മുകള്‍നിലയില്‍നിന്ന് ഒരു വെടിയൊച്ച; നെറ്റി തുളഞ്ഞുകിടക്കുന്ന പ്രിന്‍സിപ്പല്‍


ജി.ആര്‍ ഇന്ദുഗോപന്‍തൊട്ടിലില്‍ കുട്ടിയെ കിടത്തിയുറക്കി ഭര്‍ത്താവ് കിടക്കുന്ന അതേ മുറിയില്‍ മറ്റൊരു കിടക്കയില്‍ ഉറങ്ങുകയായിരുന്നു ഡോറി. കണ്ണു തുറന്നപ്പോള്‍, രണ്ടുപേര്‍ ഓടിപ്പോകുന്നതുകണ്ടു

പ്രതീകാത്മക ചിത്രം

ജി.ആര്‍ ഇന്ദുഗോപന്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിവരുന്ന മര്‍ഡര്‍ ഇന്‍ മദ്രാസ് നാലാം ഭാഗം വായിക്കാം.

രുപതാം നൂറ്റാണ്ടിന്റെ തുടക്കം. നാട്ടില്‍ നേരിട്ടുള്ള ഇംഗ്ലീഷുഭരണം. അക്കാലം നാട്ടുരാജാക്കന്മാരുടെയും സെമീന്ദാര്‍മാരുടെയും മക്കള്‍ക്കായി പെന്റ്ലാന്‍ഡ് പ്രഭുവും രാമനാട് രാജാവും ചേര്‍ന്ന് മദ്രാസില്‍ സ്ഥാപിച്ചതായിരുന്നു ന്യൂവിങ്ഡണ്‍ ഹൗസ് കോളേജ്. ഈ മൂന്നുനില കെട്ടിടത്തെ ചെന്നൈയിലെ ജനം 'മൈനര്‍ ബംഗ്ലാവ്' എന്നും വിളിച്ചു. ജന്മിമാരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ താമസിച്ചിരുന്ന ഇടം എന്ന അര്‍ഥത്തിലായിരുന്നു അത്. രാജകുമാരന്മാരെ ഇംഗ്ലീഷ് ഭാഷ, ഊണുമേശയിലെ മര്യാദ, ക്രിക്കറ്റ്, ടെന്നീസ്, ഇംഗ്ലീഷ് വസ്ത്രധാരണം, ഷൂട്ടിങ്, കുതിരസവാരി എന്നിവ പഠിപ്പിക്കുകയാണ് ലക്ഷ്യം. ന്യൂവിങ്ഡണ്‍ ഒരു ബോര്‍ഡിങ് സ്‌കൂളായിരുന്നു. പ്രിന്‍സിപ്പലിന്റെ കുടുംബം, ജന്മിമാരുടെ മക്കളായ ഒന്‍പത് വിദ്യാര്‍ഥികള്‍, ഇടയ്ക്ക് വിരുന്നുവരുന്ന പ്രിന്‍സിപ്പലിന്റെ കുടുംബാംഗങ്ങള്‍, പരിചാരകര്‍ എന്നിവരായിരുന്നു അന്തേവാസികള്‍.

പുതിയ പ്രിന്‍സിപ്പല്‍ ക്ലെമന്റ് ഡെലെഹേ ചില്ലറക്കാരനല്ല. ഓക്‌സ്ഫഡ് ബിരുദധാരി. ചെറുപ്പത്തില്‍ ട്യൂട്ടറായി കോേളജിലെത്തി, ക്രിക്കറ്റ് ഭ്രാന്തന്‍, മികച്ച ബൗളര്‍. വിവാഹിതനായത് 40-ാംവയസ്സില്‍. 1918 ജൂലായിലായിരുന്നു വിവാഹം. വധു 28 വയസ്സുള്ള ഡോറോത്തി (ഡോറി) മേരി ഫിലിപ്സ്. ഡോറിയെ ക്ലെമന്റ് സായിപ്പ് മദ്രാസിലേക്ക് കൊണ്ടുപോന്നു. താമസിയാതെ ഒരു മകന്‍ പിറന്നു. ആന്റണി. ആ കൈക്കുഞ്ഞ് തൊട്ടിലില്‍ കിടന്നുറങ്ങുന്ന ഒരു രാത്രി...

1919, ഒക്ടോബര്‍ 15. വിദ്യാര്‍ഥികള്‍ക്ക് ശുഭരാത്രി നേര്‍ന്ന് മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലേക്ക് പ്രിന്‍സിപ്പല്‍ ക്ലെമന്റ് ഡെലെഹേയും ഭാര്യ ഡോറിയും ഉറങ്ങാന്‍ പോയി. ഈ നിലയില്‍ ഒരു വിദ്യാര്‍ഥി താമസിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവര്‍ താഴെ നിലയില്‍.

രാത്രി 12.30. നിശ്ശബ്ദതയെ ഞെട്ടിച്ച് ഒരു വെടിയൊച്ച. ബംഗ്ലാവ് പരിസരത്തെ മരത്തില്‍ കൂടുകൂട്ടിയിരുന്ന കിളികള്‍ ഒന്ന് കാറിപ്പറന്നു. ഞെട്ടിയുണര്‍ന്ന വിദ്യാര്‍ഥികള്‍ ഓടി മുകളിലെത്തുമ്പോള്‍ കാണുന്നത് ഭയന്നുവിറച്ച് ക്ലെമന്റിന്റെ തൊട്ടടുത്ത് നില്‍ക്കുന്ന ഭാര്യ ഡോറിയെ. രക്തത്തില്‍ കുളിച്ച് പ്രിന്‍സിപ്പല്‍. കൊതുകുവല വലിഞ്ഞുകീറിയിരിക്കുന്നു. അടുത്തുനിന്നാ് വെടിയെന്ന് തിട്ടം. ക്ലെമന്റിന്റെ നെറ്റിയുടെ വലതുവശം തകര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സിവില്‍ സര്‍ജന്‍ മേജര്‍ ഹഡ്സണ്‍ പാഞ്ഞെത്തി. കാര്യമില്ലായിരുന്നു. മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് ഇന്ത്യയെ ഞെട്ടിച്ച കൊലപാതകം.

തൊട്ടിലില്‍ കുട്ടിയെ കിടത്തിയുറക്കി ഭര്‍ത്താവ് കിടക്കുന്ന അതേ മുറിയില്‍ മറ്റൊരു കിടക്കയില്‍ ഉറങ്ങുകയായിരുന്നു ഡോറി. കണ്ണു തുറന്നപ്പോള്‍, രണ്ടുപേര്‍ ഓടിപ്പോകുന്നതുകണ്ടു. ആരെന്നു വ്യക്തമല്ല. മാനസികമായി തകര്‍ന്ന ഡോറിക്ക് കൂടുതലൊന്നും വെളിപ്പെടുത്താനായില്ല. ഭര്‍ത്താവിന്റെ സഹോദരിക്കൊപ്പം അവരെ ഇംഗ്ലണ്ടിലേക്ക് പറഞ്ഞുവിട്ടു. ഇത് ഇല്ലാക്കഥകള്‍ പ്രചരിക്കാന്‍ കാരണമായി. വിദ്യാര്‍ഥികളില്‍ ചിലരുമായി ഡോറിക്ക് ബന്ധം ഉണ്ടായിരുന്നുെവന്നും ഇത് പുറത്തറിയാതിരിക്കാനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഡോറിയെ ബ്രിട്ടനിലേക്ക് മാറ്റിയതാണെന്നും ജനം പറഞ്ഞുനടന്നു.

പോലീസ് അന്വേഷണം തുടങ്ങി. ആരൊക്കെയാണ് മൈനര്‍ ബംഗ്ലാവിലെ അന്തേവാസികള്‍?

ഒന്‍പതുപേര്‍. ഓരോ വിദ്യാര്‍ഥിയും അവരുടെ പേരിലല്ല പകരം കുടുംബത്തിന്റെയോ ഊരിന്റെയോ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ശ്രീനി വെള്ളാള ശിവസുബ്രഹ്‌മണ്യ പാണ്ഡ്യതലവന്‍ എന്നാണ് കഡംബൂര്‍ നാട്ടുരാജ്യത്തിലെ അനന്തരാവകാശിയുടെ പേര്. നല്ല ഉയരമുള്ള, ചുരുണ്ട മുടിയുള്ള ഇരുണ്ടനിറമുള്ള യുവാവ് ടി.എന്‍. ശിവസുബ്രഹ്‌മണ്യ ശങ്കര തീരപാദി ആണ് സിംഗപ്പട്ടി ജമീന്ദാറുടെ മകന്റെ പേര്.

പേരു പറയാന്‍ ബുദ്ധിമുട്ടായതിനാല്‍ അവരുടെ ഊരുപേരും പ്രായവുംവെച്ച് അവരെ ഇങ്ങനെ എഴുതാം:

1.സിംഗപ്പട്ടി (16 വയസ്സ്) 2. കഡംബൂര്‍ (18), 3., 4. ഊര്‍ക്കാട് സഹോദരങ്ങള്‍ (17, 12 പ്രായമുള്ളവര്‍), 5. തളവന്‍കോെട്ടെ (13), 6. േബരികൈ. (18), 7. ചൂണ്ടി (19), 8. പെദ്ദമെരാംഗി (14), 9. സപ്തൂര്‍(18).

ഇവരുടെ സംഘ ഘടന: സിംഗപ്പൂട്ടി. കഡംബര്‍. ഊര്‍ക്കാട് എന്നിങ്ങനെ തമിഴ് ഗ്രാമത്തലവന്മാരുടെ മക്കള്‍ നാലുപേര്‍. അവര്‍ ഒരു സംഘമായി നടന്നു. തളവന്‍കോൈട്ട ജന്മിപുത്രന്‍ തമിഴനാണെങ്കിലും ദത്തുപുത്രനായിരുന്നു. അതിനാല്‍ മറ്റുള്ളവര്‍ ഈ പതിമ്മൂന്നുകാരനെ ഒപ്പം ചേര്‍ത്തില്ല. തെലുങ്കു സംസാരിക്കുന്ന മറ്റുള്ള നാലു രാജകുമാരന്മാര്‍ മറുചേരി.

കൊല്ലപ്പെട്ട പ്രിന്‍സിപ്പല്‍ തമിഴന്മാരെ അപമാനിച്ചു എന്ന പരാതി നിലനില്‍പ്പുണ്ടായിരുന്നു. അതിനാല്‍ പോലീസ് അന്വേഷണം തമിഴ് സംഘത്തിലേക്ക് കേന്ദ്രീകരിച്ചു. തമിഴ് പ്രഭുക്കന്മാരുടെ മക്കളില്‍ ഏറ്റവും സമ്പന്നന്‍ സിംഗപ്പള്ളിയിലെ പതിനാറുകാരനായിരുന്നു. വലിയ സ്വാധീനം. കഡംബൂരിനെക്കാള്‍ സമ്പന്നന്‍. ഊര്‍ക്കാട് കുടുംബവുമായും രാമനാടിലെ (ഇന്നത്തെ രാമനാഥപുരം), സേതുപതിമാരുമായും അടുത്ത ബന്ധമുള്ള നാട്ടുരാജ്യം. ആകയാല്‍ മറ്റുള്ളവരില്‍ തലയെടുപ്പ് സിംഗപട്ടിപ്പയ്യനായിരുന്നു. ഇവര്‍ക്കിടയില്‍ ചില ശീതസമരം നിലനിന്നിരുന്നു. അത് ഇങ്ങനെയായിരുന്നു: ഊര്‍ക്കാടിന്റെ സഹോദരി ദൊരൈച്ചിയും ഇവര്‍ക്കൊപ്പം പഠിക്കുന്നുണ്ടായിരുന്നു. കോളേജിന്റെതന്നെ ഭാഗമായ പ്രത്യേകം കെട്ടിടത്തിലായിരുന്നു ദൊരൈച്ചി പാര്‍ത്തിരുന്നത്. കഡംബൂര്‍ പയ്യനുമായി ദൊരൈച്ചിയെ വിവാഹം കഴിപ്പിക്കാന്‍ ഇരുകുടുംബങ്ങള്‍ക്കും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, അവളെക്കുറിച്ച് തളവന്‍കോൈട്ടക്കാരനായ പതിമ്മൂന്നുകാരന്‍ ചില അപവാദം പറഞ്ഞു. അതിനാല്‍ കഡംബൂര്‍ പയ്യന് ആ ബന്ധത്തില്‍ താത്പര്യം വന്നില്ല. ഇത് സിംഗപ്പട്ടിയുടെ കളിയാണോ എന്നറിയില്ല. അവന്‌ െദൊരൈച്ചിയോട് താത്പര്യമുണ്ടായിരുന്നു.

കഡംബൂരിന് മാത്രമാണ് കൂട്ടത്തില്‍ പഠിക്കാന്‍ കഴിവുള്ളത്. ഉപരിപഠനത്തിന് ബ്രിട്ടനിലെ സ്‌കൂളിലേക്ക് പോകാന്‍ അവന് ആഗ്രഹമുണ്ട്. എന്നാല്‍, പ്രിന്‍സിപ്പല്‍ ക്ലെമന്റുമായി യോജിച്ചുപോകാന്‍ പറ്റുമായിരുന്നില്ല. നിരന്തരം സ്വപ്നങ്ങള്‍. അയാള്‍ ശുപാര്‍ശചെയ്യില്ലെന്ന് കഡംബൂര്‍ പയ്യന്‍ കണക്കുകൂട്ടി. അവന്റെ കുറ്റങ്ങള്‍ പറഞ്ഞ് പ്രിന്‍സിപ്പല്‍ അമ്മയ്ക്ക് കത്തെഴുതി. ഇതെല്ലാം ചേരുമ്പോള്‍ കഡംബൂരിന് പ്രിന്‍സിപ്പലിനോട് നല്ല പകയുണ്ടായിരുന്നെന്ന് പോലീസ് കണക്കുകൂട്ടി. കഡംബൂര്‍ എന്ന പതിനെട്ടുകാരനെയും സിംഗപ്പെട്ടി എന്ന പതിനാറുകാരനെയുമാണ് ഭര്‍ത്താവിന്റെ കട്ടിലിനരികെ ഡോറി കണ്ടതെന്ന നിഗമനത്തിലെത്തി.

തൊട്ടുതലേന്ന് ഇരുവരും ചേര്‍ന്ന് ഡബിള്‍ ബാരല്‍ ഗണ്‍ വ്യത്തിയാക്കുന്നത് കണ്ടവരുണ്ട്. അവര്‍ക്ക് നായാട്ടിനായി തോക്ക് ലഭ്യമായിരുന്നു. കഡംബൂരിന്റെ കൈയിലായിരുന്നു തോക്ക് സൂക്ഷിച്ചിരുന്ന മുറിയുടെ താക്കോല്‍. അതോടെ, പെട്ടെന്നുതന്നെ പ്രതിയെ പിടിക്കാമെന്നായിരുന്നു പോലീസിന് കണക്കുകൂട്ടല്‍. അത് തെറ്റുകയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ എറ്റവും ചെലവേറിയ, കുരുക്കഴിക്കാനാകാത്ത കൊലപാതകങ്ങളുടെ പട്ടികയില്‍പ്പെടാനായിരുന്നു െക്ലമെന്റ് ഡെലെഹേ വധക്കേസിന്റെ വിധി. എന്താണ് പിന്നീട് സംഭവിച്ചത്?

(തുടരും)

Content Highlights: G.R Indugopan, Murder in Madras


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented