെയല്ല കാണുന്നത്. അല്ലെങ്കില്‍ നിന്നെ ജയിലില്‍ വന്നുകാണുമായിരുന്നോ? വക്കീല്‍ പറഞ്ഞപ്രകാരം മാത്രമാണ് ചെയ്തത്. ഞങ്ങള്‍ ഊര്‍ക്കാടിനെ വിശ്വസിച്ചു. നിനക്കെന്നോടും അച്ഛനോടും കോപം തോന്നരുത്...'

സിംഗംപ്പട്ടിയുടെ ഈ മറുപടിക്കത്ത് നിര്‍ണായക തെളിവായി. അച്ഛന്റെ നിര്‍ബന്ധത്തിലാണ് താന്‍ മൊഴിമാറ്റിയത്. ഇതില്‍ മാപ്പപേക്ഷിക്കുന്നു എന്നതാണ് ഉള്ളടക്കമെന്ന വാദം കണിശമായിരുന്നു. യഥാര്‍ഥത്തില്‍ സിംഗംപ്പട്ടിയില്‍ കുറ്റബോധമുണ്ടാക്കുന്ന തരത്തില്‍ ഒരു കത്തെഴുതി മറുപടി വാങ്ങി തെളിവുണ്ടാക്കാനുള്ള ബുദ്ധി, സ്വാമിനാഥനും വാഡിയയും ചേര്‍ന്ന വക്കീലന്മാരുടേതാണെന്ന് കരുതാം.

കത്തിന്റെ കാര്യത്തില്‍ കോടതിയില്‍ സിംഗംപ്പട്ടി ഉരുണ്ടുകളിച്ചു. താന്‍ അപ്പോഴത്തെ വിഷമത്തില്‍ എഴുതിയതാണെന്ന സിംഗംപ്പട്ടിയുടെ വാദം ദുര്‍ബലമായിപ്പോയി. കേസ് തിരിയുകയാണെന്നു കണ്ട്, കഡംബൂരിനെതിരേ സാക്ഷിപറയാനായി പ്രോസിക്യൂഷന്‍ കൊണ്ടുവന്ന സഹവിദ്യാര്‍ഥികള്‍, വക്കീലന്മാരുടെ ഉപദേശത്തെത്തുടര്‍ന്ന് ''ഞാനൊന്നും ഓര്‍ക്കുന്നില്ല.'' എന്നുപറഞ്ഞ് രക്ഷപ്പെട്ടു. അതോടെ പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം തകര്‍ന്നു. ജഡ്ജി വിധിയിലേക്കു കടന്നു.

ചിത്രീകരണം: ലിജീഷ് കാക്കൂര്‍

മക്ലോയ്ഡിന്റെ വിധിപ്രസ്താവം

വിധി വായിക്കാന്‍തന്നെ രണ്ടുമണിക്കൂറെടുത്തു. ചുരുക്കം ഇതാണ്: ആത്മഹത്യയ്ക്ക് സാധ്യതയില്ല. ഇടംകൈയനായ ക്ലെമന്റിന് വെടിയേറ്റിരിക്കുന്നത് വലതുവശത്താണ്. അതായത് കൊലപാതകമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, കുറ്റാരോപിതനാണോ (കഡംബൂര്‍) വെടിയുതിര്‍ത്തതെന്ന കാര്യത്തില്‍ സംശയമുണ്ട്. ഇത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ കുറ്റാരോപിതനെ വെറുതേവിടാന്‍ ജൂറി ഒന്നടങ്കം തീരുമാനിക്കുന്നു. കേസ് ക്ലോസ് ചെയ്തതായും പ്രഖ്യാപിച്ചു. (ദി മദ്രാസ് മെയില്‍ പത്രം വിധിന്യായത്തെ ശക്തമായി വിമര്‍ശിച്ചു. പോലീസുദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുനിന്ന് വിരലടയാളമോ ആയുധമോ ശേഖരിക്കാന്‍പോലും മിനക്കെട്ടില്ലെന്ന് കുറ്റപ്പെടുത്തി.)

വിധിപ്രസ്താവം വായിച്ചുതീര്‍ന്നതും കൊല്ലപ്പെട്ട ക്ലെമെന്റിന്റെ പത്‌നി ഡോറോത്തി അമിതാഹ്ലാദത്തോടെ കൈകൊട്ടിയത് അപ്രതീക്ഷിതമായിരുന്നു. എന്തായിരുന്നു അവരുടെ മാനസികാവസ്ഥ? ചെയ്തത് കഡംബൂരല്ല എന്ന് കൊല നടന്ന മുറിയിലുണ്ടായിരുന്ന ഡോറോത്തിക്ക് ധാരണയുണ്ടായിരുന്നോ? അറിയില്ല.

കഡംബൂരിനെ വെറുതേവിട്ടതോടെ ജനം സ്വാഭാവികമായും സിംഗംപ്പട്ടിയെ സംശയിച്ചെങ്കിലും അതിനും തെളിവില്ലായിരുന്നു. ക്ലെമെന്റ് ഡെലേഹെയെ ആരാണ് കൊന്നതെന്ന് നാളിതുവരെയും തെളിയിക്കപ്പെട്ടില്ല. ഇന്ത്യയിലെ തെളിയിക്കപ്പെടാത്ത കേസുകളുടെ പട്ടികയില്‍ തുടരുന്നു.

സ്വാമിനാഥന്‍ കുടുംബത്തിന്റെ ജീവിതം

മദ്രാസില്‍ തിരിച്ചെത്തിയ സ്വാമിനാഥന്‍ വക്കീലിന്റെ ജീവിതം പഴയതുപോലെയായില്ല. 'ബ്രിട്ടീഷുകാരനെ കൊന്ന പയ്യനെ രക്ഷിച്ചെടുത്ത വക്കീല്‍' എന്ന നിലയില്‍ ബ്രിട്ടീഷ് സമൂഹം സ്വാമിനാഥനെയും കുടുംബത്തെയും കണ്ടു. അമ്മു സ്വാമിനാഥന്റെ ഇംഗ്ലീഷ് സുഹൃത്തുക്കളും അകന്നു. മക്കള്‍ ലക്ഷ്മി (പില്‍ക്കാലം ക്യാപ്റ്റന്‍ ലക്ഷ്മി), മൃണാളിനി (പില്‍ക്കാലം മൃണാളിനി സാരാഭായ്), ഗോവിന്ദ് (പില്‍ക്കാലം തമിഴ്നാട് അഡ്വക്കേറ്റ് ജനറല്‍, വിവാദമായ അളവന്തര്‍ കൊലക്കേസില്‍ അഭിഭാഷകന്‍), സുബ്ബറാം എന്നിവര്‍ ബ്രിട്ടീഷ് സ്‌കൂളിലായിരുന്നു. കുട്ടികളോട് ഇംഗ്ലീഷ് സഹപാഠികളും അധ്യാപകരും ശത്രുക്കളോടെന്നപോലെ പെരുമാറി. സ്വാമിനാഥനും കുടുംബവും ദേശീയധാരയിലേക്ക് വന്നു. ഇംഗ്ലീഷ് ഫ്രോക്കിന് വിടപറഞ്ഞ് ലക്ഷ്മിയും മൃണാളിനിയും പാവാടയും ബ്ലൗസും ധരിച്ചു. കോണ്‍വെന്റിനോട് വിടപറഞ്ഞ് സര്‍ക്കാര്‍ സ്‌കൂളില്‍ ഇന്ത്യക്കാരോടൊപ്പം പഠിച്ചു. ഇംഗ്ലീഷിനു പകരം മലയാളവും തമിഴും സംസാരിച്ചു. സ്വാതന്ത്ര്യപ്രസ്ഥാനത്തോട് കൂടുതല്‍ അടുത്തു. അമ്മു സ്വാമിനാഥന്‍ മലയാളികളുടെ അഭിമാനമായി, പൊതുരംഗത്തു വളര്‍ന്നു. പത്താംക്‌ളാസ് കഴിഞ്ഞ് മകള്‍ ലക്ഷ്മി ക്വീന്‍ മേരീസ് വുമണ്‍സ് കോളേജില്‍ പഠനത്തിന് ചെല്ലുമ്പോള്‍ അവിടത്തെ പ്രിന്‍സിപ്പല്‍ ഡോറോത്തിയായിരുന്നു. കൊല്ലപ്പെട്ട ക്ലെമന്റിന്റെ ഭാര്യയല്ല, അതേപേരുള്ള പെങ്ങള്‍ ഡോറോത്തി.

Content Highlights: G.R Indugopan, Murder in Madras, Ammu Swaminathan, Captain Lakshmi, Mrinalini Sarabhai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented