എം.പി. വീരേന്ദ്രകുമാർ | ഫോട്ടോ: മധുരാജ്
എം.പി. വീരേന്ദ്രകുമാറിനെപ്പറ്റി എനിക്കുള്ള പരാതി പ്രവര്‍ത്തനമേഖല കേരളത്തിന്റെ പുറത്തേക്ക് കാര്യമായി വികസിപ്പിച്ചില്ല എന്നതാണ്. രാഷ്ട്രീയപാരമ്പര്യവും സമ്പത്തും ഉള്ള കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് അമേരിക്കയിലാണ്. പഠിക്കുന്നകാലത്തേ പുതിയ വിഷയങ്ങളും ചിന്താരീതികളുമായി പരിചയമായി എന്നര്‍ഥം. വീരേന്ദ്രകുമാറിന്റെ ഏറ്റവും വലിയ സിദ്ധി പ്രസംഗമാണ്. കേരളത്തിലെ എണ്ണംപറഞ്ഞ പ്രഭാഷകരിലൊരാളാണദ്ദേഹം. ഇംഗ്ലീഷിലും ഒന്നാന്തരമായി പ്രസംഗിക്കും. എം.ടി. വാസുദേവന്‍നായര്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റായിരിക്കെ - പത്തിരുപതുകൊല്ലം മുന്‍പാണ് - തൃശ്ശൂരില്‍ സംഘടിപ്പിച്ച സാഹിത്യകാരന്മാരുടെ അഖിലേന്ത്യാ സംഗമത്തിലെ അതിഥികള്‍ക്ക് മാതൃഭൂമി ഒരുക്കിയ വിരുന്നില്‍ അദ്ദേഹം ഇംഗ്ലീഷില്‍ ചെയ്ത പ്രഭാഷണം ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്.
കേരളത്തിലെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും സ്വഭാവവും വികാരഭാരത്തോടെ വിവരിച്ചുകൊണ്ട്, എങ്ങനെയാണ് കെ.പി. കേശവമേനോന്റെ നേതൃത്വത്തില്‍ മാതൃഭൂമി രൂപംകൊണ്ടുവന്നത് എന്നദ്ദേഹം വര്‍ണിച്ചു; അതിന്റെ ചരിത്രത്തിലെ പ്രതിസന്ധികളും നേട്ടങ്ങളും പോരായ്മകളും എടുത്തുകാണിച്ചു; ദേശീയതാത്പര്യങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച് പത്രം നിലനില്ക്കുന്നതിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. ''മഹാത്മാഗാന്ധി കയറിപ്പോയ കോണിപ്പടികളിലൂടെയാണ് ഞങ്ങള്‍ നിത്യവും രാവിലെ ഓഫീസിലേക്ക് കയറിവരുന്നതും വൈകുന്നേരം വീട്ടിലേക്ക് മടങ്ങിപ്പോവുന്നതും എന്ന ബോധം ഞങ്ങളില്‍ ഓരോരുത്തര്‍ക്കുമുണ്ട്'' എന്ന വാക്യത്തിന് കിട്ടിയ കൈയടി ഏറെ നീണ്ടുനിന്നു.
പിന്നെ പലരും ആ പ്രസംഗത്തെപ്പറ്റിയാണ് സംസാരിച്ചത്. അന്യഭാഷകളില്‍നിന്നെത്തിയ പലരും ആളെ കേട്ടിട്ടുണ്ട്; പലരും കേട്ടിട്ടില്ല. സ്വകാര്യസംഭാഷണത്തില്‍ എനിക്ക് പലരോടും വീരേന്ദ്രകുമാറിന്റെയും പിതാവ് പത്മപ്രഭയുടെയും രാഷ്ട്രീയത്തെപ്പറ്റി വിശദീകരിക്കേണ്ടിവന്നു. ആ സഭയ്ക്ക് ചേര്‍ന്നവിധം ഇന്ത്യ എന്ന വികാരം തുടിച്ചുനില്ക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ ആ പ്രസംഗം പ്രാപ്തമായി - ഞങ്ങള്‍ക്കിടയിലെ ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ പെട്ടെന്ന് അപ്രത്യക്ഷമായപോലെ!
ഈ പ്രസംഗത്തിന്റെ കഥ അയവിറക്കാനിടയായ ഒരു സന്ദര്‍ഭത്തില്‍ എം.ടി. പറഞ്ഞു: ''കന്നഡത്തിലും വീരേന്ദ്രകുമാര്‍ അസ്സലായി പ്രസംഗിക്കുമെന്ന് യു.ആര്‍. അനന്തമൂര്‍ത്തി പറഞ്ഞുകേട്ടിട്ടുണ്ട്.'' അതെനിക്ക് പുതിയ അറിവായിരുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ സോഷ്യലിസത്തിന്റെ പ്രതിരൂപമായ റാം മനോഹര്‍ ലോഹ്യയുടെ ചിന്താമണ്ഡലവുമായി ഇടപഴകുവാന്‍ കുട്ടിക്കാലത്തുതന്നെ സാഹചര്യമുണ്ടായിരുന്ന വീരേന്ദ്രകുമാര്‍ കേരളത്തിലെ സോഷ്യലിസ്റ്റ് വക്താക്കളില്‍ പ്രധാനിയാണ്. രാഷ്ട്രീയപരിജ്ഞാനവും ഭാഷാസ്വാധീനവും വേണ്ടുവോളമുള്ള ഈ നേതാവ്, ഇന്ത്യയിലെ ഏത് നഗരത്തിലും ചെന്ന് പ്രസംഗിക്കുവാനും പ്രവര്‍ത്തിക്കുവാനും കോപ്പുണ്ടായിരുന്ന ഈ പൊതുപ്രവര്‍ത്തകന്‍, അങ്ങനെ പടര്‍ന്നുപിടിക്കാതെപോയതെന്ത് എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
ജനാധിപത്യത്തിന്റെ ഇന്നത്തെ മുഖ്യശത്രുവായ മതവര്‍ഗീയതയെ എവിടെയും ഏറ്റെതിര്‍ക്കുന്ന രാഷ്ട്രീയമാണ് വീരേന്ദ്രകുമാറിന്റേത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിക്കുന്ന ഘടകവും ഇതുതന്നെ, സംശയമില്ല. നമ്മുടെ നാട്ടിലെ മതേതരത്വത്തിന്റെ ശബ്ദങ്ങളില്‍ മുഖ്യമായ ഒന്ന് അദ്ദേഹത്തിന്റേതാണ്. രാമജന്മഭൂമിപ്രസ്ഥാനം മൂത്തുവരുന്നതിനനുസരിച്ച് ആ എതിര്‍പ്പ് കരുത്താര്‍ജിക്കുന്നത് കാണാം. ബാബറിനശീകരണത്തെത്തുടര്‍ന്ന് ഉളവായ കലുഷാന്തരീക്ഷത്തില്‍ അദ്ദേഹം എഴുതിയ 'രാമന്റെ ദുഃഖം' എന്ന ലേഖനം (1993) മലയാളത്തിലെ പ്രതിരോധരചനകളില്‍ ശ്രദ്ധേയമായിരുന്നു. ആ ലേഖനം 'ഈശ്വരനെ രക്ഷിക്കാനിറങ്ങിയ മനുഷ്യരെ' പരിഹസിക്കുന്നു; രാമന്റെ ധര്‍മബോധത്തെ ചവിട്ടിമെതിച്ച കര്‍സേവകരെ കുറ്റപ്പെടുത്തുന്നു; അധികാരത്തിലൂടെ ഈശ്വരസാക്ഷാത്കാരം തേടുന്നതിന്റെ അസംബന്ധത തുറന്നുകാട്ടുന്നു. 'സര്‍വസംഗപരിത്യാഗികളാ'യ സന്ന്യാസിമാര്‍ അധികാരരാഷ്ട്രീയത്തിന്റെ ഭാഗമായിത്തീര്‍ന്ന് ബാബറിനശീകരണത്തില്‍ പങ്കുവഹിക്കുന്നതിന്റെ യുക്തി വീരേന്ദ്രകുമാറിന് തിരിഞ്ഞുകിട്ടുന്നില്ല. തന്റെ മാതൃകാപുരുഷന്മാരില്‍ പ്രധാനിയായ സ്വാമി വിവേകാനന്ദനിലേക്ക് ചൂണ്ടിയാണ് അദ്ദേഹം പലപ്പോഴും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ് മുഖം അനാവരണംചെയ്യാറ്. പ്രശ്നം വിശ്വാസമോ ആചാരമോ മതചിഹ്നമോ ഒന്നുമല്ല; അധികാരസമ്പാദനത്തിനുവേണ്ടി മതവികാരത്തെ ദുരുപയോഗം ചെയ്യുന്ന തീവ്രവാദരാഷ്ട്രീയമാണ് എന്നര്‍ഥം.
ഈ ദുരവസ്ഥയില്‍ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ എന്ത് ചെയ്യണം? കഷ്ടം, മുസ്ലിങ്ങളില്‍ അപൂര്‍വം ചിലരും അവരുടെ 'രക്ഷിതാക്കളാ'യി വരുന്ന ചിലരും വിചാരിക്കുന്നത് ഇതിന് പ്രതിവിധി മുസ്ലിം തീവ്രവാദമാണെന്നാണ്. വീരേന്ദ്രകുമാര്‍ എഴുതുന്നു: ''തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹൃതമാകണമെങ്കില്‍ മുസ്ലിങ്ങള്‍ എന്തുചെയ്യണം എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്... സാമുദായിക സംഘടനാപ്രവര്‍ത്തനത്തെക്കാള്‍ ഏറെ ഫലപ്രദമാവുക മതേതരവീക്ഷണവുമായി അവര്‍ താദാത്മ്യംപ്രാപിക്കുമ്പോഴാണ്'' (രാമന്റെ ദുഃഖം). ഹിന്ദുത്വ ഫാസിസത്തെ മുസ്ലിം തീവ്രവാദംകൊണ്ട് പ്രതിരോധിക്കുക എന്നത് സര്‍വനാശത്തിലേ കലാശിക്കൂ എന്ന ആരോഗ്യപൂര്‍ണമായ ജനാധിപത്യബോധമാണ് അദ്ദേഹം എവിടെയും ഉയര്‍ത്തിപ്പിടിക്കുന്നത്.
മതേതരത്വം എന്ന സങ്കല്പത്തെപ്പറ്റി പലതരം തെറ്റിദ്ധാരണകള്‍ പ്രചാരത്തിലുണ്ട്.
1. മതേതരത്വം എന്നത് മതരാഹിത്യമാവണം എന്ന് ചില നിരീശ്വരവാദികള്‍.
2. മതേതരത്വം എന്നത് മതവിരുദ്ധതയാണ് എന്ന് ഹിന്ദുത്വരാഷ്ട്രവാദികളും ഇസ്ലാമികരാഷ്ട്രവാദികളും.
ഇതേപ്പറ്റി വീരേന്ദ്രകുമാര്‍ നിലപാട് വിശദീകരിക്കുന്നുണ്ട്: ''യൂറോപ്യന്‍ മതേതരത്വത്തില്‍നിന്ന് പൂര്‍ണമായും ഭിന്നമാണ് ഭാരതീയ മതേതരസങ്കല്പം. രാജ്യത്തെ വിദേശാധിപത്യത്തില്‍നിന്ന് മോചിപ്പിച്ച ദേശീയപ്രസ്ഥാനത്തില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നതായിരുന്നു ഇന്ത്യന്‍ സെക്യുലറിസം. മഹാത്മജിയും മൗലാനാ ആസാദും തങ്ങളുടെ മതങ്ങളില്‍ ഉറച്ച് വിശ്വസിച്ചിരുന്നുവെങ്കിലും അവര്‍ മതേതരത്വത്തിന്റെ ശക്തരായ വക്താക്കളായിരുന്നു'' ('മതേതരത്വവും ന്യൂനപക്ഷവും' എന്ന ലേഖനം, 2002). മതരഹിതമായ മതേതരത്വമല്ല, മതസഹിതമായ മതേതരത്വമാണ് ഇന്ത്യയില്‍ പുലരുന്നതും പുലരേണ്ടതും. ഇക്കാര്യത്തില്‍ എന്ത് പറയുമ്പോഴും വീരേന്ദ്രകുമാര്‍ ഉദ്ധരിക്കുന്നതും ഉദാഹരിക്കുന്നതും ഗാന്ധിജിയെയാണ്. ഗാന്ധിജി മതവിരോധിയാണ് എന്ന് ഹിന്ദുത്വഫാസിസ്റ്റുകളൊഴിച്ച് ആരും പറയില്ല. കാര്യം ലളിതമാകുന്നു: ഇന്ത്യന്‍ ദേശീയതയുടെ മറ്റൊരു പേരാണ് മതേതരവാദം. ഹിന്ദുദേശീയതയുടെ മറ്റൊരു പേരാണ് ഹിന്ദുരാഷ്ട്രവാദം. ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമാണ് ഗാന്ധിജി, ഹിന്ദുദേശീയതയുടേത് ഗോഡ്‌സെയും. ആദ്യത്തേത് എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന ജനാധിപത്യം; രണ്ടാമത്തേത് അന്യവിശ്വാസങ്ങളെ ചവിട്ടിയമര്‍ത്തുന്ന ഒരുകൂട്ടരുടെ മതാധിപത്യം. ആദ്യത്തെത് അഹിംസാനിഷ്ഠമായ സമാധാനം; രണ്ടാമത്തെത് ഹിംസാനിഷ്ഠമായ സംഘര്‍ഷം.
ഇന്ത്യയില്‍ മതേതരത്വം ജീര്‍ണിക്കുന്നു എന്നതിന്റെ ഒരര്‍ഥമേയുള്ളൂ - നമ്മുടെ ജനാധിപത്യം ദുര്‍ബലമായിത്തീരുന്നു. ഇതിനെതിരേ നിരന്തരം പൊരുതിയ മലയാളത്തിലെ പോരാളികളില്‍ പ്രധാനിയാണ് എം.പി. വീരേന്ദ്രകുമാര്‍.
Content Highlights: M.N. Karassery, M.P. Veerendra kumar, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..