
ഇടശ്ശേരി
പൂതപ്പാട്ടും ഒരുപിടിനെല്ലിക്കയും കറുത്തചെട്ടിച്ചികളും കാവിലെപ്പാട്ടും അന്തിത്തിരിയും കൊച്ചനുജനുമെല്ലാം തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അതിന്റെ സ്രഷ്ടാവ് നിത്യതയിലേക്ക് മറഞ്ഞിട്ട് നാല്‍പ്പത്തിയാറ് സംവത്സരങ്ങള്‍ പിന്നിടുകയാണ്. ഇടശ്ശേരി ഗോവിന്ദന് നായര്‍ എന്ന ഇടശ്ശേരി. കവിതയും നാടകവും ഇടംവലം പുണര്‍ന്ന കവി. ഇടശ്ശേരി എന്ന അച്ഛനെ ഓര്‍ക്കുകയാണ് മകന് ഇ. മാധവന്.
പുത്തില്ലത്തെ വീടിന് കിഴക്കോട്ടു മുഖമായിരുന്നു. കിഴക്കേ തൊടിയില്‍ മാവുകളും, പ്ലാവും വാഴക്കൂട്ടങ്ങളും വടക്കേമൂലയില്‍ പാമ്പിന്‍കാവും ബ്രഹ്മരക്ഷസിന്റെ കുങ്കുമത്തറയും ഉണ്ടായിരുന്നു. വേലിയോട് ചേര്‍ന്ന് കൊന്നമരങ്ങളും കൃശഗാത്രരായ തേക്കിന്‍തൈകളും നിന്നിരുന്നു. മുറ്റത്ത് അച്ഛന് ഓമനിച്ചു വളര്‍ത്തിയിരുന്ന പിച്ചുകവള്ളികളിലും പനിനീര്‍ച്ചെടികളിലും പ്രഭാതസൂര്യന് വന്നെത്താന്‍ ഈ വൃക്ഷങ്ങളുടെ ഇലച്ചാര്‍ത്തുകളിലൂടെ ഊളിയിട്ടുവേണമായിരുന്നു. അങ്ങനെയൊരു പ്രഭാതത്തില്‍ അച്ഛന് ഉമ്മറത്തിണ്ണയില്‍ ഒരു കാല് കയറ്റിവെച്ച് മഞ്ഞില്‍ നനഞ്ഞ മുറ്റത്ത് തളം കെട്ടിക്കൊണ്ടിരുന്ന മഞ്ഞസൂര്യനെ നോക്കി ലയിച്ചുപാടിയിരുന്നത് മനസ്സില്‍ കൊത്തിവെച്ച ഒരു ചിത്രമാണ് - ''മഞ്ഞത്തെച്ചി പൂങ്കുലപോലെ മഞ്ജിമ വിടരും പുലര്‍കാലെ...
സുരക്ഷിതത്വത്തിന്റെ ചുമല് കാലത്തിന്റെ പാളികളിലൂടെ കൂടുതല്‍ ഇറങ്ങുമ്പോള്‍ എനിക്കുചുറ്റും ഇരുട്ടാണ്. തെക്കേ അറയില്‍ നാലു വയസ്സുകാരനായ ഞാന്‍ പനിപിടിച്ച് കിടക്കുക യാണ്. നിഗൂഡമായ ഭയവും അസഹ്യമായ ദാഹവും കാരണം ഞാന്‍ ഞരങ്ങിയിരിക്കണം. അപ്പോള്‍ അച്ഛന് അടുത്തുണ്ട്. പഞ്ചസാര ചേര്‍ത്ത് ഒരു ഗ്ലാസ് ജീരകവെള്ളം എനിക്കു തരികയാണ്. അമൃതു സേവിച്ചപോലെ, ദാഹം മാത്രമല്ല എല്ലാ ഭയങ്ങളും എന്നെ വിട്ടകന്നു. സുരക്ഷിതത്വത്തിന്റെ ചുമലില്‍ പറ്റിച്ചേര്‍ന്നു ആശ്വാസത്തോടെ ഞാന്‍ നിദ്രയുടെ താഴ് വരയിലേയ്ക്കിറങ്ങി.
പുത്തില്ലത്ത് വൈദ്യുതി വന്നത് വളരെകാലം പിന്നിട്ടാണ്. ഹരിയേട്ടനാണ് കല്‍ക്കത്തയില്‍ നിന്നും ആവശ്യമായ സര്‍വ്വസാധനങ്ങളും കൊണ്ടുവന്ന് വൈദ്യുതീകരണം നടത്തിയത്. അതുവരെ ഞങ്ങള്‍ കുട്ടികള്‍ ഒരു മേശവിളക്കിനു ചുറ്റും ചേര്‍ന്നിരുന്നാണ് പാഠങ്ങള്‍ ഉരുവിട്ടിരുന്നത്. ഒരു റാന്തല്‍ വിളക്ക് തിരി താഴ്ത്തി ഇടനാഴിയില്‍ വച്ചിരിക്കും. ആ ഇരുണ്ട രാത്രികള്‍ക്ക് എന്റെ മനസ്സില്‍ പ്രത്യേക സ്ഥാനമാണുള്ളത്. ''കൂരിരുളോമനേ നീങ്ങി നീങ്ങി, നേരിയ വെട്ടം വരികയായി'' എന്നീ വരികള്‍ എന്നെ എത്തിക്കുന്നത് പുത്തില്ലത്തെ വടക്കെ കുളത്തിലേയ്ക്കാണ്. രാവിന്റെ പുതപ്പുമാറ്റാന്‍ ആലസ്യം കാണിച്ച് പായലും ആമ്പല്‍ മൊട്ടുകളും നിറഞ്ഞ് പരന്നുകിടന്നിരുന്ന വടക്കേകുളം. എന്റെ സ്വകാര്യ ഭാവനയില്‍ ''വിവാഹ സമ്മാന ത്തിലെ വല്യേടത്തി ഇറങ്ങിയിറങ്ങി അപ്രത്യക്ഷയായത് ഈ കുളത്തിലായിരുന്നു. ഒരു പക്ഷേ, താഴ്ത്തിവെച്ച റാന്തല്തിരിയിലേയ്ക്ക് ഉറ്റുനോക്കി ആ രാത്രി മുഴുവന്‍ അവര്‍ ഉറങ്ങാതെ കിടന്നിരിക്കാം...
അച്ഛന്റെ ഒരു പതിവായിരുന്നു രാത്രി റാന്തല്വിളക്കുമെടുത്ത് അമ്മയേയും കൂട്ടി തൊടിയിലേക്കുള്ള യാത്ര. കുളത്തിലേയ്ക്ക്, കക്കൂസിലേയ്ക്ക്, കാറ്റില്‍ ഉതിര്‍ന്നു വീണ മാമ്പഴങ്ങള്‍ പെറുക്കാന്‍ - കാരണം എന്തുതന്നെ ആയാലും ആ പോക്ക് മുടക്കിയിരുന്നില്ല. ഗൃഹസ്ഥാശ്രമത്തിലെ പ്രശ്നങ്ങളും, അസ്വാരസ്യങ്ങളും സ്വന്തം കുട്ടികളുടെ മുന്നില്‍നിന്ന് മാറി ചര്‍ച്ചചെയ്ത് ജീവിതത്തിന്റെ താളം ശരിപ്പെടുത്താനുള്ള ഉപായമായിരുന്നു ഈ ദിനചര്യ എന്ന് ഞാന്‍ പിന്നീടാണ് മനസ്സിലാക്കുന്നത്. ഞങ്ങളില്‍ നിന്ന് എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും അവര്‍ തമ്മില്‍ ഇടയ്ക്കുണ്ടാവുന്ന സൗന്ദര്യപ്പിണക്കം ഗൃഹാന്തരീക്ഷം കനപ്പിക്കുന്നത് എങ്ങിനെയോ ഞാന്‍ പിടിച്ചെടുത്തിരുന്നു! അങ്ങനെയുള്ള ദിവസങ്ങളില്‍ അച്ഛന് കൂടുതല്‍ സമയം മേല്പറഞ്ഞ നിശാചര്യക്ക് ഉപയോഗിച്ചിരുന്നു എന്ന് തോന്നുന്നു. തിരിച്ചെത്തുമ്പോള്‍ അമ്മയുടെ മുഖത്ത് ശാന്തിയും ശബ്ദത്തില്‍ ഉത്സാഹവും പ്രകടമായിരിക്കും. അമ്മയെ കുറഞ്ഞൊന്ന് ശുണ്ഠിപിടിപ്പിക്കുന്നത് അച്ഛന് രസമായിരുന്നു. ''ഗൃഹഛിദ്രം' എന്ന കവിതയുടെ മുഖക്കുറിപ്പില്‍ പ്രസ്താവിച്ച പോലെ, ''സ്വന്തം പോരായ്മകളുടെ ഉത്തരവാദിത്തം സ്വന്തം കുടുംബിനിയില്‍ ആരോപിച്ച് കലശല്കൂട്ടുക എന്ന ''രസത്തില്‍ നിന്ന് ഉടലെടുത്തത്''. ആ 'രസം' പക്ഷേ സഹാനുഭൂതിയാല്‍ ആര്‍ദ്രം കൂടിയായിരുന്നു.
അച്ഛന്റെ അലമാരിയിലായിരുന്നു പുസ്തകങ്ങളും, മാതൃഭൂമി, ഹരിജന്‍, അരുണ എന്നിവയുടെ പഴയ ലക്കങ്ങളും. വീട്ടിലെ ലൈബ്രറി ആയിരുന്നു അത്. അതിലുണ്ടായിരുന്ന രണ്ടു പുസ്തകങ്ങള്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. മഹാകവി വള്ളത്തോളിന്റെ ''അഭിജ്ഞാനശാകുന്തളം'' പരിഭാഷയായിരുന്നു. അമ്മയ്ക്ക് കുട്ടികൃഷ്ണമാരാര് നല്കിയ വിവാഹസമ്മാനമായിരുന്നു അത്. ഒന്നാം പേജില്‍ത്തന്നെ മാരാര്‍ സ്വന്തം കൈപ്പടയില്‍ കുറിച്ചിരുന്ന വരികള്‍ അമ്മ ജീവിതത്തില്‍ നൂറു ശതമാനവും പാലിച്ചിരുന്നു. ''ശുശ്രൂഷിക്ക ഗുരുക്കളെ സുസഖിയായ് ചേരൂ സപത്നീ ജനേ, ഭര്ത്താവിന്നെതിര് ചെയ്തു പോകരു-- തവന് നിന്ദിക്കലും ശുണ്ഠിയാല്‍!' രണ്ടാമത്തെ പുസ്തകം ''ജനനനിയന്ത്രണം' എന്ന ലൈംഗികശാസ്ത്ര ഗ്രന്ഥമായിരുന്നു. ആരോഗ്യകരമായ ലൈംഗികവിദ്യാഭ്യാസത്തിന്റെ പ്രസക്തി മനസ്സിലാക്കി ഞങ്ങള്‍ക്കുവേണ്ടി അറിഞ്ഞുതന്നെയാണ് ആ ആധികാരികഗ്രന്ഥം വച്ചിരുന്നത് എന്നെനിക്കു തോന്നുന്നു. ഈ രണ്ടു പുസ്തകങ്ങളും പക്ഷേ ഒരു കാര്യം എന്നെ മനസ്സിലാക്കിത്തന്നു; അച്ഛനും അമ്മയ്ക്കും അവരുടേതായ വശ്യവും സ്വകാര്യവുമായ ഒരു ലോകമുണ്ട്. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം ഉത്തരവാദിത്തങ്ങളുടെ നിര്‍വ്വഹണത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല. ആ ബന്ധം യഥാര്‍ത്ഥത്തില്‍ പ്രണയമയം ആയിരുന്നു. മൂടിവെക്കാന്‍ പറ്റാത്തവിധം ആ പ്രണയവര്‍ണ്ണങ്ങള്‍ അമ്മയുടെ നേര്‍ത്ത പുഞ്ചിരിയിലും അച്ഛന്റെ പൊട്ടിച്ചിരിയിലും ഒരുപോലെ വെളിവായിരുന്നു. പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ അമ്മയെ കൂടെ കൊണ്ടുപോകാന്‍ അച്ഛന് ശ്രദ്ധിച്ചിരുന്നു. ''കൂട്ടുകൃഷി'' സംഘം മദ്രാസില്‍ പോയപ്പോഴും, അച്ഛന് സാഹിത്യ അക്കാദമി അവാര്‍ഡ് സ്വീകരിക്കാന്‍ ഡല്‍ഹിയ്ക്കു പോയപ്പോഴും അച്ഛന്റെ കൂടെ അമ്മയുണ്ടായിരുന്നു. അച്ഛന് കവിതയെഴുതിയാല്‍ ആദ്യം വായിപ്പിക്കുക അമ്മയെക്കൊണ്ടായിരുന്നു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ''മഹാഭാരതം'' തര്‍ജ്ജമ നിത്യവും അമ്മയാണ് അച്ഛന് വായിച്ചുകേള്‍പ്പിച്ചിരുന്നത്. ദീര്‍ഘകാലം ഇതു തുടര്‍ന്നു.
സമൂഹജീവിതത്തില്‍ പുലര്‍ത്തേണ്ടതായ മാനദണ്ഡങ്ങള്‍ വീട്ടിലെ സാഹചര്യത്തിലും പാലിക്കണമെന്ന ഒരു നീതി അച്ഛന്റെ ശിക്ഷാരീതിയുടെ പ്രത്യേകതയായിരുന്നു. ഒരു ദിവസം രാവിലെ - അതൊരു പുതുവര്‍ഷമായിരുന്നു- ഞാനും അനിയന് ദിവാകരനും കൂടി വഴക്കിടുകയായിരുന്നു, ഏകദേശം ഒരു ''ബാലി- സുഗ്രീവയുദ്ധം'! അപ്പോള്‍ അച്ഛന്റെ കനമേറിയ ശബ്ദം. ''മധു ഇവിടെ വരൂ!' പിന്നെ വിചാരണ. വിചാരണക്കിടയില്‍ ഉണ്ണിയേട്ടനെ വിട്ടു ഒരു വടി വെട്ടിക്കൊണ്ടുവരാന്‍. വിധിയുടെ സംക്ഷിപ്തം ഇതായിരുന്നു: ഞാന്‍ മുതിര്ന്നവന് എന്ന നിലയ്ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ അടികലശലിലേയ്ക്ക് തരംതാഴാതെ നോക്കേണ്ടത് എന്റെ കടമയായിരുന്നു. അതില്‍ പരാജയപ്പെട്ടതിനാല്‍ എനിയ്ക്ക് കൈവെള്ളയില്‍ അഞ്ച് അടി, ദിവാകരന് മൂന്ന് അടി മാത്രം! ശിക്ഷയ്ക്കുശേഷം വിഷാദം കലര്‍ന്ന ഇളിഭ്യതയോടെ ഇരിക്കുമ്പോള്‍ വീണ്ടും അച്ഛന് ഞങ്ങളെ വിളിക്കുന്നു. ഇപ്രാവശ്യം അമ്മ അച്ഛനു വിളമ്പിയ പ്രാതലില്‍ നിന്ന് ഞങ്ങള്‍ക്ക് ഓരോ പജഃ തരാനായിരുന്നു. ശിക്ഷയില്മാത്രം അച്ഛന് ഒതുക്കിയിരുന്നില്ല, അത് രക്ഷയിലേയ്ക്ക് വികസിച്ച് സ്നേഹത്തില്‍ അലിയിക്കുകയായിരുന്നു.
പിന്നീടൊരിക്കല്‍, രാത്രി ഞങ്ങള്‍ അഞ്ചാംപുരയിലിരുന്ന് ഭക്ഷണം കഴിക്കുകയാണ്. നിലത്ത് പലകയിട്ട് നിരന്നാണ് ഇരിക്കുന്നത്. അടുത്തിരുന്ന ഉണ്ണിയേട്ടനോട് അഭിപ്രായവ്യത്യാസം തല്ക്കാലം തീര്‍ന്നെങ്കിലും എന്റെ മനസ്സില്‍ അത് പുകഞ്ഞുകൊണ്ടിരുന്നു. ഉണ്ണിയേട്ടന് പക്ഷേ വഴക്കെല്ലാം മറന്ന് കൈ കഴുകി ഉമ്മറത്ത് അച്ഛന്റെ കസേരയില്‍ വിലങ്ങനെ കിടന്നുകൊണ്ട് ആഴ്ചപതിപ്പ് വായി ക്കുകയായിരുന്നു. ഞാന്‍ അപ്പോള്‍ കിണറ്റുകരയില്‍ ചെന്ന് കൈകഴുകി ഉമ്മറത്തേയ്ക്ക് ഓടിവന്നു ദേഷ്യത്തോടെ ആ കസേര ഉന്തിമറിച്ചിട്ടു. നിലത്തു വീണു കിടക്കുന്ന ഉണ്ണിയേട്ടന്റെ മുഖത്ത് വേദനകലര്‍ന്ന അത്ഭുതം ''എന്തുപറ്റി ഇവന്? മുറ്റത്ത് ഉലാത്തുകയായിരുന്ന അച്ഛന് ശബ്ദം കേട്ട് എന്നെ വിളിച്ച് കാര്യം തിരക്കി. വീണ്ടും വിചാരണ, ശിക്ഷ. വിധിയുടെ സംക്ഷിപ്തം: ഉണ്ണിയേട്ടനുമായുള്ള വഴക്ക് ഞാന്‍ മനസ്സില്‍ നീറാന്‍ അനുവദിക്കയും പകയോടെ പ്രതികരിക്കയും ചെയ്തു. മനസ്സില്‍ പകകരുതിയത് തെറ്റാണ്. ശിക്ഷ സാധാരണപോലെ. ഇപ്രാവശ്യം വടി തേടിക്കൊണ്ടുവന്നത് ഹരിയേട്ടനായിരുന്നു എന്നു തോന്നുന്നു!
പഴയ പുത്തില്ലംവീട്ടില് ആണ്‍കുട്ടികള്‍ തട്ടിന്‍പുറത്താണ് ഉറങ്ങാന്‍ കിടന്നിരുന്നത്. തട്ടിന്‍പുറത്തിന്റെ വടക്കുപകുതി ''കടുങ്ങുണ്ണി' എന്ന പേരായ ''പഴയൊരു' പ്രേതത്തിന് വിട്ടുകൊടുത്ത് തെക്കേ പകുതിയിലാണ് ഞങ്ങള്‍ കിടന്നിരുന്നത്. അച്ഛന് അവിടേയ്ക്ക് വരാറില്ലെന്നായിരുന്നു എന്റെ ധാരണ. തണുപ്പും കൊതുക്കളും ഞങ്ങളെ വലച്ച ഒരു മഴക്കാലമായിരുന്നു അത്. ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ ഞങ്ങള്‍ക്ക് സ്വയം വിശ്വസിക്കാനായില്ലു. ആരോ പുതിയ പുതപ്പ് പുതപ്പിച്ചിരിക്കുന്നു! അക്കാലത്ത് അച്ഛന്റെ സാമ്പത്തിക സ്ഥിതി നോക്കുമ്പോള്‍ ആ പുതപ്പുകള്‍ വാങ്ങാന്‍ വളരെ ക്ലേശിച്ചിരിക്കണം. പിന്നീടാണ് അച്ഛന്റെ കഥ ഞാന്‍ കേള്‍ക്കുന്നത്. ''വീടാക്കടമേ മമ ജന്മം'' എന്ന ബിംബിസാരന്റെ ഇടയന്റെ നെടുവീര്‍പ്പില്‍!
രണ്ടു പെണ്മക്കളോടും (ഗിരിജേടത്തിയോടും, ഉഷയോടും) അച്ഛന് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. ഏട്ടത്തിയോട് കയര്‍ത്തതിനും, അനുസരണക്കേട് കാട്ടിയതിനും അച്ഛന് എന്നെ കഠിനമായി ശകാരിച്ചിരുന്നു. സ്വന്തം ചേച്ചിമാരോടുള്ള അച്ഛന്റെ മമതയായിരിക്കാം ഇതിനു കാരണം. ഗിരിജേടത്തിയെ കോളേജിലയക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും വീട്ടില്‍ ട്യൂഷന് ഏര്‍പ്പാടാക്കി ഹിന്ദി പരീക്ഷകളെല്ലാം എഴുതിക്കാന്‍ അച്ഛന് ശുഷ്കാന്തി കാണിച്ചിരുന്നു. തുടര്‍ന്ന് ഏ.വി. ഹൈസ്കൂളില്‍ അദ്ധ്യാപികയായി ഏട്ടത്തി ചേര്‍ന്നതും അച്ഛന്റെ പ്രോത്സാഹനം കാരണമായിരുന്നു. ഉഷയ്ക്ക് അച്ഛന്റെയടുത്ത് ഏറ്റവും സ്വാത്രന്ത്ര്യമായിരുന്നു. അശോകന്റേയും ഉഷയുടേയും കൂടെ ചെസ്സ് കളിയ്ക്കുന്നത് അച്ഛന് വളരെ ഇഷ്ടമായിരുന്നു.
നേരത്തേ ജോലി തീര്‍ത്തുവരാന്‍ സാധിക്കുന്ന ദിവസങ്ങളില്‍ നാരായണന് വൈദ്യര് എന്ന സ്്നേഹിതനേയും അച്ഛന് കൂട്ടിക്കൊണ്ടുവരുമായിരുന്നു. ആയുര്‍വ്വേദത്തില്‍ പ്രഗത്ഭനെങ്കിലും കച്ചവടക്കണ്ണില്ലാത്ത സാത്വികനായിരുന്നു അദ്ദേഹം. അമ്മയെ ഒരു കാലത്ത് സംസ്കൃതം പഠിപ്പിച്ചിരുന്നത്രേ വൈദ്യര്. ഞങ്ങളുടെ കുടുംബവൈദ്യനുമായിരുന്നു. എത്തിയ ഉടനെ വൈദ്യര് പോയി നീളത്തില്‍ വാഴയണ വെട്ടി കൊണ്ടുവരും, രാജാവും, മന്ത്രിയും, തേരും, ആനയും, കുതിരയും, കാലാളും വാഴയണയില് നിന്ന് ഭംഗിയായി വൈദ്യര് വെട്ടിയുണ്ടാക്കുന്നത് കണ്ടുനില്ക്കാന് രസമായിരുന്നു. പിന്നെ അച്ഛനും വൈദ്യരും വൈകുന്നേരം വരെ ഇരുന്നു ചതുരംഗം കളിക്കും. പില്ക്കാലത്ത് സമയം കിട്ടാതായപ്പോള്‍ ഈ പതിവ് അച്ഛന് നിര്‍ത്തേണ്ടതായി വന്നു.
ഇഷ്ടപ്പെട്ടവരോട് എത്രനേരം വേണമെങ്കിലും സംസാരിച്ചിരിയ്ക്കാന്‍ അച്ഛന് ഉത്സാഹമായിരുന്നു. അത്തരം സംഭാഷണങ്ങള്‍ ഉമ്മറത്തിണ്ണയുടെ ഒരു മൂലയില്‍ ചാരിയിരുന്ന് ശ്രദ്ധിച്ചുകേള്‍ക്കുക എന്റെ ശീലമായിരുന്നു. പി. സിമ്മാമ (ഉറൂബ്), വൈലോപ്പിള്ളി, അക്കിത്തം, കടവനാട് കുട്ടിക്കൃഷ്ണന്, ടി. ഗോപാലക്കുറുപ്പ്, ടി. വി. ശൂലപാണിവാരിയര്‍, പി. കൃഷ്ണവാരിയര്‍, സി. ചോയുണ്ണി, സി. രാധാകൃഷ്ണന് തുടങ്ങിയ ഒട്ടനേകം മഹദ്വ്യക്തികളുമായുള്ള അച്ഛന്റെ ചര്‍ച്ചകള്‍ പതിനൊന്നുകാരനായ ഞാന്‍ അത്യുത്സാഹത്തോടെ കേട്ടിരുന്നു; അവര്‍ പറയുന്നത് ഉള്‍ക്കൊള്ളാനുള്ള പ്രായം ആയിരുന്നില്ലെങ്കിലും. അച്ഛന്റെയും പി.സിമാമയുടെയും സംഭാഷണം കേട്ടിരിക്കുന്നവര്‍ അവിടെനിന്നും മാറില്ല. അത്ര രസകരവും വിജ്ഞാനപ്രദവുമായിരുന്നു അവ. സംസാരത്തിനിടയില്‍ പി.സിമാമ എണീറ്റു നടക്കും, അഭിനയിക്കും, പൊട്ടിച്ചിരിക്കും... കൂടെ അച്ഛനും. രണ്ടു പേരുടെയും പൊട്ടിച്ചിരികള്ക്ക് തുറന്ന മനസ്സിന്റെയും, നിഷ്കളങ്കതയുടെയും സൗന്ദര്യമുണ്ടായിരുന്നു. പൊട്ടിച്ചിരിയുടെ പ്രകമ്പനത്തില്‍ സ്ഥാനം തെറ്റുന്ന കൃത്രിമപ്പല്ലുകള്‍ അച്ഛന് താടിചലിപ്പിച്ച് പൂര്‍വ്വസ്ഥാനത്ത് ക്രമീകരിക്കുന്നത് മറക്കാനാവാത്ത ദൃശ്യമായിരുന്നു.
Content Highlights: Memoir on Veteran Poet Edasseri Govindan Nair by his son E Madhavan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..