എം.പി നാരായണപ്പിള്ള
എഴുത്തുകാരനും കോളമിസ്റ്റും വാഗ്മിയുമായിരുന്ന എം.പി നാരായണപ്പിള്ള ഓര്‍മയായിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍. നാരായപ്പിള്ളയുടെ സര്‍ഗലോകത്തെക്കുറിച്ച് എഴുത്തുകാരൻ എം.ജി രാധാകൃഷ്ണന്‍ എഴുതുന്നു.
കലാകൗമുദി വാരികയില്‍ ആഴ്ചതോറും ലേഖനങ്ങള്‍ എഴുതി തകര്‍ത്തുനില്‍ക്കുന്ന സമയത്താണ് എം.പി നാരായണപ്പിള്ളയുടെ ഉള്ളിലെ കഥാകൃത്തിനു ഒരു പൂതി തോന്നുന്നത്; ഒരു കഥ എഴുതിയാലോ? ഡല്‍ഹി കാലത്ത് എഴുതിയ കഥകളാണ് എം പി നാരായണപ്പിള്ളയെ മലയാളത്തിലെ മികച്ച കഥാകൃത്തായി അടയാളപ്പെടുത്തിയത്. അദ്ദേഹം ഹോങ്കോങ്ങില്‍ പോയ ശേഷം പിന്നെ കഥയെപ്പറ്റി ചിന്തിച്ചതേയില്ല. കാരണം കഴിഞ്ഞുകൂടാനും കൃത്യമായി അമ്മയ്ക്കയക്കാന്‍ മണിയോഡറിനു പഞ്ഞമില്ലതായി. കാശിന്റെ കണക്ക് എന്നും മനസ്സിലുണ്ടായിരുന്നു. കഥ എഴുതി പ്രശസ്തി നേടുന്നതിനേക്കാള്‍ അതെഴുതി കിട്ടുന്ന കാശായിരുന്നു പ്രധാനം. അതുകൊണ്ട് അന്നത്തെ കാലത്ത് മാതൃഭൂമി വാരിക ഒരു കഥക്ക് കൊടുക്കുന്ന പ്രതിഫലത്തെക്കാള്‍ ഇരുപതു രൂപ കൂടുതല്‍ കൊടുക്കുന്ന സൈനിക് സമാചാര്‍ എന്ന പട്ടാള മാസികക്ക് കഥകള്‍ അയച്ചുകൊടുത്തിരുന്നു. അതില്‍ വന്ന കഥകളൊന്നും നമുക്ക് കിട്ടിയുമില്ല.
ഹോങ്കോങ്ങു വിട്ടുവന്നു ടൂത്ത്‌പേസ്റ്റ് കച്ചവടം നടത്തി പൊട്ടി അന്തംവിട്ടു നില്‍ക്കുമ്പോള്‍ പണ്ടത്തെ പോലെ കഥ എഴുതാനാവുമോയെന്നു പരീക്ഷിച്ചു നോക്കിയ കഥ ആയിരുന്നു 'ഉണങ്ങിയ മൃഗങ്ങള്‍.'
അതിനൊക്കെ ശേഷം നാം കാണുന്നത് എം പി നാരായണപ്പിള്ള എന്ന കോളമിസ്റ്റിനെയാണ്. കോളം എഴുതി അമ്മാനമാടി നില്‍ക്കുമ്പോഴാണ് മേല്‍ സൂചിപ്പിച്ച കഥ എഴുതണമെന്ന പൂതി തോന്നുന്നത്. രണ്ടര മാസത്തോളം എടുത്തു ആ കഥ എഴുതാന്‍. പകര്‍ത്താന്‍ കൊടുത്ത ഡ്രാഫ്റ്റ് കൊട്ടയില്‍ നിന്നെടുത്തു വായിച്ചത് ഓര്‍ക്കുന്നു. ആ കഥ 'പരിണാമത്തിന്റെ പടിപ്പുരയില്‍' എന്ന തലക്കെട്ടോടെ കലാകൗമുദി വാരികയില്‍ വന്നു.
എന്നാല്‍ അതിനുമുമ്പ് കലാകൗമുദിയുടെ ഒരു ഓണപ്പതിപ്പില്‍ എം പി നാരായണപ്പിള്ളയുടെ ഒരു ഉഗ്രന്‍ കഥ വന്നു കഥാകൃത്ത് അറിയാതെ. 'ഉന്മാദത്തിന്റെ ഹരിശ്രീ' എന്ന കഥ. അച്ചടിച്ചുവന്ന കഥകണ്ടു അദ്ദേഹം അസ്വസ്ഥനായി.
കാരണമിതായിരുന്നു. കലാകൗമുദിയില്‍ അക്കാലത്ത് പല പ്രശസ്തരുടെയും ആത്മകഥകള്‍ ഒരു പ്രത്യേക ഇനമായി കൊടുത്തിരുന്നു. ഏകദേശം ആത്മകഥ അച്ചടിച്ച് തീരുമ്പോഴേക്കും എഴുതിയ ആള്‍ ഇഹലോകവാസവും വെടിഞ്ഞിരിക്കും. രഹസ്യമായി ഇത് പലരും ചര്‍ച്ച ചെയ്തിരുന്നുവെന്നും തോന്നുന്നു. ഈ അപഖ്യാതി കാരണമാണോ എന്തോ നാരായണപ്പിള്ള ആത്മകഥ എന്ന വിഷയം എടുക്കാതിരുന്നത്?
അല്ല. പുള്ളി ആത്മകഥ ശരിക്കും പ്ലാന്‍ ചെയ്യുകയായിരുന്നു. അങ്ങനെ ആത്മകഥയുടെ ഒരു സാമ്പിള്‍ അദ്ധ്യായം എഴുതി എസ്. ജയചന്ദ്രന്‍ നായര്‍ക്ക് അയച്ചു. ഓണപ്പതിപ്പ് തയ്യാറാക്കുകയായിരുന്ന ജയചന്ദ്രന്‍ നായര്‍ കഥയെക്കാള്‍ അതിമനോഹരമായ 'ഉന്മാദത്തിന്റെ ഹരിശ്രീ' എടുത്തു കഥയായി അച്ചടിച്ചു. ആത്മകഥയുടെ ആദ്യഅധ്യായം അങ്ങനെ എം പി നാരായണപ്പിള്ളയുടെ കഥയായി. ഇതില്‍ നാരായണപിള്ള ഖിന്നനായിരുന്നു.
ഓണപ്പതിപ്പ് വന്നപ്പോള്‍ അത് വായിച്ച ഞങ്ങള്‍ ശിങ്കിടികളും സീരിയസ് വായനക്കാരും ആ കഥയെ പ്രകീര്‍ത്തിച്ചപ്പോഴും അതൊരു കഥയല്ലല്ലോ എന്ന ആശയകുഴപ്പത്തില്‍ നിന്നു കരകയറിയില്ല. കെ പി അപ്പന്‍ സാര്‍ ആ കഥയെപ്പറ്റി നാണപ്പേട്ടനു ഒരു ഇന്‍ലണ്ടില്‍ അഞ്ചുവരി എഴുതി അയച്ചത് വായിച്ചിട്ടും അതൊരു കഥയാണോ എന്ന ശങ്ക മാറിയില്ല.
ഇത് വായിച്ചു കഴിഞ്ഞാലെങ്കിലും എം. പി നാരായണപ്പിള്ളയുടെ സമാഹാരത്തില്‍ പോയി ഉന്മാദത്തിന്റെ ഹരിശ്രീ ഒന്ന് വായിച്ചു നോക്കണം.
നിഴലും വെളിച്ചവും കൊണ്ടൊരു മാജിക്കാണ് ആ എഴുത്ത്. മുത്തച്ചനെ ചങ്ങലക്കിട്ടിരിക്കയാണ്. അതിന്റെ വര്‍ണ്ണന നമ്മെ കീറി മുറിക്കുകയാണ്. കറുത്തതും വെളുത്തതുമായ നിഴലുകള്‍ സര്‍പ്പങ്ങളാവുന്ന വര്‍ണ്ണനയുടെ നിസ്സംഗത. എഴുത്തിലെ കണിശമായ തച്ചനായിരുന്നു എം പി നാരായണപ്പിള്ള. വീണ്ടും വീണ്ടും തിരുത്തി എഴുതി ഫൈനല്‍ പ്രോഡക്റ്റ് അതീവ കൃത്യത വരുത്തുന്ന ശില്‍പ ചാതുര്യം.
എഴുതുന്ന സാധനം വീണ്ടും വീണ്ടും തിരുത്തുന്ന കാര്യത്തില്‍ ഒരു ശ്രേഷ്ടഠ യോദ്ധാവ് തന്നെയായിരുന്നു അദ്ദേഹം. എം എസ് മണിയും ജയചന്ദ്രന്‍ സാറും കൂടി വെട്ടിലാക്കിയില്ലായിരുന്നെങ്കില്‍ 'പരിണാമം' എന്ന നോവല്‍ ഉണ്ടാവുകയില്ലായിരുന്നു. പണ്ടെങ്ങോ എഴുതിവെച്ചിരുന്ന ഏഴു അദ്ധ്യായങ്ങള്‍ 'നായ' എന്ന പേരില്‍ ഒരു മഞ്ഞ ഫയലില്‍ സൂക്ഷിച്ചിരുന്നത് രണ്ടു പത്രാധിപന്മാരും കൂടി ബോറിവലിയിലെ പാര്‍പ്പിടത്തില്‍ വന്നു തപ്പിയെടുത്തുകൊണ്ടു പോവുകയും താമസംവിനാ നോവല്‍ കലാകൗമുദിയില്‍ അനൗണ്‍സ് ചെയ്തപ്പോഴും ബാക്കിയുള്ള ഒരൊറ്റ അദ്ധ്യായം പോലും എഴുതിയിട്ടില്ലായിരുന്നു.
പിന്നെ ഒരു യജ്ഞമായിരുന്നു; ബാക്കിയെഴുത്തിനായി. തലയില്‍ ചന്ദനാദി എന്ന തേച്ചു, ഉച്ചിയില്‍ തളംവെച്ച് അതിരാവിലെ നീണ്ട ഹാളില്‍ ഉലാത്തുന്ന ചിത്രം എന്റെ മനസ്സില്‍ തെളിയുന്നു. ഓരോ അധ്യായവും മൂന്നും നാലും തവണ തിരുത്തിയെഴുതാനായി മാന്യമായ ശമ്പളം കൊടുത്തു പുല്ലുവഴിയിയില്‍നിന്ന് ബന്ധത്തില്‍പെട്ട രണ്ടു പെണ്‍കുട്ടികളെ നിയമിച്ചു. പകര്‍ത്തിയെഴുതിയെഴുതി ആ കുട്ടികളുടെ ആപ്പീസ് പൂട്ടിക്കാണുമെന്നതില്‍ സംശയം വേണ്ട.
'എടോ', ഉപദേശം തരുകയാണ് നാണപ്പേട്ടന്‍. 'എഴുതുന്ന കഥ ആദ്യ ഡ്രാഫ്റ്റ് കുറച്ചുദിവസം കഴിഞ്ഞു വായിച്ചു നോക്കണം. ഇങ്ങനെ വായിക്കുന്ന സമയം താന്‍ കഥാകൃത്തല്ല. വായനക്കാരനാണ്.അപ്പോള്‍ പിഴവുകള്‍ കണ്ടെത്താം. ഇനിയാണ് പകര്‍ത്തി എഴുത്ത്. എത്രത്തോളം തിരുത്തി സുഗമമാക്കാമോ അത്രയും എഴുത്തില്‍ ക്ലാരിറ്റി കൈവരും.
എഴുതുന്നതെന്തും വായനക്കാര്‍ സുഖമായി വായിച്ചുപോണം. ആദ്യവരിയില്‍ നിന്ന് വായനക്കാരനെ കൈപിടിച്ച് അവസാനം വരെ കൊണ്ടുപോകണം. വായിച്ചു സുഖിച്ചു കഴിയുമ്പോഴാണ് വായനക്കാരന്‍ എഴുതിയ ആളിന്റെ പേര് അവന്റെ മനസ്സില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട് വായനക്കാരന്‍ ഈ പേര് എവിടെ കണ്ടാലും പോയി വായിക്കും. എപ്പോഴെങ്കിലും വായനയില്‍ അവനെ മുഷിപ്പിച്ചാല്‍ പിന്നീടൊരിക്കലും ആ എഴുത്തുകാരനെ തിരിഞ്ഞുപോലും നോക്കു കയുമില്ല ആ വായനക്കാരന്‍. ഈ ലളിതമായ പ്രമാണം മനസ്സില്‍ സൂക്ഷിച്ചോ'.
പലപ്പോഴും ആലോചിക്കാറുണ്ട്, എഴുത്തിന്റെ ഒരു ചങ്ങല ഇല്ലായിരുന്നെങ്കില്‍ സ്വന്തം മുത്തച്ചനെപ്പോലെ നാണപ്പേട്ടനെയും ചങ്ങലക്കിടേണ്ടി വരുമായിരുന്നോ?
Content Highlights: M.P Narayanapillai, M.G Radhakrishnan, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..