'വലയെറിയേണ്ടത് കായലിലല്ലേ, കായലരികത്താണോ?'; ഉണ്ടായിരുന്നു പാട്ടിന്റെ നല്ല വിമര്‍ശനകാലം! 


ഷബിത

മാഷ് മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു; 'കായലില്‍ വലയെറിഞ്ഞാല്‍ മീന്‍ കിട്ടും, കായലരികത്ത് വലയെറിഞ്ഞാല്‍ സുന്ദരിമാരെ കിട്ടും.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പി.എൻ ഗോപീകൃഷ്ണൻ, റഫീഖ് അഹമ്മദ്, കെ. ജയകുമാർ/ ഫോട്ടോ: ബി. മരളീകൃഷ്ണൻ

കഥയും തിരക്കഥയും പോലെയാണ് കവിതയും പാട്ടും. മികച്ച കഥാകൃത്തുക്കൾ തിരക്കഥയൊരുക്കിയതുപോലെ മികച്ച കവികള്‍ നല്ല സിനിമാഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വര്‍ത്തമാനകാല സിനിമയില്‍ നിന്ന് പാട്ട് അന്യം നിന്നുപോകുന്നുണ്ടോ, കവിത്വം ഗാനരചനയെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയവയെ ആസ്പദമാക്കി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ കവിയും ഗാനരചയിതാക്കളുമായ കെ.ജയകുമാര്‍, റഫീഖ് അഹമ്മദ്, കവി പി.എന്‍ ഗോപീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍.

കെ. ജയകുമാര്‍

'പുതിയ തലമുറയ്ക്ക് പാടി നടക്കാന്‍ പാട്ടുകള്‍ ഉണ്ടാവില്ല'- കെ. ജയകുമാര്‍

ടാഗോര്‍ ഏറ്റവും നല്ല കവിയും അതോടൊപ്പം തന്നെ മികച്ച ഗാനങ്ങള്‍ എഴുതിയ ആളുമായിരുന്നു. പാട്ടെഴുതുക എന്നതും കവിതയെഴുതുക എന്നതും രണ്ടും രണ്ടാണ്. ഒ.എന്‍.വി ഈ പ്രക്രിയയെ 'അപ്ലൈഡ് പോയട്രി' എന്നായിരുന്നു വിളിച്ചിരുന്നത്. കവിത്വമുള്ളവര്‍ പാട്ടെഴുതുന്നതും കവികളല്ലാത്തവര്‍ പാട്ടെഴുതുന്നതും പരിശോധിക്കുമ്പോള്‍ അവരുടെ പാട്ടുകള്‍ തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ഗാനത്തില്‍ കവിതയുണ്ടോ എന്നത് ഗാനരചയിതാക്കള്‍ എക്കാലവും നേരിടുന്ന ചോദ്യമാണ്.

ഇപ്പോഴത്തെ ഗാനരചനാരീതിയില്‍ കവിത്വം ആവശ്യമില്ല, മറിച്ച് ക്രാഫ്റ്റ് ആണ് വേണ്ടത്. ക്രാഫ്റ്റിന് സഹായിക്കുന്ന ആപ്പുകള്‍ കൂടി ലഭ്യമായാല്‍ പാട്ടെഴുത്ത് വളരെ എളുപ്പമാകും. ഇവിടെ കവിത്വത്തെ നാടുകടത്തുകയാണ് ചെയ്യുന്നത്. വയലാര്‍, പി.ഭാസ്‌കരന്‍, ഒ.എന്‍.വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി തുടങ്ങിയ പ്രതിഭകള്‍ക്കുള്ളിലെ കവിത്വമായിരുന്നു ഗാനരചനയെ കൂടുതല്‍ അഴകുള്ളതാക്കിത്തീര്‍ത്തത്. കവിത്വത്തിന്റെ പരാഗസ്പര്‍ശമായിരുന്നു അവര്‍ക്ക് പാട്ടെഴുത്ത്. അതുകൊണ്ടുതന്നെ കവിയില്‍ നിന്നും ഗാനരചയിതാവിലേക്കുള്ള ആള്‍മാറാട്ടം എളുപ്പമായിരുന്നു. കവിത എഴുതിയില്ലെങ്കില്‍ എന്റെ മനസ്സിന് പൂര്‍ണത ലഭിക്കില്ല. ഗാനരചന ഒരു രസകരമായ ജോലിയായിട്ടാണ് ആദ്യം കണ്ടിരുന്നത്. ഗാനരചനയില്‍ ട്യൂണിട്ടാല്‍ വാക്കുകള്‍ വിടരണം.

ഗാനവും കവിതയും രണ്ട് കലാരൂപങ്ങളാണ്. അവയില്‍ പലപ്പോഴും ഗാനത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടേക്കാം. പക്ഷേ ചരിത്രത്തിന്റെ മുദ്രകളെ അറിയാന്‍ ചലച്ചിത്ര ഗാനങ്ങള്‍ അക്കാദമിക സോഴ്‌സ് ആയി കാണുന്ന കാലം വരും. പഴയകാല പാട്ടുകളില്‍ ലിംഗസമവാക്യങ്ങള്‍ പ്രകടമായിരുന്നു. കാലമനുസരിച്ച് പാട്ടുകള്‍ മാറിവരികയും ബന്ധങ്ങളുടെ ഇളക്കി പ്രതിഷ്ഠിക്കലുകള്‍ പ്രകടമാകുകയും ചെയ്യുന്നുണ്ട്.

നമ്മുടെ സംഗീത സംവിധായകര്‍ക്ക് ഏത് ട്യൂണും അടിച്ചുമാറ്റാന്‍ കഴിയും. പക്ഷേ പ്രശ്‌നം സംഭവിക്കുന്നത് നമ്മുടെ മലയാളഭാഷ വിദേശട്യൂണുകള്‍ക്ക് ചേരില്ല എന്ന യാഥാര്‍ഥ്യത്തിലാണ്. ഇപ്പോഴത്തെ തലമുറ പാട്ടുകള്‍ ഇംഗ്ലീഷില്‍ എഴുതിയാണ് വായിക്കുന്നത്. എങ്ങനെ എഴുതിയാലും പറയാനുള്ളത് ജനതയ്ക്ക്, തലമുറയ്ക്ക് പാടാന്‍ പാട്ടുകള്‍ വേണം എന്നാണ്. പാട്ടുകളെ കൈവെടിയരുത്. നമ്മുടെ നാടന്‍പാട്ട് സന്ദര്‍ഭത്തില്‍ നിന്നും വേറിട്ടുപോയിരിക്കുകയാണ്. ഓരോ തലമുറയ്ക്കും പാടാന്‍ ഓരോകാലത്തും പാട്ടുകളുണ്ടായിരുന്നു. അവരുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇല്ലായ്മകളെയും വല്ലായ്മകളെയും സാമൂഹിക അവസ്ഥകളെയും ചൂണ്ടിക്കാണിച്ചിരുന്നു ആ പാട്ടുകള്‍. ഇന്നത്തെ തലമുറ ഏത് പാട്ടാണ് പാടുന്നത് എന്നതാണ് പശ്ചാത്താപമായി തോന്നിയിട്ടുള്ളത്.

സിനിമയുടെ വിജയത്തിന് പാട്ടുകള്‍ ആവശ്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് സിനിമാ പ്രമോയ്ക്കുവേണ്ടിയാണ് ഗാനങ്ങള്‍ ഉപയോഗിക്കുന്നത്. പരസ്യപ്രചരണത്തിനായുള്ള ഉപകരണമായി ഗാനങ്ങള്‍ മാറി. ഗാനരചയിതാക്കള്‍ ഇന്നത്തെ സിനിമയില്‍ ആവശ്യഘടകമേ അല്ല. തീര്‍ത്തും അവഗണന നേരിടുന്ന ഒരു വിഭാഗമായി അവര്‍ മാറി. കവിതയറിയാത്ത ഗാനരചയിതാവിനെയാണ് ഇപ്പോഴത്തെ സിനിമയ്ക്ക് കൂടുതല്‍ സൗകര്യം. സംഗീതത്തിന്റെ തരിശ്ശുഭൂമിയിലൂടെയാണ് മലയാളസിനിമ നടക്കുന്നത്. പുതിയ തലമുറയ്ക്ക് പാടി നടക്കാന്‍ പാട്ടുകള്‍ ഉണ്ടാവില്ല.

റഫീക്ക് അഹമ്മദ്

'സിനിമയിലെ പാട്ട് എഴുതുന്നയാളുടെ മാത്രം പാട്ടല്ല'- റഫീക്ക് അഹമ്മദ്

പഴയ തലമുറയിലെയും പുതിയ തലമുറയിലെയും കവികള്‍ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്, വീട്ടില്‍ അമ്മ രാമായണവും മഹാഭാരതവും ചൊല്ലുന്നത് കേട്ടുവളര്‍ന്നതാണ് കവിതയെഴുത്തിലും പാട്ടെഴുത്തിലും സ്വാധീനിച്ചിട്ടുള്ളത് എന്ന്. അങ്ങനെയൊരു സാമൂഹ്യ സാഹചര്യമോ പാരമ്പര്യമോ അല്ല എന്റേത്. ചെറുപ്പത്തില്‍ റേഡിയോയില്‍ നിന്നുള്ള പാട്ടുകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ആ പാട്ടുകളിലൂടെ ആയിരിക്കാം അക്ഷരാഭ്യാസം നേടുന്നതിനു മുമ്പു തന്നെ കവിതയോടുള്ള അഭിനിവേശം എന്നെ ആവേശിച്ചത്.

സിനിമയ്ക്കല്ല, സമൂഹത്തിനും ജനങ്ങള്‍ക്കുമാണ് പാട്ടിന്റെ ആവശ്യമുള്ളത്. അത് നല്‍കാനുള്ള മാധ്യമം മാത്രമാണ് സിനിമ. സിനിമയില്‍ ഇനി അധികകാലം പാട്ടുണ്ടാവുമോ എന്നുതോന്നുന്നില്ല. അഥവാ ഉണ്ടായാല്‍ത്തന്നെ പഴയകാലത്തെ സിനിമാപാട്ടുകള്‍ പോലെ ഇനിയുണ്ടാവില്ല. കാരണം സിനിമയുടെ രൂപഭാവങ്ങളും സ്വഭാവവും അടിമുടി മാറി.

കവിതയുടെ പല അനന്തമായ ആവിഷ്‌കാര രൂപങ്ങളിലൊന്നാണ് പാട്ടും. പാശ്ചാത്യസിനിമകളില്‍ നമ്മുടേതുപോലുള്ള കൃത്യമായ ഭാവനാധിഷ്ഠിതമായ ഗാനങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അവിടെ പലപ്പോഴും ലിറിസിസ്റ്റും കമ്പോസറും സിങ്ങറും ഒരാള്‍ തന്നെ ആവും. ഇവിടത്തെ രീതി അതല്ല.

ട്യൂണ്‍ അനുസരിച്ച് എഴുതുന്നത് പാട്ടെഴുത്തില്‍ കുറച്ചു കാലമായുള്ള കീഴ്വഴക്കമാണ്. അതിന് ഗുണവും ദോഷവുമുണ്ട്. കവിതയില്‍ കാണിക്കുന്ന ശാഠ്യം പാട്ടില്‍ പറ്റില്ല എന്നതും യാഥാര്‍ഥ്യമാണ്. സിനിമയിലെ പാട്ട് എഴുതുന്നയാളുടെ മാത്രം പാട്ടല്ല, സംഗീത സംവിധായകന്റെയും തബലിസ്റ്റിന്റെയും ഹാര്‍മോണിയം വായിക്കുന്നയാളുടെയും കൂടിയാണ്.

വയലാറും ഭാസ്‌കരന്‍ മാഷും കവിതയെഴുതിക്കൊണ്ടുവരുമ്പോള്‍ അത് പാട്ടാക്കി മാറ്റാന്‍ കഴിവുള്ള കാലമുണ്ടായിരുന്നു. ഇപ്പോള്‍ പാട്ട് ആവശ്യപ്പെടുന്നവര്‍ തരുന്ന സൂചനകള്‍ ഇങ്ങനെയാണ്; സാഹിത്യവും കവിതയും വേണ്ട, വര്‍ത്തമാനം പറച്ചില്‍ പോലെയുള്ള ഒന്നുമതി. ഒരിക്കല്‍ പാട്ട് എഴുതാനിരിക്കുമ്പോള്‍ സംഗീതം ചെയ്യുന്നയാള്‍ പറഞ്ഞു: 'ചേട്ടാ, ശലഭം അടിക്കുന്നുണ്ട്. അത് മാറ്റണം.' ശലഭം അടിക്കുന്നതെങ്ങനെ പറക്കുകയല്ലേ ചെയ്യുക എന്ന് ശങ്കിച്ച് നില്‍ക്കുമ്പോഴാണ് മനസ്സിലായത്. ശലഭം എന്ന പദം അവിടെ ചേരുന്നില്ല, പകരം മറ്റൊരു പദം കൊടുക്കണമെന്നാണ് കംപോസര്‍ ഉദ്ദേശിച്ചതെന്ന്. ഇതൊക്കെ സ്വാഭാവികമാണ്. പാട്ടെഴുത്തിലെവലിയ ടാസ്‌കാണ് ട്യൂണ്‍ നിശ്ചയിച്ച ശേഷം വരികള്‍ എഴുതുക എന്നത്. എന്നുവെച്ച് സിനിമാപാട്ടുകളെ ഒരിക്കലും ചെറിയ രീതിയില്‍ കാണരുത്. ഓരോ പാട്ടെഴുത്തും ഓരോ ലേണിങ് പ്രോസസ് തന്നെയാണ്.

എല്ലാ മലയാളികള്‍ക്കും പൊതുവായ ഒരു ഗാനകല ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. സാമുദായികവും ജാതീയമായ പാട്ടുരൂപങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആധുനിക ലോകത്തെ മലയാളികളെയെല്ലാം ഉള്‍ക്കൊള്ളുന്ന മതേതരമായ പാട്ടുകള്‍ ഉണ്ടായത് നാടക-സിനിമാഗാനങ്ങളുടെ ജനപ്രിയസ്വീകാര്യതയിലൂടെയാണ്.

സിനിമ എന്ന മാധ്യമത്തിലെ എല്ലാം മാറി. അപ്പോള്‍ ഗാനങ്ങള്‍ക്ക് മാത്രമായി മാറാതിരിക്കാനാവില്ല. സിനിമാപാട്ട് പെട്ടെന്ന് ആളുകളിലേക്ക് കയറുന്ന ഒന്നായിരിക്കണം. ആളുകളോട് സംവദിക്കണം.

സാഹിത്യ വിമര്‍ശനം ഇന്ന് പരിക്ഷീണമാണ്. കവിതയും കഥയും നിരൂപണവും ഇന്ന് വിമര്‍ശിക്കപ്പെടുന്നുണ്ടോ? അതുപോലെ പാട്ടുകളെയും ആരും വിമര്‍ശിക്കാറില്ല. പി. ഭാസ്‌കരന്‍ മാസ്റ്റര്‍ 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരീ...' എന്നെഴുതി. ഉടനടി വിമര്‍ശനം വന്നു കായലില്‍ അല്ലേ വലയെറിയേണ്ടത്, കായലോരത്തല്ലല്ലോ. മാഷ് മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു; 'കായലില്‍ വലയെറിഞ്ഞാല്‍ മീന്‍ കിട്ടും, കായലരികത്ത് വലയെറിഞ്ഞാല്‍ സുന്ദരിമാരെ കിട്ടും.' ആ വിമര്‍ശനകാലമോ മറുപടിക്കാലമോ നമുക്ക് അന്യമാണ്.

സിനിമയെ ആശ്രയിച്ചാണ് പാട്ട് നില്‍ക്കുന്നതെങ്കില്‍ അതിന്റെ ഭാവി ശോഭനമല്ല. പക്ഷേ പാട്ട് സമൂഹത്തിന് ആവശ്യമാണ്. സിനിമയ്ക്കു വെളിയിലും അത് സംഭവിക്കാം. കോണ്‍ക്രീറ്റ് മുറ്റത്തിന്റെ ഏതെങ്കിലും ഒരു ചെറിയ വിള്ളലില്‍ക്കൂടി കിളിര്‍ത്തുവരുന്ന പുല്‍ക്കൊടി പോലെ പാട്ട് അതിജീവിക്കും.

പി.എന്‍ ഗോപീകൃഷ്ണന്‍

കേരളത്തില്‍ ആദ്യമുണ്ടായത് സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമ- പി.എന്‍ ഗോപീകൃഷ്ണന്‍

എഴുതുമ്പോള്‍ കവിതയില്‍ നിന്നും സംഗീതാംശം ചോര്‍ത്തിക്കളയാന്‍ ശ്രമിക്കുന്നയാളാണ് ഞാന്‍. ലോകത്തെല്ലായിടത്തും പാട്ടും കവിതയും വേര്‍പിരിഞ്ഞു. കൂട്ടിയോജിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. തിരക്കഥയെ പ്രയുക്തനോവല്‍ എന്ന് പറയാത്തതുപോലെ ഗാനത്തെ കവിതയായി കാണേണ്ടതില്ല.കവിതയുടെ ജനകീയത ഒരു നീണ്ട കാലയളവുകൊണ്ട് ഉണ്ടാകുന്നതാണ്. പാട്ടിന്റെ ജനകീയത ഉടനടിയുള്ള സ്ഥല കാലത്തില്‍ സംഭവിക്കുന്ന ഒന്നാണ് പാട്ടിന്റെ ജനകീയത നിമിഷത്തില്‍ സംഭവിക്കുന്ന ഒന്നാണ്. രണ്ടും രണ്ട് കലയാണ്. അങ്ങനെ കാണാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ രണ്ടിനോടും നീതി പുലര്‍ത്താന്‍ പറ്റുകയുള്ളൂ. ഒരു പാട്ട് അറിയപ്പെടുക പലപ്പോഴും അത് പാടിയവരുടെ അക്കൗണ്ടിലാണ്. യേശുദാസിന്റെ പാട്ട്, ജാനകിയമ്മയുടെ പാട്ട് എന്നൊക്കെയാണ് നമ്മള്‍ പറയുക. മറ്റു ചിലപ്പോള്‍ സംഗീതജ്ഞരുടെ പേരിലും. ഇന്ന് ചലച്ചിത്രവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു സ്ഥലത്താണ് പാട്ടിന്റെ നിലനില്‍പ്പുള്ളത്. പണ്ട് അങ്ങനെയായിരുന്നില്ല. പാട്ടിന് സ്വന്തമായി നിലനില്‍പ്പുണ്ടായിരുന്നു. പാട്ടിനെ ഇന്ന് ആരും വിമര്‍ശിക്കുന്നില്ല. പാട്ടിന് വിമര്‍ശകരില്ല എന്നത് ചിന്തിക്കേണ്ടത് തന്നെയാണ്. കവിതയിലെ സംഗീതം എന്നത് അവിഭാജ്യ ഘടകമല്ല. കവിതയിലെ ഒരു മൂല്യവര്‍ദ്ധനവ് എന്ന നിലയ്ക്ക് മാത്രമാണ് പണ്ടും അത് പ്രവര്‍ത്തിച്ചിരുന്നത്. ഇന്നത് ചിത്രമോ നാടകമോ ആണ്.

പാട്ട് കേരളീയ സമൂഹത്തെ നിര്‍വചിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇന്ന് പാട്ടിന്റെ വിമര്‍ശനം അകത്തും പുറത്തും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
നവോത്ഥാനത്തിന് ശേഷം കിട്ടിയ ഊര്‍ജ്ജം നാടക- സിനിമാ ഗാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ജീവിതത്തെപ്പറ്റിയുള്ള ഒരു വലിയ സ്വപ്‌നം കേരളീയ കലകള്‍ എല്ലാം തന്നെ പങ്കുവെച്ചിരുന്ന കാലം. അതുപോയപ്പോള്‍ എല്ലാറ്റിനേയും ബന്ധിപ്പിക്കുന്ന ഘടകവും മാഞ്ഞുപോയി. ഇന്ത്യയിലെ എല്ലാഭാഷകളിലും തുടക്കകാലത്ത് പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തി സിനിമയുണ്ടായപ്പോള്‍ കേരളത്തില്‍ വന്നത് സാമൂഹിക വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമകളാണ്. ഇന്ന് നമുക്ക് സമഗ്രമായ കാലദര്‍ശനം മങ്ങിപ്പോകുന്നു. കവിത എന്തെങ്കിലും തരത്തിലുള്ള സാമൂഹിക വിമര്‍ശനം നേരിടേണ്ടിവരുമ്പോള്‍ പാട്ട് അത്രപോലും നേരിടുന്നില്ല.

മുമ്പ് വൈദ്യവും തത്വശാസ്ത്രവുമെല്ലാം കവിതയിലായിരുന്നു. വാമൊഴിക്കാലത്ത് ഓര്‍ത്തുവെക്കാന്‍ ഏക ഉപാധി സംഗീതമാണ് എന്ന സത്യം ഇവിടെ കാണാം. ഇന്നതിന്റെ ആവശ്യമില്ല. കവിതയും പാട്ടും ഒരേ കുടുംബത്തില്‍ ജനിച്ച് ഇപ്പോള്‍ രണ്ടായി ഭാഗം വെച്ച് പിരിഞ്ഞുപോയി എന്നു കരുതുന്നതാണ് സൗകര്യം.

Content Highlights: mbifl 2023 lyrics as the byproduct of poetry k jayakumar rafeeq ahammed pn gopikrishnan speaks

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


actor innocent passed away up joseph cpim thrissur district secretary remembers actor

1 min

‘‘ജോസഫേ, ഞാനിന്ന് അടുക്കള വരെ നടന്നു ’’

Mar 28, 2023

Most Commented