മലയാളസാഹിത്യത്തില്‍ വേറിട്ട ശബ്ദമായി എക്കാലവും നിലനില്‍ക്കുന്ന എഴുത്തുകാരുടെ പട്ടികയിലെ ആദ്യവാക്കാണ് എം. സുകുമാരന്‍. വിപ്ലവവും വേദനയും സാധാരണക്കാരന്റെ ജീവിതവും വെറും സ്മാരകങ്ങളല്ല എന്നു നിരന്തരം പറഞ്ഞുകൊണ്ടിരുന്ന കഥാകൃത്ത് ഓര്‍മയായിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം തികയുന്നു. എം. സുകുമാരനെന്ന വ്യക്തിത്വത്തെ ഓര്‍ക്കുകയാണ് എഴുത്തുകാരനും കേരളസാഹിത്യ അക്കാദമി അധ്യക്ഷനുമായ വൈശാഖന്‍.
സമയം രാത്രി ഒന്നര മണിയായിട്ടുണ്ട്. ജോലാര്‍പേട്ട് സ്റ്റേഷനില്‍ വന്നിറങ്ങിയ ഒരാള്‍ എന്നെ അന്വേഷിച്ചു. വൈശാഖന്‍ എന്ന പേര് അവിടെ അത്ര പരിചിതമല്ലാത്തതുകൊണ്ട് എന്നെ അന്വേഷിച്ച് ഒരാള്‍ കാത്തുനില്‍ക്കുന്നുണ്ടെന്ന വാര്‍ത്ത കുറച്ചുനേരം കഴിഞ്ഞാണ് എന്റെ അടുത്തെത്തിയത്. ഞാന്‍ വേഗം ചെന്നുനോക്കുമ്പോള്‍ അത് മറ്റാരുമല്ല, മലയാളസാഹിത്യത്തിലെ വിപ്ലവശബ്ദമായ എം. സുകുമാരനാണ്! ഞങ്ങള്‍ ആദ്യമായി നേരിട്ട് കാണുകയാണ്. അന്ന് ഞാന്‍ കഥകളൊക്കെ എഴുതിവരുന്നേയുള്ളൂ. എഴുതിയത് അല്പം രാഷ്ട്രീയ അന്തര്‍ധാരയുള്ള കഥകളായിരുന്നു.
എം. സുകുമാരന്‍ കുറേ നേരം സംസാരിച്ചു. ഏതാണ്ട് മൂന്നര മണിവരെ ഞങ്ങള്‍ കഥയും ജീവിതവും സംസാരിച്ചു. പിന്നെ വന്ന ഒരു ട്രെയിനില്‍ അദ്ദേഹം യാത്ര തുടര്‍ന്നു. എഴുപതുകളിലാണ് സംഭവം. കല്‍ക്കത്തയില്‍നിന്ന് തിരിച്ചുവരുമ്പോള്‍, ജോലാര്‍പേട്ടില്‍ ആണ് ഞാന്‍ ജോലിചെയ്യുന്ന സ്‌റ്റേഷന്‍ എന്നറിഞ്ഞതുകൊണ്ട് ഇറങ്ങിയതാണ് എന്നറിഞ്ഞപ്പോള്‍ ആ മനസ്സിന്റെ വിശാലത എന്നെ അമ്പരപ്പിക്കുകയാണുണ്ടായത്. അക്കാലത്ത് എന്‍. പ്രഭാകരന്‍ (വിദ്യാര്‍ഥിയായിരിക്കുമ്പോള്‍)ദേശാഭിമാനിയില്‍ എഴുതിയ 'ഈ സസ്തനജീവികള്‍ മരിച്ചിട്ടില്ല' എന്ന ലേഖനത്തില്‍ എന്റെയും എം.സുകുമാരന്റെയും കഥകളുടെ വിശകലനമായിരുന്നു പ്രമേയമാക്കിയത്. ഒരുപക്ഷേ അതായിരിക്കാം അദ്ദേഹം എന്നെ കാണാന്‍ ഇറങ്ങിയത് എന്ന് ഞാന്‍ കരുതുന്നു.

മലയാളത്തിലെ രാഷ്ട്രീയകഥയ്ക്ക് നിര്‍വചനം കൊടുത്ത എഴുത്തുകാരനായിരുന്നു എം. സുകുമാരന്‍. അതിന് സമാനമായിട്ടുള്ള കഥാചലനങ്ങള്‍ മലയാളത്തില്‍ പിന്നീട് ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം പോലുള്ള കഥകള്‍ മലയാളസാഹിത്യത്തില്‍ സമാനതകളില്ലാതെ നിലനില്‍ക്കും.
മനുഷ്യനെന്ന യാഥാര്‍ഥ്യത്തെ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരിക്കണം നമ്മുടെ രാഷ്ട്രീയം എന്നായിരുന്നു അദ്ദേഹത്തിന്റെ മതം. ഒരു പ്രത്യയശാസ്ത്രത്തെ പരിപൂര്‍ണമായിട്ട് പിന്തുടരണമെന്നില്ല എന്നതും കാല്പനികമുക്തമായ ആഖ്യാനരീതിയും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. കാല്പനിക വിപ്ലവമായിരുന്നല്ലോ ഇവിടെ പരാജയപ്പെട്ടത്. അല്പമെങ്കിലും കാല്പനികത സുകുമാരന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് അത്രമേല്‍ അനിവാര്യമുള്ളടിത്ത് മാത്രമാണ്. പീഡിതജനങ്ങളെക്കുറിച്ചുള്ള മഹത്തായ ബോധ്യവും അവരുടെ മോചനം എന്ന് സാധ്യമാകും എന്ന ആശങ്കയും അദ്ദേഹത്തിന്റെ രചനകളില്‍ പ്രകടമായിരുന്നു.
മലയാളം ആദരവോടെ നമിക്കേണ്ട ഒരു പേരാണ് എം.സുകുമാരന്‍. ധിഷണാപരമായും അതേസമയം തന്നെ വൈകാരികമായുമുള്ള രണ്ട് സന്തുലനങ്ങള്‍ തുറന്നിട്ട കഥാകാരന്‍ എന്ന സവിശേഷതയും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിനു ശേഷം ആ ശൈലി തുടരാന്‍ കെല്പുള്ള എഴുത്തുകാര്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നുചോദിച്ചാല്‍ മറുപടി പ്രയാസമാണ്. അദ്ദേഹത്തിന്റെ ശൈലിയുടെ പരോക്ഷമായിട്ടുള്ള സ്വാധീനങ്ങള്‍ ചില എഴുത്തുകാരില്‍ ഉണ്ടായിട്ടുമുണ്ട്.
എഴുപതുകളില്‍ നക്‌സലിസം സജീവമായിരിക്കുന്ന കാലത്താണ് എം. സുകുമാരന്റെ കഥകളും മലയാളത്തില്‍ വന്‍സ്വാധീനമുണ്ടാക്കുന്നത്. വ്യവസ്ഥാപിത രാഷ്ട്രീയത്തോടുള്ള വിമര്‍ശനവും കലാപം നിറഞ്ഞ മനസ്സുകളുടെ പ്രാതിനിധ്യവും ആദ്ദേഹത്തിന്റെ കഥകളില്‍ കാണാം. എന്നാലോ അദ്ദേഹം ഒരു മുരട്ട് രാഷ്ട്രീയവാദിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ ഉജ്വലസ്മരണകള്‍ക്കു മുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു.
Content Highlights: Malayalam Writer Vyshakhan shares his memory on Writer M Sukumaran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..