മന്നത്ത് പദ്മനാഭൻ
നമ്മുടെ മറ്റു നവോത്ഥാന നായകര്‍ക്കോ സ്വാതന്ത്ര്യ സമരസേനാനികള്ക്കോ ലഭിച്ച ഉന്നതവിദ്യാഭ്യാസം നേടാന്‍ മന്നത്തു പത്മനാഭനു കഴിഞ്ഞില്ല. 1878-ല്‍ ചങ്ങനാശ്ശേരി പെരുന്നയില്‍ ജനിച്ച മന്നത്തിന് ആറാമത്തെ വയസ്സില്‍ വിദ്യാഭ്യാസം നിര്‍ത്തേണ്ടിവന്നു. ദാരിദ്ര്യം തന്നെയായിരുന്നു കാരണം. പ്രവൃത്തിക്കച്ചേരിയില്‍ പണിയെടുത്തുകൊണ്ട് അദ്ദേഹത്തിന് വീട്ടുത്തരവാദിത്വം നിറവേറ്റണമായിരുന്നു. നാടകനടനായും രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനെല്ലാം ശേഷമാണ് അദ്ദേഹം പഠനം പുനരാരംഭിച്ചത്. പതിനാറാമത്തെ വയസ്സില്‍ കാഞ്ഞിരപ്പള്ളിയില്‍ പ്രൈമറി സ്കൂൾ അദ്ധ്യാപകനായി ജോലി നേടി. അതിനു ശേഷം സര്‍ക്കാര്‍ സ്കോളര്‍ഷിപ്പോടെ തിരുവനന്തപുരം ട്രെയിനിങ് സ്കൂളില്‍നിന്ന് അധ്യാപകപരിശീലനം പൂര്‍ത്തിയാക്കി. പിന്നീട് മദ്ധ്യതിരുവിതാംകൂറില്‍ പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു. അഭിമാനിയായ അദ്ദേഹം ഒരു നിര്‍ണായകഘട്ടത്തില്‍ ജോലി രാജിവയ്ക്കുകയാണുണ്ടായത്. മജിസ്ട്രേറ്റ് കോടതിയില്‍ വക്കീലാകാനുള്ള യോഗ്യത ഇതിനിടെ നേടിയിരുന്നതിനാല്‍ അദ്ദേഹം വക്കീലായി പ്രവര്‍ത്തനമാരംഭിച്ചു. അക്കാലത്ത് വക്കീലന്മാരെ സംഘടിപ്പിച്ച് സുസമ്മതനാവുകയും നേതൃശേഷി തെളിയിക്കുകയും ചെയ്തു.
ഈയവസരത്തിലാണ്, തന്നെപ്പോലെ ദുഃഖിക്കുന്നവര്‍ ധാരാളമുണ്ടെന്ന് മന്നം മനസ്സിലാക്കിയത്. പരിമിതികളും കാലങ്ങളായി അടിഞ്ഞുകൂടിയ ജീര്‍ണ്ണതയും കലഹങ്ങളും കേസുകളും കുടുംബങ്ങളെ അധഃപതനത്തിലേക്കു തള്ളിവിടുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സഹജാതരെ സംഘടിപ്പിച്ച് മുന്നേറ്റം നടത്തേണ്ടത് അത്യന്താപേക്ഷിതമായിത്തോന്നി. അദ്ദേഹം വ്യക്തമാക്കി: 'സമുദായസേവനവും രാജ്യസേവനവും രണ്ടല്ല; അവ ഒരേയവസരത്തില്‍ വച്ചുകൊണ്ടിരിക്കാവുന്നതും വളര്‍ത്താവുന്നതുമാകുന്നു. പെറ്റമ്മയെ സ്നേഹിക്കാത്തവന് ലോകസാഹോദര്യബോധം എങ്ങനെയുണ്ടാവും?'
അദ്ദേഹം ഒന്നുകൂടിപ്പറഞ്ഞു: 'സ്വസമുദായസ്നേഹമെന്നാല്‍ ഇതരസമുദായങ്ങളോടുള്ള വൈരമല്ല, അവനവന് നന്നാകാനുള്ള ആഗ്രഹംകൊണ്ടു മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ അസൂയയുണ്ടാവാന് പാടില്ല.' ചെറിയ വൃത്തത്തില്‍നിന്ന് അനുക്രമമായി വികസിച്ച് പരമാവധിയിലെത്തുക എന്നതായിരുന്നു മന്നത്തിന്റെ കര്‍മ്മങ്ങളുടെയെല്ലാം ചോദനയെന്ന് ഇതില്‍നിന്നു വ്യക്തമാണ്.
'സ്വയം ചെയ്യാന്‍ പറ്റാത്ത കാര്യം മറ്റൊരാളിനോടു ചെയ്യാന്‍ ആവശ്യപ്പെടുന്നത് യോഗ്യമല്ല.' ഇതായിരുന്നു മന്നത്തിന്റെ ആദര്‍ശം. സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയില്‍ നിയമലംഘനം നടത്തിയും യാഥാസ്ഥിതിക നീതിബോധത്തെ ചോദ്യം ചെയ്തും പൊതുസാമൂഹികത സൃഷ്ടിക്കുന്നതിനാവശ്യമായ പ്രേരണ ചെലുത്തിയും മന്നം നിരവധി കാര്യങ്ങള്‍ ചെയ്തു. അതിലൊന്നാമത്തത് വൈക്കം സത്യാഗ്രഹകാലത്ത് വീട്ടില്‍ വന്ന പുലയനും ഈഴവനും തന്റെ അടുക്കളയില്‍ ഭക്ഷണം കൊടുത്തതും അവര്‍ കഴിച്ച പാത്രങ്ങള്‍ അദ്ദേഹത്തിന്റെ അമ്മ കഴുകിയതുമാണ്.
സ്വന്തം സമുദായത്തില്‍നിന്നുപോലും മന്നത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ, കര്‍മ്മശേഷിയും നിശ്ചയദാര്‍ഢ്യവും സേവനതത്പരതയും സത്യസന്ധതയും ആത്മാര്‍ത്ഥതയുംകൊണ്ട് അവയെയെല്ലാം അതിജീവിച്ചു മുന്നോട്ടു കുതിക്കാന്‍ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല. താന്‍ എന്തിന് സ്വന്തം സമുദായത്തെ സേവിക്കണം എന്നതിനെപ്പറ്റി അദ്ദേഹത്തിനു നല്ല ബോദ്ധ്യമുണ്ടായിരുന്നു. തന്റെ സമുദായം വല്ലാതെ അധഃപതിച്ചു പോയതിന്റെ കാരണങ്ങളെയും അദ്ദേഹം ചരിത്രപരമായി പരിശോധിച്ചറിഞ്ഞു.
നൂറ്റാണ്ടുകളായി പൊതുമണ്ഡലത്തില്‍ നിരന്തര സാന്നിദ്ധ്യമറിയിച്ച പ്രമുഖ വിഭാഗമാണ് കേരളത്തിലെ നായര്‍ സമുദായം. എന്നും മുഖ്യധാരയിലുണ്ടായിരുന്നതും രാജ്യസേവനത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കപ്പെട്ടതുമായ വിഭാഗം. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്ബലിദാനികളെ നാടിനു സമര്‍പ്പിച്ച വര്ഗവുമാണത്. ഒട്ടനവധി വിധവമാരെ പരിപാലിച്ചും പുത്രന്മാരെ ബലി കൊടുത്തും വലിയ സംഘര്‍ഷം അനുഭവിച്ചവരായിരുന്നു ഇവര്‍. ഇതിന്റെയടിസ്ഥാനത്തിലാണ് വിരുത്തിനിലങ്ങളുടെയും മറ്റും ഉടമാവകാശം ഇവര്‍ക്കു ലഭിച്ചത്. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യാവകാശമുണ്ടായിരിക്കണം എന്ന നിലപാടായിരുന്നു മന്നത്തിന്റേത്. വൈക്കം സത്യാഗ്രഹത്തില്‍ ഇതു ശരിക്കും തെളിഞ്ഞുകണ്ടു.
അന്നു രണ്ടു സവര്‍ണജാഥകള്‍ അവര്‍ണരുടെ അവകാശങ്ങള്‍ക്കു വേണ്ടി നടത്തുകയുണ്ടായല്ലോ. വൈക്കത്തുനിന്നു പുറപ്പെട്ട ജാഥയുടെ സര്‍വ്വസൈന്യാധിപനായിരുന്നു മന്നം. നാഗര്‍കോവിലിലെ കോട്ടാറില്നിന്നാണ് മറ്റേ സവര്‍ണ്ണജാഥ പുറപ്പെട്ടത്, ഡോ. എം ഇ നായിഡുവിന്റെയും നെയ്യാറ്റിന്‍കര എ പി നായരുടെയും നേതൃത്വത്തില്‍. ഈ രണ്ടു ജാഥകളും ശംഖുംമുഖത്തു സംഗമിച്ചിട്ടാണ് രാജാവിനു നിവേദനം സമര്‍പ്പിച്ചത്. ഒരു വിഭാഗവും താഴെയല്ല എന്നു പറയുക മാത്രമല്ല, അവരുടെ അവകാശത്തിനു വേണ്ടി പ്രയത്നിക്കുകകൂടി വേണമെന്നു തെളിയിക്കുകയായിരുന്നു മന്നം.
വൈക്കം സത്യാഗ്രഹത്തില്‍ അവസാനിക്കുന്നില്ല ഈയനുഭവം. ഗുരുവായൂര്‍ സത്യാഗ്രഹത്തിലും മന്നത്തിന്റെ സജീവസാന്നിദ്ധ്യമുണ്ടായിരുന്നു. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യത്തെ അദ്ധ്യക്ഷനായിരുന്ന കെ. കേളപ്പനും അതിന്റെ നേതൃത്വം വഹിക്കുകയുണ്ടായി. കൂടാതെ, അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് എഴുപത്തിയേഴു ശതമാനം സവര്‍ണര്‍ രംഗത്തുവരികയും ചെയ്തു. ഈ വലിയ പിന്തുണ നേടിയെടുക്കുന്നതില്‍ മന്നത്തിന്റെ നേതൃത്വം പ്രയോജനപ്പെട്ടു എന്നതാണു വസ്തുത. ക്ഷേത്രങ്ങള്‍ ദൈവത്തിനു വേണ്ടി ഉണ്ടാക്കിയിട്ടുള്ളവയല്ല, സ്കൂളുകളും കോളജുകളും ഒന്നും ദൈവത്തിനാവശ്യമില്ല. ദൈവത്തിന് ആരും ഒന്നും അങ്ങോട്ടു നല്‍കേണ്ട കാര്യമില്ല. അതുകൊണ്ട് ദൈവത്തിന്റെ പേരു പറഞ്ഞ് മനുഷ്യര്‍ ചെയ്യുന്നതൊക്കെയും ദൈവവിരുദ്ധമാണ് എന്നതായിരുന്നു മന്നത്തിന്റെ വീക്ഷണം. ക്ഷേത്രങ്ങള്‍ ദൈവത്തിനു വേണ്ടിയല്ല, മനുഷ്യനു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു.
സമുദായസേവനം എന്ന സവിശേഷ മണ്ഡലത്തിലാണ് മന്നത്തിന്റെ കര്‍മ്മം അധികവും നിര്വഹിക്കപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റേത് തികഞ്ഞ വിശാലവീക്ഷണമായിരുന്നുവെന്ന് ഇതെല്ലാം വ്യക്തമാകുന്നു. സ്ഥാപക സെക്രട്ടറിയായി മന്നം മുപ്പതു വര്‍ഷക്കാലം എന്‍.എസ്.എസ്സില്‍ സേവനമനുഷ്ഠിച്ചു. ആ സംഘടനയ്ക്ക് ഇന്ന് എന്തൊക്കെയുണ്ടോ അതൊക്കെയും മന്നത്തിന്റെ പ്രയത്നഫലമാണ്. അദ്ദേഹം പിന്നീട് അദ്ധ്യക്ഷസ്ഥാനത്തേക്കു മാറി. ഈ സന്ദര്‍ഭത്തിലാണ് തിരുവിതാംകൂറില്‍ സര് സി.പിക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ നേതൃനിരയിലേക്ക് അദ്ദേഹം കടന്നുചെന്നത്. 1947-ലെ മുതുകുളം പ്രസംഗത്തെത്തുടര്‍ന്നായിരുന്നു ഈ സംഭവം. രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചപ്പോള്‍ അദ്ദേഹം എന്‍.എസ്.എസ്. പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മുതുകുളം പ്രസംഗത്തിന്റെ പേരില്‍ രണ്ടുകൊല്ലം ജയിലില്‍ കിടക്കുകയും ചെയ്തു. പുറത്തു വന്ന മന്നം വീണ്ടും ചില നേതൃത്വങ്ങളേറ്റെടുത്തു. വിമോചനസമരത്തില്വരെ അതു നീണ്ടുനിന്നു.
1948-ല്‍ കുമ്പഴ വള്ളിക്കോട് മണ്ഡലത്തില്‍നിന്നു ജയിച്ച് മന്നം നിയമസഭാ സാമാജികനായി. ദേവസ്വം ബോര്‍ഡിന്റെ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു. ഹിന്ദു മഹാമണ്ഡലത്തിനുവേണ്ടിയും അദ്ദേഹം ഊര്‍ജ്ജം വിനിയോഗിച്ചു. എവിടെ പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥതയും ആത്മവിശ്വാസവും കാണുന്നുവോ അവിടെ വിജയമുണ്ടാകും- ഇതായിരുന്നു മന്നത്തിന്റെ ആദര്‍ശവാക്യം.
എല്ലാ രാഷ്ട്രീയ നേതാക്കളോടും നല്ല സൗഹൃദം പുലര്‍ത്തിയിരുന്നു മന്നത്തു പദ്മനാഭന്. എന്നാല്‍ എന്തുകൊണ്ടോ ചട്ടമ്പി സ്വാമികളെ നേരില്‍ കാണാന്‍ അദ്ദേഹത്തിന് ഒരിക്കലും സാധിച്ചില്ല. തന്റെ സമുദായത്തില്‍ ജനിച്ചുവെന്നു മാത്രമല്ല, കേരളത്തില്‍ സമത്വാധിഷ്ഠിതമായ സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ ജ്ഞാനം സമ്മാനിച്ചും, കര്‍മ്മശേഷി വിനിയോഗിച്ചും എല്ലാറ്റിന്റെയും പ്രഭവകേന്ദ്രമായി വിരാജിക്കുന്നുണ്ടായിരുന്നു ചട്ടമ്പി സ്വാമികള്‍ അന്നും. താന്‍ ഭാരതത്തിനകത്തും പുറത്തും നടത്തിയ എല്ലാ പര്യടനങ്ങള്‍ക്കിടയിലും കണ്ടുമുട്ടിയതില്വച്ച് പ്രൗഢതമനായ സംന്യാസിവര്യനാണു ചട്ടമ്പി സ്വമികള്‍ എന്നു് വിവേകാനന്ദ സ്വാമികള്‍ പ്രഖ്യാപിച്ചതിന്റെ അലയൊലികള്‍ കേരളത്തിലും നിലച്ചിരുന്നില്ല. പിന്നാലെ ലോകശ്രദ്ധ നേടിയ സ്വാമി ചിന്മയാനന്ദന്, ചട്ടമ്പി സ്വാമികളെ അറിവിന്റെ തിരുവുടലാണു സ്വാമികള്‍; യോഗീശ്വരന്മാരുടെയെല്ലാം യോഗി, ഗുരുക്കന്മാരുടെയെല്ലാം ഗുരു, ഋഷീശ്വരന്മാരുടെയെല്ലാം ഋഷി; എന്നു വ്യക്തമാക്കിയതും മന്നം അറിഞ്ഞിട്ടുണ്ടാകണം.
മന്നത്തിന്റെ ചട്ടമ്പിസ്വാമിദര്ശനം എങ്ങനെയോ ഒഴിവായി. പിന്നീട് പക്ഷേ, മന്നത്തിന് അതില്‍ മനഃസ്താപം ഉണ്ടായിട്ടുണ്ട്. അമാനുഷനായ ചട്ടമ്പിസ്വാമികള്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാഹാത്മ്യം ഗ്രഹിക്കാനോ ആദരിക്കാനോ നമുക്കു കഴിഞ്ഞില്ല എന്ന് അദ്ദേഹം ഖേദിച്ചത് ഇതിന്റെ തെളിവാണ്. മാത്രമല്ല, അപരിഹാര്യമായ ആ അപരാധത്തിന് പ്രതിവിധി ചെയ്യണമെന്നും അദ്ദേഹം മനസ്സിലാക്കി. ഇത്ര വിശിഷ്ടനായ ഒരു മഹാപുരുഷന് നമ്മുടെയിടയില്‍ ഉണ്ടായിട്ട് വേണ്ടവണ്ണം ഉപയോഗിക്കാന്‍ കഴിയാതെപോയത് വലിയ ദൗര്‍ഭാഗ്യമായിപ്പോയി എന്നോര്‍ത്തു പശ്ചാത്തപിക്കേണ്ടിയിരിക്കുന്നു എന്ന ഏറ്റുപറച്ചില്‍ ഇതിന്റെ സാക്ഷ്യമല്ലേ?
(കേരളസര്‍വകലാശാലയിലെ കേരളപഠനവിഭാഗത്തില്‍ അധ്യാപകനാണു ലേഖകന്‍)
Content Highlights: mannam jayanthi dr a m unnikrishnan writes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..