ഒരു മനുഷ്യ ജന്മത്തെ അക്ഷരങ്ങളിലൂടെ പ്രതിഫലിപ്പിച്ച അസാമാന്യതയുടെ പേരാണ് വൈക്കം മുഹമ്മദ് ബഷീര്‍. പൊടിപ്പും തൊങ്ങലും ജീവിതത്തില്‍ ഇല്ലാത്തത് കൊണ്ടാകണം എഴുത്തിലും അത് അദൃശ്യമായത്. അദ്ദേഹം നടന്ന വഴികളിലെ കാഴ്ചകളും അനുഭവങ്ങളുമാണ് പിന്നീട് കഥകളായത്. എല്ലാ കഥകളും കാലത്തോടൊപ്പം നിന്നു. കഥാപാത്രങ്ങള്‍ കാലാനുവര്ത്തിയുമായി. ജീവിത വഴികളില്‍ ബഷീറിന്റെ കഥാപാത്രങ്ങള്‍ പലപ്പോഴായി വന്ന് പോകാറുണ്ട്. ആ കഥാപാത്രങ്ങള്‍ നമുക്ക് ഇടയില്‍ ഇപ്പോഴും ജീവിക്കുന്നുമുണ്ട്. അത്രത്തോളം സമൂഹത്തിന്റെ ഉള്ളിലെ കടലാഴങ്ങളും, മനുഷ്യന്റെ ഉള്ളിലെ തിരയാഴങ്ങളും കണ്ട എഴുത്തുകാരനാണ് അദ്ദേഹം.
നെല്ല് പുഴുങ്ങുന്നതിന് ഇടയ്ക്കാണ് കുഞ്ഞാച്ചുമ്മക്ക് പ്രസവ വേദന വന്നത്. പുഴുങ്ങുന്ന നെല്ല് നിറച്ച കൊട്ടയുടെ ഓരത്ത് തന്നെ പ്രസവവും നടന്നു. കാലം കഥയ്ക്ക് കൊടുത്ത വൈക്കം മുഹമ്മദ് ബഷീര്‍ എന്ന കഥാ മനുഷ്യന് അങ്ങനെ വെളിച്ചം കണ്ടു. അടുപ്പില്‍ നിന്ന് ഉയര്‍ന്ന പുക ചുരുളും, പുഴുങ്ങിയ നെല്ലിന്റെ ചൂടും, ചൂരും കുഞ്ഞു ബഷീറിന് ഇഷ്ടപ്പെട്ടത് കൊണ്ടാകണം ഓരോ കഥകളുടെയും നെഞ്ചകത്ത് മനുഷ്യന്റെ ചൂടും, ചൂരും ഇത്രമേല്‍ ഉണ്ടായത്. പിന്നീട് കടന്ന് വന്ന ജീവിതവഴികളില്‍ എല്ലാം കാലം ചുട്ട് പൊള്ളിച്ചു കൊണ്ടേ ഇരുന്നു.
അനന്തരം ഇംഗ്ലീഷിലും മലയാളത്തിലും തികഞ്ഞ പ്രാവീണ്യം നേടി. പട്ടിണിക്ക് ഇടയിലും അക്ഷരങ്ങള്‍ കൈ വിടാതെ പിടിച്ചു. ഗുസ്തിക്കാരന് ആകാന്‍ ആഗ്രഹിച്ചിരുന്ന ചെറുപ്പം, കാലത്തിനൊപ്പം വളര്‍ന്ന് മറ്റുപലതുമായി. വായന ഇഷ്ട വിനോദമായിരുന്നു. എഴുത്ത് പിന്നീട് എപ്പോഴോ അതിജീവനത്തിന് ആയുള്ള ഏക ആശ്രയമായി മാറുകയായിരുന്നു.
ഇരുപത്തിയാറ് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു മാംഗോസ്റ്റിന് മരത്തണലില്‍ നിന്ന് ബഷീര്‍ എന്ന കഥാമരം അദൃശ്യമായിട്ട്. എങ്കിലും ആ വന്മരത്തിന്റെ ഫലങ്ങള്‍ ഇന്നും അത്ഭുതത്തോടെ ഒരു ജനതക്ക് രുചിക്കാന്‍ സാധിക്കുന്നുണ്ട്. അത്രമേല്‍ ആണ്ടു കിടക്കുകയാണ് ഈ മണ്ണില്‍ അതിന്റെ വേരുകള്‍.
രാഷ്ട്രീയവും കഥകളും
മഹാത്മാഗാന്ധിയും ഭഗത്സിങ്ങുമാണ് ബഷീറിനെ ഏറെ സ്വാധീനിച്ചിട്ടുള്ളവര്‍. സ്കൂളില്‍ ആദ്യമായി ഗാന്ധി വന്നപ്പോള്‍ ജനങ്ങള്‍ക്ക് ഇടയിലൂടെ നുഴഞ്ഞ് കയറി പോയി അദ്ദേഹത്തിന്റെ കൈയില്‍ തൊട്ടതും ഓടി വന്ന് അക്കാര്യം ആദ്യം ഉമ്മയോട് പറഞ്ഞതും എല്ലാം അവിസ്മരണീയമായ ഓര്‍മയാണ്. ജീവിതാവസാനം വരെ ഈ ഓര്‍മയുടെ മധുരം അദ്ദേഹം പങ്കുവച്ചിരുന്നു. സ്വാതന്ത്രസമരം കുഞ്ഞ് ബഷീറിന്റെ മനസ്സിലും കൊടുമ്പിരി കൊണ്ടിരുന്നു. അതു കൊണ്ടാകണം വളര്‍ന്നപ്പോള്‍ തികഞ്ഞ രാഷ്ട്രീയ ബോധ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
ഉപ്പ് കുറുക്കി നിയമം ലംഘിക്കാനുള്ള മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം, നിയമം ലംഘിക്കാന്‍ കോഴിക്കോട് കടപ്പുറത്ത് അദ്ദേഹവും ഉണ്ടായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ ബഷീറിനെ കോഴിക്കോട് ജയിലിലും പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും മാറ്റി. ഭഗത് സിങ് അനുയായികളുമായി ജയിലില്‍ വച്ചാണ് ബഷീര്‍ അടുക്കുന്നത്. ഇത് തീവ്രമായ രാഷ്ട്രീയ ചിന്താധാരയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. ജയില്‍വാസ കാലത്ത് ജയിലിന് ഉള്ളില്‍ സ്വാതന്ത്ര്യ പതാക ഉയര്‍ത്തിയതിന്റെ പേരിലും കേസുണ്ടായിരുന്നു. നീണ്ട കാലത്തെ ജയില്‍ വാസത്തിന് ശേഷം നാട്ടില്‍ വന്നിട്ടും ജീവിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ പോലീസ് വേട്ടയാടുകയായിരുന്നു.
കണ്ണൂരില്‍ നിന്ന് നേരെ കൊച്ചിയിലേക്കാണ് പോയത്. സുഹൃത്തിന്റെ സഹായത്തോടെ അവിടെ വച്ചാണ് ഉജ്ജീവനം എന്ന മാസിക തുടങ്ങുന്നത്. ഭരണകൂടത്തിന്റെ നെറികേടുകള്‍ ഉജ്ജീവനം തുറന്നെഴുതി. വൈകാതെ തന്നെ കാക്കിപ്പട പ്രസ്സ് കണ്ടുകെട്ടി. ബഷീറിന് ലുക് ഔട്ട് നോട്ടീസും ആയി. പിന്നെയും ഉജ്ജീവനം പല പേരില്‍ ആശയം മാറാതെ ആളുകള്‍ക്ക് ഇടയില്‍ എത്തി. കാക്കിപ്പട അറസ്റ്റ് വാറണ്ടുമായി ആ മനുഷ്യനെ തിരഞ്ഞു. ഒടുവില്‍ അവിടെ നില്ക്കാന് പറ്റാത്ത അവസ്ഥ വന്നപ്പോള്‍ ഒരു രാത്രി തെക്കോട്ടുള്ള തീവണ്ടിയില്‍ കയറി. ആകെയുള്ള സമ്പാദ്യമായ ഗ്രാമഫോണും ചാരുകസേരയും മാത്രമായിരുന്നു കൂട്ടിന്.
ഭൂമി മലയാളത്തില്‍ മനുഷ്യന് ചെയ്യുന്ന എല്ലാ ജോലിയും ചെയ്തു. ഇടക്കാലത്ത് സൂഫിസത്തില്‍ ആകൃഷ്ടനായി. അവര്‍ക്ക് ഒപ്പം കൂടി സന്യാസിയെപോലെ ജീവിച്ചു. 'തത്വത്തിന്റെ വിശാല അര്‍ത്ഥത്തില്‍ എല്ലാം ഏകമാണെന്ന്' ബഷീര്‍ സൂഫിസത്തിലൂടെ ഉള്‍ക്കൊണ്ടു. സന്യാസ ജീവിതം വിട്ടതിനെ കുറിച്ച് പിന്നീട് അദ്ദേഹം പറഞ്ഞത്, 'കുറെ ആളുകള്‍ ഒരു ജോലിയും ചെയ്യാതെ ഇരിക്കുമ്പോള്‍,അവരെ തീറ്റി പോറ്റാന്‍ വേണ്ടി ഒരുപാട് പേര് കഷ്ടപ്പെടേണ്ടി വരുന്നു. ഇത് ശരിയല്ല. സൃഷ്ടിയുടെ ഉദ്ദേശ്യം അദ്ധ്വാനിച്ച് ജീവിക്കലാണ്'. എന്നിങ്ങനെയാണ് സന്യാസത്തിന്റെ പാഠങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുത്തത്. വര്‍ഷങ്ങള്‍ കടന്നുപോയി. താന്‍ പറഞ്ഞ രാഷ്ട്രീയവും ജനാധിപത്യ ഇന്ത്യയുടെ ഭാഗമായി. പിന്നീട് കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല തിരികെ വണ്ടി കയറാന്‍.
ഭാഷയും കഥകളും
ജീവിതത്തില്‍ ആകെ ഉണ്ടായിരുന്ന ആഗ്രഹം ഒരു ഗ്രാമഫോണ്‍ വാങ്ങണം എന്ന് മാത്രമായിരുന്നു. രാഷ്ട്രീയ ജീവിതത്തിനും യാത്രകള്‍ക്കും ഇടയില്‍ സ്വന്തമായൊരു ഇടം ഉണ്ടാക്കാന്‍ അത്യാഗ്രഹങ്ങള്‍ ഇല്ലാത്ത ആ മനുഷ്യനായില്ല. യാത്രകള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടില്‍ എത്തിയപ്പോള്‍ കയ്യില്‍ ഉള്ളതും വീട്ടില്‍ ഉണ്ടായിരുന്നതും പട്ടിണിയായിരുന്നു. കൊച്ചിയില്‍ ജോലിക്കായി പല നാളുകള്‍ അലഞ്ഞു. ഒടുവില്‍ കൈയില്‍ ആകെ ഉണ്ടായിരുന്ന അനുഭവങ്ങളെ കഥകളാക്കി. അങ്ങനെയാണ് ജീവിതം നീറുന്ന കഥകള്‍ മലയാളിക്ക് ലഭിച്ചത്.
കുഞ്ചന്‍ നമ്പ്യാരെ പോലെ ഭാഷയെ ഉടച്ച് പരുവപ്പെടുത്തിയാണ് ബഷീര്‍ മനുഷ്യര്‍ക്ക് ഇടയിലേക്ക് എത്തിച്ചത്. ഓരോ സാധാരണക്കാരനും എളുപ്പത്തില്‍ ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് കഥകള്‍ എല്ലാം ചിട്ടപ്പെടുത്തിയത്. അതുകൊണ്ട് തന്നെയാവണം സജീവ വായനക്ക് ബഷീര്‍ കഥകള്‍ ഇടയാക്കിതും. ഭാഷയില്‍ തനിക്കുള്ള അപാര പാണ്ഡിത്യം കാണിക്കാന്‍ മറ്റുള്ള എഴുത്തുകാര്‍ മത്സരിച്ചപ്പോള്‍, നാട്ട് വഴികളിലും പാടവരമ്പിലും ചന്തയിലും ചായക്കടയിലും ഉള്ള സാധാരണക്കാരന്റെ ഭാഷയില്‍ ബഷീര്‍ എഴുതി. മാതൃകകളില്ലാതെ. ആനവാരി രാമന്നായര്, പൊന്‍കുരിശ് തോമ, എട്ടുകാലി മമ്മൂഞ്ഞ്, കൊച്ചുത്രേസ്യ, സൈനബ, മണ്ടന്‍ മുത്തപ്പ എന്നിങ്ങനെ നമുക്ക് ഇടയില്‍ ഉണ്ടായിരുന്ന മനുഷ്യര്‍ കഥാപാത്രങ്ങളായി. അതുകൊണ്ട് തന്നെ ആവണം കഥകള്‍ മാത്രമായി അവയൊന്നും മാറാതിരുന്നതും, മറക്കാതിരുന്നതും.
ലോകത്തെ നാനാവിധ പച്ച മനുഷ്യരെയും മാങ്കോസ്റ്റിന്‍ മരത്തണലില്‍ തന്റെ ചാരുകസേരക്ക് ചുറ്റും ബഷീര്‍ ഊഴം പാര്‍ത്ത് നിര്‍ത്തി. അവിടെ പോക്കറ്റടിക്കാരും ജയില്‍ പുള്ളികളും വേശ്യകളും സന്യാസിമാരും വരെ ഉണ്ടായിരുന്നു. അതുവരെ ജാതി കൊണ്ടും സാമൂഹിക പദവികൊണ്ടും സമൂഹത്തില്‍ ഉയര്‍ന്ന ജീവിത നിലവാരം പുലര്ത്തിയിരുന്നവരുടെ കഥകള്‍ വായിച്ച സമൂഹത്തിന് ബഷീറിന്റെ കഥാപാത്രങ്ങള്‍ നല്കിയ ഊര്‍ജ്ജം ചെറുതല്ലായിരുന്നു.
അരികുവല്‍ക്കരിക്കപ്പെട്ട ജനതയെ മുഴുവന്‍ ബഷീര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി. പൊന്‍കുന്നം വര്‍ക്കിയും കേശവദേവും സമാന രീതിയില്‍ കഥാപാത്രങ്ങളെ ആവഷ്ക്കരിച്ചവരാണ്. മലയാള സാഹിത്യ ലോകത്തില്‍ അക്കാലത്ത് നില നിന്നിരുന്ന സവര്‍ണ്ണ ലോബിയെ അതിജീവിക്കുക എളുപ്പമല്ലായിരുന്നു. അവര്‍ക്ക് മുന്പില് ബഷീര്‍ ഒറ്റയാനായിരുന്നു. എല്ലാ വിയോജിപ്പുകളെയും അദ്ദേഹത്തിന്റെ കഥകള്‍ നിസാരമായി അതിജീവിച്ചു. ചിലതെല്ലാം പാത്തുമ്മയുടെ ആട് പ്ലാവില തിന്നുന്ന പോലെ കടിച്ചു തിന്നു. സാഹിത്യ അവാര്‍ഡുകള്‍ പലപ്പോഴും വഴുതിമാറി. എങ്കിലും മൂക്കന്റെ മൂക്ക് പോലെ ബഷീര്‍ ജനങ്ങള്‍ക്ക് ഇടയിലെ ഇതിഹാസമായി. എവിടെ ഒക്കെയോ കെട്ടിയിട്ട മലയാള സാഹിത്യത്തെ കെട്ടഴിച്ച് മേയാന്‍ വിടുകയായിരുന്നു അദ്ദേഹം.
സര് സിപിയും കഥകളും
സ്വാതന്ത്രത്തിന് ശേഷവും തിരുവിതാംകൂറിനെ സ്വതന്ത്ര രാഷ്ട്രമാക്കി നിലനിര്‍ത്താന്‍ ഗൂഢശ്രമങ്ങള്‍ നടത്തിയ ആളാണ് സര് സി.പി. രാമസ്വാമി അയ്യര്‍. ആ പേര് തിരുവിതാംകൂറിനെ വിറപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. അത്രത്തോളം തന്റെ താല്പര്യങ്ങള് സംരക്ഷിക്കാനായി ഏത് കൊടിയ മനുഷ്യത്വ വിരുദ്ധ നടപടി സ്വീകരിക്കാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. അക്കാലത്താണ് സര് സിപിക്ക് എതിരെ 'പട്ടത്തിന്റെ പേക്കിനാവ്'എന്ന നാടകം എഴുതുന്നത്. അടുത്ത കിനാവിന് മുന്നെ ബഷീര്‍ ജയിലിലുമായി. നിരോധനങ്ങളുടെ കാലത്ത് മനുഷ്യപക്ഷത്ത് എങ്ങിനെയാണ് ഒരു എഴുത്തുകാരന് നില്‍ക്കേണ്ടത് എന്ന് ജീവിച്ചു കാണിച്ചു അദ്ദേഹം.
പിന്നീട് ജയില്‍വാസത്തെ കുറിച്ച് പറഞ്ഞത്, 'ഇപ്രകാരമുള്ള സ്വാതന്ത്ര്യം ആര്‍ക്ക് വേണം, ജയിലിന് അകത്തും പുറത്തും കഴിയുന്നത് ഒരുപോലെയാണ്' എന്നായിരുന്നു. ഇത്തരം രാഷ്ട്രീയ നിലപാടുകളുടെ തുറന്നുപറച്ചില്‍ തന്നെയാണ് മറ്റ് പലരില്‍ നിന്നും ബഷീര്‍ എന്ന കഥാകാരനെ അനശ്വരനാക്കുന്നത്. ജീവിതത്തിന്റെ നീറുന്ന വഴികളിലേക്ക് അദ്ദേഹം പൂര്‍ണ്ണ ബോധ്യത്തോടെ നടന്ന് കയറുകയായിരുന്നു. റാന്‍ മൂളാന്‍ മാത്രം അറിയാവുന്ന ഒരു ജനതയെ വിരല്‍ ചൂണ്ടാന്‍ പഠിപ്പിച്ചതില്‍ ബഷീറിന്റെ അക്ഷരങ്ങള്‍ വലിയ പങ്കുവഹിച്ചു. കെസിഎസ് മണിയുടെ വധ ശ്രമത്തില്‍ നിന്നും അത്ഭുതതകരമായി രക്ഷപ്പെട്ട സര് സിപി നാട് വിട്ടു. കഥകള്‍, നാടകങ്ങള്‍, സിനിമകള്‍ ഇവയ്ക്കൊന്നും അക്കാലത്ത് പിന്നീട് വിലങ്ങ് വീണില്ല.
ജീവിതവും കഥയും
കുടുംബ ജീവിതം അദ്ദേഹത്തെ കോഴിക്കോട് എത്തിച്ചു. അങ്ങനെയാണ് കഥകളുടെ ഉരു ബേപ്പൂരില്‍ നങ്കൂരമിട്ടത്. ജീവിതം പ്രിയപ്പെട്ട ഭാര്യക്കും മക്കള്‍ക്കും ഒരു കൂട്ടം കഥകള്‍ക്കും പാമ്പിനും പഴുതാരക്കും ഒപ്പം അദ്ദേഹം ആസ്വദിച്ചു. മാങ്കോസ്റ്റിന്‍ മരത്തിന്റെ തണലില്‍ ഇട്ട ചാരുകസേര മലയാളിക്ക് നെഞ്ചകം നിറയെ കഥകള്‍ തന്നു. കസേരക്ക് സമീപം സ്റ്റൂളില്‍ വച്ച ഗ്രാമഫോണ്‍ കഥാമനുഷ്യനെ ഉറക്കുകയും ഉണര്‍ത്തുകയും ചെയ്തു. സമാനമായ രീതിയില്‍ കഥകള്‍ വായനക്കാരെ ഉറക്കുകയും ഉണര്‍ത്തുകയും ചെയ്തു.
ജീവിതത്തിന്റെ എല്ലാ അണുവിലും സ്വന്തം പ്രത്യയശാസ്ത്രം ആയിരുന്നു അദ്ദേഹത്തിന് ഉത്തമരേഖ. ഒരിക്കല്‍ ദൈവ വിശ്വാസത്തെ കുറിച്ച് പ്രതികരിച്ചത് ഇപ്രകാരമാണ്, 'ഞാന്‍ ആരാധനാലയങ്ങളില്‍ പോകാറില്ല, പക്ഷെ കരുണാമയനായ ദൈവത്തില്‍ എനിക്ക് വിശ്വാസമുണ്ട്. ഞാന്‍ പ്രാര്‍ത്ഥിക്കാറും ഉണ്ട്. അനന്തമായ പ്രാര്‍ത്ഥനയാണ് ജീവിതം'. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന ഉണങ്ങാന്‍ പോകുന്ന ചെടിക്ക് വെള്ളമൊഴിച്ച് ജീവന് നിര്‍ത്തുക എന്നതായിരുന്നു. പലരും അത് തെറ്റായി വ്യാഖ്യാനിച്ച് മതപരമായ മുതലെടുപ്പിന് നിന്നിരുന്നു എങ്കിലും കാലാനുവര്‍ത്തിയായ കഥാകാരന് അതൊന്നും ശ്രദ്ധിച്ചതേ ഇല്ല.
Content Highlights: Malayalam writer Vaikom Muhammad Basheer death anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..