ചിത്രീകരണം: ലിജീഷ് കാക്കൂർ
വീട് ഒരു പുഷ്പവനമായിരുന്നു. കവിയായ അച്ഛന്‍ ചെടികള്‍ നടുക മാത്രമായിരുന്നില്ല ചെയ്തിരുന്നത്. അത് മുളപൊട്ടുന്നത് മുതല്‍ പൂവണിയുന്നതുവരെ ആനന്ദത്തോടെയുള്ള പരിലാളനവും കാത്തിരിപ്പുമാണ്. ഒരു പ്രത്യേക വൃക്ഷത്തെ പ്രണയിച്ചുതുടങ്ങിയാല്‍ അത് ഇല്ലാതാകുംവരെ മറ്റൊരുചെടിയോടും അച്ഛന് താത്പര്യം ഉണ്ടാവാറില്ല. കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ മകള്‍ എഴുതിയ കുറിപ്പ്
1975-ല്‍, ഒരുപാടു കാലത്തെ കഷ്ടപ്പാടിനും കാത്തിരിപ്പിനും ശേഷമാണ് കുറച്ചു മണ്ണുവാങ്ങി, അച്ഛന്‍ ഒരു വീടുെവച്ചത്. അതും കുടുംബത്തില്‍ ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ വലിയൊരു പരിധിവരെ സാധിക്കുന്ന വിധത്തില്‍. മുന്നില്‍ അല്പം മുറ്റവും പിന്നില്‍ ചെറിയൊരു തൊടിയുമായി ഞങ്ങള്‍ 'അപരാജിത'യില്‍ ആ പത്തര സെന്റിന്റെ ജന്മികളായി ആഹ്ലാദത്തോടെ താമസംതുടങ്ങി. ചെടികളോടും മരങ്ങളോടും പ്രത്യേക ഇഷ്ടങ്ങളായിരുന്നു അച്ഛന്. ഒരു ചെടി നട്ടു മുളനീട്ടിത്തുടങ്ങിയാല്‍ അച്ഛന് കൊച്ചുകുട്ടികളെപ്പോലെ ആഹ്ലാദമാണ് - ഒരു പൂന്തോട്ടം സ്വന്തമായതുപോലെ. ഒരു പ്രത്യേക ചെടിയെ/ വൃക്ഷത്തെ പ്രണയിച്ചു തുടങ്ങിയാല്‍ അത് ഇല്ലാതാകുംവരെ മറ്റൊരു ചെടിയോടും/വൃക്ഷത്തിനോടും അച്ഛനു താത്പര്യം ഉണ്ടാകാറില്ല. പൂന്തോട്ടം എന്ന ചതുരത്തിലുള്ള ചട്ടക്കൂടൊന്നും ആ മനസ്സിലില്ലായിരുന്നു. അതുകൊണ്ട്, ഏതൊരു സാധാരണക്കാരനെയുംപോലെ, മുറ്റത്തിന്റെ അതിരില്‍ ഞങ്ങള്‍ കാശിത്തുമ്പയും തുളസിയും ചെമ്പരത്തിയും മഞ്ഞമന്ദാരവും നട്ടു. ഊണുമുറിക്കടുത്തുള്ള നടുമുറ്റത്തു പടരുന്ന പിച്ചിയും മുല്ലയും. പിന്നെ വീടിനു പിന്നിലുള്ള കൊച്ചുതൊടിയില്‍ തെങ്ങും വാഴയും കപ്പയും വെണ്ടയും കത്തിരിയും പച്ചമുളകും. അടുക്കളയ്ക്കരികില്‍ നിത്യവഴുതനയും വാളരിപ്പയറും വളര്‍ന്ന് ടെറസ്സിനു മുകളിലേക്ക് ആകാശവള്ളികള്‍ പടര്‍ത്തി, പന്തലിച്ചു.
അന്നൊരു സായാഹ്നത്തില്‍ അച്ഛന്‍ പുതിയ ഒരു ചെടി കൊണ്ടുവന്നു. സുഗതച്ചേച്ചി (സുഗതകുമാരി) വരദയില്‍നിന്നു തന്നയച്ചതാണ്. ഒരു മണ്‍ചട്ടിയില്‍ ചകിരിയും മണ്ണുമൊക്കെ നിറച്ച്, മണ്ണില്‍നിന്നു തണ്ടുകളില്ലാതെ നീണ്ടുനില്‍ക്കുന്ന ഇലകളുമായി, അത്ര കണ്ടുപരിചയമില്ലാത്ത ഒന്ന്. ഡൌ ഓര്‍ക്കിഡ് എന്നു പരിചയപ്പെടുത്തിത്തന്ന പേരിനെക്കാള്‍, മനസ്സില്‍ കയറിക്കൂടിയത് സുഗതച്ചേച്ചിയുടെ തന്നെ കപോതപുഷ്പം എന്ന കവിതയാണ്. ഒരുപാട് ഉള്‍പ്രിയത്തോടെ കപോതപുഷ്പം എന്ന പേരില്‍ത്തന്നെയാണ് അച്ഛന്‍ വിരുന്നുകാര്‍ക്ക് അതിനെ പരിചയപ്പെടുത്താറുള്ളത്. കാത്തിരിപ്പുകള്‍ക്കൊടുവില്‍, പതുക്കെ അതില്‍ ഒരു പൂങ്കുല നീണ്ടുവന്നു. കുഞ്ഞുറോസാപൂവുകളെ അനുസ്മരിപ്പിക്കുന്ന ഓരോ പൂവിന്റെയും വെളുത്ത, അല്പം കട്ടിയുള്ള ഇതളുകള്‍ക്കുള്ളില്‍, പറന്നുയരാന്‍ എന്നപോലെ ചിറകു വിരിച്ചുനില്‍ക്കുന്ന ഓരോ കുഞ്ഞുപിറാവുകള്‍.
''അഹഹ നിര്‍മല മനോജ്ഞരമ്യമീ
വിഹഗമെങ്ങനെ വന്നിതിനുള്ളിലായ്...''
എന്ന ആശ്ചര്യം കാഴ്ചക്കാരിലും പകര്‍ന്നുകൊണ്ട്, ഏറെക്കാലം അത് ഞങ്ങളുടെ മുറ്റത്തിന്റെ അതിശയമായി നിലകൊണ്ടു.
പിന്നീടൊരിക്കല്‍, എവിടെനിന്നോ വന്നുചേര്‍ന്ന വള്ളിച്ചെടിയെ എന്താണെന്നറിയാതെ ഞങ്ങള്‍ വെള്ളവും വളവും നല്‍കി പോറ്റിവളര്‍ത്തി. മികവുറ്റ, ഭംഗി തികഞ്ഞ കടുത്ത പച്ചനിറത്തിലുള്ള ഇലകള്‍ മുറ്റത്തിന്റെ മതില്‍ മൂടിക്കിടന്നു. കടും വയലറ്റുനിറമുള്ള അതിന്റെ വലിയ പൂവുകള്‍ക്ക് മദിപ്പിക്കുന്ന മധുരഗന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ധാരാളം ചിത്രശലഭങ്ങളും കിളികളും പക്ഷികളും അതില്‍ നിത്യസന്ദര്‍ശകരായിരുന്നു. സ്‌കൂള്‍കുട്ടികളും വഴിയാത്രക്കാരുമൊക്കെ അതിനെ ശ്രദ്ധിക്കുകയും അതെന്താണെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. വിരുന്നുകാര്‍ക്ക് ഈ വള്ളിച്ചെടിയും അതിന്റെ പൂക്കളും സുഗന്ധവും അകലെനിന്നുതന്നെ മാര്‍ഗദര്‍ശകമായിരുന്നു. പാഷന്‍ ഫ്രൂട്ടിന്റെ ചെടിയോടും പൂക്കളോടും നല്ല സാദൃശ്യമുണ്ടായിരുന്നെങ്കിലും അതൊരിക്കലും കായ്ച്ചിട്ടില്ല. പിന്നീടെപ്പൊഴോ, അതും കാലഹരണപ്പെട്ടു
ഒ.എന്‍.വി.മാഷിന്റെ നിശാഗന്ധി എന്ന കവിതയെക്കുറിച്ചു പറയുമ്പോഴൊക്കെ, അതിന്റെ ഒരു തൈ നട്ടുപിടിപ്പിക്കാനുള്ള ശ്രമമായി. പിടിച്ചുകിട്ടാന്‍ ഏറെ പണിപ്പെട്ടു എങ്കിലും ഒടുവില്‍ അതും സാധിച്ചു. പിന്നെ കിട്ടുന്ന സമയം മുഴുവന്‍ അതിന്റെ പിന്നാലെയായി. ഇലയില്‍നിന്നു മൊട്ടുവരുന്ന അദ്ഭുതവും കാത്ത് ഏറെ നാള്‍. പിന്നെ, ഇലയ്ക്കു താങ്ങാനാകുമോ എന്നു തോന്നുമാറ് വലുപ്പം വെക്കുന്ന പൂമൊട്ട് വിരിയാറായോ എന്ന് ഓരോ ദിവസവും അത്താഴത്തിനു ശേഷം,
പരിശോധിച്ചു നോക്കിയിട്ടേ ഉറങ്ങാന്‍ പോകൂ. അങ്ങനെ ആ ദിവസവും വന്നെത്തി. സന്ധ്യ മയങ്ങിയതോടെ, നേര്‍ത്തതും മായികവുമായ സുഗന്ധം പരത്തിക്കൊണ്ട് നിശാഗന്ധി ഓരോരോ ഇതള്‍ നിവര്‍ത്തിത്തുടങ്ങി. അര്‍ധരാത്രിയോടെ പൂ മുഴുവനായും വിടര്‍ന്ന് നിലാവില്‍ തിളങ്ങി വിളങ്ങിനിന്നു. പിന്നെ മെല്ലെമെല്ലെ തളര്‍ന്ന് ഇതളുകള്‍ കൂമ്പിയടഞ്ഞ് നിദ്രയിലാണ്ടു. അതുവരെ ഉറങ്ങാതെ, ഉറക്കം വരാതെ, ഞങ്ങള്‍ ആ മഹാദ്ഭുതം വീക്ഷിച്ചും വിസ്തരിച്ചും പാട്ടുകള്‍ പാടിയും കവിതകള്‍ ചൊല്ലിയും ആ രാത്രി ശിവരാത്രിയാക്കി!
മറ്റൊരിക്കല്‍, കുളത്തൂപ്പുഴയും അച്ചന്‍കോവിലും കണ്ടു മടങ്ങും വഴി, വിശ്രമത്തിനായി വഴിയരികില്‍ ബസ് നിര്‍ത്തിയിട്ടിരിക്കവേ, എങ്ങുനിന്നോ മാമ്പഴത്തിന്റെ ഹൃദ്യമായ ഗന്ധം. കൗതുകം സഹിയാതെ ഇറങ്ങി അതിന്റെ ഉദ്ഭവം അന്വേഷിച്ചു ചെന്നപ്പോള്‍, ആകാശംമുട്ടുന്ന ഉയരത്തില്‍ ഒരു മാവും അതിന്റെ ചുവട്ടില്‍ കുറേ മാമ്പഴങ്ങളും. കൈയിലുള്ള തൂവാലയില്‍ കുറച്ചെണ്ണം പൊതിഞ്ഞെടുത്ത് ബാഗില്‍ തിരുകി കൊണ്ടുവന്നു. അത്ര മധുരമോ സ്വാദോ ഉണ്ടായിരുന്നില്ല എങ്കിലും ദിവസങ്ങളോളം അതിന്റെ കൊതിപ്പിക്കുന്ന ഗന്ധം വീട്ടിനുള്ളില്‍ നിറഞ്ഞുനിന്നു. അതിന്റെ വിത്തുകളും അങ്ങിങ്ങായി കുഴിച്ചുെവച്ചവയില്‍ ഒന്ന് പിന്നിലെ തൊടിയില്‍ ഏതാണ്ട് നടുവിലായിത്തന്നെ, വളരാന്‍ തുടങ്ങി. ചെറുചില്ലകളെ താഴെ ഉലയാന്‍ വിട്ട്, കാറ്റിന്റെ കൈപിടിച്ച് വന്യമായും സമൃദ്ധമായും അതങ്ങ് ഉയരങ്ങളിലേക്ക് പൊങ്ങി. 'അച്ചന്‍കോവില്‍ മാവ്' എന്ന് അച്ഛന്‍ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും സുഹൃത്തുക്കളോടു പറയാന്‍ തുടങ്ങി. കാട്ടില്‍ ചെടികള്‍ കൊണ്ടുചെന്ന് നട്ട് ആഹ്ലാദിക്കുന്ന 'ആരണ്യക്' എന്ന ബംഗാളി നോവലിലെ യുഗളപ്രസാദനെപ്പോലെ. എന്നാല്‍, അച്ഛനെ നിരാശപ്പെടുത്തിക്കൊണ്ട്, ആ മാവ് ഒരിക്കലെങ്കിലും പൂക്കുകയോ കായ്ക്കുകയോ സുഗന്ധപൂരിതമായ മാമ്പഴങ്ങള്‍ സമ്മാനിക്കുകയോ ചെയ്തില്ല. വീടിന്റെ അംഗസംഖ്യ കൂടി, പിന്നില്‍ ഒരു വീടുകൂടി ആവശ്യമായി വന്നപ്പോള്‍, അതു വെട്ടി മാറ്റുകയും ചെയ്തു.
മറ്റൊരു സുപ്രഭാതത്തില്‍, ഗേറ്റ് തുറക്കുന്ന ശബ്ദംകേട്ട് ചെന്നുനോക്കിയപ്പോള്‍, മുന്നില്‍ വിഖ്യാത കലാകാരനും ചലച്ചിത്ര സംവിധായകനുമായ അരവിന്ദന്‍! സ്വതവേ അന്തര്‍മുഖനായ അദ്ദേഹം, ഒരു മുന്നറിയിപ്പും ഇല്ലാതെ, കാറിന്റെ ഡിക്കിയില്‍നിന്ന് ഒരു പൂച്ചട്ടിയുമെടുത്ത് നടന്നുവരുന്നു. രുദ്രാക്ഷത്തിന്റെ തൈ ആണ്. രണ്ടുപേരും ചേര്‍ന്ന് പുരയിടത്തിലാകെ നടന്നു സ്ഥാനം കണ്ട്, ഭക്തിപുരസരം, ഈശാനകോണിലായി അതു നട്ടു. വെള്ളമൊഴിക്കുന്നതിനു പകരം ഐസ് കട്ടകള്‍ അതിന്റെ ചുവട്ടിലിട്ടു - ഹിമാലയസാനുക്കളില്‍ വളരുന്ന വൃക്ഷമല്ലേ! കായ് പിടിക്കുന്നതും നോക്കി കാലം കടന്നുപോയി. അവസാനം ഉണ്ടായ ദുര്‍ബലമായ കായ്കള്‍ക്ക്, നല്ല ഹൈമവതഭൂവിലെ മണ്ണിന്റെയും കാലാവസ്ഥയുടെയും അഭാവം മൂലം ചങ്കുറപ്പോ നിശ്ചയദാര്‍ഢ്യമോ ഉണ്ടായിരുന്നില്ല. വലിയ കേടുപാടുകളൊന്നും കൂടാതെ അതിന്റെ ഒരു തൈ ശ്രീവല്ലി എന്ന വീട്ടിലും നട്ടുപിടിപ്പിച്ചിട്ടുണ്ട്.
വീടിന്നടയാളമായി ഏറെക്കാലം നിലകൊണ്ടത് കണിക്കൊന്നമരം തന്നെ. അന്നൊക്കെ മാര്‍ച്ച് മാസം തുടങ്ങുമ്പോള്‍ നീളുന്ന മഞ്ഞപ്പൂങ്കുലകള്‍, മരം നിറഞ്ഞു തകൃതിയായി പൂത്തുമറിഞ്ഞ്, വിഷുക്കാലത്തെ സമ്പന്നമാക്കി. ഇക്കാലമത്രയും മരച്ചുവടുമുഴുവന്‍ മഞ്ഞപ്പട്ടുവിരിപോലെ പൂക്കള്‍ മൂടിക്കിടക്കും. പക്ഷേ, പൂക്കാലമെല്ലാം കഴിഞ്ഞ് മഴ തുടങ്ങുമ്പോഴേക്ക് കൊഴിഞ്ഞുവീണ പൂക്കള്‍ക്കടിയില്‍നിന്നു മുട്ടവിരിഞ്ഞു മേലേക്കു നുരഞ്ഞുപൊന്തി വീടിന്റെ പുറവും അകവും നിറയുന്ന പുഴുക്കള്‍ ഞങ്ങളുടെ സമാധാനം നശിപ്പിക്കാന്‍ തുടങ്ങി. മുറ്റം തൂക്കുന്നതും പുഴുക്കളെ വാരിക്കളയുന്നതും ഒരു തലവേദനയായി മാറി. ഒടുവില്‍, ഒരു കാര്‍ഷെഡ് പണിയേണ്ട ആവശ്യം വന്നപ്പോള്‍, അല്പം മനോവേദനയോടെയാണെങ്കിലും അതു വെട്ടിക്കളയുകയും വേണ്ടിവന്നു. റോഡരികില്‍നിന്നു മാറി വീടിനു കുടപിടിച്ചു നിന്ന ആ കൊന്നമരം പലപ്പോഴും ഞങ്ങളുടെ വേനലവധികളുടെ വിശ്രമവും പരീക്ഷക്കാലങ്ങളുടെ ആധിയും അയല്പക്കവര്‍ത്തമാനങ്ങളുടെ കുശുമ്പും സൗഹൃദങ്ങളുടെ വേലിയേറ്റങ്ങളും കുഞ്ഞുങ്ങളുടെ കിളിക്കൊഞ്ചലുകളും അറിഞ്ഞിട്ടുണ്ട്.
കണിക്കൊന്നയ്‌ക്കൊപ്പം വീട്ടിലെത്തിയെങ്കിലും വൈകി പൂവണിഞ്ഞു ഞങ്ങളെ ഞെട്ടിച്ച വീരന്‍ പൂമരുതാണ്. ഗേറ്റിനരികില്‍ ഇടതുവശത്തായി ഏതാണ്ട് ത്രികോണാകൃതിയിലുള്ള ചെറിയ മുറ്റത്ത് സ്ഥാപിതനായ കക്ഷി, വെയിലും വെളിച്ചവും തേടി ചാഞ്ഞും ചെരിഞ്ഞും വളര്‍ന്ന്, ഗേറ്റിനു മേലാപ്പു ചാര്‍ത്തി പന്തലിച്ചു. അച്ഛന്‍ പുറത്തുപോയി വരുമ്പോള്‍, സൈക്കിളിന്റെ വിശ്രമസ്ഥാനമാണത്. അല്പം കുഴിയിലിരിക്കുന്ന വീട്ടില്‍നിന്നു മുകളിലേക്കു നോക്കിയാല്‍ ഇലച്ചാര്‍ത്തു മാത്രമേ കാണാന്‍ പറ്റൂ. എന്റെ ആദ്യ പ്രസവ കാലത്ത്, വീടിനു മുന്നിലെ നിരത്തിലൂടെ കടന്നു പോകുന്നവരുടെ ആരാധന നിറഞ്ഞ നോട്ടത്തിലൂടെയും വീട്ടിലേക്കുള്ള വിരുന്നുകാരുടെ വിവരണത്തിലൂടെയുമാണ് പൂമരുതു പൂത്ത വിവരം ഞങ്ങള്‍ അറിയുന്നത്. ആഴ്ചകള്‍ കാത്തിരുന്നശേഷം മാത്രമേ ഗേറ്റിനു പുറത്തിറങ്ങി, അല്പം അകലേക്കു നടന്ന് എനിക്ക് ആ ദൃശ്യം കൊതിതീരെ കാണാന്‍ കഴിഞ്ഞുള്ളൂ. പിങ്കു നിറമുള്ള പൂങ്കുലകള്‍ ആകാശത്തേക്കു തിരിനീട്ടി ഇളംകാറ്റില്‍ കാവടിയാട്ടം നടത്തുന്ന ആ ദൃശ്യം മറക്കാനാവില്ല! ചാഞ്ഞുകിടക്കുന്ന തടിമേല്‍ കയറിനിന്ന് ഇടയ്‌ക്കൊക്കെ അച്ഛന്‍ കൊമ്പുകളും ചില്ലകളും വെട്ടിമാറ്റി വൃത്തിയാക്കാറുണ്ട്. ഒരിക്കല്‍, അടുത്തവീട്ടിലേക്കു പന്തലിച്ചുനില്‍ക്കുന്ന കൊമ്പ് വെട്ടി മാറ്റണോ, ഇലകള്‍വീണ് മുറ്റമാകെ വൃത്തികേടായി നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ടോ, എന്ന് താമസക്കാരോടു ചോദിച്ചപ്പോള്‍, അവര്‍ തൊഴുതു കൊണ്ടു പറഞ്ഞു: ''അരുതേ, അത് അവിടെ നില്‍ക്കുന്നതു കൊണ്ട് വേനല്‍ക്കാലത്ത് അതിനോടു ചേര്‍ന്നുള്ള മുറിയില്‍ മാത്രമേ നല്ല തണുപ്പും തണലും കിട്ടൂ. ആ മുറിക്കുവേണ്ടി കുട്ടികള്‍ തമ്മില്‍ മത്സരമാണ്! എന്നിട്ടോ? പൂമരുതിന്റെ തടി വണ്ണം കൂടി അടിത്തറയിലും വീടിന്റെ കരിങ്കല്‍ഭിത്തിമേലും വിള്ളലുകള്‍ കണ്ടപ്പോള്‍, ഗത്യന്തരമില്ലാതെ വ്യസനത്തോടെ അതും വെട്ടിമാറ്റേണ്ടി വന്നു.
തുടരെത്തുടരെ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതുകൊണ്ടാകാം, പിന്നീട് തൈക്കാട്ട് മൂന്നര സെന്റില്‍ ആശ്രമസദൃശമായ 'ശ്രീവല്ലി' എന്ന വീട് നിര്‍മിച്ചപ്പോള്‍, അച്ഛന്‍ ചെമ്പരത്തിയും തുളസിയും ശംഖുപുഷ്പങ്ങളും മാത്രം നട്ടുവളര്‍ത്തിയത്. എങ്കിലും അച്ഛനെ വല്ലാതെ മോഹിപ്പിച്ചു വളര്‍ന്നുകളഞ്ഞു, മുറ്റത്തെ പുഷ്‌കരമുല്ല. വലിയ കുറ്റിച്ചെടിയാണത്. എന്നാല്‍, ആകൃതിയിലും സുഗന്ധത്തിലും മുല്ലപ്പൂക്കള്‍ തന്നെ. ശ്രീവല്ലിയില്‍ വീട്ടിലേക്ക് കയറാന്‍ ഗേറ്റ് കടന്ന് മുകളിലേക്കുള്ള പടിക്കെട്ടുകള്‍ കയറണം. ഗേറ്റിന് ഇടതുഭാഗത്ത് മുകളിലായിരുന്നു പുഷ്‌കരമുല്ലയുടെ സ്ഥാനം. മഴ കഴിഞ്ഞുള്ള വെയില്‍ പിറന്നാല്‍ പിന്നെയുള്ള സന്ധ്യകള്‍ അത് വീടിനെയും പരിസരത്തെയും സുഗന്ധപൂരിതമാക്കും. പ്രഭാതത്തില്‍ അതിന്റെ വെള്ള വിരിപ്പിനു മീതെ നടന്നു മാത്രമേ ഗേറ്റ് തുറക്കാനാവൂ. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം അച്ഛന് നടക്കാന്‍ ബുദ്ധിമുട്ടു തുടങ്ങിയപ്പോള്‍, പടിക്കെട്ടുകള്‍ മാറ്റി ചരിവാക്കി, ഇരു വശങ്ങളിലും പിടിച്ചു നടക്കാന്‍ കമ്പികളും വച്ചു. പുഷ്‌കരമുല്ലയുടെ അന്ത്യം എന്നു കരുതിയെങ്കിലും പ്രശസ്ത ശില്പിയായ ശങ്കറിന്റെ നിര്‍ദേശപ്രകാരം, അദ്ദേഹത്തിന്റെ പണിക്കാര്‍ അതിനെ കടവേരു സഹിതം ഇളക്കി മാറ്റി മറ്റൊരിടത്തു സ്ഥാപിച്ചു സംരക്ഷിച്ചു. ഭാഗ്യം, അത് ഇന്നും പൂക്കുന്നു, സുഗന്ധം പരത്തുന്നു!
അതില്‍നിന്ന് ആവേശം വീണ്ടെടുത്ത് അച്ഛന്‍ രണ്ടുതൈകള്‍ കൂടി! ആ ഇത്തിരി മണ്ണില്‍ നട്ടു: അഞ്ചിതളുകള്‍ക്കു നടുവില്‍ മഞ്ഞള്‍പ്പൊടി തൂവിയ പൂക്കള്‍ തരുന്ന ചമ്പകപ്പാലയും വിഷക്കായകള്‍ക്കിടയില്‍ മഞ്ഞക്കോളാമ്പികള്‍ നീട്ടുന്ന അരളിയും. പക്ഷേ, അതൊക്കെ മൂന്നര സെന്റുകാരന്റെ അതിമോഹമാണെന്ന് കാലം ഇന്നു ഞങ്ങളെ പഠിപ്പിക്കുന്നു. വീട്ടുകാര്യങ്ങള്‍ നോക്കിനടത്താന്‍ ആഴ്ച തോറുമുള്ള ഞങ്ങളുടെ തിരുവനന്തപുരം യാത്രകള്‍ കൊറോണ മൂലമുള്ള നിയന്ത്രണങ്ങളില്‍ പലപ്പോഴും തടസ്സപ്പെടുന്നു. പൂക്കളും ഇലകളും വീണ് തങ്ങളുടെ മുറ്റം വൃത്തികേടാകുന്നു എന്നാണ് ഇന്ന് അയല്പക്കക്കാരുടെ പരാതി. യുഗളപ്രസാദനായ അച്ഛന്‍ നട്ട ഇത്തിരിപ്പോന്ന ചമ്പകപ്പാലയുടെയും മഞ്ഞ അരളിയുടെയും കമ്പുകള്‍ വെട്ടാന്‍ യന്ത്രങ്ങളുമായി ആള്‍ക്കാര്‍ വന്ന് പണം ചോദിക്കുന്നു. വാചസ്പതിയായ വിഷ്ണു, മറുപടിക്കുള്ള വാക്കുകള്‍ക്കായി ഓര്‍മയില്‍ പരതുന്നു. തനിച്ചാകുന്ന അമ്മ തളര്‍ന്നു പോകുന്നു. വയ്യ. എത്രയും പെട്ടെന്ന് എനിക്കു പോകണം. ഇടയ്ക്കിടെ പോകണം. അയല്‍ക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഇലകള്‍ പെറുക്കണം; കമ്പുകള്‍ വെട്ടണം. പക്ഷേ, അവര്‍ ആവശ്യപ്പെടുന്നതുപോലെ, മുഴുവന്‍ വെട്ടിമാറ്റാന്‍ വയ്യ. ബാക്കി നിര്‍ത്തണം, ഇത്തിരി ചമ്പകപ്പാലയുടെ പൂക്കള്‍. ഇത്തിരി മഞ്ഞക്കോളാമ്പികള്‍, ഇത്തിരി പുഷ്‌കരമുല്ലയുടെ വിശുദ്ധി. കാരണം, അവ നട്ടുപിടിപ്പിച്ച വിറയാര്‍ന്ന ൈകയുകള്‍ ഇന്നും അനുഗ്രഹാശിസ്സുകളുമായി അല്പാല്പം ഉയരുന്നുണ്ട്. പറയുന്നുണ്ട് ഞങ്ങളോട്, ''ജീവിതത്തില്‍ വെറുതേയാകുന്നില്ല, ഭാവശുദ്ധിയും ഭംഗിയും വെണ്മയും...
Content Highlights: Malayalam poet Vishnu Narayanan Namboothiri, G. Aravindan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..