അസഹിഷ്ണുതയുടെ കത്തിമുനകള്‍: മാതൃഭൂമി മുഖപ്രസംഗം


സാഹിത്യകൃതികളിലെ പരാമര്‍ശങ്ങള്‍ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് അക്രമംനടത്തുന്നവരാരും അതുവായിച്ചല്ല, പറഞ്ഞുകേട്ടാണ് പ്രതികരിക്കുന്നത് എന്നതാണ് വസ്തുത.

സൽമാൻ റുഷ്ദി/ ഫോട്ടോ: എഎഫ്ഫി

വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താന്‍ നടത്തിയ ശ്രമത്തെ അപലപിച്ചുകൊണ്ട് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ വായിക്കാം.

സഹിഷ്ണുത തീരാപ്പകയായി വളര്‍ന്നാല്‍ കൊലക്കത്തികള്‍ക്ക് മറപോലുമുണ്ടാകില്ലെന്നാണ് സല്‍മാന്‍ റുഷ്ദിക്കുനേരെനടന്ന ആക്രമണം തെളിയിക്കുന്നത്. ന്യൂയോര്‍ക്കിലെ ഷതോക്വയിലെ വിദ്യാഭ്യാസകേന്ദ്രത്തില്‍ പ്രസംഗിക്കാന്‍ വേദിയിലെത്തിയപ്പോഴാണ് റുഷ്ദിയുടെ കഴുത്തില്‍ അക്രമി കഠാരയിറക്കിയത്. എന്തുത്യാഗം സഹിച്ചും റുഷ്ദിയെ കൊല്ലുകയെന്ന മൗലികവാദികളുടെ ദീര്‍ഘകാലലക്ഷ്യം ഒരുപരിധിവരെ ഇപ്പോള്‍ത്തന്നെ അവര്‍ നേടിയിരിക്കുന്നു. 33 കൊല്ലംമുമ്പ് ഇറാനിലെ മതനേതാവ് കല്പിച്ച വധശിക്ഷയാണ് ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. റുഷ്ദിയെ കുത്തിയ ഹാദി മാതര്‍ എന്ന 24-കാരന്‍ അമേരിക്കയില്‍ താമസിക്കുന്ന ലബനീസ് വംശജനും റുഷ്ദിയെ വധിക്കാന്‍ ഫത്വ പുറപ്പെടുവിച്ച ഇറാനിലെ മതനേതാവിന്റെ ആരാധകനുമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 1989-ല്‍ ഖൊമേനി പുറപ്പെടുവിച്ച 'വധശിക്ഷ' നടപ്പാക്കില്ലെന്ന് 10 വര്‍ഷത്തിനുശേഷം അന്നത്തെ അധികാരികള്‍ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍, റുഷ്ദിയുടെ കഴുത്തുവെട്ടിയയാളുടെ കൈ ചുംബിക്കണമെന്നടക്കമുള്ള പ്രസ്താവനകളോടെയാണ് ഇറാനിലെ ചില യാഥാസ്ഥിതികപത്രങ്ങള്‍ കൊലപാതകശ്രമത്തെ കൊണ്ടാടിയത്.മുംൈബയില്‍ ജനിച്ചുവളര്‍ന്ന റുഷ്ദി നാലുപതിറ്റാണ്ടായി ലോകപ്രശസ്തനായ ഇംഗ്‌ളീഷ് എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ കൃതികളുടെ ഉള്ളടക്കവും രചനാരീതിയും പ്രശംസിക്കപ്പെട്ടതുപോലെത്തന്നെ വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുകയും രാജ്യം രണ്ടായി മുറിയുകയും ചെയ്തനിമിഷത്തില്‍ പിറന്ന കുട്ടിയുടെ, കുട്ടികളുടെ ജീവിതത്തിലൂടെ പില്‍ക്കാലത്തെ കാണുന്ന 'മിഡ്നൈറ്റ്‌സ് ചില്‍ഡ്രന്‍' എന്ന നോവലിലൂടെയാണ് റുഷ്ദി പാശ്ചാത്യസാഹിത്യലോകത്തിന്റെ അംഗീകാരംനേടിയത്. ചരിത്രത്തെ തലതിരിച്ചുകാണുകയോ വക്രീകരിക്കുകയോചെയ്ത് മാന്ത്രികയാഥാര്‍ഥ്യവിവരണ ശൈലിയില്‍ എഴുതിയ ആ നോവലിനും ഇന്ത്യയിലടക്കം അനുകൂലവും പ്രതികൂലവുമായ അഭിപ്രായമുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അതേ പ്രായമുള്ള റുഷ്ദി മാതൃരാജ്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പിന്നിടുന്ന സന്ദര്‍ഭത്തിലാണ് അമേരിക്കയില്‍വെച്ച് ആക്രമിക്കപ്പെട്ടത്.

റുഷ്ദിയുടെ നോവലുകളില്‍ വിവിധ മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സവിശേഷരീതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭാരതീയമിത്തുകളും വിമര്‍ശനവിധേയമായിട്ടുണ്ട്. ഇന്ദിരാഗാന്ധിയടക്കമുള്ള നേതാക്കളെ രൂക്ഷമായി ആക്ഷേപിക്കുന്നുണ്ട്. അതിലെല്ലാം വിമര്‍ശനങ്ങളും കേസുകളുമുണ്ടായിട്ടുണ്ടെങ്കിലും 1988-ല്‍ പുറത്തിറങ്ങിയ 'ചെകുത്താന്റെ വചനങ്ങള്‍' എന്ന നോവലോടെ അത് ലോകവ്യാപകമായ ക്രമസമാധാനപ്രശ്‌നംകൂടിയായി വളര്‍ന്നു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിെക്ക ആ നോവല്‍ ഇന്ത്യയില്‍ നിരോധിച്ചു. റുഷ്ദിയുടെ വീക്ഷണത്തെ ശക്തിയായി വിമര്‍ശിക്കുമ്പോഴും ആ വീക്ഷണത്തിന്റെ പേരില്‍, ആവിഷ്‌കാരത്തിന്റെ പേരില്‍ അദ്ദേഹത്തെ കൊല്ലാന്‍ ആഹ്വാനംചെയ്യുന്നതും അത് നടപ്പാക്കാന്‍ ആസൂത്രണംചെയ്യുന്നതും അതിനായി ലോകത്തെങ്ങും തക്കംപാര്‍ത്തുനില്‍ക്കുന്നതും അപരിഷ്‌കൃതമാണ്.

ലോകമെങ്ങും വര്‍ഗീയതീവ്രവാദികളും സ്വേച്ഛാധിപത്യഭരണകൂടങ്ങളും പൊതുജനാഭിപ്രായ രൂപവത്കരണശേഷിയുള്ള എഴുത്തുകാരെയും ചിന്തകരെയും ഭയപ്പെടുന്നുവെന്നതാണ് ചരിത്രയാഥാര്‍ഥ്യം. നാസികള്‍ ജര്‍മന്‍ഭരണം കൈയടക്കിയപ്പോഴും സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്റെ കാലത്തും ഭരണകൂടമാണ് എഴുത്തുകാരെ വേട്ടയാടിയത്. മൗലികവാദികളുടെ ഭീഷണികാരണം സ്വന്തം നാട്ടില്‍ നില്‍ക്കാനാവാതെ മറുനാടുകളെ അഭയംപ്രാപിക്കുന്നവരുടെ എണ്ണം ഇപ്പോഴും ഏറെയാണ്. പാരീസില്‍ മാധ്യമസ്ഥാപനം ആക്രമിച്ച് 12 പത്രപ്രവര്‍ത്തകരെ കൊലചെയ്ത സംഭവം ഏഴുവര്‍ഷംമുമ്പാണ്. നാടുവിടേണ്ടിവന്ന ബംഗ്ലാദേശിലെ എഴുത്തുകാരി തസ്ലിമാ നസ്രീന്‍ ഒരുദാഹരണം. മൂവാറ്റുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസര്‍ ടി.ജെ. ജോസഫിനെ വര്‍ഗീയതീവ്രവാദികള്‍ ആക്രമിച്ച് വലതുകൈ വെട്ടിയെടുത്ത കിരാതസംഭവമുണ്ടാക്കിയ നടുക്കം ഇപ്പോഴും അകന്നിട്ടില്ല. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പ്രവര്‍ത്തിക്കുകയും സ്വതന്ത്രചിന്തയുടെ വെളിച്ചംവീശുകയും ചെയ്തതിന്റെ പേരിലാണ് നമ്മുടെ രാജ്യത്ത് ഗോവിന്ദ് പാന്‍സരെയെയും എം.എം. കലബുര്‍ഗിയെയും നരേന്ദ്ര ധാഭോല്‍ക്കറെയും ഗൗരി ലങ്കേഷിനെയും യാഥാസ്ഥിതിക തീവ്രവാദികള്‍ കൊലചെയ്തത്. സാഹിത്യകൃതികളിലെ പരാമര്‍ശങ്ങള്‍ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് അക്രമംനടത്തുന്നവരാരും അതുവായിച്ചല്ല, പറഞ്ഞുകേട്ടാണ് പ്രതികരിക്കുന്നത് എന്നതാണ് വസ്തുത.

മതങ്ങള്‍ കാരുണ്യവും സ്‌നേഹവും സൗഹാര്‍ദവുമാണ് പ്രസരിപ്പിക്കുന്നതെങ്കിലും ആ അന്തസ്സത്ത മനസ്സിലാക്കാതെ, തീവ്രവിശ്വാസികളായി നടിക്കുന്ന ചെറിയ വിഭാഗം അസഹിഷ്ണുതയുടെ കത്തികളുമായി പകയോടെ നടക്കുന്ന അത്യന്തം ഭീകരമായ അവസ്ഥയിലേക്കാണ് റുഷ്ദി സംഭവം വിരല്‍ചൂണ്ടുന്നത്. യഥാര്‍ഥ മതവിശ്വാസികള്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ ജാഗ്രതപാലിക്കേണ്ടതുണ്ട്. റുഷ്ദി വേഗത്തില്‍ സുഖംപ്രാപിക്കട്ടെ.


Content Highlights: Salman Rushdie, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented