എം.എഫ് ഹുസൈൻ | Photo: AP
ലോകത്തിനു മുന്നില്‍ സമകാലീന ഇന്ത്യന്‍ ചിത്രകലയുടെ മുഖമായി മാറിയ അനശ്വര ചിത്രകാരന്‍ എം.എഫ് ഹുസൈന്റെ ജന്മവാര്‍ഷിക ദിനമാണ് സെപ്തംബര്‍. സിനിമ പോസ്റ്റര്‍ രചയിതാവെന്ന നിലയില്‍ നിന്ന് വളര്‍ന്ന് ലോകത്തെ ഏറ്റവും വിപണിമൂല്യമുള്ള ഇന്ത്യന്‍ ചിത്രകാരനായി വളര്‍ന്ന ഹുസൈന്‍ എക്കാലവും വിവാദങ്ങളുടെ തോഴനായിരുന്നു. വിവാദങ്ങളും കേസുകളും വിടാതെ പിന്തുടര്‍ന്നപ്പോള്‍ 2006ല്‍ ഇന്ത്യ വിട്ട അദ്ദേഹം ഖത്തര്‍ പൗരത്വം സ്വീകരിച്ചു.
മഹാരാഷ്ട്രയിലെ പന്ഥര്‍പുറില്‍ 1915 സപ്തംബര്‍ 17ന് ജനിച്ച ഹുസൈനെ പ്രശസ്തനാക്കിയത് 1952ല്‍ സൂറിച്ചില്‍ നടന്ന പ്രദര്‍ശനമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് യു.എസ്സിലും യൂറോപ്പിലും വന്‍ സ്വീകാര്യത ലഭിച്ചു. മദര്‍ തെരേസാ പരമ്പരയും ലോകത്തിലെ ഒമ്പത് മതങ്ങളെ അടിസ്ഥാനമാക്കിയും കുതിരകളെ അടിസ്ഥാനമാക്കിയുമുള്ള ചിത്രപരമ്പരകളും 40 അടി ഉയരമുള്ള ഇരുപതാം നൂറ്റാണ്ടിന്റെ ഛായാചിത്രമെന്ന ചുവര്‍ചിത്രവും ആസ്വാദകരുടെ മനംകവര്‍ന്നു. പിന്നീട് ഹുസൈന്‍ ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ചിത്രകാരനായി മാറി. ക്രിസ്റ്റിലേലത്തില്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം എട്ടുകോടി രൂപയ്ക്കാണ് വിറ്റുപോയത്.
'55ല്‍ പദ്മശ്രീയും '67ല്‍ പദ്മഭൂഷണും '91ല്‍ പദ്മ വിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. '86ല്‍ രാജ്യസഭാംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കേരള സര്‍ക്കാര്‍ രാജാരവിവര്‍മ പുരസ്‌കാരം പ്രഖ്യാപിച്ചെങ്കിലും എതിര്‍പ്പുമൂലം അതു സമ്മാനിക്കാനായില്ല. ജോര്‍ദാനിലെ അമ്മാനിലുള്ള റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ ലോകത്തെ സ്വാധീനിച്ച 500 മുസ്ലിങ്ങളില്‍ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.
ചിത്രത്തെപ്പോലെ ചലച്ചിത്രത്തെയും ഇഷ്ടപ്പെട്ട ഹുസൈന്‍ 1967ല്‍ നിര്‍മിച്ച ആദ്യ ചലച്ചിത്രം 'ത്രൂ ദ ഐസ് ഓഫ് എ പെയ്ന്ററി'ലൂടെ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തിലെ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം നേടി. ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ ആരാധകനായ ഹുസൈന്‍ അവരെ നായികയാക്കി 'ഗജഗാമിനി' എന്ന സിനിമ സംവിധാനം ചെയ്തു. മാധുരിയെ വിഷയമാക്കി ഒരു നിര ചിത്രങ്ങളും അദ്ദേഹം രചിച്ചു. തബുവിനെ നായികയാക്കി മീനാക്ഷി: ദ ടെയ്ല്‍ ഓഫ് ത്രീ സിറ്റീസ് എന്ന സിനിമ സംവിധാനം ചെയ്‌തെങ്കിലും മുസ്ലിം സംഘടനകളുടെ എതിര്‍പ്പുകാരണം പിന്‍വലിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ ആത്മകഥ 'ദ മെയ്ക്കിങ് ഓഫ് ദ പെയ്ന്റര്‍' എന്ന പേരില്‍ ചലച്ചിത്രമായിട്ടുണ്ട്.
പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയുടെ പിക്കാസോ എന്നു വിശേഷിപ്പിച്ച ഹുസൈന് 1971ല്‍ സാവോപോളോയില്‍ ചിത്രപ്രദര്‍ശനത്തില്‍ സാക്ഷാല്‍ പാബ്ലോ പിക്കാസോയ്‌ക്കൊപ്പം പ്രത്യേകക്ഷണിതാവായി പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അദ്ദേഹത്തിന്റെ പേര് നിറഞ്ഞു നിന്നത് വിവാദങ്ങളുടെ പേരിലായിരുന്നു. ഹിന്ദുദേവതമാരുടെ നഗ്‌നചിത്രങ്ങള്‍ അദ്ദേഹത്തെ ഹിന്ദു സംഘടനകളുടെ കണ്ണിലെ കരടാക്കി.
കേസുകളും പ്രതിഷേധങ്ങളും തുടര്‍ക്കഥയായപ്പോള്‍ ഹുസൈന്‍ 2006ല്‍ ഇന്ത്യവിട്ടു ലണ്ടനിലേക്ക് പോയി. സ്വയം പ്രഖ്യാപിതപ്രവാസത്തിലായിരുന്ന അദ്ദേഹം കുറച്ചുകാലം ദുബായിലും താമസിച്ചു. 2010ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് ഇനിയൊരിക്കലും ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചു. 2011 ജൂണ്‍ 9-ന് ലണ്ടനില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
Content Highlights: Indian Painter MF Hussain birth anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..