മാറ്റിയോ ഗാർസിയാ എലിസൊണ്ടോ.
ഹുവാന്‍ റൂള്‍ഫോയുടെ 'പെദ്രോ പാരമോ' തന്റെ കൈയിലെത്തിയ, ഒരിക്കലും മറക്കാനാവാത്ത ദിവസത്തെപ്പറ്റി മാര്‍ക്കേസ് പല തവണ പറഞ്ഞിട്ടുണ്ട്. സുഹൃത്തും എഴുത്തുകാരനുമായ അല്‍വരോ മ്യൂതിസാണ് (Alvaro Mutis) ആ പുസ്തകം മാര്‍ക്കേസിന് നല്‍കിയത്. കൊമാലയിലൂടെ ഗതികിട്ടാതെ അലഞ്ഞു നടന്ന ആത്മാക്കള്‍ അങ്ങനെ, എഴുതിക്കൊണ്ടിരുന്ന 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളെ' അപ്പാടെ മാറ്റിമറിച്ചു. പിന്നെ സംഭവിച്ചതെല്ലാം ചരിത്രം.
പക്ഷേ ഇന്നാണെങ്കില്‍ മറ്റൊരു പുസ്തകം വായിച്ചിട്ട് മാര്‍ക്കേസ് ഒരുപക്ഷേ തന്റെ മാസ്റ്റര്‍പീസ് ഒന്നുകൂടി മാറ്റിയെഴുതിയേനെ. മറ്റാരുടേതുമല്ല. തന്റെ പേരക്കുട്ടിയായ മാറ്റിയോ ഗാര്‍സിയാ എലിസൊണ്ടോ(Mateo Garcia Elizonto)യുടെ 'Una Cita con la Lady' (A Date with the Lady) എന്ന പുസ്തകം.
പെദ്രോ പാരമോയുടെ ആധുനികമായ പരാവര്‍ത്തനമാണ് എലിസൊണ്ടോയുടെ പുസ്തകമെന്ന് വേണമെങ്കില്‍ പറയാം. റൂള്‍ഫോയുടെ നോവല്‍ ആഭ്യന്തരയുദ്ധംകൊണ്ടും ഏകാധിപത്യംകൊണ്ടും ദാരിദ്ര്യംകൊണ്ടും നരകമായി മാറിയ മെക്‌സിക്കോയെക്കുറിച്ചാണ്. അവിടെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മില്‍ വ്യത്യാസമില്ല. അല്ലെങ്കില്‍ വായനക്കാര്‍ക്ക് അവരെ വേര്‍തിരിക്കാനാവുന്നില്ല. കാലം ആ നരകത്തില്‍ പുറകോട്ടൊഴുകുന്നു. ജീവിതം മരണത്തിലെത്തിയിട്ടും അവസാനിക്കുന്നില്ല, മരണമാകട്ടെ ജീവിതത്തിലേക്ക് പിന്മടങ്ങുകയും ചെയ്യുന്നു.
എലിസൊണ്ടോയുടെ നോവലിലാകട്ടെ ലഹരിമരുന്നാണ് നരകങ്ങള്‍ സൃഷ്ടിക്കുന്നത്. ബോധം-അബോധം, പേടിസ്വപ്നം-യാഥാര്‍ത്ഥ്യം, മരണം-ജീവിതം ഇവയ്‌ക്കെല്ലാം അവിടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. അഥവാ അവയെല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു.
ഇന്ന് മെക്‌സിക്കോ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് ലഹരിമരുന്നിന്റെ ആധിപത്യംകൊണ്ടാണ്. മയക്കുമരുന്നുകൊണ്ട് സാമ്രാജ്യങ്ങള്‍ സൃഷ്ടിച്ചവരെപ്പറ്റി അനേകം പുസ്തകങ്ങളും സിനിമകളും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ഇവിടെയാണ് എലിസൊണ്ടോ വ്യത്യസ്തനാകുന്നത്. താന്‍ എഴുതുന്നത് മയക്കുമരുന്ന് വില്‍ക്കുന്നവരെപ്പറ്റിയല്ല, അതുപയോഗിക്കുന്നവരുടെ ദുഃസ്വപ്നസഞ്ചാരങ്ങളെപ്പറ്റിയാണെന്ന് അദ്ദേഹം പറയുന്നു.
'പെദ്രോ പാരമോ'യിലെ കഥാപാത്രമായ ഹുവാന്‍ പ്രസിയാദോ കൊമാലയിലെത്തുന്നത് തന്റെ അച്ഛനെ തേടിയാണ്. അച്ഛന്‍ മാത്രമല്ല അവിടെയുള്ള എല്ലാവരും മരിച്ചു കഴിഞ്ഞെന്ന് താമസിയാതെ അയാളറിയുകയാണ്. മരിച്ചവര്‍ അയാളോട് സംസാരിക്കുന്നു. താമസിയാതെ അയാളും മരിക്കുന്നു.
ഒരുവളുമായുള്ള പ്രണയ സമാഗമത്തിലെ (A Date with the Lady) നായകനായ മ്യുയെര്‍ത്തീത്തോ(Muertito)ആകട്ടെ സപോത്തല്‍ (Zapotal) എന്ന പട്ടണത്തിലെത്തുന്നത് ഒരുവളെ കാണാനാണ്. മറ്റാരുമല്ല മരണം തന്നെയാണ് ആ ഒരുവള്‍. അതെ, ലഹരിമരുന്നിന്റെ അടിമയായ അയാള്‍ കാടിനോടു ചേര്‍ന്നു കിടക്കുന്ന, എത്തിപ്പെടാന്‍ പ്രയാസമേറിയ അവിടെയെത്തുന്നത് സ്വസ്ഥമായി മരിക്കാന്‍ വേണ്ടി മാത്രമാണ്.
അയാള്‍ക്കു പക്ഷേ അതിനു കഴിയുന്നില്ല. ലഹരിമരുന്നിന്റെ ഭ്രമാത്മകമായ ലോകത്തു നിന്ന് പുറത്തു കടക്കുമ്പോഴൊക്കെ കൂടുതല്‍ വിചിത്രമായ സംഭവങ്ങളില്‍ അയാള്‍ ചെന്നുപെടുന്നു. ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ, സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാനാവാത്ത ആളുകളെ അയാള്‍ കണ്ടുമുട്ടുന്നു. ഈ കൂട്ടിക്കലര്‍ത്തല്‍ നടത്തുന്നതില്‍ എലിസോന്‍ദോ പ്രയോഗിക്കുന്ന ക്രാഫ്റ്റ് അപാരമാണ്.
'ഞാന്‍ സപോത്തലില്‍ വന്നത് മരിക്കാനാണ്. പട്ടണത്തിലെത്തിയപാടെ കീശകളിലുണ്ടായിരുന്നതെല്ലാം ഞാന്‍ ഒഴിവാക്കി. നഗരത്തില്‍ ഞാന്‍ ഉപേക്ഷിച്ചുപോന്ന വീടിന്റെ താക്കോലുകള്‍, എന്റെ പേരോ ഫോട്ടോയോ ഉള്ള വസ്തുക്കള്‍ എല്ലാം ഞാന്‍ ഒഴിവാക്കി'.
ഇങ്ങനെയാണ് നോവല്‍ തുടങ്ങുന്നത്. ഇത് തീര്‍ച്ചയായും പെദ്രോ പാരമോയുടെ തുടക്കത്തെ ഓര്‍മ്മിപ്പിക്കുന്നു: 'ഞാന്‍ കൊമാലയിലേക്കു വന്നത് എന്റെ അച്ഛന്‍ പെദ്രോ പാരമോ എന്നു പേരുള്ള ഒരാള്‍ അവിടെയാണ് താമസിച്ചിരുന്നത് എന്നതുകൊണ്ടാണ്'.
പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് ഈ രണ്ടു നോവലുകളും തമ്മിലുള്ള സാദൃശ്യങ്ങള്‍. പക്ഷേ പ്രധാന കഥാപാത്രമായ പെദ്രോ പാരമോയുടേയും മറ്റു കഥാപാത്രങ്ങളുടെയും മനസ്സിന്റെ യാത്രകളിലൂന്നുമ്പോഴും പെദ്രോ പാരമോയില്‍ ഒരു കഥയുണ്ട്. കാലം തലകീഴായ അല്ലെങ്കില്‍ കാലമേയില്ലാത്ത ഒരു കഥ. എന്നാല്‍ എലിസൊണ്ടോയുടെ നോവലിലാകട്ടെ മിക്കപ്പോഴും കഥ നടക്കുന്നത് നായകനായ മ്യുയെര്‍ത്തീത്തോയുടെ മനസ്സില്‍ മാത്രമാണ്. അയാളാകട്ടെ ലഹരിമരുന്നിനടിമയും. സ്ഥലവും കാലവും സ്വപ്നവും ഭ്രാന്തുമെല്ലാം ആ കഥയില്‍ കൂടിക്കുഴയുന്നതില്‍ അപ്പോള്‍ ആശ്ചര്യപ്പെടേണ്ടതില്ല. ചിലപ്പോഴെല്ലാം കഥ മ്യുയെര്‍ത്തീത്തോയുടെ മനസ്സില്‍ നിന്ന് പുറത്തു കടക്കുന്നു. അവിടെ നോവല്‍ വിവരിക്കാനാവാത്ത തലങ്ങളില്‍ ചെന്നെത്തുകയും ചെയ്യുന്നു.
ഒരു മദ്യശാലയില്‍വെച്ച് ചങ്ങാതിമാരായിത്തീര്‍ന്ന ചിലര്‍ പറഞ്ഞതനുസരിച്ച് മ്യുയെര്‍ത്തീത്തോ, അന്തോണിയോ സിയെറാ എന്നയാളുടെ കൃഷിയിടം തേടിപ്പോകുന്നു. വഴിയിലെങ്ങും ആരുമില്ല. ഒടുവില്‍ ഒരാള്‍ എതിരെ വന്നു. ദുരിതങ്ങളിലൂടെയാണ് അയാളുടെ നടപ്പെന്ന് വ്യക്തം. മ്യുയെര്‍ത്തീത്തോ അയാളോട് കൃഷിയിടത്തിലേക്കുള്ള വഴി ചോദിച്ചു.
'നിങ്ങള്‍ തെറ്റായ ദിശയിലേക്കാണ് നടക്കുന്നത്'; അയാള്‍ പറഞ്ഞു. 'നേരെ എതിരെ പോയാലാണ് സെമിത്തേരിയിലെത്തുക'.
'സെമിത്തേരിയിലേക്കല്ല എനിക്കു പോകേണ്ടത്'. മ്യുയെര്‍ത്തീത്തോ പറഞ്ഞു.
ആശയക്കുഴപ്പത്തിലായതുപോലെ അയാള്‍ മ്യുയെര്‍ത്തീത്തോയെ നോക്കി. പിന്നെ ചിരിച്ചു കൊണ്ടു പറഞ്ഞു:
'നമ്മളെല്ലാം അവിടേക്കാണ് പോകുന്നത്'.
മ്യുയെര്‍ത്തീത്തോയുടെ മനസ്സില്‍ നിന്ന് പുറത്തു കടക്കുമ്പോഴൊക്കെ ഇത്തരം ചുറ്റുപാടുകളിലാണ് നമ്മള്‍ ചെന്നെത്തുന്നത്. പക്ഷേ ചിലപ്പോഴൊക്കെ ആ ഇരുണ്ട അന്തരീക്ഷത്തിലും വെളിച്ചം വീഴുന്നുണ്ട്. മ്യുയെര്‍ത്തീത്തോ തന്റെ കാമുകിയായ വലേറിയെപ്പറ്റി ചിന്തിക്കുന്ന സന്ദര്‍ഭം അത്തരത്തിലുള്ള ഒന്നാണ്: അവളോടൊപ്പമുള്ളപ്പോള്‍ സുരക്ഷിതത്വവും സമാധാനവും തോന്നുന്നുവെന്ന് അയാള്‍ പറയുന്നു; ആശയങ്ങളും സ്വപ്നങ്ങളും അയാളിലേക്കു വന്നു. അതും പക്ഷേ കറുപ്പ് (Opium) പുകയ്ക്കുമ്പോള്‍ തോന്നുന്നത് പോലെയുള്ളതാണെന്നു മാത്രം.
എലിസൊണ്ടോയുടെ ശൈലി പക്ഷേ റൂള്‍ഫോയുടേതോ അച്ഛന്റെ അച്ഛനായ മാര്‍ക്കേസിന്റേതോ അല്ല. (മാര്‍ക്കേസിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ കേട്ട് മടുത്തുവെന്ന് എലിസോന്‍ദോ) അതിനു കൂടുതല്‍ അടുപ്പം അമ്മയുടെ അച്ഛന്റെ എഴുത്തിനോടാണ്; അദ്ദേഹം മറ്റാരുമല്ല മെക്‌സിക്കോയിലെ മഹാന്മാരായ എഴുത്തുകാരിലൊരാളായ സാല്‍വദോര്‍ എലിസൊണ്ടോ.
സാല്‍വദോര്‍ എലിസൊണ്ടോയുടെ പ്രശസ്തമായ 'Farabeuf' എന്ന നോവലിന്റെ തുടക്കത്തില്‍ ഇടനാഴിയുടെ അറ്റത്തിരിക്കുന്ന ഒരു പെണ്‍കുട്ടി അവളുടെ കൈക്കുമ്പിളിലൊളിപ്പിച്ച മൂന്നു നാണയങ്ങള്‍ നിലത്തിടുന്നതിനെപ്പറ്റി പറയുന്നുണ്ട്. നിഗൂഢമായ ഒരടയാളമാണത്. ഇത്തരം നിഗൂഢതകള്‍ നിറഞ്ഞ അടയാളപ്പെടുത്തലുകളാണ് മാറ്റിയോ ഗാര്‍സിയാ എലിസൊണ്ടോയുടെ പുസ്തകത്തില്‍ നിറയെ.
എലിസൊണ്ടോക്ക് ഇനിയുമേറെ നടക്കാനുണ്ട്. പക്ഷേ അദ്ദേഹം കടന്നുപോന്ന വഴി നിറയെ മാന്ത്രികത്വമാണ്. മുത്തച്ഛനായ മാര്‍ക്കേസിന്റേതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒന്ന്.
Content Highlights: Mateo Garcia Elizonto, Gabriel García Márquez, Book una cita con la lad, write up
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..