എം.ടി പറഞ്ഞു: 'ജോണ്‍, നിങ്ങളുടെ സിനിമ, നിങ്ങളുടെ ആവശ്യം, നിങ്ങളായിത്തന്നെ നഷ്ടപ്പെടുത്തി!'


പ്രൊഫ. ശോഭീന്ദ്രന്‍

ഞാന്‍ ജോണിനോട് പറഞ്ഞു. ബോംബെയില്‍ ബിക്രം സിംഗിനെ ചെന്ന് കണ്ടാല്‍ കാര്യം നടക്കും. മുന്‍കൂട്ടി അറിയിച്ചതനുസരിച്ച് ഒരു ദിവസം ഞാനും ജോണും അദ്ദേഹത്തിന്റെ ബോംബെയിലെ വസതിയില്‍ ചെന്നു. ബിക്രം അന്നെന്തോ തിരക്കിലായിരുന്നു. എങ്കിലും ഞങ്ങളോട് കുറച്ചുനേരം കാത്തിരിക്കാന്‍ അദ്ദേഹം ഭാര്യയോട് പറഞ്ഞേല്‍പിച്ചിരുന്നു.

എം.ടി, ജോൺ എബ്രഹാം(മാതൃഭൂമി ആർക്കൈവ്‌സ്)

പ്രൊഫസര്‍ ശോഭീന്ദ്രന്‍ എഴുതുന്നു.
'മൊളക്കാല്‍മുരുവിലെ രാപകലുകള്‍' എന്ന പുസ്തകം എഴുതിക്കഴിഞ്ഞപ്പോള്‍ ആദ്യം ചെന്നു കേറിയത് എം.ടിയുടെ വസതിയിലേക്കായിരുന്നു. കണ്ണിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം അദ്ദേഹം വായനയില്‍ നിന്ന് അകന്നുനില്‍ക്കുന്ന സമയം. അതോടൊപ്പം കോവിഡ് കാലത്തിന്റെ ആശങ്കയും മാനസിക സംഘര്‍ഷങ്ങളും. അന്ന് കണ്ടപ്പോള്‍ അദ്ദേഹം സംസാരിച്ചതത്രയും കണ്ണിന്റെ ബുദ്ധിമുട്ടിനെപ്പറ്റിയായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹത്തെ തേടിവന്ന പുസ്തകങ്ങളുടെ മുന്നില്‍ എന്നും ഇരിക്കാറുള്ള അതേ കസേരയില്‍ അദ്ദേഹം ഇരിക്കുന്നു.
എന്നിട്ട് ഒരു ചോദ്യം. 'കണ്ടില്ലേ. ഇതൊക്കെ വായിക്കാനുള്ളതാണ് പക്ഷേ, പറ്റുന്നില്ല.'
ഞാന്‍ പറഞ്ഞു: 'മൊളക്കാല്‍മുരു എന്നൊരു ഗ്രാമമുണ്ട്. കര്‍ണാടകത്തിനും ആന്ധ്രാപ്രദേശിനും ഇടയില്‍. എന്റെ ആദ്യകാല അധ്യാപകജീവിതം അവിടെയായിരുന്നു. അഞ്ചുപതിറ്റാണ്ട് മുമ്പ്. കുട്ടികളോടൊപ്പം കുളിക്കാനും മലകയറാനും പോയ കാലം. ആ ഗ്രാമത്തിലേക്ക് ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ പോകുന്നു. ഓര്‍മ്മകളിലൂടെ. ഈ പുസ്തകത്തിലൂടെ.'
എം.ടി ഒന്ന് മൂളി. ബീഡിപ്പുകയേറ്റ ഗൗരവപ്രകൃതമുള്ള ചുണ്ടുകള്‍ മാസ്‌കുകൊണ്ട് മൂടിയിരുന്നു. നിശബ്ദനായി കസേരയില്‍ ചരിഞ്ഞിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ മാത്രം തെളിഞ്ഞുകണ്ടു. ലോകത്തിലെ ഒട്ടുമിക്ക നല്ല പുസ്തകങ്ങളും തിരഞ്ഞുവായിച്ച അപൂര്‍വ്വം കണ്ണുകളാണത്. മലയാളത്തിലെ എക്കാലത്തെയും മികച്ച രചനകള്‍ക്ക് അക്ഷരപ്പിറവി നല്‍കിയ, അതിന് സാക്ഷിയാവാന്‍ ഭാഗ്യം ലഭിച്ച കണ്ണുകള്‍. ആ കണ്ണുകള്‍ ഇപ്പോള്‍ അദ്ദേഹത്തോട് പറയുന്നു. അല്പകാലത്തേക്ക് വിശ്രമിക്കണം.
പുസ്തകത്തിന്റെ പ്രിന്റ് അവിടെ വെച്ച് മടങ്ങുമ്പോള്‍ മനസ്സില്‍ വിചാരിച്ചത് അദ്ദേഹത്തിന്റെ കണ്ണുകള്‍ വായിക്കാന്‍ പാകമാകുമ്പോള്‍ മാത്രം വായിക്കാനിടവരട്ടെ എന്നായിരുന്നു. പുസ്തകത്തെയും എം.ടിയെയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മറന്നു. മറ്റു പലകാര്യങ്ങളിലും മനസ്സ് വ്യാപരിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവിചാരിതമായി ഒരു വിളി വന്നു.
അത് എം.ടിയുടേതായിരുന്നു. അദ്ദേഹം പറഞ്ഞു.
പുസ്തകം വായിച്ചു. വളരെ നന്നായിരിക്കുന്നു.
അതോടൊപ്പം സന്തോഷം തരുന്ന പലകാര്യങ്ങളും അതോടൊപ്പം അദ്ദേഹം പറഞ്ഞു. കണ്ണിന്റെ ബുദ്ധിമുട്ടുകളെല്ലാം മറന്ന് അദ്ദേഹം പുസ്തകം മുഴുവനും വായിച്ചു എന്നറിഞ്ഞപ്പോള്‍ ഞാന്‍ അമ്പരന്നു. അതോടൊപ്പം പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മനസ്സില്‍ വന്നു നിറയുകയും ചെയ്തു.
ഫോണ്‍ വയ്ക്കുന്നതിന് മുമ്പ് എം.ടി പറഞ്ഞു. വീട്ടിലേക്ക് വരണം. അവതാരിക പറഞ്ഞുതരാം.
അവതാരിക എഴുതിയെടുക്കുകയാണ് വേണ്ടത്. ഒരക്ഷരം പോലും നഷ്ടപ്പെടാതെ ഒക്കെയും എഴുതിയെടുക്കണം. ഞാനും ദീപേഷ് കരിമ്പുങ്കരയും അതിനായി അവിടെ എത്തിച്ചേര്‍ന്നു.
എം.ടി.യുടെ മുഖം പ്രസന്നമായിരുന്നു. അദ്ദേഹം സംസാരിച്ചു തുടങ്ങി. ഒട്ടും പിശുക്കില്ലാതെ. വാക്കുകള്‍ സംഗീതാത്മകമായി ഒഴുകിവന്നുകൊണ്ടിരുന്നു. ആ ഒഴുക്കില്‍ മൊളക്കാല്‍മുരുവെന്ന ഗ്രാമവും അവിടത്തെ ജീവിതാനുഭവങ്ങളോരോന്നും എം.ടിയുടെ വായനയുടെ ഓര്‍മ്മകളായി കടന്നുവന്നു. മൊളക്കാല്‍മുരുവില്‍ നിന്ന് ചിലപ്പോളൊക്കെ അദ്ദേഹം സ്വന്തം ഗ്രാമത്തിലേക്ക് പോയി. സ്വന്തം ബാല്യത്തിലേക്കും അധ്യാപകജീവിതത്തിന്റെ പഴകാലത്തിലേക്കും അദ്ദേഹം മാറി മാറി സഞ്ചരിച്ചു. അത്രമാത്രം സന്തോഷത്തോടെയാണ് എം.ടിയെ കണ്ട് അന്ന് ഞങ്ങള്‍ തിരിച്ചുപോയത്.
പിന്നെയും ഒന്നുരണ്ടുതവണ കൊട്ടാരം റോഡിലൂടെ കടന്നുപോകുന്ന ചില വേളകളില്‍ എം.ടിയെ വെറുതെ ചെന്നുകണ്ടു. ഒന്നു കാണുക. ഒന്നുരണ്ട് വാക്കുകള്‍ക്കുള്ളില്‍ വേര്‍പിരിയുക. അത്രമാത്രം.
ഏറ്റവും ഒടുവില്‍ ചെന്നത് കഴിഞ്ഞ ദിവസമായിരുന്നു. അന്നത്തെ ചെന്നുകാണല്‍ വെറുതെയായിരുന്നില്ല. കയ്യില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മോട്ടോര്‍സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം' എന്ന പുസ്തകവുമുണ്ടായിരുന്നു. കൂടെ പുസ്തകമെഴുതിയ ദീപേഷ് കരിമ്പുങ്കരയും.
സിതാരയിലെ സ്വീകരണമുറിയില്‍ ഞങ്ങളിരുന്നു.
നീലഷര്‍ട്ടും വെളളയില്‍ നീലക്കരമുണ്ടുമുടുത്ത് തെളിഞ്ഞമുഖത്തോടെ എം.ടി കസേരയിലിരിക്കുന്നു. പ്രഥമ അക്കിത്തം പുരസ്‌കാരഫലകം മേശമേല്‍. പിച്ചളയില്‍കൊത്തി മുല്ലപ്പൂക്കള്‍ചുറ്റിയ സ്വരസ്വതീരൂപം തിളങ്ങിനില്‍ക്കുന്നു. മാസ്‌കിടാതെയുള്ള എം.ടിയെ കാലങ്ങള്‍ക്കുശേഷം കാണുന്നു. ആ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടു ഞാന്‍ പറഞ്ഞു.
നേരത്തെ വന്നപ്പോള്‍ കണ്ട ക്ഷീണമെല്ലാം മാറി. ഇപ്പോള്‍ പണ്ടത്തെപ്പോലെ ഉഷാറായി.
അതുകേട്ട് അദ്ദേഹം ഉള്ളിലൊന്ന് ചിരിച്ചിട്ടുണ്ടാവണം. മാസ്‌കുകൊണ്ട് മൂടിയിട്ടും പുറത്തേക്ക് വളര്‍ന്നു നില്‍ക്കുന്ന എന്റെ വെളുത്ത് നീണ്ട താടിരോമങ്ങള്‍. അതിലേക്ക് അദ്ദേഹം ഒന്നു നോക്കി. ചിരിക്കാന്‍ മടികാട്ടുന്നു ചുണ്ടുകള്‍ ഒരുഭാഗത്ത് ചെരിഞ്ഞ് ചിരിയുടെ അര്‍ദ്ധസ്ഥായിയോളം ചെന്ന് നിന്നു.
ഞാന്‍ ജോണ്‍ എബ്രഹാമിന്റെ ഓര്‍മ്മകളുടെ പുസ്തകം ആദരവോടെ എം.ടിയുടെ കൈകളില്‍ ഏല്‍പിച്ചു. അതിന്റെ പുറംചട്ടയിലേക്ക് കുറച്ച് നേരം നോക്കിനിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. പുസ്തകത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഞാന്‍ കേട്ടിരുന്നു. എറണാകുളത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച്. നല്ല പുസ്തകമാണെന്ന് ആരോ പറഞ്ഞറിഞ്ഞു. കൗതുകത്തോടെ ഞങ്ങള്‍ അദ്ദേഹം പറയുന്നത് കേട്ട് മുന്നിലിരുന്നു.
എം.ടി കുറച്ച് ദിവസമായി എറണാകുളത്തായിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥയില്‍ മകള്‍ അശ്വതി സംവിധാനം ചെയ്യുന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു യാത്ര. ഒന്നരവര്‍ഷത്തോളം നീണ്ട അടച്ചുപൂട്ടിയിരിപ്പിനിടയില്‍ നടത്തിയ യാത്ര കഴിഞ്ഞ് അദ്ദേഹം ഇന്നലെ വൈകീട്ടാണ് തിരിച്ചെത്തിയത്. യാത്രാക്ഷീണമല്ല; യാത്രപോയതിന്റെ ഉത്സാഹവും പ്രസരിപ്പും. അതായിരുന്നു അദ്ദേഹത്തിന്റെ മുഖത്തും വാക്കുകളിലുണ്ടായിരുന്നത്.

പുസ്തകത്തിലേക്ക് നോക്കി എം.ടി ജോണിനെ ഓര്‍ത്തു.
അദ്ദേഹം പറഞ്ഞു. ജോണ്‍ ജീനിയസായിരുന്നു. പക്ഷേ...
അപൂര്‍ണ്ണതയില്‍ നിര്‍ത്തിയ പക്ഷേയില്‍ നിന്ന് എം.ടി പോയത് ജോണിന്റെ പലവിധ ഓര്‍മ്മകളിലേക്കായിരുന്നു. അഗ്രഹാരത്തിലെ കഴുതൈയുടെ ഷൂട്ടിംഗ് മുതല്‍ ജോണുമായി നേരിട്ടും അല്ലാതെയുമുള്ള ബന്ധത്തിന്റെ ഓര്‍മ്മകള്‍. കോഴിക്കോട്, മദ്രാസ്, കോയമ്പത്തൂര്‍, ബോംബെ...തുടങ്ങിയ ഇടങ്ങളിലൂടെ എം.ടിയുടെ മനസ്സ് ജോണിനൊപ്പം ഓര്‍മ്മകളിലൂടെ സഞ്ചരിച്ചു.
എം.ടി ഉള്ളില്‍ ചരിച്ചുകൊണ്ട് ഒരിടവേളയില്‍ പറഞ്ഞു.
ഒരിക്കല്‍ ജോണിന്റെ ഒരു സിനിമയ്ക്ക് ലോണിനുവേണ്ടി എന്നോട് അന്വേഷിച്ചു. ഞാനന്ന് ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്‍ ബോര്‍ഡംഗമായിരുന്നു. രണ്ട് മാസം കൂടുമ്പോള്‍ ബോംബെയിലേക്ക് പോകണം. ഞാന്‍ ജോണിനോട് പറഞ്ഞു. ബോംബെയില്‍ ബിക്രം സിംഗിനെ ചെന്ന് കണ്ടാല്‍ കാര്യം നടക്കും. മുന്‍കൂട്ടി അറിയിച്ചതനുസരിച്ച് ഒരു ദിവസം ഞാനും ജോണും അദ്ദേഹത്തിന്റെ ബോംബെയിലെ വസതിയില്‍ ചെന്നു. ബിക്രം അന്നെന്തോ തിരക്കിലായിരുന്നു. എങ്കിലും ഞങ്ങളോട് കുറച്ചുനേരം കാത്തിരിക്കാന്‍ അദ്ദേഹം ഭാര്യയോട് പറഞ്ഞേല്‍പിച്ചിരുന്നു. വിശാലമായ സ്വീകരണമുറിയില്‍ ഞങ്ങള്‍ ബിക്രം സിംഗിനെ കാത്തിരുന്നു. അദ്ദേഹം അറിയപ്പെടുന്ന ഫിലിം ക്രിറ്റിക്കും ഫിലിം മേക്കറും കൂടിയായിരുന്നു. മുറിയിലുണ്ടായിരുന്ന ഫിലിം ഫെയര്‍ മാഗസിന്‍ മറിച്ചുനോക്കിക്കൊണ്ട് ഞാന്‍ സമയം ചെലവഴിച്ചു. ജോണാകട്ടെ ഇരിപ്പുറയ്ക്കാതെ മുറിയിലൂടെ തലങ്ങും വിലങ്ങും നടക്കുന്നുകൊണ്ടിരിക്കുകയായിരുന്നു. അലമാരയുടെ അടുത്ത് ചെന്ന് അതിലെ സാധനങ്ങള്‍ എടുക്കുകയും നോക്കുകയുമൊക്കെ ചെയ്യുന്നു. കുറച്ച് സമയം അങ്ങനെ കടന്നുപോയി. പെട്ടെന്ന് മുറിയിലെവിടെയോ നിന്ന് കണ്ടെത്തിയ ഒരു മദ്യക്കുപ്പിയുമായി ജോണ്‍ എന്റെ മുന്നില്‍ വന്നുനിന്നു. അതും കയ്യില്‍പിടിച്ച് സന്തോഷത്തോടെ എന്നോട് പറഞ്ഞു. ഇഫ് നോ ബഡി ഇന്‍വൈറ്റ്‌സ് മീ. ഐ വില്‍ സെര്‍വ് മൈ സെല്‍ഫ്.
ഞാന്‍ അതുകേട്ട് കണ്‍മിഴിച്ചു നിന്നുപോയി. ജോണാകട്ടെ സമയമൊട്ടും പാഴാക്കാതെ ഗ്ലാസും വെള്ളവുമായി ഒരിടത്ത് ചെന്നിരുന്നു. കുപ്പിയില്‍ നിന്ന് ഗ്ലാസിലേക്കും ഗ്ലാസില്‍നിന്ന് വായിലേക്കും മദ്യം ഒഴിച്ചുകൊണ്ടിരുന്നു. നിസ്സഹായനായി ജോണിന്റെ മുന്നില്‍ ഞാനിരുന്നു.
കുറെനേരം കഴിഞ്ഞാണ് ബിക്രം വന്നുചേര്‍ന്നത്. അപ്പോഴേക്കും ജോണ്‍ മറ്റൊരവസ്ഥയിലായി കഴിഞ്ഞിരുന്നു. അത്രയും നേരം കാത്തിരുന്നതുകൊണ്ട് മാത്രം ബിക്രം സിംഗിനോട് വന്നകാര്യം ധരിപ്പിച്ചു.
പക്ഷേ, ജോണിനെ നോക്കിക്കൊണ്ട് പരമസാത്വികനായ അദ്ദേഹം പറഞ്ഞു.
ഇക്കാര്യം നമുക്ക് മറ്റൊരവസരത്തില്‍ സംസാരിക്കാം.
അതുകേട്ട് ഞാന്‍ നിരാശനായി. ഞാനും ജോണും തിരികെ നടന്നു.
പിറ്റേ ദിവസം ജോണ്‍ എന്നെത്തേടി വന്നു.
ഞാന്‍ പറഞ്ഞു. നിങ്ങളുടെ സിനിമ. നിങ്ങളുടെ ആവശ്യം. നിങ്ങള്‍ക്കുവേണ്ടിയുള്ള ലോണ്‍. അതിനുള്ള സാഹചര്യം നിങ്ങളായിത്തന്നെ നഷ്ടപ്പെടുത്തി. ഇനി എനിക്കെന്തു ചെയ്യാന്‍ കഴിയും.
ജോണ്‍ എന്നോട് മാപ്പ് പറഞ്ഞു. ഞങ്ങള്‍ പിരിഞ്ഞു.
കോഴിക്കോട് ഞാന്‍ താമസിക്കുന്ന വീട്ടില്‍ പലപ്പോഴും ജോണ്‍ വരാറുണ്ടായിരുന്നു. വന്ന് കയറിയാല്‍ സ്വന്തം വീടുപോലെയാണ് പെരുമാറ്റം. ഒരു ഉപചാരമര്യാദകളുമില്ല. മകളെ കണ്ടാല്‍ വാരിയെടുക്കുകയും കളിപ്പിക്കുകയും ചെയ്യും. ജോണിന്റെ വരവും രീതികളുമൊക്കെ ഇത്തരത്തിലായിരുന്നു. ജോണോര്‍മ്മകളിലൂടെ എം.ടി സഞ്ചരിക്കുന്നത് കൗതുകത്തോടെ ഞങ്ങള്‍ കേട്ടിരുന്നു.
അതിനിടയില്‍ ഒരു ഫോണ്‍ കോള്‍. നയാഗ്രയിലെ പിറന്നാള്‍ ദിനവും. യു.കെയിലെ ഷേക്‌സ്പിയറുടെ വസതിയില്‍ പോയ ദിവസങ്ങളെക്കുറിച്ചും എം.ടി ആരോടോ ഓര്‍ത്തുപറയുന്നു. ജീവിതം തളംകെട്ടിനില്‍ക്കുന്ന കാലത്ത് രണ്ടുപേര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍, പരസ്പരം മിണ്ടിത്തുടങ്ങുമ്പോള്‍ ഓരോരുത്തരും അറിയാതെ മടങ്ങിപ്പോവുന്നത് സ്വന്തം ഓര്‍മ്മകളിലേക്കാണല്ലോ എന്നോര്‍ത്തുകൊണ്ട് അദ്ദേഹത്തിന്റെ മുന്നില്‍ ഞാനിരുന്നു. ഫോണ്‍ഭാഷണത്തിലൂടെ ഓര്‍മ്മകളുടെ ഏതൊക്കെയോ വന്‍കരകള്‍ ചുറ്റിവന്നശേഷം ഒരാത്മഗതംപോലെ എം.ടി ഞങ്ങളോട് പറഞ്ഞു. ജോണ്‍ ഒരു ജീനിയസായിരുന്നു. ഓര്‍മ്മകള്‍ പലതുമുണ്ട്. അതേക്കുറിച്ചൊക്കെ ഞാനും എഴുതേണ്ടതായിരുന്നു.
എം.ടിയില്‍ നിന്ന് അതൊക്കെയും കേള്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിലൂടെ കേള്‍ക്കാനിടയായ ഏതാനും ജോണോര്‍മ്മകളുടെ സന്തോഷത്തോടെ ഞങ്ങളവിടെ നിന്നിറങ്ങി. ഒരു കാലത്ത് ജോണും ഞാനും രാജ്ദൂത് ബൈക്കില്‍ പാഞ്ഞുപായിരുന്ന നഗരവഴികളിലൂടെ അന്നൊരിക്കല്‍ കൂടി കടന്നുപോയി. പൊടി മൂടിയ പൂമരംപോലെ വഴിവക്കുകളിലൊക്കെ അന്ന് ഞാന്‍ നിറഞ്ഞുകണ്ടത് ജോണിനെ മാത്രമായിരുന്നു.
എഴുത്ത് : ഡോ.ദീപേഷ് കരിമ്പുങ്കര
Content Highlights : MT Vasudevan Nair talk with Prof Shobheendran about Film Maker John Abraham

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented