ഗന്ധർവൻ എന്ന ഷോർട്ട്ഫിലിമിൽ നിന്ന്
ഏറ്റവും പുതിയ തലമുറയിലെ ഒരു ചലച്ചിത്രപ്രവര്ത്തകന് നമ്പൂതിരിയെക്കുറിച്ചെഴുതിയ കുറിപ്പാണിത്. നമ്പൂതിരിയെ ചിത്രീകരിച്ചതിനെക്കുറിച്ച് സ്നേഹാദരങ്ങളോടെ എഴുതിയ ഈ കുറിപ്പില്‍ നടന് മോഹന്‍ലാലും കഥാപാത്രമാവുന്നു
യാദൃച്ഛികമെന്നാണോ നിയോഗമെന്നാണോ പറയേണ്ടതറിയില്ല. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ കാണാന്‍ എടപ്പാളിനടുത്തുള്ള വീട്ടിലേക്ക് പോകുന്ന നടന് മോഹന്‍ലാലിന് ഒരു എസ്കോര്‍ട്ട്; ഒപ്പം ആ സംഗമം ചിത്രീകരിക്കുകയും വേണം. മാധ്യമപ്രവര്‍ത്തകനും കുടുംബസുഹൃത്തും ഈ രണ്ടുപേരോടും ആത്മബന്ധമുള്ളയാളുമായ ഉണ്ണിയേട്ടനാണ് വിളിച്ചത്. തൃശ്ശൂരില്‍ നിന്നും മോഹന്‍ലാലിന്റെ കാറിലിരുന്ന് യാത്രചെയ്യുമ്പോള്‍ ഞാന്‍ രണ്ടു കടലുകളെ സങ്കല്പിച്ചു; വിറച്ചുവിറച്ച് അവയ്ക്ക് നടുവില്‍ ഒരു കുഞ്ഞുറുമ്പിനെപ്പോലെ നില്ക്കുന്നതും...
കുട്ടിക്കാലത്ത് അച്ഛന് വായിച്ചിരുന്ന പുസ്തകങ്ങളില്‍ കാണുന്ന എന്തോ പ്രത്യേകത തോന്നുന്ന വരകള്ക്കിടയില് 'നമ്പൂതിരി' എന്നെഴുതിയത് തല ചെരിച്ച് വായിച്ചെടുത്തതാണ് എന്റെ ആദ്യ നമ്പൂതിരിയനുഭവം. അതേ പ്രായത്തില്‍, എരിയുന്ന ചന്ദനത്തിരി ഇരുട്ടില്‍ ചുഴറ്റിക്കളിക്കുമ്പോള് കണ്ട വളയങ്ങളുടെ അനായാസ സൗന്ദര്യം ആ ചിത്രങ്ങള്‍ക്കുണ്ടായിരുന്നു. പിന്നീട് ആര്‍ത്തിയോടെ വായിച്ചിട്ടുള്ള ബഷീര്‍ കഥകള്‍ക്കിടയില്‍ നമ്പൂതിരി വരച്ചിട്ട മുച്ചീട്ടുകളിക്കാരന്റെ മകള്‍ സൈനബയെ വായന നിര്‍ത്തി നോക്കിയിരുന്നതോര്മയുണ്ട്. 'ആണിനെ പിടിക്കാനുള്ള സുന്ദരവാരിക്കുഴിയാകുന്നു പെണ്ണ്' എന്നെഴുതിയ സുല്‍ത്താന്റെ വാക്കുകള്‍ പരമസത്യമാകുന്നത് നമ്പൂതിരി വരയ്ക്കുന്ന സ്ത്രീകളെ കാണുമ്പോഴാണ്. രണ്ടാമൂഴവും സ്മാരകശിലകളും നല്കുന്ന വായനാനുഭവത്തില്‍ അതില്‍ തൂവിയിട്ടുള്ള നമ്പൂതിരിച്ചിത്രങ്ങളുടെ രുചികൂടിയുണ്ട്. ഞാന്പോകുന്നത് മലയാളസാഹിത്യത്തിന്റെ സുവര്‍ണകാലം തന്റെ വിരല്‍ത്തുമ്പുകൊണ്ട് തൊട്ടറിഞ്ഞ ആ ഇതിഹാസ കലാകാരനടുത്തേക്കാണ്.
കണ്ടയുടനെയുള്ള രണ്ടുമിനിറ്റ് ഹൃദയം രണ്ടിടി കൂടുതലിടിക്കുകയും ഇടയ്ക്കിടക്ക് ഇതൊരു സ്വപ്നമാണോ എന്നൊരു തോന്നല്‍ വരുമെന്നതുമൊഴിച്ചാല് വളരെ എളുപ്പമാണ് മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ കൂടെയിരിക്കാന്‍. എത്രയൊളിപ്പിച്ചാലും നമ്മുടെ കണ്ണുകളിലൂടെ പുറത്തുചാടുന്ന ആരാധനയെ തന്റെ ലാളിത്യം കൊണ്ട് പുള്ളി തിരിച്ചകത്തേക്കുതന്നെ പറഞ്ഞയക്കും. നമ്പൂതിരിസാറിന്റെ വീട്ടിലേക്കുള്ള യാത്രയിലുടനീളം അദ്ദേഹം അവര്‍ തമ്മിലുള്ള അടുപ്പത്തെയും നമ്പൂതിരിച്ചിത്രങ്ങളുടെ സൗന്ദര്യത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. ഒരു നടനെന്നതിലുപരി അവിശ്വസനീയമായ ആസ്വാദനശേഷിയുള്ള വ്യക്തിയാണ് മോഹന്‍ലാല്‍.
ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിലെ ഒരു പ്രത്യേക ശ്ലോകത്തില്‍ ഒരു നമ്പൂതിരിച്ചിത്രത്തിന്റെ സാധ്യത കണ്ട്, ക്ഷമയോടെ നമ്പൂതിരിസാറിന്റെ പിറകെ നടന്ന് അത് പൂര്ത്തീകരിച്ചെടുത്തതും വര്‍ഷങ്ങള്‍ക്കുശേഷം തന്റെവീട്ടില്‍ ഒരു സൗഹൃദസന്ദര്‍ശനത്തിനിടയില്‍ അതേചിത്രം കണ്ട്, അല്പനേരം നോക്കിനിന്ന് 'ഇത് വരച്ചത് ഞാന്‍ തന്നെയാണോ?' എന്നദ്ദേഹം ചോദിച്ചതും ലാല്‍സാര്‍ ഓര്‍ത്തെടുത്തു. തന്റെ മനസ്സില്‍ തെളിയുന്ന രൂപങ്ങള്‍ ചിത്രങ്ങളായി കാണാനുള്ള ആ ആഗ്രഹമാണ് ഈ യാത്രയ്ക്കു പിറകിലുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ തെളിഞ്ഞത് കാമദേവനാണ്. അരൂപിയായ കാമദേവന് നമ്പൂതിരി കാന്‍വാസില്‍ പ്രത്യക്ഷപ്പെട്ടത് ഒരു ഗന്ധര്‍വനായും.

പൂമുഖത്ത് കാത്തുനിന്നിരുന്ന നമ്പൂതിരിസാറിന്റെ കാല് തൊട്ടുവന്ദിച്ചാണ് മോഹന്‍ലാല്‍ അകത്തുകയറിയത്. അതു തടയാന്‍ ശ്രമിച്ച് നമ്പൂതിരി സാര്‍ അദ്ദേഹത്തിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് അകത്തേക്ക് ക്ഷണിച്ചു. താന്‍ തൊണ്ണൂറ്റിയാറാം വയസ്സില്‍ വരച്ച ആറടിയോളം ഉയരമുള്ള ഗന്ധര്‍വന്റെ ചിത്രം നിറഞ്ഞമനസ്സോടെ കണ്ട്, ഒന്നും മിണ്ടാതെ വീണ്ടും വന്ദിക്കാനായി കുനിഞ്ഞ മോഹന്‍ലാലിന്റെ കൈകള്‍ തന്റെ കൈകള്‍ക്കുള്ളിലാക്കി അദ്ദേഹം പതുക്കെ തടവി. വാര്‍ധക്യത്തിലാണ് കൈകള്‍ക്ക് ഏറ്റവുംകൂടുതല്‍ സൗന്ദര്യമുണ്ടാവുക എന്നെനിക്ക് അതുകണ്ടപ്പോള്‍ മനസ്സിലായി. ഫോക്കസും ഫ്രെയിമും നോക്കാതെ ഞാനും സുഹൃത്തായ ശരണും ആ സ്നേഹം മുഴുവന്‍ ഞങ്ങളുടെ ക്യാമറകളില്‍ പകര്‍ത്തിയെടുത്തു. പകുതിയിലധികം അവിടെത്തന്നെ നിറഞ്ഞൊഴുകിയെങ്കിലും 'ഗന്ധര്വന്' എന്നുതന്നെ പേരിട്ട ഒരു കുഞ്ഞുചിത്രമൊരുക്കാന് എനിക്ക് കിട്ടിയതെല്ലാം ധാരാളമായിരുന്നു.
ഒരാഴ്ചയോളം എടുത്താണ് ഏഴുമിനിറ്റ് മാത്രംവരുന്ന ആ ഡോക്യുമെന്ററി ഞാന്‍ എഡിറ്റ് ചെയ്തത്. ആ ദിവസങ്ങള്‍ മുഴുവനും തൊണ്ണൂറ്റിയാറാം വയസ്സിലും തന്റെ പ്രതിഭകൊണ്ട് അദ്ഭുതപ്പെടുത്തുന്ന, അടുത്തിടപഴകുന്നവരുടെ മനസ്സില്‍ ബഹുമാനത്തിന്റെതാഴെ സ്നേഹംകൊണ്ട് നമ്പൂതിരി എന്നെഴുതിയിടുന്ന ആ അസാമാന്യ കലാകാരനെ ഞാന്‍ കണ്ടു. ഒരുതരിപോലും അഭിനയിക്കാത്ത മോഹന്‍ലാലിനെ ആരാധകനായും തമാശ പറഞ്ഞ് സ്വയംമറന്ന് ചിരിക്കുന്ന സുഹൃത്തായും കണ്ടു. കൂടെ, ഈ സന്തോഷം മുഴുവന്‍ ഏഴുമിനിറ്റോളം കൈക്കുമ്പിളില്‍ പിടിച്ചുനിര്‍ത്താന്‍ ഭാഗ്യംകിട്ടിയ എന്നെത്തന്നെയും.
ആ ഡോക്യുമെന്ററി കണ്ട് ഒരുപാടുപേര് എന്നെ വിളിച്ചിരുന്നു. അതിലൊന്ന് ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു. മോഹനനായിരുന്നു. എണ്‍പതുകളില്‍ പയ്യന്നൂരില്‍ നടന്ന നമ്പൂതിരിയുടെ ഒരു എക്സിബിഷനാണ് അദ്ദേഹം ഓര്‍മിച്ചത്. അന്ന് ഇരുപതിനടുത്തുമാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം നമ്പൂതിരിച്ചിത്രങ്ങള്ക്കൊപ്പം പ്രദര്‍ശിപ്പിച്ച, ഒരു പ്രതലത്തില്‍ രൂപങ്ങള്‍ പൊന്തിനില്ക്കുന്ന 'ബാസ്-റിലീഫ്' എന്നറിയപ്പെടുന്ന ശില്പകല കാണാനിടയായി. അതിശയവും കൗതുകവും സഹിക്കാനാകാതെ, നമ്പൂതിരിക്ക് ചുറ്റുമുണ്ടായിരുന്ന ആരാധകവൃന്ദത്തെ മറികടന്ന് ആ ചെറുപ്പക്കാരന് ഇതെങ്ങനെയാണ് അങ്ങ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിച്ചു. ഒന്ന് നോക്കിച്ചിരിച്ച്, ക്ഷമയോടെ ഒരു പുതിയ പ്രതലമെടുത്ത് താനാദ്യമായി കാണുന്ന ആ യുവാവിന് ബാസ് റിലീഫ് ഉണ്ടാക്കുന്നതെങ്ങനെയാണെന്ന് അദ്ദേഹം വിശദമായി കാണിച്ചുകൊടുത്തു.
അന്ന് അതിനോടൊപ്പം മോഹനന്‍സാര്‍ പഠിച്ചെടുത്തത്, ഒരാള്‍ എത്ര ഉയരങ്ങളിലെത്തിയാലും മുറുകെപ്പിടിക്കേണ്ടത് എളിമയാണെന്ന തിരിച്ചറിവുകൂടെയായിരുന്നു. സകല വിദ്യകളുടെയും ദേവതയായ സരസ്വതീദേവി ഇരിക്കുന്നത് ഒരിതള്‍പോലും മുങ്ങാത്ത താമരപ്പൂവിലാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അഹങ്കാരത്തിന്റെ ഒരു കണികയുടെ ഭാരംപോലും ആ താമരയിതള് അറിയുന്നില്ല. ചിത്രങ്ങള്‍ക്കരികില്‍ ഞാന്‍ വായിക്കുന്ന 'നമ്പൂതിരി' എന്ന എഴുത്തിന് ഇപ്പോള്‍ ആ താമരയിതളിന്റെ ഭംഗിയാണ്.
Content Highlights: Mohanlal, Artist Namboothiri, Gandharvan , Akhil Sathyan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..