എം. മുകുന്ദൻ | ഫോട്ടോ: ഉണ്ണിക്കൃഷ്ണൻ പി.ജി
എംബസി ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ ഡല്‍ഹിയെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ലല്ലോ. ഡല്‍ഹിയുടെ ഭാഗമാണല്ലോ എംബസി. ഡല്‍ഹി സൗന്ദര്യത്തിനുള്ളില്‍ ഹിംസ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു നഗരമാണ്. ആ അറിവ് തീവ്രമായപ്പോഴാണ്, ഞാന്‍ 'ഡല്‍ഹി-81' എന്ന കഥയെഴുതിയത്. മുറിവേറ്റ മാനവികതയുടെയും ഹിംസയുടെയും കഥയാണത്.
ഒരുദിവസം ഞാന്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മുമ്പിലൂടെ നടക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. രാവിലെ ഒമ്പതിനും പത്തിനും ഇടയില്‍ നഗരത്തിലെ എല്ലാ റോഡുകളിലും ഭയങ്കര തിരക്കായിരിക്കും. മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു മുമ്പിലെ വീതി കുറഞ്ഞ ഫുട്പാത്തിലൂടെ ആളുകള്‍ തട്ടിയും മുട്ടിയും ഒഴുകുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും വയോധികരുമൊക്കെയുണ്ടായിരുന്നു. പോക്കറ്റടിക്കാരും യാചകരും ഉണ്ടായിരുന്നു. അവരുടെ ഇടയിലൂടെ നടക്കുമ്പോള്‍ കാലില്‍ എന്തോ തടഞ്ഞു. ഞാന്‍ തിരിഞ്ഞുനോക്കി. ഒരാള്‍ ഒരു വശം ചെരിഞ്ഞു കിടക്കുന്നു. കണ്ണുകള്‍ പകുതി തുറന്നിരിക്കുന്നു. തുറന്നുകിടക്കുന്ന വായില്‍ സ്ഥാനം തെറ്റിയ മഞ്ഞപ്പല്ലുകള്‍ കാണാം. മുഖത്ത് ഈച്ചകളും മറ്റെന്തൊക്കെയോ ചെറുപ്രാണികളും വിഹരിക്കുന്നു. അത് തണുത്തുറഞ്ഞ ഒരു മൃതദേഹമായിരുന്നു. ഫുട്പാത്തിലൂടെ നടന്നു പോകുന്നവരില്‍ ആരും അത് കണ്ടതായി ഭാവിച്ചില്ല. അവര്‍ക്ക് തിരക്കായിരുന്നു.
ഡല്‍ഹിയുടെ അയല്‍ ഗ്രാമത്തില്‍നിന്ന് ഏതോ മാരകരോഗം വന്ന് അവശനായി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സ തേടിവന്ന ഒരു പാവമായിരിക്കാം അയാള്‍. അങ്ങനെ ഒരുപാടുപേര്‍ ഡല്‍ഹിയില്‍ വരുന്നുണ്ട്. അവരെപ്പോലുള്ളവര്‍ക്ക് എന്ത് ചികിത്സ കിട്ടാന്‍? ജനിച്ചുവളര്‍ന്ന സ്വന്തം ഗ്രാമത്തില്‍നിന്ന് അവര്‍ വരുന്നത് പാതവക്കില്‍ ഇങ്ങനെ മരിച്ചുകിടക്കാനാണ്. അധികാരവും പണവും ഉള്ളവര്‍ക്കുമാത്രം ജീവിക്കാനുള്ള ഒരു ക്രൂരനഗരമായി ഡല്‍ഹി മാറിക്കൊണ്ടിരിക്കുകയാണ്.
ഡല്‍ഹിയെക്കുറിച്ച് ഞാന്‍ ധാരാളം എഴുതിക്കഴിഞ്ഞു. രണ്ടു നോവലുകളുണ്ട്. കുറെ കഥകളുണ്ട്. എന്നിട്ടും എഴുതാന്‍ ബാക്കിയിരിക്കുന്നു. എഴുതാതിരിക്കാന്‍ കഴിയുന്നില്ല. ജെയിംസ് ജോയിസ് ഒരിക്കല്‍ പറഞ്ഞു: ''ഞാന്‍ എല്ലായിപ്പോഴും ഡബ്ലിന്‍ നഗരത്തെക്കുറിച്ച് എഴുതുന്നു. കാരണം എനിക്ക് ഡബ്ലിന്‍ ഹൃദയം തൊടുവാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ എല്ലാ നഗരങ്ങളുടെയും ഹൃദയം തൊട്ടറിയാന്‍ കഴിയും.'' ഡല്‍ഹിയെക്കുറിച്ച് ഇതുതന്നെ പറയാന്‍ തോന്നുന്നു. ഡല്‍ഹി നഗരത്തെ അറിഞ്ഞാല്‍ ലോകത്തിലെ എല്ലാ മഹാനഗരങ്ങളെയും അറിയാന്‍ കഴിയും.

എങ്ങനെയാണ് നമ്മള്‍ ഒരു മഹാനഗരത്തെ അറിയുന്നത്? ഇറ്റാലോ കല്‍വിനോ തന്റെ ഇന്‍വിസിബിള്‍ സിറ്റീസ് എന്ന വളരെ മൗലികമായ പുസ്തകത്തില്‍ പറയുന്നു: 'നിങ്ങള്‍ കണ്ണുകള്‍ കാണുന്നതിനെയല്ല, മറിച്ച് ഉള്‍ക്കണ്ണുകള്‍ കാണുന്നതിനെയാണ് പിന്തുടരേണ്ടത്, മായ്ച്ചതിനെ, മറവുചെയ്തതിനെ.'
ഡല്‍ഹി മഹാനഗരത്തെ ഉള്‍ക്കണ്ണുകളാല്‍ കാണാനാണ് ഞാനെപ്പോഴും ശ്രമിച്ചത്. അതുകൊണ്ടാണ് ഡല്‍ഹി ഗാഥകളില്‍ കൊണാട്ട്‌പ്ലേസിലെ സുന്ദരികളെയും സുന്ദരന്മാരെയും ഒഴിവാക്കി ഗോവിന്ദ്പുരിയിലെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നവരെക്കുറിച്ചു പറഞ്ഞത്.
സുകേതു മെഹ്ത മാക്‌സിമം സിറ്റിയിലും കാതറീന്‍ ബൂ ദ ബ്യൂട്ടിഫുള്‍ ഫോറെവര്‍ സിലും (ഠവല ആലമൗശേളൗഹ എീൃല്‌ലൃ)െ പറയുന്നത് അതുതന്നെയാണ്. മുംബൈ മഹാനഗരത്തെക്കുറിച്ചുള്ളതാണ് ഈ രണ്ടു ക്ലാസിക് പുസ്തകങ്ങളും. എനിക്കുതോന്നുന്നു, ഹിംസയ്ക്ക് സൗന്ദര്യമുണ്ടെന്ന് തെളിയിച്ച നഗരമാണ് ഡല്‍ഹിയെന്ന്. അതിക്രൂരതയും ലാവണ്യവും പരിണയിക്കുന്നതുകണ്ട് ഞാന്‍ അദ്ഭുതപ്പെടാറുണ്ട്. നിശ്ശബ്ദതയില്‍ കാതോര്‍ത്താല്‍, ഡല്‍ഹിയില്‍ എല്ലായിടത്തും മരണത്തിന്റെ ലിത്തുനിയകള്‍ കേള്‍ക്കാം. ഇപ്പോള്‍ എന്റെ ഡല്‍ഹിലോകത്തില്‍ ഭൂമി വിട്ടുപോയവരാണ് ഏറെയും. ജയദേവന്‍, ഒ.വി. വിജയന്‍, വി.കെ. മാധവന്‍കുട്ടി, വി.കെ.എന്‍., കാക്കനാടന്‍... എല്ലാവരും ഭൂമി വിട്ടുപോയിരിക്കുന്നു.
എംബസിയിലെ ഒരു പതിവ് സന്ദര്‍ശകനായിരുന്നു മാധവന്‍കുട്ടി. എല്ലാ കോക്ടെയില്‍ പാര്‍ട്ടികളിലും അത്താഴവിരുന്നുകളിലും മാധവന്‍കുട്ടിയുണ്ടാകും. എന്നാല്‍, ഒരു തുള്ളി വൈനോ വിസ്‌കിയോ കുടിക്കാറില്ലായിരുന്നു. ബിയര്‍പോലും കൈകൊണ്ട് തൊടില്ല. കൈയില്‍ വൈന്‍ ഗ്ലാസുകളുമായി നില്‍ക്കുന്ന അതിഥികള്‍ക്കിടയില്‍ മാധവന്‍കുട്ടിയെ കണ്ടാല്‍ മദ്യം വിളമ്പുന്ന പരിചാരകര്‍ ഫ്രൂട്ട് ജൂസുമായി അരികില്‍ ചെല്ലും. മാധവന്‍കുട്ടി മദ്യം തൊടില്ലെന്ന് അവര്‍ക്കറിയാം. എംബസി വിരുന്നുകളില്‍ വന്ന് വൈന്‍ കഴിക്കാതെ സ്വബോധത്തോടെ തിരികെ വീട്ടില്‍ പോകുന്ന അപൂര്‍വം അതിഥികളില്‍ ഒരാളായിരിക്കണം മാതൃഭൂമി ബ്യൂറോ ചീഫായിരുന്ന മാധവന്‍കുട്ടി.
എന്റെ ഓഫീസിനരികില്‍ രവീന്ദ്ര ഭവനിലായിരുന്നു മാധവന്‍കുട്ടി താമസിച്ചിരുന്നത്. സരോദ് വാദകന്‍ പണ്ഡിറ്റ് അംജാദ് അലി ഖാന്‍ അവിടെ ഒരു നിത്യസന്ദര്‍ശകനായിരുന്നു. അദ്ദേഹം വരുമ്പോള്‍ മാധവന്‍കുട്ടി എന്നെയും വിളിക്കും. മീന്‍കറിയും കൂട്ടി ഞങ്ങള്‍ ഭക്ഷണം കഴിക്കും. പണ്ഡിറ്റ് അംജാദ് അലി ഖാന് കേരളരീതിയിലുള്ള മത്സ്യക്കറി വളരെ ഇഷ്ടമായിരുന്നു. മാധവന്‍കുട്ടി മത്സ്യം കഴിക്കില്ല. മാംസവും കഴിക്കില്ല. പക്ഷേ, സന്തോഷത്തോടെ എല്ലാവര്‍ക്കും അതൊക്കെ വിളമ്പിക്കൊടുക്കും.
ഞാന്‍ ഡല്‍ഹിയില്‍ വരുന്നതിനുമുമ്പുതന്നെ ഒ.വി. വിജയനും വി.കെ.എന്നും മാധവന്‍കുട്ടിയും അവിടെ സന്നിഹിതരായിരുന്നു. 1956-ലാണ് മാതൃഭൂമി പത്രത്തിന്റെ പ്രതിനിധിയായി മാധവന്‍കുട്ടി ഡല്‍ഹിയിലെത്തുന്നത്. രണ്ടുവര്‍ഷത്തിനുശേഷം, 1958-ല്‍ ഒ.വി. വിജയനും വന്നു. പിന്നീടാണ് കാക്കനാടനും വി.കെ.എന്നും ഡല്‍ഹിയില്‍ താമസം തുടങ്ങിയത്. കുറെക്കൂടി കഴിഞ്ഞപ്പോള്‍ എന്‍. എസ്. മാധവന്‍ വന്നു. അധികമൊന്നും സംസാരിക്കാത്ത മാധവന്റെ ചിന്താഭാരമുള്ള വാക്കുകള്‍ക്കുവേണ്ടി ഞാന്‍ എപ്പോഴും കാതോര്‍ത്തിരുന്നിരുന്നു.
ഒ.വി. വിജയനെ ഞാന്‍ ആദ്യമായി കാണുന്നത് കേരള ക്ലബ്ബില്‍ വെച്ചാണ്. ഒരു കഥ വായിക്കാന്‍ പോയതായിരുന്നു ഞാന്‍. 'കള്ളന്‍ നായ' എന്ന കഥയാണ് വായിച്ചത്. കഥ വായിക്കാനായി എഴുന്നേറ്റുനിന്നപ്പോള്‍ എന്റെ കണ്ണ് ആദ്യം പതിഞ്ഞത് മുമ്പിലിരിക്കുന്ന ഒ.വി. വിജയനിലായിരുന്നു. വിജയന്‍ എന്നെ നോക്കി ഒരു നിഗൂഢമായ ചിരി ചിരിച്ചു. ആ ചിരിയുടെ അര്‍ഥം ഇപ്പോഴും അഞ്ച് പതിറ്റാണ്ടുകള്‍ക്കുശേഷവും എനിക്ക് മനസ്സിലായിട്ടില്ല. വിജയന്റെ വാക്കും ചിരിയും മനസ്സിലാക്കാന്‍ പ്രത്യേക പരിശീലനം ആവശ്യമാണ്.
എന്നിലെ കഥാകൃത്തിനെ രൂപപ്പെടുത്തുന്നതില്‍ കേരള ക്ലബ്ബിലെ സാഹിതീസഖ്യം അതിന്റേതായ ഒരു പങ്ക് വഹിച്ചിരുന്നു. പില്‍ക്കാലം ചര്‍ച്ച ചെയ്യപ്പെട്ട പല കഥകളും അവിടെയാണ് ആദ്യം അവതരിപ്പിച്ചത്. വായിക്കുന്ന കഥകളോളം തന്നെ പ്രധാനപ്പെട്ടതായിരുന്നു ആ കഥകളെക്കുറിച്ച് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവരുന്ന നിരീക്ഷണങ്ങള്‍. അഭിപ്രായം പറയുന്നവര്‍ ചില്ലറക്കാരായിരുന്നില്ല. ഒ.വി. വിജയന്‍, വി.കെ.എന്‍., കാക്കനാടന്‍, ഓംചേരി എന്‍.എന്‍. പിള്ള, ഐ.കെ.കെ. മേനോന്‍, ചെറിയാന്‍ കെ. ചെറിയാന്‍... അങ്ങനെ പോകുന്നു അവരുടെ നിര.
ഒ.വി. വിജയന്‍ വളരെ കുറച്ചുമാത്രമേ സംസാരിക്കാറുള്ളൂ. ഞാന്‍ വായിച്ച കഥ കേട്ട് എന്തെങ്കിലും പറഞ്ഞാല്‍ എനിക്കത് മനസ്സിലാകാറില്ല. അടുത്തിരിക്കുന്ന ആളോട് ഞാന്‍ ചോദിക്കും: ''എന്താണ് വിജയന്‍ പറഞ്ഞത്?'' അയാള്‍ പറയും: ''എനിക്കും മനസ്സിലായില്ല.''
ഒ.വി. വിജയന്‍ പറയുന്നത് അദ്ദേഹത്തിനുമാത്രമേ മനസ്സിലാകാറുള്ളൂ. ഒരിക്കല്‍ ഞാനങ്ങനെ അഭിപ്രായപ്പെട്ടപ്പോള്‍ വി.കെ. മാധവന്‍കുട്ടി സ്വരം താഴ്ത്തി പറഞ്ഞു: ''വിജയന്‍ പറയുന്നത് വിജയനും മനസ്സിലാകാറില്ല.''
അപ്പോള്‍ വിജയന്‍ ഖസാക്ക് എഴുതിക്കഴിഞ്ഞിരുന്നില്ല. ഡല്‍ഹിയിലെ മലയാളികള്‍ക്ക് വിജയന്‍ എന്ന എഴുത്തുകാരനെ അറിയില്ലായിരുന്നു. അവര്‍ക്ക് വിജയന്‍ മൗലികമായ ആശയങ്ങള്‍ അവതരിപ്പിക്കുന്ന വലിയൊരു ചിന്തകനും കാര്‍ട്ടൂണിസ്റ്റുമായിരുന്നു.
1940-ലാണ് കേരള ക്ലബ്ബ് സ്ഥാപിതമായത്. കൊണാട്ട് പ്ലേസിലെ കണ്ണായ സ്ഥലത്താണ് ക്ലബ്ബ് സ്ഥിതിചെയ്യുന്നത്. ഒന്നാംനിലയില്‍. മൂന്ന് മുറികളുണ്ട്. ആദ്യകാലത്ത് ഒരു മുറി നാല് ബാച്ച്ലര്‍മാര്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. അവര്‍ മുറിയില്‍ അവരുടെ നാല് കട്ടിലുകള്‍ നിരത്തിയിട്ടിരുന്നു. പിന്നീട് വാടകയ്ക്ക് കൊടുക്കുന്നത് നിര്‍ത്തി. കോണിപ്പടി കയറിച്ചെല്ലുന്നയിടത്തെ വലിയ മുറിയിലാണ് സാഹിതീസഖ്യം ചേര്‍ന്നിരുന്നത്.
കേരള ക്ലബ്ബിലെ സാഹിതീസഖ്യം എഴുത്തുകാര്‍ക്ക് കഥയും കവിതയും വായിച്ചുകേള്‍പ്പിക്കാന്‍ മാത്രമുള്ള ഒരു ഇടമായിരുന്നില്ല. അത് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒത്തുചേരാനുള്ള ഒരു സ്ഥലംകൂടിയായിരുന്നു. 1940-ലാണ് കേരള ക്ലബ്ബ് രൂപംകൊണ്ടത്. കുറച്ചു കാലത്തിനുശേഷമാണ് സാഹിതീസഖ്യം ആരംഭിച്ചത്. ഓംചേരി എന്‍.എന്‍. പിള്ളയാണ് അതിന് മുന്‍കൈയെടുത്തത്. ഓംചേരിയുടെ പരിശ്രമഫലമായാണ് സാഹിതീസഖ്യം മലയാള സാഹിത്യത്തിലെ ഒരു പ്രസ്ഥാനമായി വളര്‍ന്നത്. ഇപ്പോള്‍ അദ്ദേഹത്തിന് നൂറു വയസ്സ് കഴിഞ്ഞിരിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ ഓഫീസ് വിട്ടാല്‍ ഞങ്ങളെല്ലാവരും കൊണാട്ട് പ്ലേസിലെ എം. ബ്ലോക്കിലെ ക്ലബ്ബില്‍ എത്തും. ഒ.വി. വിജയന്റെ സ്റ്റുഡിയോ തൊട്ടപ്പുറത്തായിരുന്നു. കൊണാട്ട് പ്ലേസിന്റെ പരിസരത്തു തന്നെയായിരുന്നു മിക്കവാറും എല്ലാവരും താമസിച്ചിരുന്നത്. അന്ന് ഡല്‍ഹി വളരെ ചെറിയൊരു നഗരമായിരുന്നു. സേതു പാര്‍ത്തിരുന്നത് കരോള്‍ബാഗിലായിരുന്നു. അന്ന് ഡല്‍ഹിയില്‍ സര്‍വവ്യാപിയായിരുന്ന ഫട് ഫട് എന്ന ഒച്ചവെച്ചോടുന്ന വാഹനത്തിലാണ് സേതു വരുക. അന്ന് എന്റെ ഓഫീസ് ഇത്തിരി ദൂരെ സൗത്ത് ഡല്‍ഹിയിലായിരുന്നു. അരമണിക്കൂര്‍ ബസിലിരിക്കണം.
സക്കറിയയും സച്ചിദാനന്ദനും ആനന്ദും ഒന്നും അപ്പോള്‍ ഡല്‍ഹിയില്‍ താമസം തുടങ്ങിരുന്നില്ല. അവരില്ലെങ്കിലെന്ത്? വി.കെ.എന്‍. ഉണ്ടല്ലോ. നൂറ് എഴുത്തുകാര്‍ക്ക് സമം ആണ് വി.കെ.എന്‍. ഞാന്‍ കഥ വായിക്കുന്നത് കേള്‍ക്കാനായി വി.കെ.എന്‍. കേരള ക്ലബ്ബിന്റെ വാതില്‍ കടന്ന് വരുമ്പോള്‍ ആജാനുബാഹുക്കളായ നൂറ് എഴുത്തുകാര്‍ ഒന്നിച്ച് അവിടേക്ക് കടന്നുവരുന്നതായി എനിക്കുതോന്നും. വി.കെ.എന്‍. സ്വയം പെരുകുന്ന ഒരു എഴുത്തുകാരനായിരുന്നു. ആദ്യകാലത്ത് അവിടെ കഥ വായിച്ചിരുന്നവരില്‍ ജയദേവനും പെടുന്നു. മനോഹരമായ കഥകളായിരുന്നു ജയദേവന്‍ എഴുതിയിരുന്നത്. ചില കഥകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നിരുന്നു. പിന്നീട് ജയദേവന്‍ ആഫ്രിക്കയിലേക്കു പോയി. അതോടെ എഴുത്തുനിന്നു.
(മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന, എഴുത്തുകാരന്‍ എം. മുകുന്ദന്റെ 'എന്റെ എംബസിക്കാല'ത്തിന്റെ അഞ്ചാം അധ്യായത്തില്‍നിന്ന്)
Content Highlights: M. Mukundan, Delhi memories, Ente embassykkalam, O.V. Vijayan, V.K. Madhavankutty
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..