എം. മുകുന്ദൻ | ഫോട്ടോ: മധുരാജ്
ഞാന്‍ എന്റെ ഡല്‍ഹി ജീവിതകാലത്ത് എട്ടുവര്‍ഷം താമസിച്ചത് സൗത്ത് എക്സ്റ്റന്‍ഷനിലാണ്. പല ഫ്‌ളാറ്റുകളിലായിരുന്നു അത്. ആദ്യം രാഘവേട്ടന്റെകൂടെ. പിന്നീട് രാജന്‍ കാക്കനാടന്റെകൂടെ. അതിനുശേഷം ഭാര്യയും മക്കളുമായി മറ്റൊരു ഫ്ളാറ്റില്‍. സൗത്ത് എക്സ്റ്റന്‍ഷനില്‍നിന്ന് ഓഫീസിലേക്ക് നടന്നുപോകാം. വേഗം നടന്നാല്‍ പത്തു മിനിറ്റ്. പതുക്കെ നടന്നാല്‍ പതിനഞ്ചു മിനിറ്റ്. സൗത്ത് എക്സ്റ്റന്‍ഷനില്‍ താമസിക്കുന്ന കാലത്താണ് എന്റെ കാല്‍ മണ്ണിലുറച്ചത്.
മയ്യഴിപോലെത്തന്നെ ഡല്‍ഹിയും എന്റെ നാടാണെന്ന് തിരിച്ചറിഞ്ഞു. സൗത്ത് എക്സ്റ്റന്‍ഷനില്‍ ഒരുപാട് ജീവിതാനുഭവങ്ങളുണ്ടായി. ഞാന്‍ എഴുത്തുകാരനായത് അവിടെവെച്ചാണ്. എംബസിയിലെ ജോലിയില്‍ ഉറച്ചതും അവിടെവെച്ചുതന്നെ. പല സൗഹൃദങ്ങളുമുണ്ടായി. സക്കറിയയെയും രാജന്‍ കാക്കനാടനെയും പാരീസ് വിശ്വനാഥനെയും അക്കിത്തം നാരായണനെയും ആധുനിക ചിത്രകലയുടെ സൈദ്ധാന്തികനും കുലപതിയുമായ ജെ. സ്വാമിനാഥനെയും പരിചയപ്പെടുന്നതും അവരുമായി സൗഹൃദം വളരുന്നതും സൗത്ത് എക്സ്റ്റന്‍ഷനില്‍വെച്ചാണ്. ഖുഷ്വന്ത് സിങ്ങിനെ ആദ്യമായി കണ്ടതും അവിടെവെച്ചുതന്നെ.
സൗത്ത് എക്സ്റ്റന്‍ഷനില്‍നിന്ന് ഡിഫന്‍സ് കോളനിയിലേക്ക് നടന്നുപോകാനുള്ള ദൂരമേയുള്ളൂ. സര്‍വീസില്‍നിന്നു പിരിഞ്ഞ ബ്രിഗേഡിയര്‍മാരും കേണല്‍മാരും വിങ് കമാന്‍ഡര്‍മാരുമൊക്കെ താമസിക്കുന്ന ഇടമാണത്. അതിനാലാണ് ഡിഫന്‍സ് കോളനിയെന്ന പേര് അതിന് നല്‍കിയത്. ധനികരും പരിഷ്‌കൃതരും താമസിക്കുന്ന സ്ഥലം. ചില എംബസി നയതന്ത്ര ഉദ്യോഗസ്ഥരും അന്നവിടെ താമസിക്കുന്നുണ്ടായിരുന്നു. അവിടെയാണ് വി.കെ.എന്റെ പയ്യന്‍സിനെ നമ്മള്‍ കണ്ടത്. പയ്യന്‍സിന്റെ ജനാധിപത്യരാജ്യമായിരുന്നു ഡിഫന്‍സ് കോളനി. വി.കെ.എന്റെ ചാത്തന്‍സിനെയും അയാള്‍ ഡല്‍ഹിക്കാരനല്ലെങ്കിലും നാമവിടെ കണ്ടുമുട്ടി.
അവിടെ പൂവുകള്‍ വില്‍ക്കുന്ന നാലഞ്ച് കടകളും രണ്ട് മദ്യഷാപ്പുകളും നൂഡില്‍സ് ലഭിക്കുന്ന ഒരു ചൈനീസ് റസ്റ്റോറന്റുമുണ്ടായിരുന്നു. ആ നാളുകളില്‍ പരിഷ്‌കാരികള്‍ കഴിക്കുന്ന ഒന്നായിരുന്നു നൂഡില്‍സ്. സായാഹ്നങ്ങളില്‍ ഡിഫന്‍സ് കോളനി മാര്‍ക്കറ്റില്‍ സുന്ദരികളും സുന്ദരന്മാരും കൂട്ടത്തോടെ ഇറങ്ങിനടക്കുന്നത് കാണാമായിരുന്നു. അവരുടെകൂടെ പയ്യന്‍സും മേഞ്ഞുനടന്നു. പ്രബുദ്ധരായ മലയാളികള്‍ക്ക് ഡിഫന്‍സ് കോളനി വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സ്ഥലമല്ല, പയ്യന്‍സ് വിഹരിക്കുന്ന സ്ഥലമാണത്.
ഒരുദിവസം സൗത്ത് എക്സ്റ്റന്‍ഷന്‍ പാര്‍ട്ട് വണ്ണിനെയും പാര്‍ട്ട് ടുവിനെയും വേര്‍തിരിക്കുന്ന റിങ് റോഡ് മുറിച്ചുകടന്ന് അന്നത്തെ രണ്ടാമത്തെ സിഗരറ്റ് വലിച്ച് പുകവിട്ടുകൊണ്ട് നടന്ന് ഓഫീസിലെത്തിയപ്പോള്‍ കൗണ്‍സലര്‍ പറഞ്ഞു:
''ഞാന്‍ നിനക്കുവേണ്ടി ഒരു പാര്‍ട്ടി നടത്താന്‍പോകുന്നു''
''എനിക്കുവേണ്ടിയോ''
വിശ്വാസം വന്നില്ല. ഓഫീസിന് പൂക്കളും പുല്‍ത്തകിടിയുമുള്ള മനോഹരമായ ഒരു ലോണുണ്ട്. അവിടെ ചില സായാഹ്നങ്ങളില്‍ കോക്ടെയില്‍ പാര്‍ട്ടികള്‍ നടത്താറുണ്ട്. അത് പാരീസില്‍നിന്ന് വിശിഷ്ടവ്യക്തികള്‍ സന്ദര്‍ശനത്തിനുവരുമ്പോഴായിരിക്കും. ഇന്ത്യക്കാരായ വിശിഷ്ടവ്യക്തികളും പങ്കെടുക്കും. ഞാനങ്ങനെയൊരു മഹദ് വ്യക്തിയൊന്നുമല്ലല്ലോ. കൗണ്‍സലര്‍ ഫലിതം പറഞ്ഞതാണോ എന്ന് ഞാന്‍ സംശയിച്ചു. അത് ഫലിതമായിരുന്നില്ല.
ലോണിന്റെ അറ്റത്ത് ചേര്‍ത്തുവെച്ച മേശകളില്‍ വെള്ളവിരികള്‍ വിരിച്ചിരുന്നു. ഗ്ലാസുകള്‍ നിരത്തിവെച്ചിരുന്നു. നീണ്ടതണ്ടുള്ള ഗ്ലാസുകള്‍ വൈന്‍ കുടിക്കാനുള്ളതാണ്. ബൗളുകളില്‍ ഒലിവ് പഴങ്ങളും ചിസും നിറച്ചുവെച്ചിരുന്നു. അതൊരു ശനിയാഴ്ചയായിരുന്നു.
ആദ്യമായാണ് ഒരു കോക്ടെയില്‍ പാര്‍ട്ടിക്ക് പോകുന്നത്. മാത്രമല്ല, ഞാന്‍ മുഖ്യാതിഥിയാണ്. വിശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കിലും അത് വാസ്തവമാണ്. പാര്‍ട്ടിക്കുപോകുമ്പോള്‍ ധരിക്കാനുള്ള കുപ്പായമൊന്നും ഇല്ലായിരുന്നു. കൂട്ടത്തില്‍ നല്ലത് എന്നുതോന്നിയ കറുത്ത പാന്റ്സും നീല ഷര്‍ട്ടും വീണ്ടും വീണ്ടും ഇസ്തിരിയിട്ട് ചുളിവുകള്‍ മുഴുവന്‍ മാറ്റി. അടിഭാഗം തേഞ്ഞ ഷൂസ് വീണ്ടും വീണ്ടും പോളിഷ് ചെയ്ത് തിളക്കി. അതൊക്കെ ധരിച്ച് ചാര്‍മിനാര്‍ സിഗരറ്റിന്റെ പാക്കറ്റ് മറക്കാതെയെടുത്ത് കീശയില്‍വെച്ച് ഞാന്‍ ഓഫീസിലേക്കുപോയി.
കറുത്ത സൂട്ടുധരിച്ച കൗണ്‍സലര്‍ എന്നെക്കണ്ടപ്പോള്‍ ഷെയ്ക് ഹാന്‍ഡ് ചെയ്തു. പതിവുപോലെ അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്ന് നറുമണം പരന്നിരുന്നു. അപ്പോള്‍ ഞാന്‍ എംബസിയിലെ സാംസ്‌കാരികവകുപ്പിലെ ഫ്രഞ്ച് ഇംഗ്ലീഷ് ടൈപ്പിസ്റ്റ് കം സെക്രട്ടറിയെന്ന ചെറിയ ഉദ്യോഗസ്ഥനായിരുന്നില്ല, എഴുത്തുകാരനായിരുന്നു.
വളരെക്കാലംമുമ്പ് എംബസിയുടെ പ്രസ് സെക്ഷനില്‍ ഒരു ബംഗാളി എഴുത്തുകാരന്‍ ചെറിയൊരു കാലയളവില്‍ ജോലിചെയ്തിരുന്നു. നീരദ് സി. ചൗധരിയായിരുന്നു അത്. പിന്നീട് അദ്ദേഹം. 'ദി ഓട്ടോബയോഗ്രഫി ഓഫ് ആന്‍ അണ്‍നോണ്‍ ഇന്ത്യന്‍' പോലുള്ള പുസ്തകങ്ങള്‍ എഴുതി പ്രശസ്തിയാര്‍ജിച്ചു. എനിക്ക് നീരദ് സി. ചൗധരിയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ എംബസിയില്‍ ചേരുന്നതിനു പത്തുവര്‍ഷം മുമ്പുതന്നെ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് കുടിയേറിപ്പാര്‍ത്തിരുന്നു. കടുത്ത ഇന്ത്യാവിരുദ്ധനായ ചൗധരിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ 'കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എമ്പയര്‍' എന്ന ഉന്നത ബഹുമതിനല്‍കി ആദരിക്കുകയുണ്ടായി. എനിക്കിഷ്ടപ്പെട്ട ചൗധരിയുടെ പുസ്തകം 'ദി കോണ്ടിനന്റ് ഓഫ് സര്‍സീ' ആണ്. വി.എസ്. നയ്പോളിന്റെ ഇന്ത്യാവിരുദ്ധതയെക്കാളും മൂര്‍ച്ചയുള്ളതായിരുന്നു ചൗധരിയുടെ വിമര്‍ശനം.
എന്നെ പരിചയപ്പെടുത്താന്‍വേണ്ടി ഒരുക്കിയ സായാഹ്നപ്പാര്‍ട്ടിയിലേക്ക് ആരെയൊക്കെയാണ് ക്ഷണിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. ഡല്‍ഹിയിലെ മലയാളികളല്ലാത്ത ഒരെഴുത്തുകാരനെയും അന്നെനിക്ക് പരിചയമില്ലായിരുന്നു. ഖുഷ്വന്ത് സിങ്ങിനെയും ഭീഷ്മ സാഹ്നിയെയും കുറിച്ച് കേട്ടിട്ടുണ്ടെന്നുമാത്രം. ഭീഷ്മ സാഹ്നിയുടെ സഹോദരനാണ് ബല്‍രാജ് സാഹ്നി എന്നുപോലും അറിയില്ലായിരുന്നു. അത്രയും അജ്ഞനായിരുന്നു ഞാന്‍.
പാര്‍ട്ടിക്ക് ആദ്യമെത്തിയത് കൃഷ്ണചൈതന്യ എന്നപേരില്‍ എഴുതുന്ന കെ.കെ. നായരായിരുന്നു. കെ.കെ. നായര്‍ എരിയുന്ന ഒരു ചുരുട്ട് കടിച്ചുപിടിച്ചുകൊണ്ടാണ് കടന്നുവന്നത്. അദ്ദേഹം അടുത്തുവന്നപ്പോള്‍ ഞാന്‍ അറിയാതെ ഒരടി പിന്‍വാങ്ങി, ആ ചുരുട്ടിന്റെ എരിയുന്ന അറ്റം എന്റെ കണ്ണില്‍ക്കുത്തുമെന്ന ഭയത്താല്‍. കെ.കെ. നായര്‍ എന്നോട് മലയാളത്തില്‍ സംസാരിച്ചപ്പോള്‍ ആശ്വാസംതോന്നി. ഇനി വരാന്‍പോകുന്ന എല്ലാ അതിഥികളും മലയാളികളായിരുന്നെങ്കില്‍... ഞാന്‍ ആഗ്രഹിച്ചുപോയി.
(മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന, എഴുത്തുകാരന്‍ എം. മുകുന്ദന്റെ 'എന്റെ എംബസിക്കാലത്തിന്റെ' ഏഴാം അധ്യായത്തില്‍നിന്ന്)
Content Highlights: M. Mukundan, Delhi memories, Ente embassykkalam, Mayyazhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..