സേതൂ, ഈ കസാലയെ ആരാ ഇനി ഓര്‍ക്ക്വാ...


By ബീനാ ഗോവിന്ദ്

6 min read
Read later
Print
Share

വയസ്സു കൂടുമ്പോള്‍ അനിയന്‍ ഓര്‍മ്മിപ്പിച്ചു, കല്ല്യാണക്കാര്യം. എടത്തിമാരൊക്കെ ഭര്‍ത്താക്കന്മാരില്ല്യാണ്ട് തറവാട്ടില്‍ നില്‍ക്കുമ്പോ എങ്ങനെയാടോ ഞാനെന്റെ ഭാര്യയെയും കൊണ്ടിവിടെ വന്നുസുഖമായി കഴിയ്യ? നിങ്ങളൊക്കെ ദൂരത്ത്. ഞാനല്ലേ ഇവര്‍ക്കുള്ളൂ?

-

ജൂണ്‍ 4- മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി ഓര്‍മയായിട്ട് 15 വര്‍ഷം. ബീനാ ഗോവിന്ദ് എഴുതിയ കുറിപ്പ് പുനപ്രസിദ്ധീകരിക്കുന്നു.

തുരുമ്പുപിടിച്ച ഗേറ്റ് കടന്നാല്‍ ഓര്‍മകളുടെ വിശാലമായ മുറ്റം. പൊളിഞ്ഞ തുളസിത്തറയില്‍ ഇലയൊഴിഞ്ഞ തുളസിയുടെ വാട്ടം. നെറുകയില്‍ നട്ടുച്ച വീണു പൊള്ളുന്നു.

ചാരുകാലും പാടിയുമുള്ള വരാന്തയ്ക്കു പുറത്ത് പഴയ ഫോട്ടോകളും മരസാമാനങ്ങളും ഇറക്കിവച്ചിരുന്നു. ''വീട് പൊളിക്ക്യാണ്. മാഷ്ടെ പുസ്തകങ്ങളും അവാര്‍ഡുകളും വായനശാലയിലേക്ക് മാറ്റി'' യുവപ്രഭാത് വായനശാലയുടെ പ്രവര്‍ത്തകനായ ചന്ദ്രശേഖരന്‍ വിഷമത്തോടെ പറഞ്ഞു.

പഴമയുടെ നിറംബാധിച്ച വിണ്ട ചുമര്. പൊടിയും മാറാലയും പിടിച്ച ജനാലകള്‍. ഇരട്ടുകയറിയ കോണി. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാഷുടെ 'എഴുത്തുപുര' ഇതായിരുന്നു. ഒരു കൊല്ലം മുമ്പുവരെയുണ്ടായിരുന്ന മുണ്ടൂരിലെ അനുപുരം പിഷാരം ഇപ്പോഴില്ല. തറവാട് പൊളിച് പുതിയ വീടുയരുന്നു. അടുക്കളപ്പുറത്തെ ചായ്പില്‍ തൊടിയിലെ വെളിച്ചം കയറിവന്ന് കുശലം ചോദിച്ചു. പിന്നില്‍ ആരോ അനങ്ങി. കണ്ണട. മുന്‍വരിയിലെ മുറിഞ്ഞ പല്ല്കാട്ടിയ ചിരി. നിഴല്‍പോലെ തൊട്ടടുത്ത്. പരിഭ്രമിച്ചപ്പോള്‍ അതൊഴിഞ്ഞു. ആരുമില്ല.

ഉമ്മറത്തുനിന്ന് കൃഷ്ണന്‍കുട്ടിമാഷുടെ അനിയന്‍ ഭരതന്‍ ഇറങ്ങിവന്നു. തൊടിയുടെ മടിയില്‍ പെരുങ്കുളം ഉറങ്ങിക്കിടക്കുന്നു. അനിയന്‍ ചായ്പിലെ തൂണുചാരിനിന്നു.

''അമ്മ ഇബടെനിന്ന് നോക്കും. രാധേട്ടത്തി മരിച്ചതിന്റെ മൂന്നാംദിവസം. ഏട്ടന്‍ ഒന്നും പൊറത്ത് കാണിക്കില്യ. ന്നാലും ഉള്ളില് കരച്ചില് തന്നെയായിരുന്നു. ഏട്ടത്തീടെ അസുഖത്തിനെ കുറിച്ച് മൂപ്പര് ആരോടും പറഞ്ഞിര്ന്നില്യ. അവര്‍ മരിച്ചപ്പോ ഏട്ടന് വല്ലാത്ത കുറ്റബോധം ഉണ്ടായ്രുന്നു. ആരോടെങ്കിലും പറഞ്ഞിര്ന്നെങ്കില്‍ ഏട്ടത്തിയെ ശ്രദ്ധിക്കുമായിരുന്നൂലോ എന്ന ചിന്ത. പെലര്‍ച്ചെ മൂന്നോ നാലോ മണിയായിട്ട്ണ്ടാവും. അമ്മ വന്നു നോക്കിയപ്പോ ഏട്ടന്‍ ദാ കൊളത്തിന്റെ പടവില് നിന്ന് ഒറക്കെയൊറക്കെ കരയ്യാണ്. ഒരു മാതിരി ചങ്ക്പൊട്ടിയപോലെ. അമ്മ അത് നോക്കി ഇബടെനിന്ന് കരയ്യായ്രുന്നു. പിന്നെപ്പോഴും എന്നെ ഏട്ടന്റെ പിന്നാലെ അയക്കും. വല്ല അബദ്ധോം കാണിക്ക്വോന്ന് പേടിയായ്രുന്നു അമ്മയ്ക്ക്.''

ഏട്ടത്തി മരിച്ചപ്പോഴും കരയാതെ പിടിച്ചു നിന്ന ഉണ്ണിയേട്ടന്‍ തന്റെ സങ്കടം മുഴുവന്‍ രാത്രിയുടെ മറവില്‍ ഒറ്റയ്ക്ക്നിന്ന് പെരുങ്കുളത്തിന്റെ നെഞ്ചിലേക്കൊഴുക്കുന്നതു കണ്ടുനിന്ന ഭരതന്‍ ഇപ്പോഴും അതോര്‍ത്തു കരയുന്നു.

ജൂണ്‍ നാലിന് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മദിവസമാണ്. ഇനി അനുപുരം പിഷാരവും ഓര്‍മകളിലേ ഉണ്ടാവൂ. അക്ഷരങ്ങളെ പ്രസവിച്ച ചുമരകളും മരയഴികളും പൊളിച്ചു നീക്കി. പരിപാലിക്കാന്‍ വയ്യാത്ത വിധം പഴക്കം തട്ടിയിരിക്കുന്നു. പോരാത്തതിന് മകനും കുടുംബവും ദൂരെ. മാഷുടെ ഭാര്യ രാധ ദിലീപനെ പ്രസവിച്ചത് ഇവിടെയായിരുന്നു. അമ്മക്കായിരുന്നു നിര്‍ബന്ധം. നാലാണും നാലുപെണ്ണും പിറന്നുവീണ വീട്. അകം നിറയെ ചിരിപൊഴിയണം. മുറ്റം നിറയെ പേരക്കുട്ടികള്‍ ഓടിക്കളിക്കണം. എഴുത്തിനെപറ്റി മിണ്ടാനും പറയാനും മകന്റെ ചങ്ങാതിമാരെത്തണം. മാഷുടെ കഥകളൊക്കെ നാമ്പെടുത്തത് ഇവിടെയാണ്.

അമ്മയും അമ്മിണിയേടത്തിയും വിളമ്പിക്കൊടുത്ത ഊണിന്റെ മണം തങ്ങിനില്‍ക്കുന്ന അടുക്കള. അമ്മ മരിച്ചപ്പോഴും അമ്മിണിയേടത്തി ഉണ്ണിയ്ക്ക് തുണയായിരുന്നു. അവര്‍ കൊളുത്തിവച്ച വിളക്കായിരുന്നു മാഷുടെ ഈശ്വരന്‍. കുടുംബമായിരുന്നു ക്ഷേത്രം. എന്നിട്ടും മാഷിന് സ്വസ്ഥതയുണ്ടായിരുന്നില്ല. പെങ്ങന്മാരും അവരുടെ മക്കളും തറവാട്ടില്‍ത്തന്നെ നില്‍ക്കേണ്ടി വന്നു. കുട്ടിമാമ ശമ്പളം വാങ്ങി വരുന്നതും കാത്ത് മരുമക്കള്‍ വഴിയില്‍ കണ്ണുനട്ടിരിക്കും. വെറുംകയ്യോടെ വന്നുകയറിയാല്‍ അമ്മ മകനോട് പറയും, ഉണ്ണീ, അച്ഛനില്ലാത്ത കുട്ട്യോളാ ഇവര്.. എന്തെങ്കിലും വാങ്ങിക്കൊണ്ടുവരണം.
മാഷിന് അങ്ങനെ ചിന്തയൊന്നും പോകില്ല. വലിയ സ്നേഹമാണ്. എന്നാലും ഒരു സ്വപ്നലോകത്തിലാണ് നടപ്പ്. വരമ്പില്‍ കൂടി ഒറ്റയ്ക്ക് ചിരിച്ചും വര്‍ത്തമാനം പറഞ്ഞും വരുന്നത് നോക്കി മരുമക്കള്‍ ചിരിക്കും, മുത്തശ്ശിയമ്മയോട് പറയും, നോക്കൂ കുട്ടിമാമ.... സ്വന്തം തൊടിയുടെ അതിരറിയാത്ത മാഷെപ്പറ്റി കൂടപ്പിറപ്പുകള്‍ക്ക് പറഞ്ഞാലും തീരാത്ത അത്ഭുതം.

വയസ്സു കൂടുമ്പോള്‍ അനിയന്‍ ഓര്‍മ്മിപ്പിച്ചു, കല്ല്യാണക്കാര്യം. എടത്തിമാരൊക്കെ ഭര്‍ത്താക്കന്മാരില്ല്യാണ്ട് തറവാട്ടില്‍ നില്‍ക്കുമ്പോ എങ്ങനെയാടോ ഞാനെന്റെ ഭാര്യയെയും കൊണ്ടിവിടെ വന്നുസുഖമായി കഴിയ്യ? നിങ്ങളൊക്കെ ദൂരത്ത്. ഞാനല്ലേ ഇവര്‍ക്കുള്ളൂ?

പട്ടാളക്കാരനായ അനിയന് ഉത്തരമുണ്ടായില്ല. പിന്നൊരിക്കല്‍ അനിയനെ ഒരു കത്ത് കാണിച്ചു. ബന്ധുവായ രാധയുടെ കൈപ്പട. ഉണ്ണിയേട്ടാ, നമ്മള്‍ക്ക് രണ്ടുപേര്‍ക്കും ജോലിയുണ്ട്. പ്രായവും കഴിയുന്നു. നമുക്ക് വിവാഹം കഴിച്ചുകൂടേ?

മാഷിന് സംശയമായിരുന്നു. അനിയനെ കത്തുകാണിച്ചു. എന്താ വേണ്ടത്, നീ തന്നെ മറുപടി പറയ്. അനിയന് സന്തോഷമായിരുന്നു. ഒന്നും ആലോചിക്കാനില്യ. ഉണ്ണിയേട്ടനും വേണം ഒരു കുടുംബം.

കൃഷ്ണന്‍കുട്ടിമാഷ് നേരെ ചെന്ന്, അമ്മേ ഞാന്‍ കല്ല്യാണം കഴിക്കാനൊറച്ചു. കേട്ടപാതി അമ്മ ഉറപ്പിക്കാന്‍ പുറപ്പെട്ടു. കേലുപ്പണിക്കര്‍ മകന്റെ ജാതകം നോക്കിപ്പറഞ്ഞത് മാത്രം ആരോടും പറഞ്ഞില്ല. മകന്‍ സമര്‍ത്ഥനാവും. പക്ഷേ ദാമ്പത്യയോഗം കുറവാണ്. ഏറിയാല്‍ പത്ത് വര്‍ഷം.

അമ്മ രഹസ്യമായി സൂക്ഷിച്ചവിവരം കൃഷ്ണന്‍കുട്ടി മാഷിനും അറിയാമായിരുന്നു. അതിലൊന്നും വിശ്വാസമുണ്ടായിരുന്നില്ലെങ്കിലും. ഭാര്യയുടെ മരണശേഷം മാഷ് അത് ഓര്‍ത്തിരിക്കണം. 'പുരാതനമായ മണം നിറഞ്ഞു നില്‍ക്കുന്ന പത്തായപ്പുര. മാറാല കെട്ടിയ തട്ടില്‍ കാലം തലകീഴായി തൂങ്ങിക്കിടന്നു. മലര്‍ന്നുകിടക്കുന്ന എന്റെ മാറില്‍ ചൂടുള്ള കണ്ണീര് വീഴുന്നു. എനിയ്ക്ക് സുഖാവില്ല്യേ ഏട്ടാ? നിനക്കതിന് അസുഖോന്നൂല്യാലോ കുട്ടീ.... എന്നാലും എന്റെ മാറത്തെ പിടപ്പ് ഇപ്പോഴും മാറീട്ടില്യല്ലോ ഏട്ടാ...പുറത്തെതൊടിയില്‍ ഇരുട്ടു പിടയുന്നു. തെക്കേത്തൊടിയിലെ മുളങ്കൂട്ടം കാറ്റില്‍ നിര്‍ത്താതെ കരയുന്നു'. (മൂന്നാമതൊരാള്‍)

mundur krishnankutty

അകത്തെ അറയിലെ ഇരുട്ടത്ത് പെട്ടെന്നാരോ നീങ്ങിയെന്നു തോന്നി. നനവുള്ള ശബ്ദം. തളര്‍ന്ന നിശ്വാസം. അമ്മയും അത്തി എന്നു വിളിക്കുന്ന ചേച്ചിയു കിടന്നിരുന്നു മുറിയിലേക്ക് എപ്പോഴും ഒരു കാവല്‍ക്കാരന്റെ ശ്രദ്ധയോടെ മാഷ് നോക്കി നിന്ന ജനാലയുടെ മരയഴികള്‍. കാന്‍സര്‍ ബാധിച്ചു മരണത്തെ കാത്തുകിടന്ന അത്തിയെ നോക്കി മാഷ് കരഞ്ഞുനിന്നത് ഇവിടെയാണ്. ഭാര്യക്ക് പിന്നാലെ അമ്മയും അത്തിയും പോയതോടെ ഒറ്റപ്പെട്ടു. അത് മറക്കാന്‍ യാത്രകള്‍, സീരിയല്‍ സിനിമാഭിനയം...., വല്ലപ്പോഴും വീട്ടിലെത്തുമ്പോള്‍ അയല്‍പക്കത്തുള്ള അനിയനും മരുമക്കളും ആഹാരം കൊണ്ടുവരും.

ഈ വീടുനിറയെ, മുറ്റംനിറയെ കുട്ടികള്‍ ഓടിക്കളിക്കണമെന്ന് ആശിച്ചിരുന്ന മാഷ് അവസാന കാലത്ത് ഇവിടുത്തെ ഒറ്റപ്പെടല്‍ സഹിക്കാതെ ഇറങ്ങിപോകും. ഇടയ്ക്ക് മകന്റെയടുക്കല്‍ കുറച്ചുകാലം ചെന്നു നില്‍ക്കും. പിന്നെയും തിരിച്ചു വരും.

എന്നാലും എഴുത്തുപുരയെന്ന് സ്നേഹിതര്‍ വിളിച്ച അനുപുരത്തെത്താതെ മാഷുടെ മനസ്സ് സ്വസ്ഥമാവില്ല. പശുക്കളൊഴിഞ്ഞ തൊഴുത്തും ഓര്‍മകള്‍ക്ക് മണം പകരുന്ന ഭസ്മക്കൊട്ടയും അനുഭവങ്ങളൂറുന്ന തിരികല്ലും അമ്മ നട്ടുനനച്ച തുളസിയും... ഒക്കെ മാഷുടെ ഭാഗമായിരുന്നു. രാവിലെ കുളികളിഞ്ഞാല്‍ മാധവി പിഷാരസ്യാരുടെ ആദ്യജോലി മുറ്റത്തെ തുളസിക്ക് വെള്ളം കൊടുക്കലായിരുന്നു. അമ്മ തന്നെയായിരുന്നു തുളസി. മാഷുടെ മരണം വരെ അത് വാടാനനുവദിച്ചതുമില്ല.

തറവാട്ടിനോടുചേര്‍ന്നുള്ള പുതിയ മട്ടിലുള്ള വീട്ടിലായിരുന്നു ഭാര്യയുണ്ടായിരുന്നപ്പോള്‍ മാഷുടെ താമസം. ഒരിക്കല്‍ കുഞ്ഞുണ്ണിമാഷ് കയറി വന്നു. ജനലിലൂടെ നോക്കിയപ്പോള്‍ കൃഷ്ണന്‍കുട്ടി മാഷ് തലകീഴായി യോഗാഭ്യാസം ചെയ്യുന്നു. ശീര്‍ഷാസനത്തില്‍ നില്‍ക്കുന്ന എ.പി. (മാഷെ അങ്ങനെയാണ് ചങ്ങാതിമാര്‍ വിളിച്ചിരുന്നത്) യെ കണ്ട് കുഞ്ഞുണ്ണി മാഷ് അന്തംവിട്ടു.

വരാന്തയില്‍ പഴയതെന്തോ ഓര്‍മിപ്പിച്ച് ഗൗളി ചിലച്ചു. വാതിലില്‍ ചാരിനിന്ന് മാഷുടെ പെങ്ങളുടെ മകള്‍ ജ്യോതി പഴയൊരു സംഭവം പറഞ്ഞു. പടികടന്നുവന്ന കാക്കനാടനെ കണ്ട് മുത്തശ്ശിയമ്മ അകത്തേക്കോടി. അന്നൊന്നും വീട്ടിലിരിക്കുമ്പോള്‍ സ്ത്രീകള്‍ മാറുമറയ്ക്കുന്ന പതിവില്ല. മകന്റെ ചങ്ങാതിയെ കണ്ടപ്പോള്‍ ഒരു തോര്‍ത്ത് മാറത്തിടാന്‍ പോയതാണ്. മുത്തശ്ശിയമ്മ അകത്തേക്കു പോകുന്നത് കണ്ട് കാക്കനാടന്റെ അപേക്ഷ, അമ്മ പുതച്ചുവരരുത്. അങ്ങനെതന്നെ മുന്നിലേക്ക് വരൂ... കൃഷ്ണന്‍കുട്ടി മാഷ് ചോദിച്ചു, അമ്മ കേട്ടിട്ടില്ല്യേ? കാക്കനാടനെ..

മാറില്‍ മുത്തുമാല മാത്രമണിഞ്ഞ്, മുട്ടിന് താഴേക്കിറങ്ങി നില്‍ക്കുന്ന മുണ്ടുചുറ്റി പ്രായമായ അമ്മ മുന്നില്‍ ചെന്നു നിന്നപ്പോള്‍ കാക്കനാടന്‍ അതിശയത്തോടെ പറഞ്ഞു, അമ്മ... ഹാ... സൗന്ദര്യം... പിഷാരത്ത് മ്ലാനത പടര്‍ന്നു. ഒക്കെ ഓര്‍മകളായി.

തെക്കിനിയില്‍ തിരുവാതിരക്കളിയുടെ പാട്ട്. അമ്മ തൈര് കടയുന്നതിന്റെ താളം. ഒന്നും ബാക്കിയില്യ. ന്നാലും എന്തോ ബാക്കിയില്ല്യേ? ആരാ ചോദിച്ചത്? കണ്ണട. എഴുത്തുപലക. ചാരുകസാലയുടെ അനക്കം, മുണ്ടൂര്‍ക്കാരനായ ബാല്യകാല സുഹൃത്തിനോട് ശൂന്യതയില്‍ നിന്നാരോ ചോദിക്കുന്നു, സേതൂ, ഈ കസാലയെ ആരാ ഇനി ഓര്‍ക്ക്വാ...

മുണ്ടൂരിന്റെ എഴുത്തുകാരനായ സേതുമാഷ് മറുപടി വിചാരിച്ചതിങ്ങനെയാണ്, വരും. ഈ ഗ്രാമത്തിലെ പുത്തന്‍ തലമുറയില്‍ ഇനിയും എഴുത്തുകാരുണ്ടാവും. നായാടിക്കുന്നിനും ഇടിഞ്ഞുതൂര്‍ന്ന കാട്ടുകുളത്തിനുമിടയില്‍, കാട്ടുതീ പടരുന്ന കല്ലടിക്കോടനും കുമ്മാട്ടിക്ക് കുട്ടികള്‍ നൊച്ചിക്കോലിന് പോകുന്ന വള്ളക്കോടന്‍ മലയ്ക്കുമിടയില്‍ പൊറാട്ടു ചെണ്ടയുടെ ഇടനെഞ്ചുപൊട്ടല്‍ നിറയുന്ന ഈ ഭൂമി. ഇവിടെ പുതിയ ചിന്തയും ചെത്തവുമുണ്ടാവും. സ്വന്തമായ വാക്കും വിചാരവും രൂപപ്പെടുത്തുന്ന കുട്ടികള്‍ എഴുതിത്തുടങ്ങും. അപ്പോള്‍ അവര്‍ ഈ കസാലക്കു മുന്നിലെത്തും. വരും. ഉറപ്പായും വരും....

എഴുത്തുപലക ഇറക്കിവച്ച് മാഷ് ഇതിലേ നടന്നു പോയിട്ട് എട്ടുകൊല്ലം. കാലവര്‍ഷം ഇറങ്ങി വരുന്ന തൊടിയിലിപ്പോഴും ആരുടെയോ കാല്‍പ്പെരുമാറ്റമുണ്ട്.

'മൂന്നാമതൊരാള്‍ ' എന്ന കഥയില്‍ നിന്ന്

'അച്ഛാ'
'പറഞ്ഞോളു'
'നാളല്ലേ നമ്മള്‍ മടങ്ങാ'
'നാളെ ഊണ് കഴിഞ്ഞിട്ട'
'മടങ്ങുമ്പൊളെ, ത്രിശൂരിന്നു എനിക്കൊരു തോക്ക് വാങ്ങി തരണം ട്ടോ'
'തരാം'
'ഓ തരാം. ന്നിട്റ്റ് ത്രിശൂരെത്ത്യാല്‍ അച്ഛന്‍ പറയും, സമയല്യ ഉണ്ണി പിന്നെ ആവാമെന്ന്, അങ്ങനെ പറഞ്ഞാ നാളെ ഞാന്‍ കാണിച്ചു തരാം'

തണുത്തും ചീര്‍ത്തും കിടക്കുന്ന ഇരുട്ടില്‍ ചവിട്ടി ഞങ്ങള്‍ നടന്നു.
അങ്ങനെ നടന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു കാല്‍പ്പെരുമാറ്റം പിന്നില്‍ കേള്‍ക്കുന്നതായി എനിക്ക് തോന്നി. വഴിയിലെ പൊടിമണലില്‍ ചെരുപ്പ് ഉരയുന്ന പോലെ. ഞങ്ങളോടൊപ്പം ആ ശബ്ദം നടക്കുന്ന പോലെ.

പിന്നാക്കം നോക്കി ഇരുട്ടിനോട് ഞാന്‍ ചോദിച്ചു:
'ആരാ അത്?'
മറുപടിയൊന്നും കേട്ടില്ല.
എന്നാലും ഒരു മൂന്നാമന്‍ ഞങ്ങളുടെ കൂടെ നടക്കുന്നുണ്ടെന്ന് തോന്നി.

രണ്ടു വര്‍ഷം മുന്‍പത്തെ ഒരു തിരിച്ചു പോക്ക്, അന്ന് ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു.
അന്നും ഉണ്ണി ശാഠ്യം പിടിച്ചു:
'വെള്ളത്തിലോടുന്ന ഒരു ബോട്ട്'
പാലക്കാടന്‍ ബസ്സു പിടിക്കാനുള്ള ധൃതിയിലായിരുന്ന ഞാന്‍ അവനോട് അന്ന് ദേഷ്യപ്പെട്ടു.
അപ്പോള്‍ മൂന്നാമത്തെ ആള്‍ പറഞ്ഞു:
'അവനു എന്താച്ചാ വാങ്ങിക്കൊടുക്കു ഏട്ടാ. ന്നിട്ട് ബസ്സ് നോക്ക്യാ പോരെ. ന്തിനാത്ര്യ ധൃതി?'
അന്നേരം ഞാന്‍ ഉണര്‍ന്നു. ഇന്നു പൊടിമണലില്‍് കാലുരയുന്ന ശബ്ദം പിന്തുടരുമ്പോള്‍ വീണ്ടും ഉണരുന്നു.
ഞാന്‍ ഉണ്ണിയെ ഒന്നുകൂടി ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു:
'നാളെ ത്രിശൂരുന്നു തോക്ക് വാങ്ങിത്തരാട്ടോ.'
പിന്നെയും ഓരോന്ന് വിചാരിച്ചു കൊണ്ട് ഞങ്ങള്‍ നടന്നു.
--------
'നാളെ എന്നേം ഉണ്ണിയേം നേരത്തെ വിളിക്കണം ട്ടോ അമ്മേ'
'അത്ര നേരത്തെ മടങ്ങണോ?'
'മടങ്ങാനല്ല. അമ്പലത്തില് കുളിച്ചു തൊഴാനാ'

അമ്മ ഇത്തിരി നേരത്തേക്ക് എന്നെത്തന്നെ നോക്കിയിരുന്നു. എന്തോ പറയാന്‍ ഭാവിച്ചതായിരുന്നു. അതെന്തായിരുന്നു എന്ന് അമ്പലത്തില്‍ പോവാന്‍ തിടുക്കം കാണിക്കാത്ത എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.
പക്ഷെ അമ്മ ഒന്നും പറഞ്ഞില്ല. അമ്മയുടെ നോട്ടം മെല്ലെ താണു. പറയാന്‍ വന്ന വാക്കുകള്‍ അമ്മയുടെ തൊണ്ടയിലൂടെ താഴോട്ടിറങ്ങുന്നത് ഞാന്‍ കണ്ടു.
അമ്മ പൊരുളറിഞ്ഞു.
അമ്മയുടെ കണ്ണില്‍ വെള്ളം കിനിഞ്ഞു.

തെക്കിനിയില്‍ ഉറങ്ങിക്കഴിഞ്ഞിരുന്ന ഉണ്ണി ഉറക്കത്തിലെന്തോ പറഞ്ഞു.
ഞാന്‍ പഴയപോലെ പത്തായപ്പുരയിലെക്ക് പോയി.
പുരാതനമായൊരു മണം അവിടെ നിറഞ്ഞിരുന്നു. മാറാല കെട്ടിയ തട്ടില്‍ കാലം തല കീഴായി തൂങ്ങിക്കിടന്നു.

ആരും വിളിക്കാതെ തന്നെ അതി രാവിലെ ഞാനുണര്‍ന്നു. ഒരു ഉള്‍വിളി കേട്ടിട്ടെന്ന പോലെ ഉണ്ണിയും ഉണര്‍ന്നു.
ഞങ്ങള്‍ അമ്പലക്കുളത്തില്‍ കുളിച്ചു. ഈറനോടെ സന്നിധിയില്‍ ചെന്നു.
ഭഗവതി എന്നെ തന്നെ നോക്കിക്കൊണ്ടിരുന്നു.
'ഭഗോതി, അടിയനും കുട്ടിയും വന്നിരിക്കുന്നു'
ഇന്നു ചോതിയാണ്.

'ഉണ്ണീ നല്ലോണം തൊഴണം ട്ടോ'
ഉണ്ണി കണ്ണടച്ചു കൈകൂപ്പുന്നു.
എനിക്ക് അപേക്ഷിക്കാനെന്താനുള്ളത്?
ഭഗോതി ഇമ വെട്ടാതെ എന്നെത്തന്നെ നോക്കുകയാണ്.
ഞാന്‍ വിളിച്ചു
'ഭഗോതീ........'
വീണ്ടും വിളിച്ചു:
''എന്റെ അമ്മെ.......'
അമ്മയ്ക്കെല്ലാം മനസ്സിലാകുമല്ലോ
മുഴുമിക്കാത്ത ആ അപേക്ഷയില്‍ എന്റെ എല്ലാ അപേക്ഷയുമുണ്ടായിരുന്നു.
ഭഗോതി എന്റെ അപേക്ഷയറിഞ്ഞു കണ്ണടച്ചു.

അമ്പലത്തില്‍ നിന്ന് മടങ്ങുമ്പോള്‍ പിന്നില്‍ പോടിമണലില്‍ കാലുരയുന്ന ശബ്ദം.
ഞാന്‍ ഉണ്ണിയോട് പറഞ്ഞു.
'തൃശൂര് നിന്ന് നിനക്കിഷ്ടമുള്ളതൊക്കെ വാങ്ങിത്തരാട്ടോ'

Content Highlights: Mundur krishnankutty Malayalam writer Memories

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented