ആ ഭാവനയില്‍നിന്നാണ് ഗാന്ധിയും ടാഗോറും നെഹ്റുവും ഊര്‍ജം സ്വീകരിച്ചത്


സച്ചിദാനന്ദന്‍

ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത വര്‍ണ-ജാതി വ്യവസ്ഥയ്ക്കും വര്‍ഗവിഭജനത്തിനും ഇടയിലും ജനാധിപത്യഭാവനയുടെ ഒരു സമാന്തര റിപ്പബ്ലിക് നിലനില്‍ക്കുകതന്നെ ചെയ്തു. ആ ഭാവനയില്‍നിന്നാണ് ഗാന്ധിയും ടാഗോറും നെഹ്റുവും അംബേദ്കറുമെല്ലാം ഊര്‍ജം സ്വീകരിച്ചത്.

സച്ചിദാനന്ദൻ| ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ, മാതൃഭൂമി

ഇന്ത്യ എന്ന ആശയത്തിന്റെ അടിത്തറ ഇന്ത്യയുടെ സാംസ്‌കാരികവും ഭാഷാപരവും വീക്ഷണപരവും മതപരവും വംശപരവുമായ വൈവിധ്യമാണ്. ആ വൈവിധ്യംതന്നെയാണ് നമ്മുടെ രാഷ്ട്രത്തിന്റെ അനന്യമായ ധൈഷണിക- സാംസ്‌കാരിക സമ്പന്നതയുടെയും അടിസ്ഥാനം. ഈ നാനാത്വം വെല്ലുവിളിക്കപ്പെടുന്ന നിമിഷം ഇന്ത്യയുടെ ഏകത്വവും ഇല്ലാതാവും, രാജ്യം ശിഥിലമാകും. അത്രമേല്‍ പരസ്പരാശ്രിതമാണ് ഇന്ത്യയുടെ ഐക്യ-വൈവിധ്യങ്ങള്‍.

സംവാദങ്ങളുടെ ഇന്ത്യ

പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങളുടെ ഒരു ദീര്‍ഘമായ ധൈഷണികപാരമ്പര്യം നമുക്കുണ്ട്. വര്‍ണ-ജാതി വ്യവസ്ഥകള്‍പോലുള്ള കൊടിയ തിന്മകള്‍ക്കിടയില്‍പോലും നമ്മെ ഒന്നിച്ചുനിര്‍ത്തിയത് ആശയക്കൈമാറ്റങ്ങളുടെയും സാംസ്‌കാരികമായ ആദാന-പ്രദാനങ്ങളുടെയും ഈ പാരമ്പര്യമാണ്. ദൈവംമുതല്‍ തത്ത്വചിന്തവരെ, മതംമുതല്‍ വംശംവരെ, ഭാഷമുതല്‍ വേഷംവരെ, ഭക്ഷണംമുതല്‍ വീക്ഷണംവരെ, ഒന്നിനെയും ഏകവചനമായിരിക്കാന്‍ സമ്മതിക്കാത്ത ഒരു പാരമ്പര്യമാണ് നമ്മുടെത്. ഇന്ത്യന്‍ ജീവിതത്തിന്റെ സമസ്തതലങ്ങളെയും നിര്‍വചിക്കുന്നത് ഈ അനേകതയാണെന്ന് കാണാം. 'ഹിന്ദു' എന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന മതത്തിനകത്തുതന്നെ നാല് വേദങ്ങളും പതിനായിരത്തിലേറെ ദൈവങ്ങളും പതിനെട്ട് ഉപനിഷത്തുകളും പൗരാണികദര്‍ശനത്തിന്റെ ആറ് ശാഖകളും രണ്ട് പ്രധാന ഇതിഹാസങ്ങളും കൂടാതെ ധാരാളം നാടോടി ഇതിഹാസങ്ങളുമുണ്ട്. 'ആനോ ഭദ്രാ ക്രതവോ യന്തു വിശ്വതഃ' (വിശ്വമെല്ലായിടത്തുംനിന്ന് മംഗളകരമായ ചിന്തകള്‍ നമ്മിലേക്ക് പ്രവഹിക്കട്ടെ) എന്ന് ഋഗ്വേദവും ശതപഥബ്രാഹ്മണവും പറയുമ്പോള്‍ ഒരേയൊരു ചിന്ത എന്ന ആശയത്തെത്തന്നെ അവ നിരാകരിക്കുകയാണ്. 'വസുധൈവകുടുംബകം' എന്ന ചൊല്ല് വസുന്ധരയുടെ എല്ലാ ജീവിതശൈലികളെയും ആശയങ്ങളെയും കൂടി ആശ്ലേഷിക്കുന്നു. പ്രയോഗത്തില്‍ നാം ഇതില്‍നിന്നെല്ലാം അകന്നുപോയിട്ടുണ്ടാകാം, അഥവാ, ഉണ്ട്. അല്ലെങ്കില്‍ നമുക്ക് വര്‍ണ-ജാതിവ്യവസ്ഥകളൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ. എന്നാല്‍ നാനാത്വത്തിന്റെ ഈ തത്ത്വം എവിടെയോ ഇന്നും പ്രവര്‍ത്തനക്ഷമമായതുകൊണ്ടാകണം നമുക്ക് ഒന്നിച്ചുനില്‍ക്കാന്‍ ഇന്നും കഴിയുന്നത്.

ഋഗ്വേദത്തിലെ നാസദീയസൂക്തം-സൃഷ്ടീസ്തവം-ഒരു വലിയ ചോദ്യമായാണ് പ്രപഞ്ചത്തെ കാണുന്നതുതന്നെ: ''ആര്‍ക്കറിയാം? ആര്‍ അതിവിടെ പ്രഖ്യാപിക്കും? എന്നുമുതലാണ് അതുണ്ടായത്? സൃഷ്ടി എന്ന് ആരംഭിച്ചു? പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ശേഷമാണ് ദൈവങ്ങള്‍ വന്നത്. അപ്പോള്‍ എന്നുമുതലാണ് അതുണ്ടായതെന്ന് ആര്‍ക്കറിയാം? ഈ സൃഷ്ടി എവിടെനിന്നുണ്ടായി? അത് സ്വയം ഉണ്ടായതാകാം, അല്ലെന്നും വരാം. ഏറ്റവും ഉയര്‍ന്ന ആകാശത്തില്‍നിന്ന് താഴേക്ക് നോക്കുന്നവനേ അത് അറിയൂ, അഥവാ അവനും അറിയില്ലെന്നും വരാം'' ഇവിടെ യാതൊരുതരം ഉറപ്പുമില്ല, ചോദ്യം മാത്രമേയുള്ളൂ. ഇന്ത്യയിലെ സന്ദേഹവാദത്തിന്റെ ആരംഭം ഇതില്‍തന്നെയുണ്ട്. കേനോപനിഷത്തുപോലും ബ്രഹ്മത്തെ നിര്‍വചിക്കുന്നത് ''കണ്ണിനും വാക്കിനും മനസ്സിനും എത്തിപ്പെടാന്‍പറ്റാത്ത, അതെന്തെന്ന് കൃത്യമായി അറിയാനോ ശിഷ്യര്‍ക്ക് പറഞ്ഞുകൊടുക്കാനോ പറ്റാത്ത'' (ന തത്ര ചക്ഷുര്‍ഗച്ഛതി...) ഒന്നായാണ്. ഇതില്‍ അജ്ഞേയവാദമാണുള്ളത്-ബെര്‍ട്രാന്‍ഡ് റസ്സലിനെപ്പോലുള്ളവര്‍ പറയുന്ന 'അഗ്നോസ്റ്റിസിസം'തന്നെ. വേദങ്ങള്‍ പറയുന്നത് അതേപടി മറ്റ് രീതികളിലോ ഭാഷകളിലോ പറയാനാവില്ലെങ്കില്‍, വേദങ്ങള്‍ അര്‍ഥശൂന്യമാണെന്ന് കൗന്ത്യമുനി പറയുന്നു. അപ്പോള്‍ സംശയം, ചോദ്യം, നിഷേധം ഇവയുടെ ഇന്ത്യന്‍ പാരമ്പര്യം പണ്ടുമുതലേ ആരംഭിക്കുന്നുവെന്ന് കാണാം.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

ബുദ്ധ-ജൈന-സിഖ് മതങ്ങളുടെ വരവോടെ പഴയ ആചാരനിഷ്ഠമായ ഹിന്ദുമതംതന്നെ ചോദ്യവിധേയമാകുന്നു. ബുദ്ധ-ജൈന മതങ്ങളില്‍ ഈശ്വരന്‍തന്നെയില്ല. അനശ്വരമായ ആത്മാവ്, ജീവിതത്തിന്റെ നാല് ലക്ഷ്യങ്ങള്‍ മുതലായ ഹിന്ദുമതത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍തന്നെ അതോടെ ചോദ്യംചെയ്യപ്പെടുന്നു. പിന്നീട് ആ ബുദ്ധനും അവതാരങ്ങളിലൊന്നായി എന്നത് വേറെ കഥ. പണ്ടുമുതലേ ഇന്ത്യയില്‍ താന്‍ എതിര്‍ക്കുന്ന അഭിപ്രായത്തെ- 'പൂര്‍വപക്ഷ'ത്തെ വിശ്വസ്തമായി ക്രോഡീകരിച്ചല്ലാതെ ചുമ്മാ ഒരാള്‍ക്കും പുതിയൊരഭിപ്രായം-'ഉത്തരപക്ഷം' അവതരിപ്പിക്കാനാവില്ലായിരുന്നു. അമര്‍ത്യാ സെന്‍ പറയുന്ന 'തര്‍ക്കശീലനായ ഇന്ത്യക്കാരന്റെ' കഥ ഇവിടെ തുടങ്ങുന്നു. ആ പുതിയ സങ്കല്പം പിന്നീട് പൊതുവായി ചര്‍ച്ചയ്ക്ക് വിധേയമാക്കാതെ അംഗീകരിക്കുന്ന രീതിയും 'ശാസ്ത്രം' അനുവദിക്കുന്നില്ല. മണ്ഡനമിശ്രനും പത്‌നി ഉഭായഭാരതിയുമായി ശങ്കരാചാര്യര്‍ നടത്തിയ തര്‍ക്കം പ്രസിദ്ധമാണല്ലോ. ഇത്തരം പരികല്പനാസ്പദമായ വിവാദങ്ങള്‍ ഹിന്ദുക്കളും ബുദ്ധമതക്കാരും തമ്മിലും ബൗദ്ധരും ജൈനരും തമ്മിലും ശൈവരും വൈഷ്ണവരും തമ്മിലും വിശ്വാസികളും അവിശ്വാസികളും തമ്മിലുമെല്ലാം നടന്നിട്ടുണ്ട്. 'മഹാഭാരത'ത്തില്‍ നിറയെ ഇത്തരം വാദ-പ്രതിവാദങ്ങള്‍ കാണാം. ഇവ ഹിംസയോളം ചെന്നെത്തിയ സന്ദര്‍ഭങ്ങള്‍ ഇല്ലാതില്ല, പക്ഷേ, അവ അപവാദങ്ങളാണ്. സംസ്‌കൃതനാടകങ്ങളില്‍പോലും രാജാവിനെപ്പോലും പരിഹസിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു വിദൂഷകനുണ്ടായിരുന്നു. കേരളത്തില്‍ ചാക്യാര്‍കൂത്തിലും ഓട്ടന്‍തുള്ളലിലും നാം അതിന്റെ തുടര്‍ച്ച കാണുന്നു. ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത വര്‍ണ-ജാതി വ്യവസ്ഥയ്ക്കും വര്‍ഗവിഭജനത്തിനും ഇടയിലും ജനാധിപത്യഭാവനയുടെ ഒരു സമാന്തര റിപ്പബ്ലിക് നിലനില്‍ക്കുകതന്നെ ചെയ്തു. ആ ഭാവനയില്‍നിന്നാണ് ഗാന്ധിയും ടാഗോറും നെഹ്റുവും അംബേദ്കറുമെല്ലാം ഊര്‍ജം സ്വീകരിച്ചത്.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ റിപ്പബ്ലിക് പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ നിന്നും

പൂര്‍ണരൂപം വായിക്കാം

Content Highlights: Mathrubhumi weekly Republic edition K Sachidanandan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented