മലബാര്‍ കത്തി, രക്തമയമായ സാരി, അടുക്കളച്ചുമരിലെ രക്തം പുരണ്ട കൈപ്പത്തി!


ജി. ആര്‍. ഇന്ദുഗോപന്‍അയ്യരെ പോലുള്ള ജഡ്ജിയാകില്ല മേല്‍ക്കോടതിയില്‍ എന്നാണ് സുന്ദരരാജന്‍ പറഞ്ഞത്. ശിക്ഷ തൂക്കുകയര്‍ വരെയാകാം. അതിനാല്‍ മേനോന്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായി.

ചിത്രീകരണം: ലിജീഷ് കാക്കൂർ

കൊലപാതകക്കേസ് കോടതിയില്‍ ഇഴകീറിപ്പരിശോധിച്ച് വിചാരണനടന്നു. പ്രതിഭാഗവും പ്രോസിക്യൂഷനും പലതും നിരത്തിവാദിച്ചു. ഫൊറന്‍സിക് വിദഗ്ധര്‍ അവരുടെ തെളിവുകളും നിഗമനങ്ങളും അവതരിപ്പിച്ചു. എന്നാല്‍, ജഡ്ജി പഞ്ചാപകേശ അയ്യരുടെ തീരുമാനം വ്യത്യസ്തമായിരുന്നു. ജി.ആര്‍ ഇന്ദുഗോപന്‍ എഴുതുന്ന മര്‍ഡര്‍ ഇന്‍ മദ്രാസ് തുടരുന്നു.

ന്‍പതംഗ ബെഞ്ചാണ് അളവന്തര്‍ കൊലക്കേസിന്റെ വാദംകേട്ടത്. മദ്രാസ് ഹൈക്കോടതിയിലെ നാലാമത്തെ കോടതിഹാളില്‍ വിചാരണ. ജനം വരാന്തയില്‍ തിങ്ങിക്കൂടിയത് കോടതിനടപടികളെ ബാധിച്ചു. പ്രതികളെ വിചാരണയ്‌ക്കെത്തിക്കാന്‍ സാധിക്കാതായതോടെ കൂടുതല്‍ പോലീസിനെ വരുത്തേണ്ടിവന്നു. പ്രഗല്ഭനായിരുന്നു ജഡ്ജി. എ. എസ്. പഞ്ചാപകേശ അയ്യര്‍. പാലക്കാട്ടെ അയിലം എന്ന കുഗ്രാമത്തില്‍ ജനിച്ച് മദാസ് സ്റ്റേറ്റിലെ ആദ്യ ഐ.സി.എസ്. ഓഫീസറായി ഉയര്‍ന്ന മഹദ്വ്യക്തി. ഇന്ത്യന്‍ സിവില്‍ സര്‍വീസി(ഐ.സി.എസ്.) ലെത്തിയ ആദ്യമലയാളി. നോവലുകളും ഭഗവദ്ഗീതാവ്യാഖ്യാനങ്ങളും രചിച്ചിട്ടുണ്ട്.

ഐ.സി.എസില്‍ സുഭാഷ്ചന്ദ്രബോസിന്റെ അതേ ബാച്ചായിരുന്നു അയ്യര്‍ (1921 തൊട്ടടുത്ത വര്‍ഷമാണ് കെ.പി.എസ്. മേനോന്‍ സര്‍വീസിലെത്തുന്നത്) ബോസ് പിന്നീട് രാഷ്ട്രീയപ്രവര്‍ത്തനത്തിനായി രാജിവെച്ചൊഴിഞ്ഞു. തിരുവനന്തപുരം, മദ്രാസ്, ഇംഗ്ലണ്ട്, ഓക്‌സ്ഫഡ് സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു അയ്യരുടെ പഠനം. 1948-'59 കാലത്ത് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ്. ബ്രിട്ടീഷുകാര്‍ക്ക് അനഭിമതനായിരുന്നു. പ്രൊമോഷനുകള്‍ നിരസിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരമാണ് മദ്രാസ് ഹൈക്കോടതിയുടെ ആദ്യ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, പഞ്ചാപകേശ അയ്യരുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. അളവന്തര്‍ കേസിന്റെ വിചാരണയില്‍ പഞ്ചാപകേശ അയ്യരെക്കൂടാതെ മറ്റൊരു മലയാളി ജഡ്ജിയും വാദം കേട്ടിരുന്നു. എം.സി. ബാലചന്ദ്ര കോമന്‍, ഇംഗ്ലണ്ടില്‍നിന്ന് ഐ.സി.എസ്. പരിശീലനം പൂര്‍ത്തിയാക്കിയ കോമനാണ് മദ്രാസ് ഹൈക്കോടതിയിലെ ഐ.സി.എസുകാരനായ ആദ്യ മലയാളി ജഡ്ജി (1945). കോമന്റെ പിതാവ് ഡോ. എം.സി. കോമന്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ ഡോ. പല്പുവിന്റെ ഗുരുവായിരുന്നു, സിംഗിള്‍ ബെഞ്ചിനു മുന്നില്‍ 1952-ല്‍ അളവന്തര്‍ കേസ് വിചാരണയ്ക്കുവന്നപ്പോള്‍ കോമന്‍ നടത്തിയ നിരീക്ഷണങ്ങള്‍ പിന്നീടുവന്ന ബെഞ്ച് കാര്യമായെടുത്തില്ല. വിചാരണ തുടങ്ങി. കുറ്റംസമ്മതിച്ച പ്രഭാകരമേനോന് തൂക്കുകയര്‍ ഉറപ്പെന്ന് പോലീസും പ്രോസിക്യൂഷനും കണക്കുകൂട്ടി. എന്നാല്‍, സംഭവിച്ചത് അതല്ല. ഗോവിന്ദ് സ്വാമിനാഥനും വി. എല്‍. എത്തിരാജുമായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍. പ്രശസ്തയായ അമ്മുസ്വാമിനാഥന്റെയും സുബ്ബരാമ സ്വാമിനാഥന്റെയും മകനായിരുന്നു ഗോവിന്ദ് സ്വാമിനാഥന്‍. മലയാളി കുടുംബത്തിലെ അംഗം. സഹോദരിമാര്‍ മൃണാളിനി സാരാഭായി, ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാള്‍. (1969-1976 തമിഴ്നാട് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു ഗോവിന്ദ്) പ്രതിഭാഗവും മോശമായിരുന്നില്ല. അഡ്വ. ബി. ടി. സുന്ദരരാജനും എസ്. കൃഷ്ണമൂര്‍ത്തിയും. മദ്രാസിലും മൈസൂരുവിലും പ്രാക്ടീസുള്ള അക്കാലത്തെ ഏറ്റവും മികച്ച ക്രിമിനല്‍ വക്കീലന്മാരിലൊരാളായിരുന്നു സുന്ദരരാജന്‍.

മദ്രാസിലെ കടയില്‍നിന്ന് വാങ്ങി, കൊലയ്ക്കുശേഷം ബ്രോഡ് വേയിലെ പാര്‍ക്കില്‍ വലിച്ചെറിഞ്ഞ മൂര്‍ച്ചയേറിയ മലബാര്‍ കത്തി, ദേവകിയുടെ രക്തംപുരണ്ട സാരി തുടങ്ങിയവ കണ്ടെത്തി പോലീസ് തെളിവുകളായി നിരത്തി. സംഭവത്തിന് താന്‍ സാക്ഷിയല്ലെന്നും തന്നെ വീടിനു പുറത്താക്കിയാണ് മേനോന്‍ കൃത്യം നിര്‍വഹിച്ചതെന്നുമായിരുന്നു ദേവകിയുടെ വാദം. അല്ലെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ല. ഭര്‍ത്താവിനെതിരേ മൊഴിനല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന പോലീസിന്റെ പ്രലോഭനത്തിനും ദേവകി വഴങ്ങിയില്ല. ഭര്‍ത്താവ് തന്റെ മാനം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന വാദത്തില്‍ അവര്‍ ഉറച്ചു നിന്നു. എന്നാല്‍, അളവന്തറെ ദേവകി കടയില്‍ പോയി ക്ഷണിച്ചതും മറ്റും പ്രോസിക്യൂഷന് തെളിയിക്കാനായി. അളവന്തര്‍ കൊല ചെയ്യപ്പെട്ട ദിവസം രാവിലെ ഒന്‍പതു മണിക്കു ഖാദര്‍ മൊഹിദ്ദീന്‍ എന്നയാളിന്റെ കൈയില്‍നിന്ന് മലബാര്‍ കത്തി വാങ്ങി വന്ന മേനോന്‍, പത്തുമണിക്ക് വിംടോ എന്നു പേരുള്ള ഒരു ഫ്രൂട്ട് ജ്യൂസ് വാങ്ങിയിരുന്നു. ജ്യൂസില്‍ മയക്കുമരുന്നു ചേര്‍ത്ത് ദേവകി വഴി നല്‍കി അളവന്തറെ ബോധശൂന്യനാക്കി വധിക്കാനാണ് പ്രഭാകരമേനോന്‍ ഉദ്ദേശിച്ചിരുന്നെന്ന് കരുതുന്നവരുണ്ട്. ജ്യൂസ് കുടിക്കാതെ ദേവകിയെ ചെന്ന ഉടന്‍ ശാരീരികമായി സമീപിക്കാനുള്ള ശ്രമമുണ്ടായപ്പോള്‍, പ്ലാന്‍ ഒഴിവാക്കി വീട്ടില്‍ ഒളിച്ചിരുന്ന മേനോന്‍ ആക്രമിക്കുകയായിരുന്നുവത്രേ. എന്നാല്‍, ഇക്കാര്യങ്ങളില്‍ വ്യക്തത ഉണ്ടായില്ല. പോലീസും ഫൊറന്‍സിക് വിദഗ്ധന്‍ സി. ബി. ഗോപാലകൃഷ്ണയും കേസ് തെളിയിക്കാന്‍ ആവുന്നത പരിശ്രമിച്ചിരുന്നു.

അടുക്കളച്ചുമരില്‍നിന്ന് രക്തംപുരണ്ട ഒരു കൈപ്പത്തിയുടെ പാട്പോലീസ് ഫോട്ടോഗ്രഫര്‍ ബാബു കുമരേശന്‍ പകര്‍ത്തിയിരുന്നു. ഇത് പ്രഭാകരമേനോന്റേതാണെന്ന് തെളിയിക്കപ്പെട്ടു. ആട്ടുകല്ലിന്റെ അടിയില്‍ കെട്ടിക്കിടന്ന ചുവന്ന ജലത്തില്‍ മനുഷ്യരക്തത്തിന്റെ അംശമുണ്ടെന്ന് തെളിഞ്ഞു. എന്നാല്‍, അളവന്തറുടെ രക്തസാംപിള്‍ ലഭ്യമല്ലാത്തതിനാല്‍ അത് അയാളുടേതാണെന്ന് തെളിയിക്കപ്പെട്ടില്ല. അളവന്തറുടെ ഇടത്തേ ശ്വാസകോശവും കരളും കത്തികൊണ്ട് തുളഞ്ഞിരുന്നു. ഇതായിരുന്ന മരണകാരണം. മല്‍പ്പിടിത്തമുണ്ടായെന്ന പ്രതിഭാഗത്തിന്റെ വാദം നിലനിന്നില്ല. പൊളിച്ചത് ഡോ. സി.ബി. ഗോപാലകൃഷ്ണയാണ്. അദ്ദേഹം ജമിനി സ്റ്റുഡിയോയുടെ സഹായത്തോടെ അളവന്തറുടെ പ്ലാസ്റ്റര്‍ ഓഫ് പാരീസ് മോഡലുണ്ടാക്കി. മലബാര്‍ കത്തിവെച്ച് ഡമ്മിയില്‍ ആഴത്തില്‍ കുത്തി മല്‍പ്പിടിത്തമല്ല, ആക്രമണമാണുണ്ടായതെന്ന് തെളിയിച്ചു. മലബാര്‍ കത്തി കൊണ്ട് അത്തരമൊരു മാരകമായ മുറിവ് സാധ്യമാണെന്ന് വിദഗ്ധരുടെ സാക്ഷിമൊഴികളും ലഭിച്ചു. എന്നാല്‍, പെട്ടെന്നുള്ള പ്രകോപനമാണ് മരണകാരണമെന്ന പ്രതിഭാഗത്തിന്റെ വാദത്തോടായിരുന്നു ജഡ്ജി പഞ്ചാപകേശഅയ്യര്‍ക്ക് അനുഭാവം. പ്രഭാകരമേനോന് ഏഴു വര്‍ഷവും ദേവകിക്ക് മൂന്നുവര്‍ഷവുംമാത്രം തടവ് വിധിച്ചു. തൂക്കുകയറോ കുറഞ്ഞത് ജീവപര്യന്തമോ പ്രതീക്ഷിച്ചിരുന്ന വാദിഭാഗം നിരാശരായി. സാമൂഹികവും സാന്മാര്‍ഗികവുമായ ചിന്ത ജഡ്ജിയെ സ്വാധീനിച്ചിരിക്കണമെന്ന് തന്റെ ലേഖനത്തില്‍ റാന്‍ഡര്‍ റായ് പറയുന്നു. ലേഖനപ്രകാരം 'സാമൂഹികവിരുദ്ധനായ ഒരു തെമ്മാടിയുടെ ന്യായമായ അന്ത്യ'മാണ് അളവന്തറുടേതെന്ന് പിതാവ് തന്നോട് പറഞ്ഞിട്ടുള്ളതായി ജസ്റ്റിസ് അയ്യരുടെ മകളായ അശോകം ഈശ്വരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പില്‍ക്കാലം മേനോന്‍ ദമ്പതിമാര്‍ തുടങ്ങിയ ഹോട്ടല്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രാര്‍ഥനാമുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം തന്റെ പിതാവായ ജസ്റ്റിസ് അയ്യരുടെ ചിത്രവും കണ്ടതായി അവര്‍ പറയുന്നു.

ഡോ. സി.ബി. ഗോപാലകൃഷ്ണ എണ്‍പതുകളുടെ അവസാനം തന്നോട് ഇങ്ങനെ വെളിപ്പെടുത്തിയതായും റാന്‍ഡര്‍ ഗയ് രേഖപ്പെടുത്തുന്നു: സാക്ഷിക്കൂട്ടില്‍നിന്ന് വൈദ്യശാസ്ത്രപരമായ വിശദീകരണം നല്‍കി ജൂറിയെ ബോധ്യപ്പെടുത്താന്‍ താന്‍ ശ്രമിക്കുന്നേരം ജസ്റ്റിസ് അയ്യര്‍ അടക്കം പറഞ്ഞു: ''എന്തിനാണ് ഡോക്ടര്‍ ഇത്രയും കഷ്ടപ്പെടുന്നത്? അയാള്‍ മരിക്കാന്‍ വിധിക്കപ്പെട്ടവന്‍ തന്നെ.'' അയ്യര്‍ ജില്ലാ ജഡ്ജിയായിരുന്നപ്പോള്‍, ഡോ. സി.ബി. ഗോപാലകൃഷ്ണ അസി. ജില്ലാ മെഡിക്കല്‍ ഓഫീസറും അയ്യരുടെ കുടുംബഡോക്ടറുമായിരുന്നു. അങ്ങനെ നേരത്തേ തന്നെ ഇവര്‍ക്കിടയില്‍ അടുപ്പമുണ്ടായിരുന്നു. എഴുപതുകളുടെ അവസാനം ജെം ആന്‍ഡ് കോ പേനാക്കട ഉടമയും അളവന്തറെ കാണാനില്ലെന്ന പരാതിയുമായി അദ്ദേഹത്തിന്റെ ഭാര്യക്കൊപ്പം ആദ്യം പോലീസിനെ സമീപിക്കുകയും ചെയ്ത എം. സി. കണ്ണന്‍ചെട്ടി 'ഞാനവനോട് പെണ്ണുങ്ങളുടെ പിറകെ നടക്കാതെ ബിസിനസില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞതാണ്. അവന് അര്‍ഹിക്കുന്നത് കിട്ടിയെന്ന് തന്നോട് പറഞ്ഞതായും റാന്‍ഡര്‍ ഗയുടെ ലേഖനം വ്യക്തമാക്കുന്നു.

അപ്പോഴും വെറും ഗുമസ്തനായിരുന്ന മേനോന്‍, വെറുമൊരു മലബാര്‍ കത്തിവെച്ച് വളരെ വൈദഗ്ധ്യത്തോടെ അളവന്തറുടെ തലയും ഉടലും കാലുകളും മുറിച്ചുമാറ്റിയതിനെ കുറിച്ച് സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. പിന്നീട് കൂട്ടിച്ചേര്‍ത്തപ്പോള്‍ തലയും കാലുകളും ഉടലുമായി കശേരുക്കള്‍ കൃത്യമായി ഇണങ്ങി. മേനോനെ കൊണ്ട് അത് ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്നും, 12.30-ന് അളവന്തര്‍ കൊല ചെയ്യപ്പെട്ട് മൂന്നു മണിക്കൂറിനകം അംഗച്ഛേദം നിര്‍വഹിച്ച്, പെട്ടി വാങ്ങി വന്ന്, എഗ്മോറില്‍ എത്തി പെട്ടി തീവണ്ടിയില്‍ കയറ്റി വിട്ട്, തിരികെ വന്ന് തലയുമായി റോയപുരം കടപ്പുറത്തെത്തുക എന്നത് അസാധ്യമാണെന്നും കരുതുന്നവരുണ്ട്. 304-ാം വകുപ്പനുസരിച്ച് മേനോനെയും ദേവകീമേനോനെ 114-ഓടു കൂടിയ 304-ാം വകുപ്പു പ്രകാരവും ആണ് ശിക്ഷിച്ചത്. 201-ാം വകുപ്പനുസരിച്ച് തെളിവ് ഒളിപ്പിച്ചതിന് ഇരുവരും കുറ്റക്കാരായി. വക്കീലായ ബി. ടി. സുന്ദരരാജന്റെ ഉപദേശപ്രകാരം മേനോന്‍ അപ്പീലിന് പോയില്ല.

അയ്യരെ പോലുള്ള ജഡ്ജിയാകില്ല മേല്‍ക്കോടതിയില്‍ എന്നാണ് സുന്ദരരാജന്‍ പറഞ്ഞത്. ശിക്ഷ തൂക്കുകയര്‍ വരെയാകാം. അതിനാല്‍ മേനോന്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായി. നല്ല നടപ്പിന് ശിക്ഷാകാലാവധിയില്‍ ഇളവുലഭിച്ചു. ദമ്പതിമാര്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. കേരളത്തിലെത്തി തമിഴ്നാടിനോടു ചേര്‍ന്നു കിടക്കുന്ന ഒരു ജില്ലയില്‍ ഹോട്ടല്‍ തുടങ്ങി. പച്ചപിടിച്ചു. കാലം മാറി. പല മാറ്റങ്ങള്‍ വന്നു. ഹോട്ടല്‍ കൈമറിഞ്ഞു. മേനോന്‍ ദമ്പതിമാര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

Content Highlights: Murder In Madras, G.R Indugopan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented